Wednesday, June 18, 2008

പ്രോഡക്റ്റിവിറ്റി പാക്കേജ്‌


വര്‍ക്കിച്ചേട്ടന്‍ പതിവുപോലെ കാലത്ത്‌ പത്രം വായനയും ചായയും അല്‍പം നാട്ടുവര്‍ത്തമാനത്തിനുമായി കുഞ്ഞുണ്ണീടെ കടയിലെത്തി.

വര്‍ക്കിച്ചേട്ടനെ കണ്ടതും പത്രം വായിച്ചുകൊണ്ടിരുന്ന തോമാസ്‌ "വര്‍ക്കിച്ചാ... ഇത്‌ കണ്ടോ , മെത്രാന്മാരുടെ തീരുമാനം.."

വര്‍ക്കിച്ചന്‍: "എന്തുവടാ തോമാസേ.. സര്‍ക്കാരിനെതിരേ വേറെ എന്തേലും പരിപാടി സംഘടിപ്പിക്കാനാണോ?"

തോമാസ്‌: "ഹേയ്‌.. അങ്ങാനെ തോന്നുന്നില്ല... പക്ഷേ, അങ്ങനേയും തോന്നാം.."

വര്‍ക്കിച്ചന്‍: "നീ വളച്ച്‌ കെട്ടാതെ കാര്യം പറ..."

തോമാസ്‌: "കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നവരെ പ്രോല്‍സാഹിപ്പിക്കാനും മറ്റുമയി കര്‍മ്മപരിപാടികള്‍ രൂപീകരിച്ചു എന്ന്"

വര്‍ക്കിച്ചന്‍: "അത്‌ തരക്കേടില്ലല്ലോ... അതിനിപ്പോ ഏലിക്കുട്ടി പ്രസവം നിര്‍ത്തീം പോയല്ലോ.."

തോമാസ്‌: "അതല്ലേ രസം, അതൊക്കെ വീണ്ടും ആവാന്നേ.. പള്ളീന്ന് ശസ്ത്രക്രിയയ്ക്കും മറ്റുമായി വേണ്ട സഹായമൊക്കെ ചെയ്ത്‌ തരും.. ഇനീം ഒരു ബാല്യം വര്‍ക്കിച്ചേട്ടനെ കാത്ത്‌ കിടക്കുന്നൂന്നേയ്‌.."

വര്‍ക്കിച്ചന്‍: "നീ ആ കാര്യങ്ങളൊക്കെ ഒന്ന് വിശദീകരിച്ചേ തോമാസേ... ഇങ്ങനെ വേണം മെത്രാന്മാരായാല്‍..."

(കൂലം കഷമായ ചര്‍ച്ചകള്‍ക്ക്‌ ശേഷം വര്‍ക്കിച്ചന്‍ വീട്ടിലെത്തി. പോകുന്ന പോക്കില്‍ പത്രവും കയ്യിലെടുത്തു.)

വര്‍ക്കിച്ചന്‍: "എടീ ഏല്യേ... പിള്ളേരൊക്കെ സ്കൂളീല്‍ പോയോ..??"

ഏലിച്ചേടത്തി: "ഇതെന്തൊരു ചോദ്യാ... സമയം 9 മണിയായില്ലേ.. അവരൊക്കെ പോയി.. ഹോ, എല്ലാത്തിനേം ഒന്ന് റെഡിയാക്കി പറഞ്ഞുവിടാന്‍ ഞാന്‍ പെടുന്ന പാട്‌.. അതിന്‌ ഇതിയാന്‌ ഇതൊന്നും അറിയേണ്ടല്ലോ.. "

വര്‍ക്കിച്ചന്‍: "നീ അങ്ങനെ പറയാതെടീ... നീ അറിഞ്ഞോ...നമുക്കൊക്കെ പ്രശസ്തരാവാന്‍ ഒരു അവസരം വന്നിട്ടുണ്ട്‌.."

ഏലിച്ചേടത്തി: "പിന്നേയ്‌.. പ്രശസ്തി.. ഇങ്ങേരെന്തുവാ വല്ല കളവോ കൊലപാതകമോ നടത്താന്‍ പോണോ?"

