Wednesday, July 30, 2008

വസ്ത്രാലങ്കാരം - സ്ത്രീവിഷയം

മാറുമറയ്ക്കാതിരുന്ന കാലഘട്ടത്തില്‍ നിന്നൊക്കെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച്‌ സ്ത്രീകള്‍ വസ്ത്രാലങ്കാരത്തില്‍ പലതരം ഭേദങ്ങള്‍ പരീക്ഷിച്ച്‌ വീണ്ടും ആ പഴയ കാലഘട്ടത്തിലേയ്ക്ക്‌ എത്തിച്ചേരുന്നോ എന്ന് സംശയം തോന്നിയതിനാലാണ്‌ ഇങ്ങനെ ഒരു വിഷയം എഴുതാന്‍ എനിയ്ക്ക്‌ പ്രേരണയായത്‌.

പാശ്ചാത്യ സംസ്കാരങ്ങളോടുള്ള ആഭിമുഖ്യം പുലര്‍ത്തുന്നതടക്കമുള്ള പലതരം ഫാഷനുകളും കാലങ്ങളായി പരീക്ഷിക്കപ്പെട്ടു പോന്നിരുന്നു. 'മിഡി' എന്ന പേരില്‍ മുട്ടിനു താഴേയ്ക്ക്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു ഇടപാട്‌ ഇടക്കാലത്ത്‌ വന്നതിന്‌ ചെറുപ്പക്കാരായ (ചെറുപ്പക്കാര്‍ മാത്രമാവാന്‍ വഴിയില്ല) ആണ്‍പ്രജകള്‍ രോമാഞ്ചത്തോടെ സ്വാഗതം ചെയ്തു. പല പെണ്‍കുട്ടികള്‍ക്കും അതില്‍ ചില ശാരീരികസാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്ന കാരണത്താല്‍ അത്‌ എല്ലാവരാലും സ്വീകാര്യമായ വസ്ത്രക്രമമല്ലാതെ നിലനിന്നു.

പണ്ട്‌ മുതലേ 'സാരി' തന്നെയാണ്‌ സ്ത്രീകളുടെ ഐശ്വര്യ വസ്ത്രമായി അംഗീകരിക്കപ്പെട്ടിരുന്നത്‌. സംഗതി ഉടുക്കാനും ഉടുത്തുകഴിഞ്ഞാല്‍ ഡാമേജ്‌ കൂടാതെ കൊണ്ട്‌ നടക്കാനുമുള്ള ബുദ്ധിമുട്ട്‌ എന്നും സ്ത്രീകളെ അലട്ടിയിരുന്നു. സാരികളില്‍ വളരെയധികം മോഡലുകളും ഫാഷനുകളും അരങ്ങേറി. 'ചൈനീസ്‌ സില്‍ക്ക്‌' എന്നൊക്കെ കേട്ട ഓര്‍മ്മയുള്ളതല്ലാതെ അതിനെക്കുറിച്ച്‌ ആധികാരികമായി പ്രതിപാദിക്കലല്ല ഇവിടെ ഉദ്ദേശം.

സാരിയുടെ പ്രധാന പ്രശ്നം ഉടുക്കല്‍ മാത്രമല്ല എന്ന് സൂചിപ്പിച്ചല്ലോ. അത്‌ അഴിഞ്ഞുപോകാതെ കൊണ്ടുനടന്ന് തിരികെ വീട്ടിലെത്തിക്കുന്നത്‌ തന്നെ വലിയ ടെന്‍ഷനാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. മാത്രമല്ല, സാരി 'ലൂപ്‌ ഹോള്‍സ്‌ ' ഇല്ലാതെ ഉപയോഗിക്കുക എന്നതും ബുദ്ധിമുട്ട്‌ തന്നെ. ഈ ലൂപ്‌ ഹോള്‍സ്‌ ഉള്ളതുകൊണ്ട്‌ തന്നെ പലര്‍ക്കും ഈ വസ്ത്രധാരണത്തോട്‌ ഒരു താല്‍പര്യവും ഉണ്ടായിരുന്നു.

