Wednesday, April 25, 2007

സ്മാര്‍ട്ട്‌ ഡേ (വഞ്ചനാദിനം)

ഉമ്മന്‍സാര്‍ കാലത്തെഴുന്നേറ്റ്‌ തങ്ങളുടെ ആസ്ഥാനപത്രമായ മ.രമ തുറന്നു. (ഈ പത്രം ശോധനയുണ്ടാകാന്‍ ഉത്തമമത്രെ).

"എന്ത്‌???... ഉറപ്പിച്ചെന്നോ???.... ന്റെ പുതുപ്പള്ളിമാതാവേ... ചതിയായിപ്പോയല്ലോ?"

ഇത്‌ കേട്ട്‌ ചേട്ടത്തി ഓടിവന്നു. "എന്തുപറ്റി അച്ചായാ...??"

"എന്തുപറയാനാടീ പെമ്പറന്നോരേ.. ദേ ആ അച്ചുമ്മാന്‍ കേറി സ്മാര്‍ട്ട്‌ ആയി..."

"ഓ അതാണോ... അതിനെന്താ മനുഷ്യേനേ... നാടിന്‌ നല്ലത്‌ ആര്‌ ചെയ്താലും നല്ലതുതന്നെ..."

"നീ ഒന്ന് പോടീ... ഇത്‌ വന്‍ ചതിയായിപ്പോയി... ഇത്‌ നഷ്ടക്കച്ചോടമാ..."

"നഷ്ടക്കച്ചോടമോ??? നിങ്ങളെന്താ മനുഷ്യാ പറേന്നേ... പത്രക്കാരും ടി.വി. ക്കാരും എല്ലാം പറയുന്നൂ വല്ല്യ ലാഭമായിപ്പോയീന്ന്.."

"അതെങ്ങനാടീ.... ഇത്രേം കാലം ഞാനും ആ ചെന്നിത്തലയനും കൂടി വികസനവിരുദ്ധന്‍, മുരടന്‍, ദുര്‍മ്മുഖന്‍, എതിരന്‍... എന്നൊക്കെ വിളിച്ച്‌ കൂവിയിട്ട്‌ ദേ ഇപ്പോ ഇങ്ങേരോളം വല്ല്യ വികസനപ്രേമി വേറെ ഇല്ലാത്തമാതിരിയല്ലേ പ്രകടനം.."

"അല്ല, അതവിടെ നിക്കട്ടെ... നിങ്ങള്‌ നഷ്ടമായിപ്പോയി എന്ന് പറഞ്ഞത്‌ എന്തുവാ....അതു പറ..."

"നീ നോക്ക്‌.... നമ്മള്‍ 248 ഏക്കര്‍ ഭൂമീടെ വില 28 കോടി എന്ന് പറഞ്ഞിടത്ത്‌ അങ്ങേര്‍ക്ക്‌ കൊടുക്കുന്നത്‌ 104 കോടി. അതും നമ്മള്‍ ഭൂമി അവര്‍ക്ക്‌ സ്വന്തമായി കൊടുക്കാമെന്നാ പറഞ്ഞേ... ഇപ്പോ ദേ പാട്ടത്തിന്‌ കൊടുത്തിട്ടാ ഇങ്ങനെ.... പാര്‍ക്ക്‌ ഫ്രീയായി കൊടുക്കാന്ന് നമ്മള്‍ പറഞ്ഞതാ... ഓഹരി 9 ശതമാനം തന്നാ മതീന്നും പറഞ്ഞു.. ദേ ഇപ്പോ പറേണൂ പാര്‍ക്ക്‌ അവര്‍ക്ക്‌ കിട്ടീല്ലേലും കുഴപ്പില്ലാന്ന്... മാത്രല്ലാ... 26 ശതമാനം ഓഹരി തരാംന്ന്... അവര്‌ വികസിച്ച്‌ വന്നോട്ടെ എന്ന് വിചാരിച്ച്‌ വേറെ ആരും ഇമ്മാതിരി പരിപാടിയുമായി അയലത്തൊ ചുറ്റുവട്ടത്തോ പാടില്ല എന്ന ഉറപ്പും നമ്മള്‍ കൊടുത്തു. ഇപ്പോ ദേണ്ടേ... വേറെ ഐ.ടി. കച്ചോടക്കാര്‍ ഇരുന്നോട്ടെ കുഴപ്പല്ല്യാത്രേ...പിന്നെ, 33000 പേര്‍ക്ക്‌ തൊഴില്‍ കൊടുക്കാം എന്ന് നമ്മള്‍ പറഞ്ഞപ്പോള്‍, അതിപ്പോ തൊണ്ണൂറായിരം പേര്‍ക്കായി.... ഇതൊന്നും കൂടാണ്ട്‌ വേറേം എന്തരൊക്കെയോ ഡിമാന്റുകളും ലവന്മാര്‍ സമ്മതിച്ചെന്ന്....എനിക്ക്‌ തോന്നണത്‌ ഈ അച്ചുമ്മാന്‌ എന്തോ കൂടോത്രബിസിനസ്സ്‌ ഉണ്ടെന്നാ... അല്ലാണ്ടീമ്മാതിരി മാറ്റം വല്ലോം നടക്ക്വോ...?"

"അല്ല... ഇതിലൊക്കെ എന്താ ഇത്ര നഷ്ടം എന്നു പറേന്നേ???... "

"എടീ.. നമുക്കല്ലാണ്ട്‌ പിന്നെ ആര്‍ക്കാടീ നഷ്ടം??? നമുക്ക്‌ വഞ്ചനാ ദിനം ആചരിച്ചേ പറ്റൂ.... ആ പഹയന്മര്‌ നമ്മളെ പറ്റിച്ചില്ലേ..... അത്‌ തന്നെ കാരണം..."

"ങാ... നിങ്ങള്‌ ഈ റബറച്ചായന്റെ സുഖിയന്‍ പത്രോം പിടിച്ചോണ്ടിരുന്നോ... നാട്ടുകാര്‍ക്കറിയാം ആരാ വഞ്ചിക്കാന്‍ ശ്രമിച്ചേന്ന്... വെറുതേ പിന്നേം നാണം കെടാന്‍ നോക്കാണ്ടിരിയ്ക്ക്‌ മനുഷ്യാ... എനിക്കേ അടുക്കളേല്‍ വേറെ പണീണ്ട്‌ ... ഞാന്‍ പോണൂ..."

"ങാ... ഞാനാ കുഞ്ഞുസായിബിനേം ചെന്നിയേം ഒന്ന് വിളിക്കട്ടെ... വല്ല മുട്ടാപ്പോക്കും കണ്ടെത്തി നട്ടുകാരോട്‌ പറയണ്ടേ...." ഉമ്മന്‍ സാര്‍ ഫോണിനടുത്തേക്ക്‌ നടന്നു.

http://www.mathrubhumi.com/

Monday, April 23, 2007

സംവരണം എങ്ങനെ മുന്നോട്ട്‌?

