Monday, April 2, 2007

ജ്യോതിഷവും കൈത്തരിപ്പും - ഭാഗം 2

തിരുവനന്തപുരത്ത്‌ ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന കാലം....
അവിടെ ഒരു പ്രൊജക്റ്റ്‌ മാനേജര്‍ ബംഗാളിയായിരുന്നു. കുറേക്കാലമായി അങ്ങേര്‍ക്ക്‌ വിവാഹാലോചനകള്‍ നടക്കുന്നതായും ജ്യോതിഷത്തില്‍ വലിയ വിശ്വാസിയും നിപുണനുമായി ഇദ്ദേഹത്തിന്‌ ബോധിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്താനാവാത്തതിനാലാണ്‌ ഇതുവരെ വിവാഹം ഒന്നും നടക്കാത്തതെന്നും അങ്ങേരുമായി അടുത്ത്‌ ബന്ധമുള്ളവരില്‍ നിന്ന് വിവരം ലഭിച്ചു.

ഒടുവില്‍ വളരെ ജാതകപ്പൊരുത്തമുള്ള ഒരു പെണ്‍കുട്ടിയുമായി അയാളുടെ വിവാഹം നിശ്ചയിച്ചു എന്നറിഞ്ഞു. കല്‍ക്കട്ടയില്‍ ഏതോ വിദേശ എംബസിയില്‍ ജോലിയുള്ളതാണത്രേ പെണ്‍കുട്ടി.

15 ദിവസത്തെ ലീവ്‌ എടുത്ത്‌ എല്ലാവരില്‍ നിന്നും മംഗളാഭിവാദ്യങ്ങള്‍ സ്വീകരിച്ച്‌ അങ്ങേര്‍ കല്‍ക്കട്ടയ്ക്ക്‌ തിരിച്ചു.

വിവാഹം കഴിഞ്ഞ്‌ ഒരാഴ്ച കഴിഞ്ഞ്‌ പുള്ളിക്കാരന്‍ ഭാര്യയുമായി തിരുവനന്തപുരത്ത്‌ തിരിച്ചെത്തി. ആദ്യമായി കേരളത്തിലെത്തുന്ന ഭാര്യയെ അയാള്‍ താമസിയ്ക്കുന്ന വാടകവീട്ടില്‍ ആക്കിയശേഷം ഓഫീസിലെത്തി എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തും ഫോട്ടൊ വിവരണം നല്‍കിയും അന്നത്തെ ദിവസം ചെലവഴിച്ചു.

ഒരു ബൈക്ക്‌ കമ്പക്കാരനായ പുള്ളിക്കാരന്‍ തന്റെ യമഹ ബൈക്കും ട്രെയിനില്‍ എത്തിച്ചിരുന്നു. അത്‌ റെയില്‍ വേ സ്റ്റേഷനില്‍ പോയി എടുക്കാനായി അന്ന് വൈകീട്ട്‌ ഓഫീസില്‍ നിന്ന് 3.30 മണിയോടെ അയാള്‍ ഇറങ്ങി.

ഒരു മണിക്കൂറിനുള്ളിള്‍ ആ മനുഷ്യന്റെ മരണവാര്‍ത്തയാണ്‌ ഓഫീസിലെത്തിയത്‌.

ടെക്നോപാര്‍ക്കിനുമുന്നിലെ റോഡ്‌ ക്രോസ്സ്‌ ചെയ്യുമ്പോള്‍ ഒരു ജീപ്പ്‌ ഇടിച്ച്‌ ആശുപത്രിയിലെത്തും മുന്‍പേ അയാള്‍ മരിച്ചു.എല്ലാവര്‍ക്കും അത്‌ ഒരു വല്ലാത്തഷോക്ക്‌ ആയിരുന്നു.