പാവാടയും ജാക്കറ്റും ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ വളരെ ചേരുന്ന ഒരു വേഷമാണെന്ന് തോന്നുന്നു. അതിനും ഒരു ഐശ്വര്യപ്രതീതി അനുഭവപ്പെട്ടിരുന്നു.

ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചതും പ്രീതി സമ്പാദിച്ചതുമായ വേഷം ചുരിദാര്‍ ആണെന്ന് തോന്നുന്നു. യാതൊരു ലൂപ്പ്‌ ഹോള്‍സും ഇല്ലാത്ത വസ്ത്രം എന്നതുകൊണ്ട്‌ സ്ത്രീകള്‍ക്കും ഇത്‌ വളരെ ഇഷ്ടപ്പെട്ട വസ്ത്രമായി മാറി.

ഫാഷനുകള്‍ മാറി മാറി പരീക്ഷിച്ച്‌ ഇപ്പോള്‍ സ്ത്രീ വസ്ത്രാലങ്കാരം വീണ്ടും പഴയ കാലഘട്ടത്തിലെ വസ്ത്ര രീതികളിലേയ്ക്ക്‌ മാറിക്കൊണ്ടിരിക്കുന്നുണ്ടോ എന്നൊരു സംശയം.

പാവാടയും ജാകറ്റും എന്നത്‌ പണ്ട്‌ ഒരു 20 വയസ്സിനുമുന്‍പ്‌ ധരിക്കുന്ന വസ്ത്രമായാണ്‌ കണ്ടിരുന്നത്‌. ഇതിപ്പോള്‍ അത്യാവശ്യം പ്രായമുള്ള സ്ത്രീകളും ധരിച്ച്‌ തുടങ്ങിയിരിക്കുന്നതായി കാണുന്നു. കാര്യമായ ശാരീരികവലുപ്പമില്ലാത്ത 35 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ ഈ വസ്ത്രം ധരിച്ചാലും വലിയ വിരോധാഭാസം തോന്നാറില്ലെങ്കിലും ഈ സ്ത്രീകള്‍ അവരുടെ ഒന്ന് രണ്ട്‌ കുട്ടികളേയും കൂട്ടി ഈ വേഷവിധാനത്തില്‍ പോകുന്നത്‌ കാണുമ്പോള്‍ എവിടെയോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ തോന്നുന്നത്‌ ചിലപ്പോള്‍ കാണുന്നവന്റെ കുഴപ്പമാകാനും മതി.

ചുരിദാര്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ഉപയോഗിച്ച്‌ തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. 50 വയസ്സിനു മുകളിലുള്ള അമ്മച്ചിമാരും അമ്മൂമ്മമാരും വരെ ഈ വസ്ത്രം ധരിക്കുന്നത്‌ കാണുമ്പോള്‍ ചുരിദാറിനോടുള്ള ആ ബഹുമാനം ഒരു തരം വെറുപ്പായി മാറുന്നതും കാണുന്നവന്റെ മാനസികപ്രശ്നമാകാം. ചുരിദാര്‍ വേഷത്തില്‍ പ്രായം തോന്നുകയേ ഇല്ല എന്നതിനാല്‍ തന്നെ ആ ഭാഗത്തേയ്ക്ക്‌ അല്‍പം ശ്രദ്ധ പതിപ്പിക്കുന്ന പുരുഷന്മാര്‍ 'അമ്മൂമ്മേ..' എന്ന് പേരക്കുട്ടികള്‍ വിളിച്ച്‌ ഓടി വന്ന് കെട്ടിപ്പിടിക്കുന്നത്‌ കാണുമ്പോഴായിരിയ്ക്കും പറ്റിയ അബദ്ധം ബോദ്ധ്യമാകുന്നത്‌.