കാലങ്ങള്‍ക്ക്‌ മുന്‍പ്‌ സവര്‍ണ്ണരുടെ അടിച്ചമര്‍ത്തലുകളിലും അവഗണനയിലും പെട്ട്‌ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം പോയ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്ന് സമൂഹത്തില്‍ ഏറെക്കുറെ തുല്ല്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സംവരണം ഭരണഘടനയിലൂടെ നടപ്പിലാക്കിക്കൊണ്ട്‌ വന്നത്‌.

വര്‍ഷങ്ങള്‍ കടന്നുപോയി....

സംവരണം മൂലം ഇത്തരം വിഭാഗങ്ങള്‍ വളരെയധികം സാമൂഹിക സാമ്പത്തിക രംഗത്ത്‌ മുന്നേറി. ജീവിതത്തിന്റെ എല്ലാ മേഖലയിലും ആനുകൂല്ല്ല്യങ്ങളും സംവരണവും മൂലം പിന്നോക്കാവസ്ഥയില്‍ ഒരു പാട്‌ മാറ്റങ്ങള്‍ വന്നു.ഇന്നിപ്പോള്‍ സംവരണമോ ആനുകൂല്ല്ല്യങ്ങളോ ഇല്ലാതെ തന്നെ ജീവിക്കാവുന്ന ചുറ്റുപാടുകളുള്ള ഒരു പാട്‌ കുടുംബങ്ങളുണ്ട്‌ എന്നത്‌ വളരെ വ്യക്തമായ കാര്യമാണ്‌.

ഈ സംവരണം, ഇതേ രീതിയില്‍ ഇനിയും തുടരണോ, അങ്ങനെ തുടരുകയാണെങ്കില്‍ എത്രകാലം തുടരണം എന്നതാണ്‌ ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ട പ്രധാന വിഷയം എന്ന് തോന്നുന്നു.

സംവരണം മൂലം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന പോലെ തന്നെ അതിന്റെ ദോഷഫലങ്ങളും നാം അനുഭവിച്ചിട്ടുണ്ടാകും.

വിദ്യാഭ്യാസമേഖലയില്‍ സീറ്റ്‌ സംവരണവും സാമ്പത്തിക സഹായങ്ങളും നല്‍കി പിന്നോക്കവിഭാഗങ്ങളുടെ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ, സാമ്പത്തികമായും സാമൂഹികമായും ശരാശരിയിലോ അതിലും മുകളിലോ നില്‍ക്കുന്ന പലര്‍ക്കും ഈ ആനുകൂല്ല്ല്യങ്ങള്‍ ഇപ്പോഴും ലഭിക്കുന്നു എന്നുള്ളതാണ്‌ ഇവിടുത്തെ മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഞാന്‍ കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്‌, സമ്പന്നരായ പല വിദ്യാര്‍ത്ഥികളും പല ആനുകൂല്ല്ല്യങ്ങളും വാങ്ങുന്നത്‌ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്‌. അതും അവര്‍ ജനിച്ച മതത്തിന്റെ പേരില്‍. പക്ഷെ, ദരിദ്രരായ പല ഉന്നത മതസ്ഥരായ വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുന്നതും നേരിട്ട്‌ മനസ്സിലാക്കിയ എനിക്ക്‌ ഈ സംവരണഘടനയില്‍ എന്തോ ഒരു 'കരട്‌' അനുഭവപ്പെട്ടു.

'ഉയര്‍ന്ന ജീവിത നിലവാരവും സാമ്പത്തികചുറ്റുപാടുകളുമുള്ള പിന്നോക്ക മതവിഭാങ്ങളിലുള്ളവര്‍ക്ക്‌ ആനുകൂല്ല്ല്യങ്ങള്‍ ഇനിയും തുടരുന്നത്‌ ശരിയാണോ?'

ജനിച്ചുപോയത്‌ ഉന്നതമതത്തിലാണെന്ന കാരണത്താല്‍ ദാരിദ്ര്യം മുന്‍ തലമുറയുടെ പ്രവൃത്തിദോഷം കൊണ്ടാണെന്ന് കരുതി സമാധാനിക്കാനാണോ നാം ഉന്നത മതസ്ഥരായ കുട്ടികളെ സമാധാനിപ്പിക്കേണ്ടത്‌?

ജോലി സംവരണത്തിന്റെ കാര്യത്തിലാണെങ്കിലും ഇപ്പോള്‍ വൈരുദ്ധ്യങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു.

കഷ്ടപ്പെട്ട്‌ പഠിച്ചാലും ഒരു ജോലി സമ്പാദിക്കുക എന്നത്‌ ഉയര്‍ന്ന മതത്തിലെ ചെറുപ്പക്കാര്‍ക്ക്‌ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിയ്ക്കുന്നു.

എന്തുകൊണ്ട്‌ ജോലി സംവരണത്തിലും ജനിച്ചുപോയ കുലം നോക്കാതെ സാമ്പത്തികപിന്നോക്കാവസ്ഥയ്ക്ക്‌ മുന്‍ ഗണന നല്‍കിക്കൂടാ???

അതുപോലെ തന്നെ ജോലിക്കയറ്റങ്ങളുടെ കാര്യത്തില്‍ സംവരണം വന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കും.

കഴിവുള്ളവര്‍ക്ക്‌ ജോലിക്കയറ്റങ്ങള്‍ നല്‍കട്ടെ. അല്ലാതെ, വെറും സംവരണാടിസ്ഥാനത്തിലുള്ള ഇത്തരം ജോലിക്കയറ്റങ്ങള്‍ അതാത്‌ സ്ഥാപനങ്ങളുടെ പിന്നോക്കാവസ്ഥ സൃഷ്ടിക്കുമെന്നാണ്‌ മനസ്സിലാവുന്നത്‌.

സംവരണത്തിന്റെ പേരില്‍ ജോലിയും ജോലിക്കയറ്റങ്ങളും കിട്ടിയ ശരാശരി കഴിവില്ലാത്ത പലരുമായും ഇടപെടേണ്ടിവന്നവരുടെ അനുഭവങ്ങള്‍ തന്നെ ഉദാഹരണം. പലപ്പോഴും ജോലിയിലുള്ള അവരുടെ പ്രാവീണ്യക്കുറവ്‌ എനിക്ക്‌ നേരിട്ട്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. അതുപോലെ, അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഇത്തരക്കാരുടെ ധാര്‍ഷ്ട്യങ്ങളും പലവട്ടം അനുഭവിച്ചിട്ടുമുണ്ട്‌. സംവരണാനുകൂല്ല്ല്യങ്ങളും വാങ്ങി ജോലിയും അധികാരവും ലഭിച്ചുകഴിഞ്ഞാല്‍ ജോലിയോടും സമൂഹത്തോടും യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത ഇത്തരക്കാര്‍ അവരുടെ പിന്നോക്ക ചിന്താഗതിയെ ഒന്നുകൂടി പ്രകടമാക്കുകയണ്‌ എന്ന സത്യം അവര്‍ വിസ്മരിയ്ക്കുന്നു.