വര്‍ക്കിച്ചന്‍: "അതല്ലെടീ... ഇന്ന് പത്രവാര്‍ത്തയുണ്ട്‌.. കൂടുതല്‍ പിള്ളേരെ ഉണ്ടാക്കണമെന്നാ മെത്രാന്മാര്‍ തീരുമാനിച്ചിരിക്കുന്നത്‌.."

ഏലിച്ചേടത്തി: "മെത്രാന്മാരും ഇത്‌ തുടങ്ങിയോ? കല്ല്യാണം കഴിക്കാതെ അവരെങ്ങനെ??"

വര്‍ക്കിച്ചന്‍: "ഹോ.. ഇവളെക്കൊണ്ട്‌ തോറ്റു.. മെത്രാന്മാരല്ല.. അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്ത്‌ കൊടുക്കും.. നമ്മളെപ്പോലുള്ള സഭാവിശ്വാസികള്‍ എത്രവേണേലും പിള്ളേരെ ആയിക്കോളാനാ പറഞ്ഞത്‌..."

ഏലിച്ചേടത്തി: "അവര്‍ക്കങ്ങനെയൊക്കെ പറയാം.. ഇവിടെ ബാക്കിയുള്ളോരുടെ കഷ്ടപ്പാട്‌ വെല്ലോര്‍ക്കും അറിയണോ?"

വര്‍ക്കിച്ചന്‍: "എടീ.. നീ കാര്യം അറിയാതെയാ പറയുന്നേ... കുട്ടികള്‍ കൂടുന്നതിനനുസരിച്ച്‌ വന്‍ സ്കീമുകളാ ഇപ്പോ ഇറക്കാന്‍ പോകുന്നത്‌.. മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസവും മറ്റും പകുതി ചിലവിലും, നാലാമത്തേതിന്‌ ഒരു ചെലവുമില്ലാതെയുമൊക്കെയാണ്‌ പരിപാടി."

ഏലിച്ചേടത്തി: "അപ്പോ, അതിലും കൂടിയാല്‍?"

വര്‍ക്കിച്ചന്‍: "എടീ.. കാശ്‌ ഇങ്ങോട്ട്‌ തരുന്ന സ്കീമും ഉടനെ വരും.. പിന്നെ മക്കളുടെ എണ്ണമനുസരിച്ച്‌ മാസം തോറും ഒരു തുക തരുന്നത്‌ തുടങ്ങിയ കാര്യങ്ങളൊക്കെ വരാന്‍ സാദ്ധ്യതയുണ്ടെന്നാ പറയുന്നേ.. വേറെ ജോലിക്കൊന്നും പോകണ്ടാ.. എന്തുവാ തൊഴില്‍ എന്ന് ആരേലും ചോദിച്ചാല്‍ പിള്ളേരെ ചൂണ്ടിക്കാട്ടി 'ഇതൊക്കെ തന്നെ' എന്ന് പറയാമല്ലോ"

ഏലിച്ചേടത്തി: "നിങ്ങള്‌ നടക്കുന്ന കാര്യം വല്ലോം പറ.. ഇത്‌ വെറുതേ.."

വര്‍ക്കിച്ചന്‍: "എടീ.. നടക്കുമെന്നേ... ഗര്‍ഭ നിരോധന ശസ്ത്രക്രിയ നടത്തിയവര്‍ക്ക്‌ വീണ്ടും മക്കള്‍ ഉണ്ടാകാന്‍ സൗകര്യമൊരുക്കുമെന്നും പറഞ്ഞിട്ടുണ്ട്‌.."

ഏലിച്ചേടത്തി: "അതെന്തുവാ സൗകര്യമൊരുക്കും എന്നൊക്കെ പറഞ്ഞാല്‍? ഈശോയേ ഈ മെത്രാന്മാര്‍ എന്നാ കല്‍പ്പിച്ചാണാവോ.."

വര്‍ക്കിച്ചന്‍: "നീ തെറ്റിദ്ധരിക്കയൊന്നും വേണ്ട.. നല്ല ഉദ്ദേശം തന്നെയായിരിക്കും.. പിന്നേയ്‌ ഈയിടെ പത്രത്തില്‍ വായിച്ചില്ലേ ഗ്ലോബ്‌ ശില്‍പശാലാന്നോ ബ്ലോഗ്‌ ശില്‍പശാലാന്നോ മറ്റോ... അതുപോലെ ഇതിനൊക്കെ സെമിനാറും ശില്‍പശാലയും ട്രെയിനിങ്ങും ഒക്കെ തുടങ്ങും.."