ആദ്യമായി കേരളത്തിലെത്തിയ അയാളുടെ ഭാര്യയുടെ ആദ്യദിനത്തില്‍ തന്നെ ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയിയ്ക്കുക എന്നത്‌ ഏറ്റവും ദുഷ്കരമായ ഒരു കാര്യമായിരുന്നു. അതും പരിചയമോ ബന്ധമോ ഉള്ള ഒരാള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍.

തുടര്‍ന്നങ്ങോട്ട്‌ താങ്ങാനാവാത്ത ദുഖത്തിന്റെ മണിക്കൂറുകളായിരുന്നു. ഞങ്ങളുടെ MD അയാളുടെ അച്ഛനെയും അമ്മയെയും വിളിച്ച്‌ മരണം അറിയുക്കുന്നതും ഓഫീസിലെ 3-4 പെണ്‍കുട്ടികളെയും കൂട്ടി അയാളുടെ ഭാര്യയെ വിവരമറിയ്ക്കുന്നതും അയാളുടെ മാതാപിതാക്കളെ കൊണ്ടുപോയി മോര്‍ച്ചറിയില്‍ നിന്ന് ബോഡി എടുത്ത്‌ അത്‌ കല്‍ക്കട്ടയ്ക്ക്‌ ഫ്ലൈറ്റില്‍ കയറ്റി അയച്ച്‌ അവരെ യാത്രയാക്കുന്നതും എല്ലാം നേരില്‍ കാണേണ്ടിവന്നു.

മരണവിവരം അറിയിച്ച നിമിഷം മുതല്‍ കരയാതെ മിണ്ടാതിരുന്ന അയാളുടെ ഭാര്യ പിറുപിറുത്തിരുന്നത്‌ അവര്‍ ഇത്‌ വിശ്വസിക്കുന്നില്ലെന്നതായിരുന്നു. അവര്‍ ശക്തമായി ആ വിശ്വാസം പറഞ്ഞുകൊണ്ടേയിരുന്നു... മോര്‍ച്ചറിയില്‍ പോയി ബോഡി കാണുന്നതുവരെ... മോര്‍ച്ചറിയില്‍ എത്തി ബോഡി കണ്ടപ്പോഴാണ്‌ ആ സ്ത്രീ പൊട്ടിക്കരഞ്ഞത്‌.... കരയുന്നതിനിടയില്‍ അവര്‍ അവരുടെ ജാതകച്ചേര്‍ച്ചയെക്കുറിച്ചും എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതെന്തോ ബ്ലാക്ക്‌ മാജിക്ക്‌ ആണെന്നും ഇത്‌ സംഭവിയ്ക്കില്ല എന്നും അവര്‍ കരയുന്നതിനിടയില്‍ വിളിച്ച്‌ പറയുന്നുണ്ടായിരുന്നു.

ജ്യോല്‍സ്യത്തെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലെങ്കിലും അതില്‍ വിശ്വസിക്കുന്നവരെയും അവരെ വിശ്വസിക്കുന്നവരെയും കുറിച്ചോര്‍ത്ത്‌ കൈത്തരിപ്പ്‌ കുറച്ചുകൂടി വര്‍ദ്ധിച്ചതല്ലാതെ വേറൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

അതിനുശേഷവും നേരിട്ടറിയാവുന്ന പല കുടുംബ ബദ്ധങ്ങളും ജാതകപ്പൊരുത്തം കേമമായിരുന്നിട്ടും ജീവിതപ്പൊരുത്തം മോശമായിരുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജാതകപ്പൊരുത്തത്തെക്കാള്‍ മനപ്പൊരുത്തവും പരസ്പരം അഡ്ജസ്റ്റ്‌ ചെയ്ത്‌ ജീവിക്കാനുള്ള മനോനിലയുമാണ്‌ ഒരു വിവാഹജീവിതത്തില്‍ പ്രധാനം എന്ന് മനസ്സിലാക്കാന്‍ ശ്രേഷ്ഠമായ ബുദ്ധിയൊന്നും ആവശ്യമില്ല.