പക്ഷെ, വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവുകളും പെരുമാറ്റവും കൈമുതലായ പലരും ഈ വിഭാഗങ്ങളിലുണ്ട്‌ എന്നകാര്യം ഞാനിവിടെ വിസ്മരിയ്ക്കുന്നില്ല.

ജനിച്ച മതത്തിന്റെ അവകാശമാണ്‌ എന്ന് പറഞ്ഞ്‌ സംവരണക്കാര്യത്തില്‍ അവകാശം പറയുന്ന മതനേതാക്കളുടെ ഔചിത്യം മനസ്സിലാകുന്നില്ല. എന്തിന്‌ ഒരു സാമ്പത്തികാടിസ്ഥാനം അത്തരം മതങ്ങളില്‍ നിന്നുള്ള സംവരണത്തിലും കൊണ്ടുവരുന്നതില്‍ ഇവര്‍ ഭയപ്പെടണം?

അര്‍ഹതയുള്ളവര്‍ക്ക്‌ ലഭിക്കട്ടെ ആനുകൂല്ല്ലുങ്ങളും സംവരണങ്ങളും... അത്‌ സമൂഹം ഒറ്റക്കെട്ടായ നല്ല മനസ്സോടെ നടപ്പിലാക്കട്ടെ, അംഗീകരിക്കട്ടെ...ഇതിന്റെ പേരില്‍ മതപരമായ ധ്രുവീകരണങ്ങളും തീവ്രവാദങ്ങളും വളരാതിരിയ്ക്കട്ടെ...

'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍
മാറ്റും അത്‌ നിങ്ങളെത്താന്‍'

Tuesday, April 10, 2007

വികസന ദുരന്തം

ഒരു പതിനഞ്ചുകൊല്ലം മുന്‍പുള്ള സ്കൂള്‍, കോളെജ്‌ സാഹചര്യങ്ങളും ഇപ്പോഴത്തെ സാഹചര്യവും പരിശോധിച്ചാല്‍ ഒരു വലിയ അന്തരം ഉണ്ടാകുക സ്വാഭാവികമാണെങ്കിലും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നതില്‍ ടെക്നോളജിയ്ക്ക്‌ വലിയ പങ്കാണുള്ളത്‌.

'ടെക്നോളജി' എന്ന് പ്രധാനമായും ഞാനുദ്ദേശിച്ചത്‌ ദൃശ്യവാര്‍ത്താവിനിമയ സൗകര്യങ്ങളുടെ വളര്‍ച്ചയും, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ എന്നീ സംവിധാനങ്ങളുടെ അതിപ്രസരവുമാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സ്കൂള്‍ പ്രണയങ്ങള്‍ വളരെ കുറവായിരുന്നു. പക്ഷെ, ഇന്ന് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ തന്നെ (അതും വളരെ ചെറിയ പ്രായത്തില്‍) പ്രേമവും അത്തരം സൗഹൃദങ്ങളും ഇല്ലെങ്കില്‍ ഒരു കുറച്ചിലായി കാണുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയിരിയ്ക്കുന്നു. അത്തരം ചില കേസുകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതില്‍ അല്‍ഭുതം തോന്നിയിട്ട്‌ കാര്യമില്ലെന്ന് കൂടുതല്‍ നിരീക്ഷണങ്ങളില്‍ നിന്ന് ബോദ്ധ്യപ്പെട്ടു.

കോളെജ്‌ തലങ്ങളിലെ പ്രണയങ്ങള്‍ക്ക്‌ പഴയ കാലത്തിന്റെ മാധുര്യവും ദൃഢതയും കുറഞ്ഞു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പ്രണയങ്ങളുടെ എണ്ണവും കുത്തനെ ഉയര്‍ന്നുകഴിഞ്ഞിരിയ്ക്കുന്നു. ക്യാമ്പസ്സുകളിലെ പ്രണയങ്ങള്‍ പലതും നേരമ്പോക്കിനായി മാത്രം തീരുമാനിച്ച്‌ ക്യാമ്പസ്സില്‍ തന്നെ അവസാനിക്കുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷെ, വളരെ പ്രാക്റ്റിക്കലായും സീരിയസ്സായുമുള്ള പ്രണയങ്ങള്‍ വിവാഹത്തില്‍ കലാശിക്കുന്ന ഉദാഹരണങ്ങളും ധാരാളം. അതും, സാമ്പത്തികവും സാമൂഹ്യവും മതപരവുമായ അന്തരങ്ങളെല്ലാം മറന്നുകൊണ്ട്‌ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളുടെ എണ്ണങ്ങളും വളരെ ഉയര്‍ന്നുകഴിഞ്ഞത്‌ വസ്തുതയാണ്‌.

പുതിയ തലമുറയില്‍ മേല്‍പ്പറഞ്ഞതരത്തിലുള്ള ടെക്നോളജി സൗകര്യങ്ങളുടെ സ്വാധീനം ഗുണവും അതിനോടപ്പം ദോഷവും പ്രദാനം ചെയ്യുന്നു എന്നതാണ്‌ സത്യം. അമേരിക്കന്‍, യൂറോപ്പ്‌ സംസ്കാരങ്ങളുടെ സ്വാധീനം പുതിയ തലമുറയെ നല്ലപോലെ ബാധിച്ചിരിയ്ക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യബോധത്തോടെ നാം നോക്കിക്കാണേണ്ടതാണ്‌ എന്ന് തോന്നുന്നു.

ദോഷങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുള്ള രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും ബോധപൂര്‍വ്വവും നിരന്തരവുമായ ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറ പല കുടുംബങ്ങളിലും ദുരന്തത്തിന്റെ പ്രതീകങ്ങളോ സൂചനകളോ ആയി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

പണ്ട്‌ ദൂരദര്‍ശനില്‍ ആഴ്ചയിലൊരിക്കല്‍ കാണുന്ന ഹിന്ദി പാട്ടുകളുടെ 'ചിത്രഹാര്‍' എന്ന പരിപാടിയില്‍ നീളം കുറഞ്ഞ വസ്ത്രമണിഞ്ഞ്‌ നായികമാര്‍ ആടിക്കുഴയുന്ന സീനുകള്‍ വീട്ടുകാരോടൊന്നിച്ചിരുന്ന് കാണേണ്ടിവരുന്ന സാഹചര്യങ്ങളിലുണ്ടാകുന്ന ഒരു വല്ലാത്ത ടെന്‍ഷനും ജാള്യതയും ഇപ്പോഴും നല്ലവണ്ണം ഓര്‍ക്കുന്നു.