വളരെ വൃത്തിയുള്ള വസ്ത്രം എന്നതില്‍ നിന്ന് വ്യതിചലിച്ച്‌ ഇപ്പോള്‍ ചുരിദാറും ആണ്‍പിള്ളേര്‍ക്ക്‌ പ്രത്യേക താല്‍പര്യം ജനിപ്പിക്കുന്ന രീതിയിലേയ്ക്ക്‌ രൂപാന്തരപ്പെട്ടിരിക്കുന്നു. ചുരിദാറിന്റെ ഷാള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌ ടോപ്പിന്റെ കൂടെ മുന്‍ വശം (അതായത്‌ മാറിടം) മറയ്ക്കാനായിരുന്നു. പക്ഷേ, പതുക്കെ പതുക്കെ അതിന്റെ ഉപയോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. ആദ്യമൊക്കെ ഷാളിന്റെ രണ്ട്‌ അറ്റവും രണ്ട്‌ കൈകളിലും ചുറ്റി ഒരു മയിലാട്ട രീതി നിലവില്‍ വന്നു. കുറച്ച്‌ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഷാള്‍ ഒരു സൈഡില്‍ മാത്രം ഇട്ട്‌ (സൈഡ്‌ ഷാല്‍ എന്ന് പറയും അത്രേ) പാതി പ്രദര്‍ശനം ഒരുക്കി. ഇപ്പോള്‍ കാണുന്ന രീതി ഷാള്‍ കഴുത്തില്‍ ചുറ്റാനുള്ള ഒരു സാധനമാണെന്നതാണ്‌. കഴുത്തില്‍ എന്തിനാണാവോ ഷാള്‍ ചുറ്റുന്നത്‌ എന്നതിനു വ്യക്തമായ ഒരുത്തരമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ഷാളിന്റെ സ്ഥാനം കഴുത്തിലായപ്പോള്‍ മാറിടം ഒരു പ്രദര്‍ശന വസ്തുവായി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. അത്‌ പ്രദര്‍ശിപ്പിക്കുക എന്നത്‌ തന്നെയാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം എന്ന് ആരോപിക്കുന്നതിലും തെറ്റില്ല. പക്ഷേ, ആ പ്രദര്‍ശനം പലരും ഇഷ്ടപ്പെടുമ്പോള്‍ തന്നെ പലപ്പോഴും വളരെ ഭീകരമായ പ്രദര്‍ശനമായും തോന്നാറുണ്ട്‌.

അങ്ങനെ കഴുത്തില്‍ ചുറ്റുന്നതില്‍ വല്ല്യ കാര്യമില്ലെന്ന് കണ്ടതിനാലാവാം ഇപ്പോള്‍ ഷാള്‍ ഇല്ലാത്ത ചുരിദാര്‍ വസ്ത്രധാരണവും പ്രാബല്ല്യത്തില്‍ വന്ന് തുടങ്ങിയിരിക്കുന്നു. വെറുതേ എന്തിന്‌ ഒരു ഷാള്‍ പാഴാക്കണം?

കൈയ്യില്ലാത്ത ടോപ്പ്‌ ഉപയോഗിക്കുന്നവരും ചുരുക്കമല്ല. കയ്യും കക്ഷവും പ്രദര്‍ശിപ്പിക്കാനല്ലെങ്കില്‍ പിന്നെ അങ്ങനെ ഒരു ടോപ്പ്‌ ഇടേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട്‌ തന്നെ, ആ പ്രദര്‍ശനം ആസ്വാദനകരമാണെങ്കില്‍ വേണ്ടവര്‍ ആസ്വദിച്ചുകൊള്ളട്ടെ.

ചുരിദാറിന്റെ ടോപ്പിന്റെ നീളം ഇപ്പോള്‍ കുറഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. അരക്കെട്ടിന്റെ രണ്ട്‌ വശവും പ്രകടമാക്കുന്നരീതിയില്‍ ടോപ്പിനെ വെട്ടി റെഡിയാക്കിയുള്ള ലേറ്റസ്റ്റ്‌ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്‌.

