Tuesday, April 10, 2007

വികസന ദുരന്തം

ഒരു പതിനഞ്ചുകൊല്ലം മുന്‍പുള്ള സ്കൂള്‍, കോളെജ്‌ സാഹചര്യങ്ങളും ഇപ്പോഴത്തെ സാഹചര്യവും പരിശോധിച്ചാല്‍ ഒരു വലിയ അന്തരം ഉണ്ടാകുക സ്വാഭാവികമാണെങ്കിലും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നതില്‍ ടെക്നോളജിയ്ക്ക്‌ വലിയ പങ്കാണുള്ളത്‌.

'ടെക്നോളജി' എന്ന് പ്രധാനമായും ഞാനുദ്ദേശിച്ചത്‌ ദൃശ്യവാര്‍ത്താവിനിമയ സൗകര്യങ്ങളുടെ വളര്‍ച്ചയും, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ എന്നീ സംവിധാനങ്ങളുടെ അതിപ്രസരവുമാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സ്കൂള്‍ പ്രണയങ്ങള്‍ വളരെ കുറവായിരുന്നു. പക്ഷെ, ഇന്ന് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ തന്നെ (അതും വളരെ ചെറിയ പ്രായത്തില്‍) പ്രേമവും അത്തരം സൗഹൃദങ്ങളും ഇല്ലെങ്കില്‍ ഒരു കുറച്ചിലായി കാണുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയിരിയ്ക്കുന്നു. അത്തരം ചില കേസുകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതില്‍ അല്‍ഭുതം തോന്നിയിട്ട്‌ കാര്യമില്ലെന്ന് കൂടുതല്‍ നിരീക്ഷണങ്ങളില്‍ നിന്ന് ബോദ്ധ്യപ്പെട്ടു.

കോളെജ്‌ തലങ്ങളിലെ പ്രണയങ്ങള്‍ക്ക്‌ പഴയ കാലത്തിന്റെ മാധുര്യവും ദൃഢതയും കുറഞ്ഞു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പ്രണയങ്ങളുടെ എണ്ണവും കുത്തനെ ഉയര്‍ന്നുകഴിഞ്ഞിരിയ്ക്കുന്നു. ക്യാമ്പസ്സുകളിലെ പ്രണയങ്ങള്‍ പലതും നേരമ്പോക്കിനായി മാത്രം തീരുമാനിച്ച്‌ ക്യാമ്പസ്സില്‍ തന്നെ അവസാനിക്കുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷെ, വളരെ പ്രാക്റ്റിക്കലായും സീരിയസ്സായുമുള്ള പ്രണയങ്ങള്‍ വിവാഹത്തില്‍ കലാശിക്കുന്ന ഉദാഹരണങ്ങളും ധാരാളം. അതും, സാമ്പത്തികവും സാമൂഹ്യവും മതപരവുമായ അന്തരങ്ങളെല്ലാം മറന്നുകൊണ്ട്‌ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളുടെ എണ്ണങ്ങളും വളരെ ഉയര്‍ന്നുകഴിഞ്ഞത്‌ വസ്തുതയാണ്‌.

പുതിയ തലമുറയില്‍ മേല്‍പ്പറഞ്ഞതരത്തിലുള്ള ടെക്നോളജി സൗകര്യങ്ങളുടെ സ്വാധീനം ഗുണവും അതിനോടപ്പം ദോഷവും പ്രദാനം ചെയ്യുന്നു എന്നതാണ്‌ സത്യം. അമേരിക്കന്‍, യൂറോപ്പ്‌ സംസ്കാരങ്ങളുടെ സ്വാധീനം പുതിയ തലമുറയെ നല്ലപോലെ ബാധിച്ചിരിയ്ക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യബോധത്തോടെ നാം നോക്കിക്കാണേണ്ടതാണ്‌ എന്ന് തോന്നുന്നു.

ദോഷങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുള്ള രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും ബോധപൂര്‍വ്വവും നിരന്തരവുമായ ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറ പല കുടുംബങ്ങളിലും ദുരന്തത്തിന്റെ പ്രതീകങ്ങളോ സൂചനകളോ ആയി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

പണ്ട്‌ ദൂരദര്‍ശനില്‍ ആഴ്ചയിലൊരിക്കല്‍ കാണുന്ന ഹിന്ദി പാട്ടുകളുടെ 'ചിത്രഹാര്‍' എന്ന പരിപാടിയില്‍ നീളം കുറഞ്ഞ വസ്ത്രമണിഞ്ഞ്‌ നായികമാര്‍ ആടിക്കുഴയുന്ന സീനുകള്‍ വീട്ടുകാരോടൊന്നിച്ചിരുന്ന് കാണേണ്ടിവരുന്ന സാഹചര്യങ്ങളിലുണ്ടാകുന്ന ഒരു വല്ലാത്ത ടെന്‍ഷനും ജാള്യതയും ഇപ്പോഴും നല്ലവണ്ണം ഓര്‍ക്കുന്നു.

ഇപ്പോഴത്തെ ടി വി പ്രോഗ്രാമുകളില്‍ കാണുന്ന ത്രസിപ്പിക്കുന്ന അത്തരം പാട്ടുകളോ ഫാഷന്‍ ചാനല്‍ പോലുള്ള ചാനലുകളിലെ അല്‍പവസ്ത്രകോലങ്ങളുടെ വൈകൃതം തോന്നുന്ന ചലനങ്ങളോ രക്ഷകര്‍ത്താക്കളുടെ സാന്നിദ്ധ്യത്തില്‍ ഒരു കൂസലും കൂടാതെ ഇരുന്ന് കാണുന്ന പുതു തലമുറയെ കാണുമ്പോഴാണ്‌ ആ വ്യത്യാസം നമുക്ക്‌ മനസ്സിലാവുന്നത്‌.

സീരിയലുകളിലൂടെ കണ്ണുനീര്‍പ്പുഴകള്‍ ഒഴുകിത്തുടങ്ങിയതോടെ പല വീടുകളിലും ആന്തരിക യുദ്ധം ശമിപ്പിക്കാനായി രണ്ട്‌ ടി വി എന്ന സംവിധാനം നിലവില്‍ വന്നു. (ഒന്ന് സ്ത്രീ സംവരണവും, മറ്റേത്‌ യൂത്ത്‌ റിസര്‍വ്വേഷന്‍ ക്വോട്ടയും)

പതുക്കെ പതുക്കെ ടി വി എന്ന മാദ്ധ്യമത്തിന്റെ വിജ്ഞാനമേഖലയെക്കാല്‍ വിനോദമേഖലയ്ക്കാണ്‌ പുതിയ തലമുറയില്‍ സ്വാധീനം ഉറപ്പിക്കാനായത്‌. അതില്‍ രക്ഷിതാക്കളുടെ ഇടപെടലോ നിയന്ത്രണങ്ങളോ പ്രാബല്ല്യത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടായിരിയ്ക്കുന്നു.

ഇന്റര്‍നെറ്റിന്റെ പ്രചാരം വര്‍ദ്ധിച്ചത്‌ വിജ്ഞാനം വളരെ വേഗത്തിലും കാര്യക്ഷമമായും എത്തിക്കുന്നതില്‍ അല്‍ഭുതകരമായ പങ്ക്‌ വഹിക്കുന്നു. പക്ഷെ, ഇന്റര്‍നെറ്റിന്റെ ദുരുപയോഗ സാദ്ധ്യത പുതിയ തലമുറയെ വളരെ വേഗത്തില്‍ തന്നെ പ്രചോദിപ്പിയ്ക്കുന്നു.

വീടുകളില്‍ മക്കള്‍ക്ക്‌ പഠനത്തിന്‌ സഹായകമാകാനെന്ന പേരില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തുകൊടുക്കുന്ന മാതാപിതാക്കള്‍ അതിന്റെ ഉപയോഗനിയന്ത്രണം സ്വയം നിര്‍വ്വഹിച്ചില്ലെങ്കില്‍ സ്വന്തം മക്കളുടെ സ്വഭാവ സംസ്കാര രൂപീകരണത്തില്‍ ഇന്റര്‍നെറ്റിന്റെ ദുരുപയോഗം വ്യക്തമായ മുദ്ര പതിപ്പിയ്ക്കുന്നത്‌ തിരിച്ചറിയുമ്പോഴെയ്ക്കും വളരെ വൈകിയിരിയ്ക്കും.