ഇപ്പോഴത്തെ ടി വി പ്രോഗ്രാമുകളില്‍ കാണുന്ന ത്രസിപ്പിക്കുന്ന അത്തരം പാട്ടുകളോ ഫാഷന്‍ ചാനല്‍ പോലുള്ള ചാനലുകളിലെ അല്‍പവസ്ത്രകോലങ്ങളുടെ വൈകൃതം തോന്നുന്ന ചലനങ്ങളോ രക്ഷകര്‍ത്താക്കളുടെ സാന്നിദ്ധ്യത്തില്‍ ഒരു കൂസലും കൂടാതെ ഇരുന്ന് കാണുന്ന പുതു തലമുറയെ കാണുമ്പോഴാണ്‌ ആ വ്യത്യാസം നമുക്ക്‌ മനസ്സിലാവുന്നത്‌.

സീരിയലുകളിലൂടെ കണ്ണുനീര്‍പ്പുഴകള്‍ ഒഴുകിത്തുടങ്ങിയതോടെ പല വീടുകളിലും ആന്തരിക യുദ്ധം ശമിപ്പിക്കാനായി രണ്ട്‌ ടി വി എന്ന സംവിധാനം നിലവില്‍ വന്നു. (ഒന്ന് സ്ത്രീ സംവരണവും, മറ്റേത്‌ യൂത്ത്‌ റിസര്‍വ്വേഷന്‍ ക്വോട്ടയും)

പതുക്കെ പതുക്കെ ടി വി എന്ന മാദ്ധ്യമത്തിന്റെ വിജ്ഞാനമേഖലയെക്കാല്‍ വിനോദമേഖലയ്ക്കാണ്‌ പുതിയ തലമുറയില്‍ സ്വാധീനം ഉറപ്പിക്കാനായത്‌. അതില്‍ രക്ഷിതാക്കളുടെ ഇടപെടലോ നിയന്ത്രണങ്ങളോ പ്രാബല്ല്യത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടായിരിയ്ക്കുന്നു.

ഇന്റര്‍നെറ്റിന്റെ പ്രചാരം വര്‍ദ്ധിച്ചത്‌ വിജ്ഞാനം വളരെ വേഗത്തിലും കാര്യക്ഷമമായും എത്തിക്കുന്നതില്‍ അല്‍ഭുതകരമായ പങ്ക്‌ വഹിക്കുന്നു. പക്ഷെ, ഇന്റര്‍നെറ്റിന്റെ ദുരുപയോഗ സാദ്ധ്യത പുതിയ തലമുറയെ വളരെ വേഗത്തില്‍ തന്നെ പ്രചോദിപ്പിയ്ക്കുന്നു.

വീടുകളില്‍ മക്കള്‍ക്ക്‌ പഠനത്തിന്‌ സഹായകമാകാനെന്ന പേരില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തുകൊടുക്കുന്ന മാതാപിതാക്കള്‍ അതിന്റെ ഉപയോഗനിയന്ത്രണം സ്വയം നിര്‍വ്വഹിച്ചില്ലെങ്കില്‍ സ്വന്തം മക്കളുടെ സ്വഭാവ സംസ്കാര രൂപീകരണത്തില്‍ ഇന്റര്‍നെറ്റിന്റെ ദുരുപയോഗം വ്യക്തമായ മുദ്ര പതിപ്പിയ്ക്കുന്നത്‌ തിരിച്ചറിയുമ്പോഴെയ്ക്കും വളരെ വൈകിയിരിയ്ക്കും.

മക്കള്‍ക്ക്‌ അവരുടെ ബെഡ്‌ റൂമില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സെറ്റപ്പ്‌ ചെയ്ത്‌ കൊടുത്തിട്ട്‌ ഒരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താത്ത വിവരദോഷികളായ മാതാപിതാക്കളെ എനിയ്ക്ക്‌ നേരിട്ടറിയാം. രാത്രിമുഴുവന്‍ ഉറക്കമില്ലാതെ ഇരുന്ന് തന്റെ മക്കള്‍ പഠിയ്ക്കുന്നു എന്ന് ധരിയ്ക്കുന്ന ഇത്തരക്കാരോട്‌ സഹതാപമല്ലാതെ മറ്റ്‌ എന്താണ്‌ തോന്നേണ്ടത്‌? അശ്ലീല വെബ്‌ സൈറ്റുകളും ചാറ്റിംഗ്‌ സോഫ്റ്റ്‌ വെയറുകളും ധാരാളമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമായതിനാല്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ നോക്കാനുള്ള വ്യഗ്രതയും രാത്രി ഉറക്കമില്ലാതെ പഠിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചെന്നുവരാം.

കുട്ടികള്‍ക്ക്‌ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ ഉപയോഗത്തെക്കാല്‍ ദുരുപയോഗ സാദ്ധ്യതകളും മനസ്സിലാക്കുന്നത്‌ രക്ഷകര്‍ത്താക്കള്‍ക്ക്‌ ഗുണകരമാകും.

അതുപോലെതന്നെ മൊബൈല്‍ ഫോണിന്റെ പ്രചുരപ്രചാരം ഇന്ന് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. പല ബിസിനിസ്സുകളെയും അതിന്റെ നടത്തിപ്പുകാര്‍ക്കും ഇതിന്റെ ഉപയോഗം വരുത്തിയ ഗുണങ്ങള്‍ നിര്‍ണ്ണയാതീതമാണ്‌. വീട്ടിലിരുന്നും, യാത്രചെയ്യുമ്പോഴും ബിസിനസ്സും ജോലിയും നിയന്ത്രിയ്ക്കാനുള്ള സാദ്ധ്യത ഇതുമൂലം വളരെ ഉയര്‍ന്നു. പലര്‍ക്കും ഇത്‌ ഒരു ശല്ല്യമായും ചില സന്ദര്‍ഭങ്ങളിലെങ്കിലും തോന്നാറുണ്ടെങ്കിലും അതിന്റെ ഉപയോഗങ്ങളെ താരതമ്മ്യം ചെയ്യുമ്പോള്‍ ആ തോന്നല്‍ താനെ അടങ്ങും.

കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള മാതാപിതാക്കളുടെ ഉത്സാഹമാണ്‌ പുതിയ തലമുറയില്‍ കണ്ടുവരുന്ന മറ്റൊരു പ്രവണത. അതിനെ പ്രോല്‍സാഹിപ്പിയ്ക്കാന്‍ പല മൊബൈല്‍ സര്‍വ്വീസ്‌ പ്രൊവൈഡേര്‍സും കുട്ടികള്‍ക്കും മറ്റും യോജിച്ച സ്കീമുകള്‍ പ്രഖ്യാപിയ്ക്കുന്നതില്‍ മല്‍സരിച്ചുകൊണ്ടിരിയ്ക്കുന്നു.