ഏലിച്ചേടത്തി: "പിന്നേയ്‌.. മെത്രാന്മാര്‍ ഇതിനൊക്കെ എന്തോ ട്രെയിനിഗ്‌ തരാനാ??"

വര്‍ക്കിച്ചന്‍: "നീ അവരെ അങ്ങനങ്ങ്‌ കൊച്ചാക്കാതെ.. നമുക്കറിയാത്ത പല ഗുട്ടന്‍സും ടെക്നിക്കും അവര്‍ക്കറിയാമായിരിക്കും..നീ കണ്ടോ..."

ഏലിച്ചേടത്തി: "ഓ.. അത്‌ ചിലപ്പോ ശരിയായിരിക്കും.."

വര്‍ക്കിച്ചന്‍: "മാത്രമല്ല, കൂടുതല്‍ പിള്ളേരുള്ളവരെ പൊതുചടങ്ങില്‍ ആദരിച്ച്‌ പൊന്നാടയണിയിക്കുകേം ഒക്കെ ചെയ്യും... ദേ നോക്ക്യേ.. നീ ഈ പത്രം ഒന്ന് വായിച്ചേ..."

(വര്‍ക്കിച്ചന്‍ പത്രം ഏലിച്ചേടത്തിക്ക്‌ കൈമാറുന്നു)

ഏലിച്ചേടത്തി: "കഴിവുള്ള മാതാപിതാക്കള്‍ക്ക്‌ കൂടുതല്‍ മക്കളുണ്ടാകുന്നത്‌ കുടുംബത്തിനും സമൂഹത്തിനും ശ്രേയസ്കരമാണെന്ന്..... അതേയ്‌.. ഈ കഴിവ്‌ എന്ന് ഉദ്ദേശിച്ചത്‌.."

വര്‍ക്കിച്ചന്‍: "അതൊക്കെ നമുക്ക്‌ കാട്ടിക്കൊടുക്കാടി ഏല്യേ...."

വര്‍ക്കിച്ചന്‍ ഒരു പ്രത്യേകഭാവത്തില്‍ ഏലിച്ചേടത്തിയെ നോക്കി.. ഏലിച്ചേടത്തി നാണിച്ച്‌ മുഖം താഴ്തി... കയ്യിലിരുന്ന കയിലുകൊണ്ട്‌ മേശമേല്‍ കളം വരച്ചു.


News Link

Wednesday, June 11, 2008

പ്രൊഡക്റ്റിവിറ്റി



'കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്ന മാതാപിതാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി തീരുമാനിച്ചു.' എന്ന വാര്‍ത്ത വായിച്ചിട്ട്‌ എന്റെ വിചാരം പ്രകടിപ്പിക്കാതിരിക്കാന്‍ എന്റെ മനസ്സ്‌ അനുവദിച്ചില്ല.

വളരെ നല്ലൊരു പ്രോല്‍സാഹനം, ഇതിനൊരു മല്‍സരം തന്നെ നടത്തണം എന്നാണ്‌ എനിയ്ക്ക്‌ തോന്നുന്നത്‌. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പ്രൊഡക്റ്റിവിറ്റിക്ക്‌ കഴിവുള്ളവരെ കണ്ടെത്തുകയും അവര്‍ക്ക്‌ വലിയൊരു ഫ്ലാറ്റോ വില്ലായോ മറ്റോ സ്പോണ്‍സര്‍ ചെയ്യിച്ച്‌ നല്‍കുകയും വേണം.

പ്രോഡക്റ്റിവിറ്റിക്ക്‌ വേണ്ട എല്ലാ സഹായങ്ങളും മെത്രാന്മാര്‍ക്കും സഭയ്ക്കും ചെയ്തുകൊടുക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ എന്തിനും ഏതിനും ബിസിനസ്‌ ചിന്താഗതിയോടെ സമീപിക്കുന്നതിനാല്‍ ഈ കാര്യത്തിലും ആ രീതിയിലുള്ള സമീപനം തന്നെയാവും നല്ലത്‌. ഈ സഹായങ്ങള്‍ എന്ന് ഞാനുദ്ദേശിച്ചത്‌, അങ്ങനെ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനാവശ്യമായ സാഹചര്യങ്ങളും അതിന്റെ ചിലവുകളും എല്ലാം...