അതുപോലെ തന്നെ, ജാതകപ്പൊരുത്തമില്ലെന്നും കല്ല്യാണം നടന്നാല്‍ ഒരുകൊല്ലത്തിനകം വൈധവ്യമുണ്ടാകുമെന്നുമുള്ള ജ്യോല്‍സ്യഭീഷണികളെ തൃണവല്‍ക്കരിച്ച പല കുടുംബങ്ങളും കുട്ടികളുമായി സുഖമായി കഴിയുന്ന ഉദാഹരണങ്ങള്‍ കണ്മുന്നില്‍ ധാരാളം.

എന്റെ ഒരു സുഹൃത്തിന്റെ പ്രേമവിവാഹത്തിന്‌ കോമ്പ്രമൈസ്‌ റോള്‍ തലയിലും പേറി അവന്റെ വീട്ടുകാരോട്‌ സംസാരിച്ചപ്പോള്‍ ലഭിച്ച വിവരം ആ കല്ല്യാണം നടന്നാല്‍ അവന്റെ അച്ഛനും അമ്മയും ഉടനെ മരണപ്പെടും എന്ന ജാതകവിധിയാണ്‌.

എങ്കിലും ആ കല്ല്യാണം തന്നെ നടന്നു. ഇപ്പോള്‍ വളരെ സന്തോഷത്തോടെ 2 വയസ്സുള്ള ഒരു കുട്ടിയുമായി ആ സുഹൃത്തും കുടുംബവും അമേരിക്കയില്‍ കഴിയുന്നു. അവന്റെ അച്ഛനും അമ്മയും മുമ്പത്തേക്കാള്‍ ആരോഗ്യവും സന്തോഷവുമായി നാട്ടിലുണ്ട്‌. (എന്തെങ്കിലും പൂജയിലൂടെ ദോഷം മാറ്റിക്കാണും)

എന്റെ വളരെ അടുത്ത ഒരു കുടുംബത്തിലെ ഇളയ മകള്‍ വിവാഹപ്രായം കഴിഞ്ഞിട്ടും മാംഗല്ല്യഭാഗ്യമില്ലാതെ (ഭാഗ്യമോ നിര്‍ഭാഗ്യമോ) കഴിയുകയായിരുന്നു. എല്ലാ ജ്യോല്‍സ്യന്മാരും ഒറ്റക്കെട്ടായി പറഞ്ഞ വസ്തുത എന്തെന്നാല്‍ ഈ കുട്ടിയുടെ വിവാഹം കേമമായി നടക്കുമെന്നും ഉന്നത നിലവാരത്തിലുള്ളതായിരിയ്ക്കുമെന്നതാണ്‌. കുട്ടിയുടെ പ്രായവും പ്രകൃതവും വച്ച്‌ നോക്കിയാല്‍ ആ പറയുന്നതിനൊന്നും യാതൊരു സാദ്ധ്യതയും കാണാതിരുന്ന ഞാന്‍ ജ്യോല്‍സ്യന്മാരുടെ ആത്മവിശ്വാസത്തെയും അത്‌ വിശ്വസിച്ചവരുടെ മനോവിചാരത്തെയും നമിച്ചു.

പറഞ്ഞ കാലാവധിയെല്ലാം കഴിഞ്ഞിട്ടും വിവാഹമൊന്നും നടന്നില്ല. ഒടുവില്‍ ഏതോ ശ്രഷ്ഠന്മാരായ ജ്യോല്‍സ്യരുടെ ഉപദേശപ്രകാരം ഒരു തീര്‍ത്ഥാടനവും അതിനോടനുബദ്ധിച്ച്‌ കുറേ പൂജകളും ആ വീട്ടില്‍ നടന്നു.

