Monday, December 29, 2008

സിസ്റ്റര്‍ എഫ്ഫക്റ്റ്‌

സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ നടപടിക്രമങ്ങളും വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും മാധ്യമങ്ങളിലൂടെ നിരന്തരം വന്നുകൊണ്ടിരുന്നപ്പോഴും നല്ലൊരു ശതമാനം ആളുകളും 'എന്തതിശയമേ...' എന്ന് മൂക്കത്ത്‌ വിരല്‍ വച്ച്‌ അന്തം മിഴിക്കാതെ 'ങാ.. അങ്ങനെ വരട്ടെ....' എന്ന ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. കാരണം, സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട അന്ന് മുതല്‍ ഒരുമാതിരിപ്പെട്ട ജനവിഭാഗത്തിനൊക്കെയും (പ്രത്യേകിച്ച്‌ ആ പരിസരവാസികള്‍ക്ക്‌) ഇതൊരു കൊലപാതകമാണെന്നും അതിന്റെ പിന്നില്‍ ഇവരൊക്കെ തന്നെയാണെന്നും ഒരുവിധം ഉറപ്പായിരുന്നു. അതോടൊപ്പം തന്നെ, ഇതൊന്നും തെളിയിക്കപ്പെടാന്‍ പോകുന്നില്ലെന്ന ഒരു ഉറപ്പ്‌ കൂടി പതുക്കെ പതുക്കെ സാമാന്യജനത്തിന്‌ വന്ന് ചേര്‍ന്നു.

ഇനിയിപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്‌ വന്ന് കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ മൗനമായി കൂട്ടം കൂടി പ്രാര്‍ത്ഥന നടത്താനും ഇടയലേഖനമിറക്കാനും പുറപ്പെട്ട്‌ സഭയും അധികാരികളും കൂടുതല്‍ കൂടുതല്‍ കോമാളികളായിക്കൊണ്ടിരിക്കുന്നതിന്റെ മാത്രം ലോജിക്ക്‌ മനസ്സിലായില്ല.

കുറേശ്ശെ ഒരു സംശയം തോന്നുന്നതെന്തെന്നാല്‍ സഭയ്ക്കും അധികാരികള്‍ക്കും ഇപ്പോഴും നല്ല ദൈവവിശ്വാസമുണ്ട്‌, ആ വിശ്വാസം ഉപയോഗിച്ച്‌ അതിന്റെ സ്വാധീനം ഉപയോഗിച്ച്‌ ഇനിയും ഈ കേസ്‌ തേച്ച്‌ മാച്ച്‌ കളയാന്‍ കഴിയും എന്ന ആത്മധൈര്യമുണ്ട്‌ എന്ന് തന്നെയാണ്‌.

ഉന്നതരായ ഇന്ത്യന്‍ ഭരണാധികാരികളെയും നിയമപാലകരെയും മറ്റ്‌ ഉദ്യോഗസ്ഥരെയുമൊക്കെ വളരെ സിമ്പിള്‍ ആയി സ്വാധീനിക്കാനുള്ള ഇവരുടെ കഴിവ്‌ വച്ച്‌ നോക്കിയാല്‍ ഇനിയും ഇവര്‍ക്ക്‌ പലതും ചെയ്യാന്‍ സാധിക്കും.

സഭയെയും വിശ്വാസികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന് ആക്ഷേപിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും വിമര്‍ശിക്കുകയും ബഹിഷ്കരിക്കുകയും ചെയ്യാന്‍ ഉത്തരവിട്ടാല്‍ അത്‌ പാലിക്കാന്‍ എത്ര പേരെ കിട്ടുമെന്ന് ഇവര്‍ക്ക്‌ നിശ്ചയമുണ്ടോ ആവോ? ഇനി, ഉത്തരവ്‌ കേട്ടത്‌ അപ്പാടെ വിഴുങ്ങി പാലിക്കുന്ന അച്ഛന്‍ വിശ്വാസികളോ പള്ളിവിശ്വാസികളോ (ദൈവവിശ്വാസികളെ അല്ല ഉദ്ദേശിച്ചത്‌) കാണുമായിരിക്കും, എന്നാലും അതത്ര ബഹുഭൂരിപക്ഷം വരുമെന്ന് തോന്നുന്നില്ല, അഥവാ ഉണ്ടെങ്കില്‍ അത്‌ സമൂഹത്തിന്റെ ജീര്‍ണ്ണതയായേ കാണാന്‍ കഴിയൂ.

ഇത്തരം സാഹചര്യത്തില്‍ സഭയും അധികാരികളും ഒരു രഹസ്യ അന്വേഷണം നടത്തി നോക്കിയാല്‍ സഭയോടും സഭാ അധികാരികളോടും അച്ചന്മാരോടും കന്യാസ്ത്രീകളോടുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ സമീപനം മനസ്സിലാക്കാന്‍ സാധിക്കും. അത്‌ മനസ്സിലായാല്‍ അതിന്‌ മാറ്റം വരുത്തുന്നതിന്‍ എന്ത്‌ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കാന്‍ സാധിക്കും.

