Monday, April 23, 2007

സംവരണം എങ്ങനെ മുന്നോട്ട്‌?

കാലങ്ങള്‍ക്ക്‌ മുന്‍പ്‌ സവര്‍ണ്ണരുടെ അടിച്ചമര്‍ത്തലുകളിലും അവഗണനയിലും പെട്ട്‌ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം പോയ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്ന് സമൂഹത്തില്‍ ഏറെക്കുറെ തുല്ല്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സംവരണം ഭരണഘടനയിലൂടെ നടപ്പിലാക്കിക്കൊണ്ട്‌ വന്നത്‌.

വര്‍ഷങ്ങള്‍ കടന്നുപോയി....

സംവരണം മൂലം ഇത്തരം വിഭാഗങ്ങള്‍ വളരെയധികം സാമൂഹിക സാമ്പത്തിക രംഗത്ത്‌ മുന്നേറി. ജീവിതത്തിന്റെ എല്ലാ മേഖലയിലും ആനുകൂല്ല്ല്യങ്ങളും സംവരണവും മൂലം പിന്നോക്കാവസ്ഥയില്‍ ഒരു പാട്‌ മാറ്റങ്ങള്‍ വന്നു.ഇന്നിപ്പോള്‍ സംവരണമോ ആനുകൂല്ല്ല്യങ്ങളോ ഇല്ലാതെ തന്നെ ജീവിക്കാവുന്ന ചുറ്റുപാടുകളുള്ള ഒരു പാട്‌ കുടുംബങ്ങളുണ്ട്‌ എന്നത്‌ വളരെ വ്യക്തമായ കാര്യമാണ്‌.

ഈ സംവരണം, ഇതേ രീതിയില്‍ ഇനിയും തുടരണോ, അങ്ങനെ തുടരുകയാണെങ്കില്‍ എത്രകാലം തുടരണം എന്നതാണ്‌ ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ട പ്രധാന വിഷയം എന്ന് തോന്നുന്നു.

സംവരണം മൂലം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന പോലെ തന്നെ അതിന്റെ ദോഷഫലങ്ങളും നാം അനുഭവിച്ചിട്ടുണ്ടാകും.

വിദ്യാഭ്യാസമേഖലയില്‍ സീറ്റ്‌ സംവരണവും സാമ്പത്തിക സഹായങ്ങളും നല്‍കി പിന്നോക്കവിഭാഗങ്ങളുടെ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ, സാമ്പത്തികമായും സാമൂഹികമായും ശരാശരിയിലോ അതിലും മുകളിലോ നില്‍ക്കുന്ന പലര്‍ക്കും ഈ ആനുകൂല്ല്ല്യങ്ങള്‍ ഇപ്പോഴും ലഭിക്കുന്നു എന്നുള്ളതാണ്‌ ഇവിടുത്തെ മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഞാന്‍ കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്‌, സമ്പന്നരായ പല വിദ്യാര്‍ത്ഥികളും പല ആനുകൂല്ല്ല്യങ്ങളും വാങ്ങുന്നത്‌ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്‌. അതും അവര്‍ ജനിച്ച മതത്തിന്റെ പേരില്‍. പക്ഷെ, ദരിദ്രരായ പല ഉന്നത മതസ്ഥരായ വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുന്നതും നേരിട്ട്‌ മനസ്സിലാക്കിയ എനിക്ക്‌ ഈ സംവരണഘടനയില്‍ എന്തോ ഒരു 'കരട്‌' അനുഭവപ്പെട്ടു.

'ഉയര്‍ന്ന ജീവിത നിലവാരവും സാമ്പത്തികചുറ്റുപാടുകളുമുള്ള പിന്നോക്ക മതവിഭാങ്ങളിലുള്ളവര്‍ക്ക്‌ ആനുകൂല്ല്ല്യങ്ങള്‍ ഇനിയും തുടരുന്നത്‌ ശരിയാണോ?'

ജനിച്ചുപോയത്‌ ഉന്നതമതത്തിലാണെന്ന കാരണത്താല്‍ ദാരിദ്ര്യം മുന്‍ തലമുറയുടെ പ്രവൃത്തിദോഷം കൊണ്ടാണെന്ന് കരുതി സമാധാനിക്കാനാണോ നാം ഉന്നത മതസ്ഥരായ കുട്ടികളെ സമാധാനിപ്പിക്കേണ്ടത്‌?

ജോലി സംവരണത്തിന്റെ കാര്യത്തിലാണെങ്കിലും ഇപ്പോള്‍ വൈരുദ്ധ്യങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു.

കഷ്ടപ്പെട്ട്‌ പഠിച്ചാലും ഒരു ജോലി സമ്പാദിക്കുക എന്നത്‌ ഉയര്‍ന്ന മതത്തിലെ ചെറുപ്പക്കാര്‍ക്ക്‌ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിയ്ക്കുന്നു.

എന്തുകൊണ്ട്‌ ജോലി സംവരണത്തിലും ജനിച്ചുപോയ കുലം നോക്കാതെ സാമ്പത്തികപിന്നോക്കാവസ്ഥയ്ക്ക്‌ മുന്‍ ഗണന നല്‍കിക്കൂടാ???