ജീന്‍സും ടോപ്പും സാമാന്യം മാന്യമായ ഒരു വസ്ത്രധാരണമായാണ്‌ ആദ്യം തോന്നിയിരുന്നത്‌. ടോപ്പിന്റെയും ജീന്‍സിന്റെയും ഘടനയും ഉപയോഗിക്കുന്ന ആളുടെ ശരീരസ്ഥിതിയുമാണ്‌ പ്രധാനമായും ഈ മാന്യതയുടേയും വൃത്തിയുടേയും ഘടകങ്ങള്‍. ഈയടുത്ത കാലത്ത്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയരികില്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന ഒരു സ്ത്രീയുടെ വേഷം കണ്ട്‌ എന്റെ ശ്രദ്ധ ഒന്ന് വ്യതിചലിക്കുകയും ഞാനൊന്ന് ഞെട്ടുകയും ചെയ്തത്‌ എന്റെ മാത്രം കുറ്റമാകുന്നു. സാമാന്യം ഭേദപ്പെട്ട വലുപ്പമുള്ള ശരീരസ്ഥിതിയുള്ള ആ സ്ത്രീ ധരിച്ചിരുന്നത്‌ നല്ല ടൈറ്റ്‌ ആയ ജീന്‍സും നല്ല പ്ലെയിന്‍ ടീ ഷര്‍ട്ടും. ബോഡി ബില്‍ഡിങ്ങിള്‍ ഒന്നാം സ്ഥാനം കിട്ടിയവര്‍ ടൈറ്റ്‌ ടീ ഷര്‍ട്ടിട്ടാല്‍ എങ്ങനെയിരിക്കും എന്നൂഹിച്ചാല്‍ കാര്യങ്ങള്‍ ഏകദേശം പിടികിട്ടും (ഹോളിവുഡ്‌ ആക്റ്റര്‍ അര്‍ണോള്‍ഡ്‌ ശിവശങ്കരനെ ഓര്‍ത്താലും മതി). ഈ സ്ത്രീ ഈ വേഷവിധാനവുമായി യാത്രചെയ്യുന്നത്‌ കണ്ടപ്പോഴാണ്‌ അവരുടെ തൊലിക്കട്ടിയെ ഒന്ന് നമിക്കണമെന്ന ആഗ്രഹം തോന്നിയത്‌. എങ്കിലും നമിക്കാന്‍ നില്‍ക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി.

കുട്ടികള്‍ ഉപയോഗിക്കുന്ന ത്രീ ഫോര്‍ത്ത്‌ എന്ന സംഗതി (മുക്കാല്‍ പാന്റ്‌ എന്നും പറയും) ഇപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ച്‌ തുടങ്ങിയിരിക്കുന്നു. ഇനി അത്‌ ശോഷിച്ച്‌ ശോഷിച്ച്‌ മുട്ടിനുമുകളില്‍ നില്‍ക്കുന്ന ട്രൗസര്‍ ആകുമോ എന്ന ആകുലതയിലും പ്രതീക്ഷയിലുമാണ്‌ ആളുകള്‍.

അപ്പോള്‍ പറഞ്ഞ്‌ വന്നത്‌ എന്തെന്നാല്‍, പണ്ട്‌ കാലത്തെ മാറിടം മറയ്ക്കാത്ത സമ്പ്രദായം അതേ രീതിയിലല്ലെങ്കിലും ഒരല്‍പ്പം വ്യത്യസ്തതയോടെ വീണ്ടും അവതരിപ്പിച്ച്‌ തുടങ്ങിയിരിക്കുന്നു. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും മാറിടത്തിന്റെ ഘടന വ്യക്തമായും പ്രകടമാക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം താഴെ ധരിക്കുന്ന പാവാടയോ, ജീന്‍സോ, ചുരിദാര്‍ ബോട്ടമോ എന്തും ആയിക്കൊള്ളട്ടെ, അതും കൂടി ശോഷിച്ച്‌ ഒരു വിധമായാല്‍ കാര്യങ്ങള്‍ പഴയകാലത്തെ വെല്ല്ലുന്ന രീതിയില്‍ എത്താവുന്നതേയുള്ളൂ.