പൊതുജനങ്ങളിലുണ്ടായ അത്തരം ചില സമീപനവ്യതിയാനങ്ങളാണ്‌ താഴെ പ്രതിപാദിക്കുന്നത്‌..

1. അച്ചനാവാന്‍ പഠിക്കാന്‍ ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക്‌ വലിയ താല്‍പര്യമാണത്രേ. സഭാ ചിലവില്‍ പഠിക്കുകയും, വരുമാനമാര്‍ഗ്ഗമാകുകയും പിന്നെ അത്യാവശ്യം കന്യകമാരെയും കന്യകാപദവി വച്ചൊഴിഞ്ഞവരെയും ദര്‍ശിക്കുകയും കിനിഞ്ഞ്‌ ... സോറി, കുനിഞ്ഞ്‌... ച്ഛേ.... കനിഞ്ഞ്‌ അനുഗ്രഹിക്കുകയും ചെയ്യാമല്ലോ എന്ന ആഗ്രഹവുമാണ്‌ ഇതിന്റെ പിന്നിലെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.

2. ബസ്‌ സ്റ്റോപ്പുകളിലും മറ്റ്‌ പൊതുസ്ഥലങ്ങളിലും കന്യാസ്ത്രീകളെ കാണുമ്പോള്‍ ആളുകള്‍ക്ക്‌ (പ്രത്യേകിച്ച്‌ കോളേജ്‌ വഷളന്മാര്‍ക്ക്‌?) ഒരുതരം പ്രത്യേക വികാരമാണത്രേ. ഈ വികാരത്തിരയിളക്കത്തിന്റെ ഭാഗമായി പല കമന്റുകള്‍ പറയുകയും അതില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്നുണ്ടത്രേ ഇക്കൂട്ടര്‍. പലയിടങ്ങളിലും കൂക്കിവിളികളും മറ്റും നടത്തുന്നുണ്ടെന്നതാണ്‌ മറ്റൊരു റിപ്പോര്‍ട്ട്‌.

3. ബസ്സിനുള്ളില്‍ സ്ത്രീകളോട്‌ ആക്രാന്തം (അതിക്രമം) കാട്ടുന്ന ഒരു വിഭാഗം എന്നും നിലവിലുണ്ടല്ലോ. കോളേജ്‌ പിള്ളേരാണ്‌ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നത്‌ പൊതുവിജ്ഞാനത്തിന്റെ ഭാഗവുമാണ്‌. ഇത്തരക്കാര്‍ പണ്ടൊക്കെ വെറുതേ വിട്ടിരുന്ന വിഭാഗമായിരുന്നു കന്യാസ്ത്രീകള്‍. അടുത്ത കാലത്തായി ഇത്തരക്കാരുടെ മെയിന്‍ ഫോക്കസ്‌ പണ്ട്‌ തഴയപ്പെട്ട വിഭാഗത്തോടായിട്ടുണ്ടെന്നതാണ്‌ മറ്റൊരു റിപ്പോര്‍ട്ട്‌. ഇത്രകാലമത്രയും തഴയപ്പെട്ടതിനാല്‍ പ്രത്യേകസംവരണക്കാര്യവും പരിഗണനയിലുണ്ടത്രേ...

4. പള്ളിയിലെ അച്ചന്മാരെ കാണുമ്പോള്‍ ആളുകള്‍ അസൂയയോടെ നോക്കുന്നുപോലും. 'ഭാഗ്യവാന്മാര്‍..' എന്ന് മനോഗതമായി ചിലരും, 'ജനിക്കുകയാണെങ്കില്‍ അങ്ങനെ ജനിക്കണമെടാ..' എന്ന് സംഘം ചേര്‍ന്നും കമന്റ്‌ പാസ്സാക്കുന്ന ഒരു രീതി നടപ്പിലായിട്ടുണ്ടത്രേ.


ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നല്ലൊരുശതമാനം നിരപരാധികളാണെന്നത്‌ സത്യമായി അവശേഷിക്കുമ്പോഴും, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവാന്‍ എന്താണ്‌ കാരണമെന്നും അതിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കി ജനങ്ങളില്‍ വീണ്ടും എങ്ങനെ വിശ്വാസം വളര്‍ത്താനും അതിനുള്ള ശരിയായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുമാണ്‌ വേണ്ടത്‌.

അല്ലാതെ, ദിവസം തോറും മൗനപ്രാര്‍ത്ഥനയും, ഇടയലേഖനവും പത്രപ്രസ്താവനയും ഇറക്കി തെറ്റിനെ ശരിയാക്കാന്‍ ശ്രമിച്ച്‌ കൂടുതല്‍ കൂടുതല്‍ ജീര്‍ണ്ണതയിലേയ്ക്കും നാണക്കേടിലേയ്ക്കും പോകുകയല്ല വേണ്ടത്‌.

(ഹോ.. ഒന്ന് ഉപദേശിച്ചപ്പോള്‍ എന്തൊരു മനസ്സമാധാനം...)