അങ്ങനെ നമ്മുടെ സമുദായത്തിലെ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ ഈ ഭൂലോകം നമുക്ക്‌ പിടിച്ചെടുക്കണം.

അപ്പോ, മറ്റുള്ളവര്‍ വെറുതേ ഇരിക്കുമോ... മുസ്ലീം സമുദായത്തില്‍ പണ്ടേ തന്നേ ഈ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധന വേണമെന്ന് നയം രൂപീകരിച്ചിട്ടുള്ളതാണെന്നാണ്‌ എന്റെ അറിവ്‌. പക്ഷേ, വിദ്യാഭ്യാസവും വിവരവുമുള്ള മനുഷ്യര്‍ കൂടുന്നതിനനുസരിച്ച്‌ ഒരു മാറ്റം വന്നിട്ടുണ്ട്‌. ഇനി, കോമ്പറ്റീഷന്‍ സ്പിരിറ്റ്‌ അവരിലും ജനിപ്പിക്കാവുന്നതേയുള്ളൂ..

'അങ്ങനെ അവരങ്ങനെ പ്രൊഡക്‌ ഷന്‍ വര്‍ദ്ധിപ്പിച്ച്‌ നമ്മെ ഓവര്‍ടേക്ക്‌ ചെയ്യണ്ടാ' എന്ന് അവര്‍ക്കും തോന്നണം... അവര്‍ക്കും പള്ളിയും മറ്റ്‌ സമുദായസംഘടനകളും വഴി ഇതിനുള്ള ആഹ്വാനം നടത്താവുന്നതേയുള്ളൂ.

പിന്നെ, ഹിന്ദുമതത്തിലാണെങ്കില്‍ അവരെ ആഹ്വാനം ചെയ്യാന്‍ പറ്റിയ ഒരു മത നേതൃത്വമോ സംവിധനമോ ഇല്ലല്ലോ, അഥവാ അങ്ങനെ ആരേലും ചെയ്താല്‍ വകവെക്കുന്ന ആളുകളുടെ എണ്ണവും കുറവ്‌ തന്നെ...

'ഇനി സംഘടിക്കാതെ നിവര്‍ത്തിയില്ല, അല്ലെങ്കില്‍ മറ്റ്‌ മതസ്തര്‍ പെരുകി പെരുകി ഹിന്ദുമതം ഇല്ലാണ്ടാവില്ലേ?' എന്ന് നല്ല വര്‍ഗ്ഗീയവിഷം മനസ്സിലുള്ള ഹിന്ദുമതത്തിലെ ഏതെങ്കിലും സംഘടനകള്‍ക്ക്‌ തോന്നി അവര്‍ക്ക്‌ മുന്നിട്ടിറങ്ങാവുന്നതേയുള്ളൂ.

അപ്പോള്‍ പിന്നെ, മല്‍സരം കുറച്ച്‌ കൂടി വിശാലമായ ഒരു പ്ലാറ്റ്‌ ഫോമിലായി.

അതാത്‌ മതസ്തരിലെ ഉയര്‍ന്ന പ്രൊഡക്റ്റിവിറ്റിയുള്ളവര്‍ തമ്മില്‍ മറ്റൊരു മല്‍സരവും വേണമെങ്കില്‍ നടത്താവുന്നതേയുള്ളൂ..

പിന്നെ ഒരു കാര്യം... ഇവിടെ ജനസംഖ്യപെരുപ്പവും സാമൂഹിക അന്തരവും മറ്റും ഒരു വിഷയമേ അല്ല എന്ന് നമുക്ക്‌ എല്ലാവരേയും പറഞ്ഞ്‌ മനസ്സിലാക്കണം. ഇവിടെ പട്ടിണിയില്ല, ജീവിക്കാന്‍ സൗകര്യങ്ങളുടെ കുറവുകളില്ലാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികളില്ലാ, ജോലി കിട്ടാത്ത സാഹചര്യങ്ങളില്ലാ...

അതുകൊണ്ട്‌ നമുക്ക്‌ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാം.

News