(പ്രത്യേക പരാമര്‍ശം: കൊച്ചിന്‍ യൂണിവേര്‍സിറ്റി കാമ്പസ്സിലൂടെ ദിവസവും രണ്ട്‌ നേരം ഡ്രൈവ്‌ ചെയ്യേണ്ടി വരുന്നതിനാല്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണം ഞാന്‍ ശ്രദ്ധിക്കാന്‍ നിര്‍ബദ്ധിതനായി. ഇവിടെ 90 ശതമാനത്തിലും കൂടുതല്‍ പെണ്‍കുട്ടികള്‍ വളരെ മാന്യമായ വസ്ത്രധാരണമാണ്‌ എന്ന് അല്‍ഭുതത്തോടെ മനസ്സിലാക്കി. ചുരിദാര്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ 99 ശതമാനവും ഷാളിന്റെ ഉപയോഗം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നു എന്നതും വളരെ വ്യക്തം)

Wednesday, July 2, 2008

നാനാത്വത്തില്‍ ഏകത്വം

പാഠപുസ്തകവിവാദത്തിന്റെ പേരില്‍ എല്ലാ മതനേതാക്കളും ചില രാഷ്ട്രീയ കക്ഷികളും ചര്‍ച്ചകള്‍ നടത്തി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നു.

പിന്നാമ്പുറം...

രംഗം: ബി.ജെ.പി. ഓഫീസ്‌...

കുറച്ച്‌ പ്രവര്‍ത്തകര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുന്നു.

പ്രവര്‍ത്തകന്‍: "നമ്മള്‍ പള്ളിക്കാരുമായി ചര്‍ച്ചചെയ്ത്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്നൊക്കെ വച്ചാല്‍? എന്താ നമ്മുടെ ഉദ്ദേശം?? നമ്മളും പള്ളീം ചേര്‍ന്ന് പോകുമോ?"

നേതാവ്‌: "അതൊക്കെ ഒരു ട്രിക്കാണ്‌. ആ പാഠപുസ്തകത്തില്‍ വലിയ പ്രശ്നങ്ങളുണ്ട്‌. കുട്ടിയ്ക്ക്‌ ഇഷ്ടമുള്ള മതം തെരെഞ്ഞെടുക്കാം എന്നൊക്കെയാ പറഞ്ഞിരിക്കുന്നേ.. അപ്പോ പിന്നെ, ഈ പള്ളിക്കാര്‍ മതപരിവര്‍ത്തനോം ആയി വന്നാല്‍ പിള്ളേര്‍ക്ക്‌ അങ്ങോട്ട്‌ ഒരു ചായ്‌ വ്‌ തോന്നിയാല്‍ മതം മാറിയാലോ? അത്‌ വേണ്ട.. ആവശ്യമില്ലാത്ത അവകാശങ്ങളും സത്യങ്ങളുമൊന്നും പിള്ളേര്‍ പഠിച്ചില്ലേലും കുഴപ്പമില്ല.. ആ പള്ളിക്കാര്‍ മണ്ടന്മാര്‍ക്ക്‌ അത്‌ മനസ്സിലായിട്ടില്ല. ഇതില്‍ നിരീശ്വരവാദം യുക്തിവാദം എന്നൊക്കെപ്പറഞ്ഞ്‌ അവരുടെ കൂടെ നിന്ന് സമരം ചെയ്യാം നമുക്ക്‌"

പ്രവര്‍ത്തകന്‍: "അത്‌ പിന്നേ... ഈ സമരമൊക്കെ അങ്ങ്‌ തീരും.. അത്‌ കഴിഞ്ഞാല്‍?? ഇന്ത്യയുടെ പലഭാഗത്തും നമ്മുടെ ആള്‍ക്കാര്‍ പള്ളിക്കാര്‍ക്കിട്ട്‌ നല്ല കീറ്‌ കൊടുക്കുന്നുണ്ടല്ലോ.. അതോ?"