ആ പൂജയോടനുബദ്ധിച്ച്‌ ഒരു വലിയ സല്‍പ്രവൃത്തി നടന്നു. ബ്രാഹ്‌ മണ ദാനം എന്ന ചടങ്ങിനോടനുബദ്ധിച്ച്‌ ഒരു സ്ഥലത്ത്‌ അരിഷ്ടിച്ച്‌ ജീവിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിന്‌ കുറച്ച്‌ നാളത്തേയ്ക്ക്‌ ജീവിക്കാനുള്ള സംവിധാനം ചെയ്തുകൊടുക്കാന്‍ ഇത്‌ വഴി സാധിച്ചു.

പൂജയും ചടങ്ങുകളുമെല്ലാം കഴിഞ്ഞ്‌ ജ്യോല്‍സ്യപൂജാരിവൃന്ദം പറഞ്ഞതെന്തെന്നാല്‍ വിവാഹം പെട്ടെന്ന് നടക്കുമെന്നും ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം സൂചനയായി കണ്ടുതുടങ്ങുമെന്നും ആയിരുന്നു.

ഒരാഴ്ചയ്ക്കകം ഫലം കണ്ടു എന്നതാണ്‌ സത്യം.

33 വയസ്സുള്ള ആ പെണ്‍കുട്ടി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അടുത്ത്‌ കിടന്നിരുന്ന അമ്മ കാലത്ത്‌ എഴുന്നേറ്റ്‌ പോയി തിരികെ കട്ടിലിനരികില്‍ വന്ന് വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാതായപ്പോഴാണ്‌ ഡോക്ടറെ വിളിച്ചത്‌. യാതൊരു മരണസൂചനകളോ ഭാവങ്ങളോ ഇല്ലാത്ത മരണം... അതും നേരം വെളുപ്പിനാണ്‌ സംഭവിച്ചതെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

കാലങ്ങളോളം ജ്യോല്‍സ്യത്തെയും ജ്യോല്‍സ്യന്മാരെയും അവരുടെ പൂജാവിധികളെയും ഭയഭക്തിയോടെ കണ്ടിരുന്ന ആ കുടുംബത്തിനും ഇതുകൊണ്ടൊന്നും ആ വിശ്വാസ്യതയില്‍ മാറ്റം വരില്ലെന്നാണ്‌ നിഗമനം. അതിന്‌ അവര്‍ തന്നെ കാരണങ്ങള്‍ കണ്ടെത്തിക്കൊള്ളും.

ഇത്തവണ കൈത്തരിപ്പിനേക്കാല്‍ തോന്നിയത്‌ ആ കുടുംബത്തോട്‌ അനുകമ്പയാണ്‌.

'ഇനിയും ഇങ്ങനെ തന്നെ വിശ്വാസങ്ങള്‍ തുടരട്ടെ' എന്ന് ഒരു പരിഹാസം കലര്‍ന്ന കമന്റ്‌ കുറച്ച്‌ കാലം കഴിഞ്ഞ്‌ വളഞ്ഞ വഴിയിലൂടെ കൈമാറിയത്‌ മാത്രം മിച്ചം.

ഏറ്റവും ഒടുവില്‍ പത്രത്തിലൂടെയാണ്‌ ഒരു വലിയ പ്രവചനം കണ്ടത്‌. ഇന്ത്യ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഫൈനല്‍ കളിയ്ക്കുമെന്ന് ജ്യോത്സ്യപ്രവചനം (ബംഗ്ലാദേശിനോട്‌ തോറ്റശേഷം) ഉണ്ടെന്ന പത്രവാര്‍ത്ത കണ്ട്‌ ഉള്ളില്‍ ചിരിച്ചെങ്കിലും വലിയ താമസമില്ലാതെ ആ ചിരി പരസ്യമാക്കാനും സാധിച്ചു. (ആ ജ്യോല്‍സ്യന്‍ പ്രവചിച്ചവിവരം ഇന്ത്യന്‍ ടീമും ശ്രീലങ്കന്‍ ടീമും അറിഞ്ഞിട്ടുണ്ടാവില്ല).