മൊബൈല്‍ ഫോണ്‍ വഴി പ്രേമവും സെറ്റപ്പുമെല്ലാം ഉണ്ടാക്കിയെടുക്കുന്നതില്‍ ബിസിനസ്സിന്റെ പേരില്‍ 'മാമാ' പണി ചെയ്യുകയാണ്‌ പല സര്‍വ്വീസ്‌ പ്രൊവൈഡേര്‍സും എന്നതാണ്‌ വസ്തുത.

ചില നമ്പറുകളിലേയ്ക്ക്‌ കുറഞ്ഞ റേറ്റിലും ഫ്രീയായും കോളുകള്‍ അനുവദിയ്ക്കുന്ന സ്കീമുകളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ഒരേ സര്‍വ്വീസ്‌ പ്രൊവൈഡറുടെ ഏത്‌ നമ്പറിലേക്ക്‌ ഫ്രീ കോള്‍ എന്ന നിലയില്‍ വരെയെത്തിയിരിയ്ക്കുന്നു കാര്യങ്ങള്‍. (വിവാഹ നിശ്ചയത്തോടൊപ്പം രണ്ട്‌ മൊബൈല്‍ കണക്ഷനും ഇപ്പോള്‍ നാട്ടുനടപ്പുള്ള ഒരു ചടങ്ങായിരിയ്ക്കുന്നു)

സ്വന്തം വരുമാനമാകാതെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ ഭൂരിപക്ഷം പേര്‍ക്കും ഗ്യാരണ്ടിയായ ഒരു ലാഭമുണ്ട്‌. മക്കള്‍ക്ക്‌ വേണ്ടി കല്ല്യാണം ആലോചിച്ച്‌ അന്വേഷിച്ച്‌ നടന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. ഒന്നുകില്‍ അവര്‍ പറഞ്ഞതിനെ നടത്തിക്കൊടുക്കുക, അല്ലെങ്കില്‍ അവര്‍ സ്വീകരിച്ച വഴികളെ ഇഷ്ടമല്ലെങ്കിലും അംഗീകരിയ്ക്കുക.

ഇത്തരം മൊബൈല്‍ ഫോണ്‍ ദുരുപയോഗങ്ങളും അതുമൂലമുണ്ടായിട്ടുള്ള പല ജീവിത വഴിത്തിരിവുകളും എന്നെപ്പോലെത്തന്നെ ധാരാളം നേരില്‍ക്കണ്ട്‌ ബോദ്ധ്യമുള്ളതായിരിയ്ക്കും പലരും.

മേല്‍പ്പറഞ്ഞ തരത്തില്‍ ദുരുപയോഗ സാദ്ധ്യതകള്‍ കൂടുതലാണെങ്കിലും ഇതിന്റെ പിടിയില്‍ പെടാത്തവരും രക്ഷകര്‍ത്താക്കളോട്‌ ധാര്‍മ്മികത കാണിയ്ക്കുന്നവരും പുതിയ തലമുറയില്‍ ഉണ്ട്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌.

"ടെക്നോളജിയുടെ ഉപയോഗം വിജ്നാനമേഖലയിലും സാമൂഹിക സാംസ്കാരിക മേഖലയിലും വളരെ ഗുണകരമായ ഉന്നമനം ഉറപ്പുവരുത്തുന്നു. പക്ഷെ, പ്രായത്തിനും അര്‍ഹതയ്ക്കും അനുസരിച്ച്‌ അതിന്റെ 'ഡോസ്‌' തീരുമാനിക്കാതെയുള്ള അമിതോപയോഗം ഗുണത്തേക്കാളെറെ ദുരന്തം വിതയ്ക്കുമെന്ന് തോന്നുന്നു."

Monday, April 2, 2007

ജ്യോതിഷവും കൈത്തരിപ്പും - ഭാഗം 2

തിരുവനന്തപുരത്ത്‌ ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന കാലം....
അവിടെ ഒരു പ്രൊജക്റ്റ്‌ മാനേജര്‍ ബംഗാളിയായിരുന്നു. കുറേക്കാലമായി അങ്ങേര്‍ക്ക്‌ വിവാഹാലോചനകള്‍ നടക്കുന്നതായും ജ്യോതിഷത്തില്‍ വലിയ വിശ്വാസിയും നിപുണനുമായി ഇദ്ദേഹത്തിന്‌ ബോധിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്താനാവാത്തതിനാലാണ്‌ ഇതുവരെ വിവാഹം ഒന്നും നടക്കാത്തതെന്നും അങ്ങേരുമായി അടുത്ത്‌ ബന്ധമുള്ളവരില്‍ നിന്ന് വിവരം ലഭിച്ചു.

ഒടുവില്‍ വളരെ ജാതകപ്പൊരുത്തമുള്ള ഒരു പെണ്‍കുട്ടിയുമായി അയാളുടെ വിവാഹം നിശ്ചയിച്ചു എന്നറിഞ്ഞു. കല്‍ക്കട്ടയില്‍ ഏതോ വിദേശ എംബസിയില്‍ ജോലിയുള്ളതാണത്രേ പെണ്‍കുട്ടി.

15 ദിവസത്തെ ലീവ്‌ എടുത്ത്‌ എല്ലാവരില്‍ നിന്നും മംഗളാഭിവാദ്യങ്ങള്‍ സ്വീകരിച്ച്‌ അങ്ങേര്‍ കല്‍ക്കട്ടയ്ക്ക്‌ തിരിച്ചു.

വിവാഹം കഴിഞ്ഞ്‌ ഒരാഴ്ച കഴിഞ്ഞ്‌ പുള്ളിക്കാരന്‍ ഭാര്യയുമായി തിരുവനന്തപുരത്ത്‌ തിരിച്ചെത്തി. ആദ്യമായി കേരളത്തിലെത്തുന്ന ഭാര്യയെ അയാള്‍ താമസിയ്ക്കുന്ന വാടകവീട്ടില്‍ ആക്കിയശേഷം ഓഫീസിലെത്തി എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തും ഫോട്ടൊ വിവരണം നല്‍കിയും അന്നത്തെ ദിവസം ചെലവഴിച്ചു.

ഒരു ബൈക്ക്‌ കമ്പക്കാരനായ പുള്ളിക്കാരന്‍ തന്റെ യമഹ ബൈക്കും ട്രെയിനില്‍ എത്തിച്ചിരുന്നു. അത്‌ റെയില്‍ വേ സ്റ്റേഷനില്‍ പോയി എടുക്കാനായി അന്ന് വൈകീട്ട്‌ ഓഫീസില്‍ നിന്ന് 3.30 മണിയോടെ അയാള്‍ ഇറങ്ങി.

ഒരു മണിക്കൂറിനുള്ളിള്‍ ആ മനുഷ്യന്റെ മരണവാര്‍ത്തയാണ്‌ ഓഫീസിലെത്തിയത്‌.