നേതാവ്‌: "കീറ്‌ കിട്ടേണ്ടവര്‍ക്ക്‌ കിട്ടേണ്ട സമയത്ത്‌ കിട്ടും.. അതങ്ങനെ തുടരട്ടെ.. ഇതിപ്പോ നമ്മുടെ കാര്യം കാണാന്‍ ആ കഴുതക്കാലുകള്‍ കൂടെ നില്‍ക്കട്ടെ, അത്ര തന്നെ.."


രംഗം: പള്ളിക്കമ്മിറ്റി

പ്രവര്‍ത്തകന്‍: "അച്ചോ... ഈ പുസ്തകം തിരിച്ചും മറിച്ചും വായിച്ചിട്ടും ഇതില്‍ ഒരു പ്രശ്നോം ഇല്ലെന്നാണല്ലോ പലരും പറയുന്നേ.. മാത്രമല്ല, പിള്ളേര്‍ക്കും കുഴപ്പം തോന്നിയില്ലത്രേ..."

അച്ചന്‍: "മതമില്ലാതെയും ജീവിക്കാം എന്നൊക്കെയാ ആ പുസ്തകത്തില്‍ പറയുന്നത്‌. അങ്ങനെ വന്നാല്‍ പള്ളിയില്‍ വരാനും ഇവിടെ നിന്ന് വായിക്കുന്ന ഇടയലേഖനങ്ങള്‍ കേള്‍ക്കാനും ആളില്ലാതാവും... മാത്രമല്ല, നമ്മുടെ സ്കൂളുകളും കോളേജുകളും പഴയപോലെ വരുമാനം കിട്ടുമെന്ന് തോന്നുന്നില്ല. ഈ സര്‍ക്കാറിന്റെ നടപടികള്‍ ഒന്നും നമ്മള്‍ക്ക്‌ ഗുണമാകുന്നില്ല. അതുകൊണ്ട്‌, കിട്ടിയ അവസരത്തില്‍ ഈ പുസ്തകവും പൊക്കിപ്പിടിച്ച്‌ പ്രശ്നമാക്കുകയാണ്‌ നല്ലത്‌ കുഞ്ഞാടുകളേ.."

രംഗം: മുസ്ലീം സംഘടനായോഗം

പ്രവര്‍ത്തകന്‍: "ഇമ്മടെ പിള്ളേര്‌ പുസ്തകൊക്കെ കത്തിച്ച്‌ കളഞ്ഞില്ലേന്ന്.. ഇനീപ്പോ ന്താ പ്രശ്നം.. കിട്ടുന്ന പുസ്തകം കിട്ടുന്ന മുറയ്ക്ക്‌ അങ്ങ്‌ ട്‌ കത്തിക്ക്യന്നേ.. ഹല്ലാ പിന്നെ.."

നേതാവ്‌: "കത്തിച്ച്‌ കളഞ്ഞോണ്ട്‌ എന്ത്‌ കാര്യാന്റെ ഹാജ്യാരേ... അത്‌ കത്തിക്കാണ്ടിരുന്നാലും മ്മ് ടെ പിള്ളേര്‌ എത്രേണ്ണം അതൊക്കെ വായിക്കും.... അതല്ലാ പ്പൊ പ്രശ്നം... ഇമ്മ് ടെ ജാതിക്കാരേം വേറെ ജാതിക്കാരേം ചേത്ത്‌ കല്ല്യാണം കഴിപ്പിച്ചു ഓന്റെ പാഠപുസ്തകത്തില്‌.. എന്ത്‌ ഹറാം പെറപ്പും ആവാന്ന് പിള്ളേരെ പഠിപ്പിച്ചാല്‌ സമ്മതിക്കാന്‍ പറ്റുമോ.?? "

രംഗം: സവര്‍ണ്ണക്കമ്മറ്റി

പ്രവര്‍ത്തകന്‍: "ഈ പുസ്തകക്കാര്യത്തില്‌ നമുക്കിപ്പോ എന്താ ഒരു പ്രശ്നം? സമരം ചെയ്യാനും തല്ല് കൊള്ളാനും ശ്ശി ബുദ്ധിമുട്ടുണ്ടേ.. അതാ..."