ഇന്ത്യ ലോകകപ്പിന്‌ പോയതിലും വേഗത്തില്‍ തിരികെ എത്തിയപ്പോള്‍ ഞാന്‍ ആ ജ്യോല്‍സ്യന്റെ ഭാവി എന്തെന്ന് ആലോചിയ്ക്കാതിരുന്നില്ല. നാട്ടുകാര്‍ കൈത്തരിപ്പ്‌ തീര്‍ത്ത്‌ ഇനി പ്രവചിയ്ക്കാനാവാത്ത വിധം ആ ജ്യോല്‍സ്യനെ മയപ്പെടുത്തണം എന്നാണ്‌ എന്റെ അഭിപ്രായം. ഒന്നും പറ്റിയില്ലെങ്കില്‍ ഒരു ക്വൊട്ടേഷന്‍ വച്ച്‌ നാല്‌ പൂശ്‌ പൂശാനെങ്കിലും സാധിച്ചെങ്കില്‍...

10 comments:

സൂര്യോദയം said...

ജ്യോല്‍സ്യവും കൈത്തരിപ്പും ബാക്കികൂടി എഴുതിത്തീര്‍ത്തതോടെ കൈത്തരിപ്പ്‌ തല്‍ക്കാലം തീര്‍ന്നു.

ശ്രീ said...

പ്രവചനങ്ങളെവിടെ.... യാഥാര്‍‌ത്ഥ്യമെവിടെ...?
നല്ല ലേഖനം...

K.V Manikantan said...

സണ്‍ റൈസേ,
പണ്ട് ബൂലോകക്ലബിലിട്ട ഒരു പോസ്റ്റാണ്:

ഒരിക്കല്‍ നോം (കട: വിശാലേട്ടന്‍) നമ്മുടെ വകയിലെ ഒരു ജ്വേഷ്ടന്റെ ജാതകം ഒത്തുനോക്കാനായി നമ്മുടെ ആസ്ഥാന കണിയാന്റെ അടുത്ത്‌ എത്തിച്ചേരുകയുണ്ടായി. നമ്മുടെ ഉറ്റസുഹൃത്തും കൂടെ എഴുന്നെള്ളിയിരുന്നു.
ആസ്ഥാന കണിയാരുടെ വസതി കോണ്‍ക്രീറ്റ്‌ കൊണ്ട്‌ നിര്‍മ്മിക്കപ്പെട്ടതായിരുന്നു. വാസ്തുകലയില്‍ രഥാലയം എന്നും ഇപ്പോള്‍ കാര്‍ പോര്‍ച്ച്‌ എന്നും അറിയപ്പെടുന്ന സ്ഥലത്ത്‌ ആയിരുന്നു ഇടപാടുകര്‍ അഥവാ കസ്റ്റമേഴ്സ്‌ കാത്തിരിക്കേണ്ടത്‌. ഒടിച്ചുമടക്കാവുന്ന ഇരുമ്പു കസേര നാലെണ്ണം അവിടെ സ്ഥാപിച്ചിരുന്നു വരുന്നവര്‍ക്കിരിക്കാന്‍.

നോം അവിടെ എത്തിച്ചേരുമ്പോള്‍ അകത്ത്‌ കണ്‍സള്‍ട്ടേഷന്‍ നടക്കുകയായിരുന്നു. അതിനാല്‍ തോഴനോടൊപ്പം നമ്മള്‍ തുരുമ്പുമണമുള്ള കസേരയില്‍ ഇരുന്നു.

മറ്റുള്ളവരുടെ സ്വകാര്യതയില്‍ എത്തി നോക്കുന്ന നമ്മുടെ ശീലം ഇവിടെയും പൊന്തി വന്നു.
എത്തിനോക്കി. സാരിയുടുത്ത യുവതി. 30 വയസ്സു തോന്നിക്കുമായിരിക്കണം. കൂടെയൊരു മദ്ധ്യവയ്സ്ക.

ലോകത്തുള്ള കണിയാന്മാരില്‍ 100ല്‍ 99..99 ഉം ശ്ലോകം ബെയ്സ്ഡ്‌ ആണല്ലോ?
അതായത്‌
ഗംഭീര ഹോട്ടസ്യ
സഹി ന കര്‍മ്മസ്യ
'എന്തൊരു ചൂട്രപ്പ, സഹിക്കാന്‍ പറ്റണില്ല്യടക്കെ' എന്ന് പറയുന്നതിന്‌ മുമ്പ്‌ അവര്‍ എബൌവ്‌ മെന്‍ഷന്‍ഡ്‌ ശ്ലോകം ട്രാന്‍സ്മിറ്റ്‌ ചെയ്തിരിക്കും.

അകത്തു നടന്ന ഡയലോഗ്‌ ചോര്‍ത്തിയത്‌:

കണിയാന്‍: സഹസ്രാമറി പറഞ്ഞസ്യ
ന: പരിണയ യോഗസ്യ:

ച്ചാല്‍. കുട്ടീ, ആയിരം മറി ഞാന്‍ പറഞ്ഞുതന്നതല്ലേ? കുട്ടീയുടെ ജാതകത്തില്‍ വ്യാഴം കോങ്കണ്ണിനാല്‍ നോക്കി നില്‍ക്കുകയാണ്‌. കോടിയില്‍ ഒരാള്‍ക്ക്‌ വരുന്ന യോഗം. വിവാഹയോഗം ല്ല്യ ത്രന്നെ.

ഒരു യുവതിയുടെ മധുരതരമായ ചെറു ശബ്ദത്തിന്‌ ഇടിമുഴക്കമാകാന്‍ കഴിയുമെന്ന് എനിക്ക്‌ മനസിലായത്‌ ആ നിമിഷമായിരുന്നു.
ചെവി കൂര്‍പ്പിച്ചുപോയി. മലയാളി ആയിപ്പോയില്ല്യേ?

ഇടിമുഴക്കം: അല്ല പണിക്കരേ.... ഈ സീതയും രാമനും ജാതകം നോക്കിയിട്ടാണോ കെട്ടിയത്‌? വില്ലൊടിച്ചവന്‍ കെട്ടി. അത്രല്ല്യേ ഉള്ളൂ. ജാതകം ചേര്‍ന്നവന്മാരൊന്നുമല്ലല്ലോ വില്ല് ബ്രേയ്ക്ക്‌ ചെയ്യാന്‍ വന്നത്‌. ആണോ പണിക്കരേ?
കണിയാന്‍: പ്പെ പ്പെ പ്പെ പ്പെ പ്പെ പ്പെ പ്പെ
ഇടിമുഴക്കം: വാസ്‌ പാണ്ഡവര്‍ ദ്രൌപതി കമ്പയേര്‍ഡ്‌ ദേര്‍ ജാതകംസ്‌?
കണിയാന്‍: ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള
ഇടിമുഴക്കം: കൃഷ്ണന്‍ ഭാമ?
കണിയാന്‍: പ്പു പ്പു പ്പു പ്പു പ്പു പ്പു പ്പു പ്പു പ്പു
ഇടിമുഴക്കം: ഭീമന്‍ ഹിഡുംബി???? ഈസ്‌ ദേര്‍ എനി എവിഡന്‍സ്‌ ഇന്‍ മഹാംഭാരത? ടെല്‍ മീ..
കണിയാന്‍: ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ

ഞാനും തോഴനും കൂടി കയ്യിലുള്ള ജാതകങ്ങള്‍ 1432 കഷ്ണങ്ങളാക്കി. പുറത്തിറങ്ങിയ ആ യുവതിയെ കടലാസ്‌ വൃഷ്ടിയില്‍ മുക്കി. ഞങ്ങള്‍ ജാതക യുക്തിവാദികളായി പ്രഖ്യാപിച്ചു.

Unknown said...