അതുപോലെ തന്നെ ജോലിക്കയറ്റങ്ങളുടെ കാര്യത്തില്‍ സംവരണം വന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കും.

കഴിവുള്ളവര്‍ക്ക്‌ ജോലിക്കയറ്റങ്ങള്‍ നല്‍കട്ടെ. അല്ലാതെ, വെറും സംവരണാടിസ്ഥാനത്തിലുള്ള ഇത്തരം ജോലിക്കയറ്റങ്ങള്‍ അതാത്‌ സ്ഥാപനങ്ങളുടെ പിന്നോക്കാവസ്ഥ സൃഷ്ടിക്കുമെന്നാണ്‌ മനസ്സിലാവുന്നത്‌.

സംവരണത്തിന്റെ പേരില്‍ ജോലിയും ജോലിക്കയറ്റങ്ങളും കിട്ടിയ ശരാശരി കഴിവില്ലാത്ത പലരുമായും ഇടപെടേണ്ടിവന്നവരുടെ അനുഭവങ്ങള്‍ തന്നെ ഉദാഹരണം. പലപ്പോഴും ജോലിയിലുള്ള അവരുടെ പ്രാവീണ്യക്കുറവ്‌ എനിക്ക്‌ നേരിട്ട്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. അതുപോലെ, അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഇത്തരക്കാരുടെ ധാര്‍ഷ്ട്യങ്ങളും പലവട്ടം അനുഭവിച്ചിട്ടുമുണ്ട്‌. സംവരണാനുകൂല്ല്ല്യങ്ങളും വാങ്ങി ജോലിയും അധികാരവും ലഭിച്ചുകഴിഞ്ഞാല്‍ ജോലിയോടും സമൂഹത്തോടും യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത ഇത്തരക്കാര്‍ അവരുടെ പിന്നോക്ക ചിന്താഗതിയെ ഒന്നുകൂടി പ്രകടമാക്കുകയണ്‌ എന്ന സത്യം അവര്‍ വിസ്മരിയ്ക്കുന്നു.

പക്ഷെ, വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവുകളും പെരുമാറ്റവും കൈമുതലായ പലരും ഈ വിഭാഗങ്ങളിലുണ്ട്‌ എന്നകാര്യം ഞാനിവിടെ വിസ്മരിയ്ക്കുന്നില്ല.

ജനിച്ച മതത്തിന്റെ അവകാശമാണ്‌ എന്ന് പറഞ്ഞ്‌ സംവരണക്കാര്യത്തില്‍ അവകാശം പറയുന്ന മതനേതാക്കളുടെ ഔചിത്യം മനസ്സിലാകുന്നില്ല. എന്തിന്‌ ഒരു സാമ്പത്തികാടിസ്ഥാനം അത്തരം മതങ്ങളില്‍ നിന്നുള്ള സംവരണത്തിലും കൊണ്ടുവരുന്നതില്‍ ഇവര്‍ ഭയപ്പെടണം?

അര്‍ഹതയുള്ളവര്‍ക്ക്‌ ലഭിക്കട്ടെ ആനുകൂല്ല്ലുങ്ങളും സംവരണങ്ങളും... അത്‌ സമൂഹം ഒറ്റക്കെട്ടായ നല്ല മനസ്സോടെ നടപ്പിലാക്കട്ടെ, അംഗീകരിക്കട്ടെ...ഇതിന്റെ പേരില്‍ മതപരമായ ധ്രുവീകരണങ്ങളും തീവ്രവാദങ്ങളും വളരാതിരിയ്ക്കട്ടെ...

'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍
മാറ്റും അത്‌ നിങ്ങളെത്താന്‍'

4 comments:

സൂര്യോദയം said...

സംവരണം... ഒരു അവലോകനം

സാലിം said...

സൂര്യോദയം പറഞ്ഞത് വളരെ ശരിയാണ്. യോഗ്യതക്കാണ് സംവരണം വേണ്ടത്. ജാതിക്കോ മതത്തിനോ അല്ല.

കുതിരവട്ടന്‍ said...

:-) ഇപ്പോള്‍ മന്‍സ്സിലായോ മാഷേ ജാതിയും മതവുമൊക്കെ എവിടെയാണെന്ന്. ഈ സംവരണവും ന്യൂനപക്ഷവും രാഷ്ട്രീയക്കാരുടെ തുരുപ്പു ചീട്ടാണ്. അത് വിട്ടൊരു കളിയില്ല.
ഞാന്‍ വിചാരിച്ചത് രാഷ്ട്രീയക്കാര്‍ക്കു മാത്രമേ ജാതി വേണ്ടൂ എന്നാണ്. കേരളത്തിലെ അഭ്യസ്തവിദ്യരെന്നഭിമാനിക്കുന്ന ജനങ്ങള്‍ പോലും മാറിയിട്ടില്ലെന്നെനിക്കു മനസ്സിലായി. എല്ലാവര്‍ക്കും വേണം ജാതിയും മതവും.

സൂര്യോദയം said...

സാലിം... അഭിപ്രായം അറിയിച്ചതിന്‌ നന്ദി..

കുതിരവട്ടന്‍.... ജാതിയും മതവും പലരും അവരവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി അവരവര്‍ക്ക്‌ വേണ്ട രീതിയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു..