Wednesday, May 28, 2008

നവവധുവിന്റെ ഒളിച്ചോട്ടം

ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതാനുള്ള കാരണം തന്നെ ഇത്തരം വാര്‍ത്തകള്‍ പലവട്ടം പത്രങ്ങളില്‍ വായിക്കാന്‍ ഇടവന്നിട്ടുണ്ട്‌ എന്നത്‌ തന്നെയാണ്‌.

ഈ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വല്ലാത്ത ഒരു വെറുപ്പും ദേഷ്യവും തോന്നാറുണ്ട്‌. ഇത്തരം ഒരു സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്ന് ആലോചിച്ച്‌ അത്ഭുതപ്പെടാറുണ്ട്‌.

ഇന്നത്തെ കാലഘട്ടത്തില്‍, ഒരു പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ഒരു വിവാഹം കേരളത്തില്‍ അത്ര പ്രായോഗികമാണോ എന്ന സംശയമാണ്‌ പ്രധാനമായും എനിയ്ക്കുണ്ടായിരുന്നത്‌.

പല വിവാഹാലോചനകളും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി പെണ്‍കുട്ടികള്‍ സമ്മതിക്കാറുണ്ടെന്നത്‌ സത്യം തന്നെ. ഈ മാതാപിതാക്കളുടെ നിര്‍ബന്ധം എന്നുപറയുന്ന വിഭാഗത്തില്‍ പല വകഭേദങ്ങള്‍ ഉണ്ട്‌.

ഒരു പ്രേമബന്ധം ഉള്ള പെണ്‍കുട്ടിയാണെങ്കില്‍ തന്നെ, വീട്ടുകാരുടേ സ്നേഹമയമായ നിര്‍ബന്ധത്തിന്‌ വഴങ്ങുന്നവരുണ്ട്‌. മെച്ചമായ ജീവിതവും മറ്റ്‌ പ്രലോഭനങ്ങളും ഉയര്‍ത്തിക്കാട്ടി ഒരു താരതമ്യത്തിലൂടെ തീരുമാനമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്‌. നാല്‌ കാശിന്‌ കൊള്ളാത്ത ഒരു പ്രണയബന്ധത്തെ ഉന്നതനിലവാരത്തിലുള്ള ഒരു വിവാഹാലോചനയില്‍ മറന്നുകളയുന്നവരെ കുറ്റം പറയാനും പറ്റില്ല.

മറ്റൊരു കൂട്ടര്‍, മാതാപിതാക്കളുടെ ഭീഷണിയുടെ മുന്നില്‍ വഴങ്ങുന്നവരാണ്‌. തന്റെ ഇഷ്ടം സാധിക്കുന്നതിനുവേണ്ടി സ്വന്തം അച്ചനേയോ അമ്മയേയോ നഷ്ടപ്പെടാന്‍ തയ്യാറില്ലാത്തവര്‍... അച്ഛനമ്മമാരുടെ ആത്മഹത്യാഭീഷണി വരെ എത്തിനില്‍ക്കുമ്പോള്‍ മറ്റ്‌ വഴികളില്ലാതെ ചില പെണ്‍കുട്ടികള്‍ സമ്മതം മൂളും.

വീട്ടുകാര്‍ കല്ല്യാണാലോചനകള്‍ നടത്തുമ്പോള്‍ അതിനെ സൂത്രങ്ങളിലൂടെ മുടക്കുന്നവരുണ്ട്‌. അങ്ങനെ മുടക്കാന്‍ സാധിക്കാത്ത കേസുകള്‍ പെണ്ണുകാണല്‍ സന്ദര്‍ഭത്തില്‍ കാണാന്‍ വരുന്ന പയ്യനോട്‌ വിവരം രഹസ്യമായി പറഞ്ഞ്‌ ഒതുക്കുന്ന പെണ്‍കുട്ടികളും ധാരാളം... എന്റെ പരിചയത്തില്‍ തന്നെ അത്തരം നിരവധി കേസുകളുണ്ട്‌.. അതായത്‌, പെണ്‍കുട്ടിയും പയ്യനും സംസാരിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ പെണ്‍കുട്ടി തനിക്ക്‌ മറ്റൊരു പ്രണമയുണ്ടെന്നും അതുകൊണ്ട്‌ തന്നെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം പറഞ്ഞ്‌ സഹായിക്കണമെന്നും ആവശ്യപ്പെടുന്നവര്‍... അങ്ങനെ തുറന്ന് പറയുന്ന പെണ്‍കുട്ടികളോട്‌ പെരുത്ത്‌ നന്ദി പറഞ്ഞേ തീരൂ.

അങ്ങനെ ഇഷ്ടമല്ലാത്ത വിവാഹാലോചന മുടക്കാന്‍ ഇങ്ങനെയൊക്കെയുള്ള നിരവധി വഴികള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും ചെയ്യാതെ വിവാഹവും കഴിഞ്ഞ്‌ അന്ന് രാത്രി വീട്ടില്‍ നിന്ന് സ്കൂട്ട്‌ ആയി കാമുകന്റെ കൂടെ എസ്കേപ്പ്‌ ആവുന്ന പെണ്‍കുട്ടികളെ എന്ത്‌ ശിക്ഷ കൊടുക്കണം എന്നതാണ്‌ മനസ്സില്‍ പലപ്പോഴും ഉയര്‍ന്നുവന്ന ചോദ്യം.

സ്വന്തം വീട്ടുകാരോടും പയ്യനോടും വരെ കാര്യം പറഞ്ഞിട്ടും അത്‌ മനസ്സിലാക്കാതെ നിര്‍ബദ്ധിച്ച്‌ വിവാഹം നടത്തിയശേഷം ഇത്തരം ഒളിച്ചോട്ടം നടത്തുന്നതില്‍ നമുക്ക്‌ കുറ്റപ്പെടുത്താനാവില്ല. അത്തരം സാഹചര്യങ്ങളില്‍ ശിക്ഷ അര്‍ഹിക്കുന്നത്‌ വീട്ടുകാരും പയ്യനും തന്നെയാണ്‌.

അതല്ല, മറിച്ച്‌... യാതൊരു സൂചനകളും കൊടുക്കാതെ, സ്വന്തം വീട്ടുകാരുടെ മുന്നില്‍ സത്യവതി ചമഞ്ഞ്‌ അവരുടെ ഇഷ്ടങ്ങള്‍ക്ക്‌ നിന്നുകൊടുത്ത്‌ ഒരു പാവം പയ്യന്‌ പ്രതീക്ഷകൊടുത്ത്‌ വിവാഹവും കഴിഞ്ഞ്‌, ഇവരെയെല്ലാം പറ്റിച്ച്‌ സ്ഥലം വിടുന്ന ഏര്‍പ്പാടാണ്‌ ഏറ്റവും ക്രൂരം... ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റ്‌.... അത്തരക്കാര്‍ക്ക്‌ എന്ത്‌ ശിക്ഷകൊടുക്കണം എന്ന് ഇപ്പോഴും ഒരു അഭിപ്രായം പറയാന്‍ പറ്റുന്നില്ല.. അത്തരക്കാരോട്‌ തോന്നുന്ന തീവ്രമായ ദേഷ്യവും വെറുപ്പും തന്നെ കാരണം...