ജൂലൈക്കുശേഷം താന്‍ ഉണ്ടാവില്ലെന്നു ജ്യോത്സന്‍ പറഞ്ഞതിനാല്‍ കേസ് നേരത്തെ പരിഗണിക്കണമെന്ന് റാം ജഠ്മലാനി -- ദൈവഹിതമിിനി മറിച്ചാണെങ്കില്‍ അങ്ങേരു ആത്മഹത്യ ചെയ്‌തും ജ്യോതിഷം പറഞ്ഞതു നേരു തന്നെയെന്നു സ്ഥാപിക്കുമോ?

ഇവനൊക്കെ വേണ്ടി നാം, പൊതുജനം, സ്മാരകങ്ങളും പണിയണം..!

അപ്പു ആദ്യാക്ഷരി said...

"ജാതകപ്പൊരുത്തത്തെക്കാള്‍ മനപ്പൊരുത്തവും പരസ്പരം അഡ്ജസ്റ്റ്‌ ചെയ്ത്‌ ജീവിക്കാനുള്ള മനോനിലയുമാണ്‌ ഒരു വിവാഹജീവിതത്തില്‍ പ്രധാനം എന്ന് മനസ്സിലാക്കാന്‍ ശ്രേഷ്ഠമായ ബുദ്ധിയൊന്നും ആവശ്യമില്ല"

നല്ല ലേഖനം. പക്ഷേ ഈ സാമാന്യബുദ്‌ധി അതില്‍ വിശ്വസിക്കുന്നവര്‍ക്കില്ലല്ലോ?

കണ്ണൂസ്‌ said...

സങ്കു കഥ വീണ്ടും എഴുതിയ സ്ഥിതിക്ക്‌ ഞാന്‍ അതിനുവെച്ച കമന്റും പൊക്കിയെടുക്കട്ടെ. :-)

പ്രശസ്തമായ ഒരു ജ്യോതിഷ കുടുംബത്തിന്റെ ബാനറും വെച്ച്‌, ജ്യോതിഷാലയം നടത്തിയിരുന്ന ഒരു വിദ്വാന്‍ ഉണ്ടായിരുന്നു ആലത്തൂര്‌. ഒരിക്കല്‍, ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഇയാളുടെ അടുത്തു പോയി. സുഹൃത്തിന്റെ ജാതകം നോക്കലായിരുന്നു ഉദ്ദേശം. ശങ്കു പറഞ്ഞ പോലെ, സ്വകാര്യതയില്‍ എത്തിനോട്ടം തടുക്കാനാവത്തതു കൊണ്ടാവും, എന്റെ ചങ്ങായി ഇടക്കിടെ ജ്യോത്‌സന്‍ ഇരിക്കുന്ന മുറിയുടെ ജനലിനടുത്തു പോയി നിന്ന് കാതോര്‍ക്കും. പിന്നെ തിരിച്ചു വന്ന് കൈ തിരുമ്മി കസേരയില്‍ ഇരിക്കും. അങ്ങിനെ, രണ്ട്‌ മൂന്ന് പേരുടെ ഊഴം കഴിഞ്ഞപ്പോള്‍ നമ്മടെ ആള്‍ടെ ക്ഷമ പോയി. "പൂവാടാ, ഇബനൊന്നും ഒരു വിവരൂല്ല്യാത്ത ജാതിയാണ്‌" എന്നായി. എന്തായാലും വന്നതല്ലേ ഇരിക്ക്‌ എന്ന് പറഞ്ഞ്‌ അവനെ പിടിച്ചിരുത്തി ഞാന്‍.

അങ്ങനെ ഞങ്ങടെ ഊഴം ആയി. ജാതകം നോക്കിയ പണിക്കരുടെ മുഖത്ത്‌ ആകെ നിരാശാഭാവം.