നേതാവ്‌: "സമരോന്നും ചെയ്യേണ്ടെന്റെ തിരുമേന്യേ.... നമ്മുടെ അന്തര്‍ജനങ്ങളെയൊക്കെ ശ്ശി കളിയാക്കിരിക്ക്‌ ണൂ ആ പുസ്തകത്തില്‌ ത്രേ... നമ്മളെ കളിയാക്ക്യാലും അങ്ങ്‌ ട്‌ ക്ഷമിക്കും.. പക്ഷേങ്കില്‍ അന്തര്‍ജനത്തിനേ.. അത്‌ മാത്രല്ല... പണ്ടത്തെ ജന്മിവ്യവസ്ഥയെക്കുറിച്ചും പറഞ്ഞിരിക്ക്‌ ണൂ ന്ന്... ഇപ്പോ സ്ഥിതി അത്‌ വല്ലതും ആണോ? അതോണ്ട്‌ പഴേ കാര്യങ്ങളൊക്കെ കുട്ട്യോള്‍ അറിഞ്ഞിരിക്കണത്‌ എന്തിനാന്നാ ചോദിക്കണതേ... അതോണ്ട്‌ ഈ പുസ്തകം വേണ്ടാന്ന് നമ്മളും അങ്ങ്‌ ട്‌ പറയന്ന്യേ..."

രംഗം: പ്രതിപക്ഷ പാര്‍ട്ടി ഓഫീസ്‌

പ്രവര്‍ത്തകന്‍: "നേതാവേ.. നമ്മുടെ പിള്ളേര്‌ കുറേ തല്ല് ചോദിച്ച്‌ വാങ്ങിയെങ്കിലും കാര്യങ്ങളങ്ങോട്ട്‌ കൊഴുത്തില്ലാ ട്ടോ... ഇപ്പോ സമരമൊക്കെ നിര്‍ത്തിയോ? അല്ലേലും തല്ല് കിട്ടുന്ന സമരത്തിന്റെ കാര്യത്തില്‍ അവന്മാരുടെ പിള്ളേരെ കണ്ട്‌ പഠിക്കണം. ശരിയ്ക്കും ഇപ്പോ നമ്മള്‍ എന്ത്‌ കാര്യത്തിനാ സമരം ചെയ്യുന്നേ... അല്ലാ.. ചെയ്യിപ്പിക്കുന്നേ...????"

നേതാവ്‌: "എടോ... ജാതീം മതോം ഒക്കെ അങ്ങനെ വ്യാപിച്ച്‌ കിടന്ന് അതിന്റെ പേരില്‍ അല്‍പസ്വല്‍പം പിടിവലിയും തെറിവിളിയും നടന്നില്ലേല്‍ നമ്മുടെ പാര്‍ട്ടിക്ക്‌ എന്താ ഇപ്പോ ഒരു നിലനില്‍പ്‌? അതുകൊണ്ട്‌ മത നേതാക്കള്‍ക്ക്‌ പ്രശ്നമുണ്ട്‌ ഈ പുസ്തകം എന്ന് അവര്‍ പറഞ്ഞാല്‍ നമുക്കും പ്രശ്നമുണ്ട്‌, അത്ര തന്നേ..."
***************************

പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ കഴിഞ്ഞ്‌ എല്ലാ രംഗങ്ങളും ഒരുമിച്ച്‌ ചേര്‍ന്ന് സമ്മേളിക്കുന്നത്‌ കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്ന സ്കൂള്‍ കുട്ടികളെ നോക്കി ഒരു കുട്ടി വിളിച്ചു പറഞ്ഞു..

"ദേ.. നോക്ക്‌... ഇതാണ്‌ നാനാത്വത്തില്‍ ഏകത്വം..."