മക്കള്‍ക്ക്‌ അവരുടെ ബെഡ്‌ റൂമില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സെറ്റപ്പ്‌ ചെയ്ത്‌ കൊടുത്തിട്ട്‌ ഒരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താത്ത വിവരദോഷികളായ മാതാപിതാക്കളെ എനിയ്ക്ക്‌ നേരിട്ടറിയാം. രാത്രിമുഴുവന്‍ ഉറക്കമില്ലാതെ ഇരുന്ന് തന്റെ മക്കള്‍ പഠിയ്ക്കുന്നു എന്ന് ധരിയ്ക്കുന്ന ഇത്തരക്കാരോട്‌ സഹതാപമല്ലാതെ മറ്റ്‌ എന്താണ്‌ തോന്നേണ്ടത്‌? അശ്ലീല വെബ്‌ സൈറ്റുകളും ചാറ്റിംഗ്‌ സോഫ്റ്റ്‌ വെയറുകളും ധാരാളമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമായതിനാല്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ നോക്കാനുള്ള വ്യഗ്രതയും രാത്രി ഉറക്കമില്ലാതെ പഠിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചെന്നുവരാം.

കുട്ടികള്‍ക്ക്‌ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ ഉപയോഗത്തെക്കാല്‍ ദുരുപയോഗ സാദ്ധ്യതകളും മനസ്സിലാക്കുന്നത്‌ രക്ഷകര്‍ത്താക്കള്‍ക്ക്‌ ഗുണകരമാകും.

അതുപോലെതന്നെ മൊബൈല്‍ ഫോണിന്റെ പ്രചുരപ്രചാരം ഇന്ന് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. പല ബിസിനിസ്സുകളെയും അതിന്റെ നടത്തിപ്പുകാര്‍ക്കും ഇതിന്റെ ഉപയോഗം വരുത്തിയ ഗുണങ്ങള്‍ നിര്‍ണ്ണയാതീതമാണ്‌. വീട്ടിലിരുന്നും, യാത്രചെയ്യുമ്പോഴും ബിസിനസ്സും ജോലിയും നിയന്ത്രിയ്ക്കാനുള്ള സാദ്ധ്യത ഇതുമൂലം വളരെ ഉയര്‍ന്നു. പലര്‍ക്കും ഇത്‌ ഒരു ശല്ല്യമായും ചില സന്ദര്‍ഭങ്ങളിലെങ്കിലും തോന്നാറുണ്ടെങ്കിലും അതിന്റെ ഉപയോഗങ്ങളെ താരതമ്മ്യം ചെയ്യുമ്പോള്‍ ആ തോന്നല്‍ താനെ അടങ്ങും.

കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള മാതാപിതാക്കളുടെ ഉത്സാഹമാണ്‌ പുതിയ തലമുറയില്‍ കണ്ടുവരുന്ന മറ്റൊരു പ്രവണത. അതിനെ പ്രോല്‍സാഹിപ്പിയ്ക്കാന്‍ പല മൊബൈല്‍ സര്‍വ്വീസ്‌ പ്രൊവൈഡേര്‍സും കുട്ടികള്‍ക്കും മറ്റും യോജിച്ച സ്കീമുകള്‍ പ്രഖ്യാപിയ്ക്കുന്നതില്‍ മല്‍സരിച്ചുകൊണ്ടിരിയ്ക്കുന്നു.

മൊബൈല്‍ ഫോണ്‍ വഴി പ്രേമവും സെറ്റപ്പുമെല്ലാം ഉണ്ടാക്കിയെടുക്കുന്നതില്‍ ബിസിനസ്സിന്റെ പേരില്‍ 'മാമാ' പണി ചെയ്യുകയാണ്‌ പല സര്‍വ്വീസ്‌ പ്രൊവൈഡേര്‍സും എന്നതാണ്‌ വസ്തുത.