ടെക്നോപാര്‍ക്കിനുമുന്നിലെ റോഡ്‌ ക്രോസ്സ്‌ ചെയ്യുമ്പോള്‍ ഒരു ജീപ്പ്‌ ഇടിച്ച്‌ ആശുപത്രിയിലെത്തും മുന്‍പേ അയാള്‍ മരിച്ചു.എല്ലാവര്‍ക്കും അത്‌ ഒരു വല്ലാത്തഷോക്ക്‌ ആയിരുന്നു.

ആദ്യമായി കേരളത്തിലെത്തിയ അയാളുടെ ഭാര്യയുടെ ആദ്യദിനത്തില്‍ തന്നെ ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയിയ്ക്കുക എന്നത്‌ ഏറ്റവും ദുഷ്കരമായ ഒരു കാര്യമായിരുന്നു. അതും പരിചയമോ ബന്ധമോ ഉള്ള ഒരാള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍.

തുടര്‍ന്നങ്ങോട്ട്‌ താങ്ങാനാവാത്ത ദുഖത്തിന്റെ മണിക്കൂറുകളായിരുന്നു. ഞങ്ങളുടെ MD അയാളുടെ അച്ഛനെയും അമ്മയെയും വിളിച്ച്‌ മരണം അറിയുക്കുന്നതും ഓഫീസിലെ 3-4 പെണ്‍കുട്ടികളെയും കൂട്ടി അയാളുടെ ഭാര്യയെ വിവരമറിയ്ക്കുന്നതും അയാളുടെ മാതാപിതാക്കളെ കൊണ്ടുപോയി മോര്‍ച്ചറിയില്‍ നിന്ന് ബോഡി എടുത്ത്‌ അത്‌ കല്‍ക്കട്ടയ്ക്ക്‌ ഫ്ലൈറ്റില്‍ കയറ്റി അയച്ച്‌ അവരെ യാത്രയാക്കുന്നതും എല്ലാം നേരില്‍ കാണേണ്ടിവന്നു.

മരണവിവരം അറിയിച്ച നിമിഷം മുതല്‍ കരയാതെ മിണ്ടാതിരുന്ന അയാളുടെ ഭാര്യ പിറുപിറുത്തിരുന്നത്‌ അവര്‍ ഇത്‌ വിശ്വസിക്കുന്നില്ലെന്നതായിരുന്നു. അവര്‍ ശക്തമായി ആ വിശ്വാസം പറഞ്ഞുകൊണ്ടേയിരുന്നു... മോര്‍ച്ചറിയില്‍ പോയി ബോഡി കാണുന്നതുവരെ... മോര്‍ച്ചറിയില്‍ എത്തി ബോഡി കണ്ടപ്പോഴാണ്‌ ആ സ്ത്രീ പൊട്ടിക്കരഞ്ഞത്‌.... കരയുന്നതിനിടയില്‍ അവര്‍ അവരുടെ ജാതകച്ചേര്‍ച്ചയെക്കുറിച്ചും എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതെന്തോ ബ്ലാക്ക്‌ മാജിക്ക്‌ ആണെന്നും ഇത്‌ സംഭവിയ്ക്കില്ല എന്നും അവര്‍ കരയുന്നതിനിടയില്‍ വിളിച്ച്‌ പറയുന്നുണ്ടായിരുന്നു.

ജ്യോല്‍സ്യത്തെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലെങ്കിലും അതില്‍ വിശ്വസിക്കുന്നവരെയും അവരെ വിശ്വസിക്കുന്നവരെയും കുറിച്ചോര്‍ത്ത്‌ കൈത്തരിപ്പ്‌ കുറച്ചുകൂടി വര്‍ദ്ധിച്ചതല്ലാതെ വേറൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

അതിനുശേഷവും നേരിട്ടറിയാവുന്ന പല കുടുംബ ബദ്ധങ്ങളും ജാതകപ്പൊരുത്തം കേമമായിരുന്നിട്ടും ജീവിതപ്പൊരുത്തം മോശമായിരുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജാതകപ്പൊരുത്തത്തെക്കാള്‍ മനപ്പൊരുത്തവും പരസ്പരം അഡ്ജസ്റ്റ്‌ ചെയ്ത്‌ ജീവിക്കാനുള്ള മനോനിലയുമാണ്‌ ഒരു വിവാഹജീവിതത്തില്‍ പ്രധാനം എന്ന് മനസ്സിലാക്കാന്‍ ശ്രേഷ്ഠമായ ബുദ്ധിയൊന്നും ആവശ്യമില്ല.

അതുപോലെ തന്നെ, ജാതകപ്പൊരുത്തമില്ലെന്നും കല്ല്യാണം നടന്നാല്‍ ഒരുകൊല്ലത്തിനകം വൈധവ്യമുണ്ടാകുമെന്നുമുള്ള ജ്യോല്‍സ്യഭീഷണികളെ തൃണവല്‍ക്കരിച്ച പല കുടുംബങ്ങളും കുട്ടികളുമായി സുഖമായി കഴിയുന്ന ഉദാഹരണങ്ങള്‍ കണ്മുന്നില്‍ ധാരാളം.

എന്റെ ഒരു സുഹൃത്തിന്റെ പ്രേമവിവാഹത്തിന്‌ കോമ്പ്രമൈസ്‌ റോള്‍ തലയിലും പേറി അവന്റെ വീട്ടുകാരോട്‌ സംസാരിച്ചപ്പോള്‍ ലഭിച്ച വിവരം ആ കല്ല്യാണം നടന്നാല്‍ അവന്റെ അച്ഛനും അമ്മയും ഉടനെ മരണപ്പെടും എന്ന ജാതകവിധിയാണ്‌.

എങ്കിലും ആ കല്ല്യാണം തന്നെ നടന്നു. ഇപ്പോള്‍ വളരെ സന്തോഷത്തോടെ 2 വയസ്സുള്ള ഒരു കുട്ടിയുമായി ആ സുഹൃത്തും കുടുംബവും അമേരിക്കയില്‍ കഴിയുന്നു. അവന്റെ അച്ഛനും അമ്മയും മുമ്പത്തേക്കാള്‍ ആരോഗ്യവും സന്തോഷവുമായി നാട്ടിലുണ്ട്‌. (എന്തെങ്കിലും പൂജയിലൂടെ ദോഷം മാറ്റിക്കാണും)

എന്റെ വളരെ അടുത്ത ഒരു കുടുംബത്തിലെ ഇളയ മകള്‍ വിവാഹപ്രായം കഴിഞ്ഞിട്ടും മാംഗല്ല്യഭാഗ്യമില്ലാതെ (ഭാഗ്യമോ നിര്‍ഭാഗ്യമോ) കഴിയുകയായിരുന്നു. എല്ലാ ജ്യോല്‍സ്യന്മാരും ഒറ്റക്കെട്ടായി പറഞ്ഞ വസ്തുത എന്തെന്നാല്‍ ഈ കുട്ടിയുടെ വിവാഹം കേമമായി നടക്കുമെന്നും ഉന്നത നിലവാരത്തിലുള്ളതായിരിയ്ക്കുമെന്നതാണ്‌. കുട്ടിയുടെ പ്രായവും പ്രകൃതവും വച്ച്‌ നോക്കിയാല്‍ ആ പറയുന്നതിനൊന്നും യാതൊരു സാദ്ധ്യതയും കാണാതിരുന്ന ഞാന്‍ ജ്യോല്‍സ്യന്മാരുടെ ആത്മവിശ്വാസത്തെയും അത്‌ വിശ്വസിച്ചവരുടെ മനോവിചാരത്തെയും നമിച്ചു.

പറഞ്ഞ കാലാവധിയെല്ലാം കഴിഞ്ഞിട്ടും വിവാഹമൊന്നും നടന്നില്ല. ഒടുവില്‍ ഏതോ ശ്രഷ്ഠന്മാരായ ജ്യോല്‍സ്യരുടെ ഉപദേശപ്രകാരം ഒരു തീര്‍ത്ഥാടനവും അതിനോടനുബദ്ധിച്ച്‌ കുറേ പൂജകളും ആ വീട്ടില്‍ നടന്നു.

ആ പൂജയോടനുബദ്ധിച്ച്‌ ഒരു വലിയ സല്‍പ്രവൃത്തി നടന്നു. ബ്രാഹ്‌ മണ ദാനം എന്ന ചടങ്ങിനോടനുബദ്ധിച്ച്‌ ഒരു സ്ഥലത്ത്‌ അരിഷ്ടിച്ച്‌ ജീവിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിന്‌ കുറച്ച്‌ നാളത്തേയ്ക്ക്‌ ജീവിക്കാനുള്ള സംവിധാനം ചെയ്തുകൊടുക്കാന്‍ ഇത്‌ വഴി സാധിച്ചു.

പൂജയും ചടങ്ങുകളുമെല്ലാം കഴിഞ്ഞ്‌ ജ്യോല്‍സ്യപൂജാരിവൃന്ദം പറഞ്ഞതെന്തെന്നാല്‍ വിവാഹം പെട്ടെന്ന് നടക്കുമെന്നും ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം സൂചനയായി കണ്ടുതുടങ്ങുമെന്നും ആയിരുന്നു.

ഒരാഴ്ചയ്ക്കകം ഫലം കണ്ടു എന്നതാണ്‌ സത്യം.

33 വയസ്സുള്ള ആ പെണ്‍കുട്ടി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അടുത്ത്‌ കിടന്നിരുന്ന അമ്മ കാലത്ത്‌ എഴുന്നേറ്റ്‌ പോയി തിരികെ കട്ടിലിനരികില്‍ വന്ന് വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാതായപ്പോഴാണ്‌ ഡോക്ടറെ വിളിച്ചത്‌. യാതൊരു മരണസൂചനകളോ ഭാവങ്ങളോ ഇല്ലാത്ത മരണം... അതും നേരം വെളുപ്പിനാണ്‌ സംഭവിച്ചതെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

കാലങ്ങളോളം ജ്യോല്‍സ്യത്തെയും ജ്യോല്‍സ്യന്മാരെയും അവരുടെ പൂജാവിധികളെയും ഭയഭക്തിയോടെ കണ്ടിരുന്ന ആ കുടുംബത്തിനും ഇതുകൊണ്ടൊന്നും ആ വിശ്വാസ്യതയില്‍ മാറ്റം വരില്ലെന്നാണ്‌ നിഗമനം. അതിന്‌ അവര്‍ തന്നെ കാരണങ്ങള്‍ കണ്ടെത്തിക്കൊള്ളും.

ഇത്തവണ കൈത്തരിപ്പിനേക്കാല്‍ തോന്നിയത്‌ ആ കുടുംബത്തോട്‌ അനുകമ്പയാണ്‌.

'ഇനിയും ഇങ്ങനെ തന്നെ വിശ്വാസങ്ങള്‍ തുടരട്ടെ' എന്ന് ഒരു പരിഹാസം കലര്‍ന്ന കമന്റ്‌ കുറച്ച്‌ കാലം കഴിഞ്ഞ്‌ വളഞ്ഞ വഴിയിലൂടെ കൈമാറിയത്‌ മാത്രം മിച്ചം.

ഏറ്റവും ഒടുവില്‍ പത്രത്തിലൂടെയാണ്‌ ഒരു വലിയ പ്രവചനം കണ്ടത്‌. ഇന്ത്യ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഫൈനല്‍ കളിയ്ക്കുമെന്ന് ജ്യോത്സ്യപ്രവചനം (ബംഗ്ലാദേശിനോട്‌ തോറ്റശേഷം) ഉണ്ടെന്ന പത്രവാര്‍ത്ത കണ്ട്‌ ഉള്ളില്‍ ചിരിച്ചെങ്കിലും വലിയ താമസമില്ലാതെ ആ ചിരി പരസ്യമാക്കാനും സാധിച്ചു. (ആ ജ്യോല്‍സ്യന്‍ പ്രവചിച്ചവിവരം ഇന്ത്യന്‍ ടീമും ശ്രീലങ്കന്‍ ടീമും അറിഞ്ഞിട്ടുണ്ടാവില്ല).

ഇന്ത്യ ലോകകപ്പിന്‌ പോയതിലും വേഗത്തില്‍ തിരികെ എത്തിയപ്പോള്‍ ഞാന്‍ ആ ജ്യോല്‍സ്യന്റെ ഭാവി എന്തെന്ന് ആലോചിയ്ക്കാതിരുന്നില്ല. നാട്ടുകാര്‍ കൈത്തരിപ്പ്‌ തീര്‍ത്ത്‌ ഇനി പ്രവചിയ്ക്കാനാവാത്ത വിധം ആ ജ്യോല്‍സ്യനെ മയപ്പെടുത്തണം എന്നാണ്‌ എന്റെ അഭിപ്രായം. ഒന്നും പറ്റിയില്ലെങ്കില്‍ ഒരു ക്വൊട്ടേഷന്‍ വച്ച്‌ നാല്‌ പൂശ്‌ പൂശാനെങ്കിലും സാധിച്ചെങ്കില്‍...

ജ്യോതിഷവും കൈത്തരിപ്പും - ഭാഗം 1

ജ്യോതിഷത്തിലോ ജ്യോല്‍സ്യന്മാരിലോ യാതൊരു വിശ്വാസവുമില്ലെങ്കിലും അതില്‍ വിശ്വസിക്കുന്നവരെ ഒരു പരിധി വിട്ട്‌ വിമര്‍ശിക്കാന്‍ ഞാന്‍ മുതിരാറില്ല. എന്തായാലും ഇതുവരെ കണ്ടും കേട്ടും ഇരുന്ന ജ്യോല്‍സ്യന്മാരുടെ പ്രവചനങ്ങളും അതനുഭവിച്ച കണ്‍ മുന്നിലെ കുറേ ഉദാഹരണങ്ങളും ഈ ലേഖനത്തിലൂടെ വിശദീകരിച്ച്‌ കൈത്തരിപ്പ്‌ തീര്‍ക്കുക എന്നതാണ്‌ ഉദ്ദേശ്യം.