ചില നമ്പറുകളിലേയ്ക്ക്‌ കുറഞ്ഞ റേറ്റിലും ഫ്രീയായും കോളുകള്‍ അനുവദിയ്ക്കുന്ന സ്കീമുകളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ഒരേ സര്‍വ്വീസ്‌ പ്രൊവൈഡറുടെ ഏത്‌ നമ്പറിലേക്ക്‌ ഫ്രീ കോള്‍ എന്ന നിലയില്‍ വരെയെത്തിയിരിയ്ക്കുന്നു കാര്യങ്ങള്‍. (വിവാഹ നിശ്ചയത്തോടൊപ്പം രണ്ട്‌ മൊബൈല്‍ കണക്ഷനും ഇപ്പോള്‍ നാട്ടുനടപ്പുള്ള ഒരു ചടങ്ങായിരിയ്ക്കുന്നു)

സ്വന്തം വരുമാനമാകാതെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ ഭൂരിപക്ഷം പേര്‍ക്കും ഗ്യാരണ്ടിയായ ഒരു ലാഭമുണ്ട്‌. മക്കള്‍ക്ക്‌ വേണ്ടി കല്ല്യാണം ആലോചിച്ച്‌ അന്വേഷിച്ച്‌ നടന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. ഒന്നുകില്‍ അവര്‍ പറഞ്ഞതിനെ നടത്തിക്കൊടുക്കുക, അല്ലെങ്കില്‍ അവര്‍ സ്വീകരിച്ച വഴികളെ ഇഷ്ടമല്ലെങ്കിലും അംഗീകരിയ്ക്കുക.

ഇത്തരം മൊബൈല്‍ ഫോണ്‍ ദുരുപയോഗങ്ങളും അതുമൂലമുണ്ടായിട്ടുള്ള പല ജീവിത വഴിത്തിരിവുകളും എന്നെപ്പോലെത്തന്നെ ധാരാളം നേരില്‍ക്കണ്ട്‌ ബോദ്ധ്യമുള്ളതായിരിയ്ക്കും പലരും.

മേല്‍പ്പറഞ്ഞ തരത്തില്‍ ദുരുപയോഗ സാദ്ധ്യതകള്‍ കൂടുതലാണെങ്കിലും ഇതിന്റെ പിടിയില്‍ പെടാത്തവരും രക്ഷകര്‍ത്താക്കളോട്‌ ധാര്‍മ്മികത കാണിയ്ക്കുന്നവരും പുതിയ തലമുറയില്‍ ഉണ്ട്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌.

"ടെക്നോളജിയുടെ ഉപയോഗം വിജ്നാനമേഖലയിലും സാമൂഹിക സാംസ്കാരിക മേഖലയിലും വളരെ ഗുണകരമായ ഉന്നമനം ഉറപ്പുവരുത്തുന്നു. പക്ഷെ, പ്രായത്തിനും അര്‍ഹതയ്ക്കും അനുസരിച്ച്‌ അതിന്റെ 'ഡോസ്‌' തീരുമാനിക്കാതെയുള്ള അമിതോപയോഗം ഗുണത്തേക്കാളെറെ ദുരന്തം വിതയ്ക്കുമെന്ന് തോന്നുന്നു."

8 comments:

സൂര്യോദയം said...

"ടെക്നോളജിയുടെ ഉപയോഗം വിജ്നാനമേഖലയിലും സാമൂഹിക സാംസ്കാരിക മേഖലയിലും വളരെ ഗുണകരമായ ഉന്നമനം ഉറപ്പുവരുത്തുന്നു. പക്ഷെ, പ്രായത്തിനും അര്‍ഹതയ്ക്കും അനുസരിച്ച്‌ അതിന്റെ 'ഡോസ്‌' തീരുമാനിക്കാതെയുള്ള അമിതോപയോഗം ഗുണത്തേക്കാളെറെ ദുരന്തം വിതയ്ക്കുമെന്ന് തോന്നുന്നു."

കുതിരവട്ടന്‍ | kuthiravattan said...

"വിവാഹ നിശ്ചയത്തോടൊപ്പം രണ്ട്‌ മൊബൈല്‍ കണക്ഷനും ഇപ്പോള്‍ നാട്ടുനടപ്പുള്ള ഒരു ചടങ്ങായിരിയ്ക്കുന്നു"
സത്യം സൂര്യോദയന്‍ ചേട്ടാ സത്യം. എന്റെ റൂമിലെ കൂട്ടുകാരന്റെ വിവാഹനിശ്ചയം നടക്കാന്‍ സാധ്യത ഉണ്ട്. ഉറപ്പില്ല. അവനു ആ പെണ്ണിന്റെ ഫോട്ടൊ അയച്ചു കൊടുത്തു, പെണ്ണിന്റെ ഫോണ്‍ നംബറും കൊടുത്തു. രണ്ടു ദിവസം ഫോണില്‍ ഫുള്‍ റ്റൈം, പിന്നെ സ്കൈപ്പില്‍. ബാക്കിയുള്ളവരെ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ. ഈ സ്കൈപ്പു കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലാന്‍ പോലും തോന്നുന്നു. അവസാനം ഞാന്‍ അവനെ ചവിട്ടി റൂമിനു പുറത്താക്കി (എന്നു പറഞ്ഞാല്‍ ഹാളിലേക്കു മാറ്റി എന്ന്). ദേ ഇപ്പോഴും ഹാളിലിരുപ്പുണ്ട്. ഈ പെണ്ണിന്റെ വീട്ടുകാര്‍ എങ്ങനെ സഹിക്കുന്നു ആവൊ. ചിലപ്പോ വല്ല ചായ്പ്പിലോ വരാന്തയിലൊ ചെന്നിരുന്നു പഞ്ചാരയടിച്ചോളാന്‍ പറഞ്ഞിട്ടുണ്ടാവും.

അപ്പു ആദ്യാക്ഷരി said...

"സ്വന്തം വരുമാനമാകാതെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ ഭൂരിപക്ഷം പേര്‍ക്കും ഗ്യാരണ്ടിയായ ഒരു ലാഭമുണ്ട്‌. മക്കള്‍ക്ക്‌ വേണ്ടി കല്ല്യാണം ആലോചിച്ച്‌ അന്വേഷിച്ച്‌ നടന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. ഒന്നുകില്‍ അവര്‍ പറഞ്ഞതിനെ നടത്തിക്കൊടുക്കുക, അല്ലെങ്കില്‍ അവര്‍ സ്വീകരിച്ച വഴികളെ ഇഷ്ടമല്ലെങ്കിലും അംഗീകരിയ്ക്കുക"

സൂര്യോദയം..... സത്യമായ നിരീക്ഷണങ്ങള്‍

Unknown said...

സ്വന്തം വരുമാനമാകാതെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ ഭൂരിപക്ഷം പേര്‍ക്കും ഗ്യാരണ്ടിയായ ഒരു ലാഭമുണ്ട്‌. മക്കള്‍ക്ക്‌ വേണ്ടി കല്ല്യാണം ആലോചിച്ച്‌ അന്വേഷിച്ച്‌ നടന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. ഒന്നുകില്‍ അവര്‍ പറഞ്ഞതിനെ നടത്തിക്കൊടുക്കുക, അല്ലെങ്കില്‍ അവര്‍ സ്വീകരിച്ച വഴികളെ ഇഷ്ടമല്ലെങ്കിലും അംഗീകരിയ്ക്കുക.

ഇതിലെന്താണ് തെറ്റ്? കല്ല്യാണമാലോചിക്കാതെ കുട്ടികള്‍ ഇഷ്ടമുള്‍ല പങ്കാളികളെ കണ്ട് പിടിക്കാന്‍ സമ്മതിക്കുന്നത് തെറ്റാണ് എന്നൊരു ധ്വനി തോന്നി. അത് അംഗീകരിക്കുന്നില്ല. ഇതില്‍ മൊബൈല്‍ ഫോണിന്റെ പങ്കിനെ പറ്റിയല്ല ഞാന്‍ അംഗീകരിക്കാത്തത്, ആ മാതാപിതാക്കള്‍ക്ക് കഷ്ടപ്പെടേണ്ട എന്ന് പറയുമ്പോള്‍ വരുന്ന പുഛത്തോടാണ്.