ജ്യോല്‍സ്യന്മാരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്റെ മാതാശ്രീയാണ്‌ ചെറുപ്പം മുതല്‍ എന്റെ മുന്നിലുള്ള ഒരു ഉദാഹരണം. ഈ സാമ്പത്തിക ഉന്നമനം എന്ന് ഉദ്ദേശിച്ചത്‌ ഇടയ്ക്കിടയ്ക്ക്‌ അവരെ സന്ദര്‍ശിച്ച്‌ പല കാര്യങ്ങളുടെയും സമയവും മറ്റും നോക്കിച്ച്‌ അവരുടെ ഫീസ്‌ അടച്ച്‌ അവരെ ധനികരാക്കുക എന്നത്‌ തന്നെ.

തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായ പിതാശ്രീ ഇതിനെയെല്ലാം കളിയാക്കുകയും വിമര്‍ശിയ്ക്കുകയും ചെയ്യുന്നതും കണ്ട്‌ ഗുണദോഷങ്ങള്‍ തുലനം ചെയ്യുകയായിരുന്നു ചെറുപ്പകാലം മുതല്‍. ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. ഒരു ജ്യോല്‍സ്യന്റെ വാക്കുകളെ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ അത്‌ സത്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വളരെ എളുപ്പമാണ്‌. അത്‌ ശരിയാണ്‌ അല്ലെങ്കില്‍ സത്യമാണ്‌ എന്ന് സ്ഥാപിച്ചെടുക്കേണ്ട ഉത്തരവാദിത്ത്വം വിശ്വാസിയുടേതാണ്‌. ഒരു ജ്യോല്‍സ്യന്‍ തൊട്ടും തൊടാതെയും വല്ലതും പറഞ്ഞാല്‍ അതിന്‌ വേണ്ട ലിങ്കുകള്‍ ഉണ്ടാക്കലും അതില്‍ പല അര്‍ത്ഥങ്ങള്‍ കണ്ടെത്തലും സാദ്ധ്യം തന്നെ.

ശരിയും തെറ്റും തിരിച്ചറിയാറായപ്പോള്‍ ഞാനും മാതാശ്രീയുടെ ജ്യോല്‍സ്യന്മാരെയും ജ്യോതിഷത്തെയും പരിഹസിച്ചുതുടങ്ങി. പക്ഷെ, എനിയ്ക്കൊരു ജീവിതപങ്കാളിയെ കണ്ടുപിടിയ്ക്കാനായി എന്റെ സ്പെസിഫിക്കേഷന്‍സിന്റെ കൂടെ ജാതകവും കൂടി ഉള്‍പ്പെടുത്താനുള്ള ആഗ്രഹത്തെ ഞാന്‍ നിരുത്സാഹപ്പെടുത്തിയില്ല. അത്‌ ഒരു അവകാശമായി മാതാശ്രീയ്ക്ക്‌ അനുവദിച്ചു കൊടുത്തു. (ജാതകവും മറ്റും നോക്കേണ്ട ആവശ്യമില്ലാതെ വല്ല പെണ്‍കുട്ടികളും സ്റ്റോക്ക്‌ ഉണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ... പിന്നെ, എന്റെ സ്വഭാവമഹിമകൊണ്ടോ ഗ്ലാമര്‍ കൊണ്ടോ അതോ അവസരരാഹിത്യം കൊണ്ടോ എന്നറിയില്ല എനിയ്ക്കങ്ങനെ കസ്റ്റഡിയില്‍ ഒന്നും വന്ന് പെട്ടിരുന്നില്ല)

അങ്ങനെ എന്റെ സ്പെസിഫിക്കേഷന്‍സിന്റെ കൂടെ ജാതകവും കൂടി ആയപ്പോള്‍ എല്ലാം കൂടി തികഞ്ഞ ഒരെണ്ണത്തെ കിട്ടാന്‍ അമ്മ കുറേക്കാലം അലഞ്ഞു. അമ്മ സ്ഥിരമായി സന്ദര്‍ശിയ്ക്കുന്ന ആ ജ്യോല്‍സ്യന്‍ തിരുമേനി മേല്‍ക്കുമേല്‍ അഭിവൃദ്ധിപ്പെട്ടു.

ഹിന്ദുമതസ്തരല്ലാത്തവരും മറ്റും കല്ല്യാണം കഴിയ്ക്കുന്നത്‌ എന്ത്‌ ജാതകം നോക്കിയിട്ടാണെന്ന ചോദ്യത്തില്‍ നിന്ന് മാതാശ്രീ ഒരു ജാള്യതയും കൂടാതെ ഒഴിഞ്ഞുമാറിയിരുന്നു.

പലപ്പോഴുന്‍ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു വിഷയം എന്തെന്നാല്‍ ജാതകപ്പൊരുത്തക്കേടില്‍ നിന്നുണ്ടായ പ്രശ്നങ്ങളെ പ്രൊജക്റ്റ്‌ ചെയ്യുന്നതില്‍ ജാതക വിശ്വാസികള്‍ പ്രഗല്‍ഭരാണെന്നതാണ്‌. പക്ഷെ, ജാതകപ്പൊരുത്തം കേമമായിട്ടും ദുരന്തങ്ങള്‍ സംഭവിച്ച പല ഉദാഹരണങ്ങളും നേരില്‍ കണ്ടും കേട്ടും ബോദ്ധ്യപ്പെട്ടാലും വിശ്വാസികള്‍ക്ക്‌ ഒരു കുലുക്കവും സംഭവിച്ചില്ല.

ചെറുപ്പം മുതല്‍ ഞാന്‍ അറിയുന്ന നാട്ടിലെ ഒരു കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടന്നു. പയ്യന്‍ നല്ല സ്മാര്‍ട്ട്‌ ആയ ഒരു ഗള്‍ഫ്‌ കാരന്‍. എല്ലാവിധ ജാതകച്ചേര്‍ച്ചകളും സമയവും എല്ലാം നോക്കി ഭംഗിയായി നടത്തിയ വിവാഹം.

വിവാഹം കഴിഞ്ഞ്‌ ഒരു കൊല്ലത്തിനകം ആ ചെറുപ്പം മനുഷ്യന്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്ന് മരിച്ച വാര്‍ത്ത നാട്ടുകാരെ എന്ന പോലെ എന്നെയും വേദനിപ്പിച്ചു.

ജോല്‍സ്യത്തെയും ജ്യോല്‍സ്യനെയും നേരെ കൈ തരിച്ച ആദ്യ സംഭവം അതായിരുന്നു.

(ഉദാഹരണ സംഭവങ്ങള്‍ തുടരും...)