കുട്ടികള്‍ സ്വയം പങ്കാളികളെ കണ്ടെത്തുന്നത് എതിര്‍ക്കപ്പെടേണ്ട കാര്യമായി എനിക്ക് തോന്നുന്നില്ല. ഇതാവില്ല ഉദ്ദേശിച്ചത് എങ്കില്‍ ആ വരികള്‍ അങ്ങനെ തോന്നിപ്പിച്ചു എന്നത് കൊണ്ട് മാത്രം ഇത്രയും പറഞ്ഞു. :-)

കുതിരവട്ടന്‍ | kuthiravattan said...

ദില്‍ബാ, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാറായവര്‍ ഇഷ്ടപ്പെട്ട പങ്കാളികളെ തെരഞ്ഞെടുക്കട്ടെ. അവര്‍ക്കു സ്വന്തമായി വരുമാനവും ഉണ്ടാവും. പക്ഷേ പക്വത ആവാത്ത കൊച്ചു പിള്ളേര്‍ അതിനു ഇറങ്ങിപ്പുറപ്പെട്ടാല്‍ 'ഇല്ലത്തൂന്നിറങ്ങേം ചെയ്തൂ എന്ന അമ്മാത്ത്‌ ഒട്ട്‌ എത്തീം ഇല്ല" എന്ന പോലെയാവും. ദില്‍ബനും കണ്ടിട്ടുണ്ടാവുമല്ലോ ഒരു പാട്‌ ഉദാഹരണങ്ങള്‍.

salim | സാലിം said...

മൊബൈലും ഇന്റര്‍‌നെറ്റുമെല്ലാം പക്വതയുള്ളവര്‍ ഉപയോഗിക്കാട്ടെ കുട്ടികള്‍ മുതിര്‍ന്നവരുടെ നിയന്ത്രണത്തില്‍ മാത്രം അതുപയോഗിക്കാട്ടെ.അല്ലെങ്കില്‍ അവരുടെ ഗതി കയറ് പൊട്ടിയ പട്ടം പോലെയാകും
സൂര്യോദയം...നമ്മില്‍ പലര്‍ക്കും ചിന്തിക്കാന്‍ സമയമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഇനിയും ഭൂലോകത്തെ ഓര്‍മ്മിപ്പിക്കുക

സൂര്യോദയം said...

കുതിരവട്ടന്‍, അപ്പു, സാലിം... നന്ദി.

ദില്‍ബൂ.... വികാരം മനസ്സിലായി... :-)

ഇഷ്ടമുള്ള ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ, പക്വതയാകുന്നതിനുമുന്‍പ്‌ തന്നെ പല ബന്ധങ്ങളിലും ചെന്നുപെടുകയും പിന്നീട്‌ അവര്‍ക്കും വീട്ടുകാര്‍ക്കും വലിയ മാനസികപ്രയാസമുണ്ടാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷങ്ങള്‍ ധാരാളം കണ്ടിട്ടുള്ളതിനാലാണ്‌ അങ്ങനെ പറഞ്ഞത്‌.

ദില്‍ബനൊക്കെ വല്ല്യ കുട്ടിയായില്ലേ... അതുകൊണ്ട്‌ ഇത്‌ ബാധകമല്ല.. :-))

Unknown said...

സൂര്യോദയം മാഷേ,
ഹ ഹ... എന്റെ വികാരം മനസ്സിലായി അല്ലേ? സംഭവം അതൊക്കെ തന്നെ. :-)

പക്ഷെ മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും ഇതൊക്കെ ഉണ്ടാവാം. പക്വതയാവാത്ത പ്രായത്തില്‍ മൊബൈല്‍ ഫോണ്‍ ബന്ധങ്ങള്‍ പ്രശ്നമാവാം എന്ന് കാഴ്ച്കപ്പാടിനോട് യോജിക്കുന്നു.