പണിക്കര്‍ : ഔ.. ആകെ മോശം കാലാണല്ലോ കുട്ട്യേ.. ഏഴരശ്ശനിയാണ്‌.. കൊറെക്കാലം കൂടി കഷ്ടപ്പാട്‌ണ്ടാവും.. നല്ല ദൈവ വിചാരത്തോടെ ഇരിക്ക്യാ.. ശിവന്റെ അമ്പലത്തില്‍ ധാരീം വെളക്കും കഴിക്ക്യാ.. പരക്കാട്ട്‌ കാവില്‌ ജന്മനാളില്‌ മൊടങ്ങാണ്ട്‌ കൂട്ടു പായസം കഴിക്ക്യാ,..."

ഞാന്‍ വിഷമത്തോടെ സുഹൃത്തിനെ നോക്കി.. സാധാരണ ചെറുതെന്തെങ്കിലും കേട്ടാല്‍ ബേജാറാവുന്ന അവന്‌ അവന്‌ യാതൊരു കൂസലുമില്ല..

പണിക്കര്‌ തുടരുകയാണ്‌: ഇതൊക്കെ ചീതാലും എല്ലാം ഭേദാവുന്ന് ഞാന്‍ പറയ്‌ണില്ല്യ.. ..... വെയിലത്ത്‌...

സുഹൃത്ത്‌ എഴുന്നേറ്റു. " വെയിലത്ത്‌ ഒരു കൊട പിടിച്ച പോലെ ഇണ്ടാവും അല്ലേ പണിക്കരേ? "

പണിക്കര്‌ ഞെട്ടി..

സുഹൃത്ത്‌ " പരക്കാട്ട്‌ കാവില്‌ എന്തു കഴിക്കണം ന്നാ താന്‍ പറഞ്ഞത്‌?"

പണിക്കര്‍ : കൂട്ടു പായസം..

സുഹൃത്ത്‌ : ഡോ കള്ളപ്പണിക്കരേ.. പരക്കാട്ട്‌ കാവില്‌ കൂട്ടു പായസംന്നൊരു വഴിപാടില്ല്യടോ.."

പണിക്കര്‍ : എന്താ കുട്ടീ താന്‍ ഇങ്ങന്യൊക്കെ പറയണ്‌.. താന്‍ പരക്കാട്ട്‌ കാവില്‌ പോയി നോക്കൂ.. തന്റെ കഷ്ടകാലം മാറും. ഒറപ്പ്‌."

സുഹൃത്ത്‌ : ഡോ.. കൊറെ നേരായി ഞാന്‍ വെളീന്ന് തന്റെ ഡയലോഗ്‌ കേക്ക്‌ണൂ.. വര്‌ണവര്‌ടെ അട്‌ത്തൊക്കെ വെയിലത്ത്‌ കൊട പിടിക്കലും, പരക്കാട്ട്‌ കാവില്‌ കൂട്ട്‌ പായസൂം... ഡോ.. 5 കൊല്ലായി ഞാന്‍ പരക്കാട്ട്‌ കാവിലെ കൌണ്ടറിലിരുന്ന് വഴിപാട്‌ ശീട്ട്‌ എഴ്‌ത്‌ണൂ.. ഇത്‌ വരെ കൂട്ട്‌പായസംന്നൊരു വഴിപാട്‌ ഞാന്‍ കണ്ടിട്ടില്ല്യ.. എന്റടുത്താ താന്‍ ഇത്‌ പറയ്‌ണ്‌.... കള്ള # $ %&!*

Rasheed Chalil said...

സൂര്യോദയമേ നന്നായി...

Siju | സിജു said...

ജ്യോത്സ്യന്മാരും ജാതകവും കാരണം വിവാഹം നീണ്ടുപോകുന്ന എത്രയോ പേര്‍
പക്ഷേ.. നീണ്ടുപോകുന്തോറും വിശ്വാസം കൂടിക്കൂടിയേ ഇവര്‍ക്കൊക്കെ വരൂ..

സൂര്യോദയം said...

ശ്രീ, ഏവൂരാന്‍, അപ്പു, ഇത്തിരിവെട്ടം, സിജൂ ... കമന്റിന്‌ നന്ദി..

സങ്കുചിതന്‍ , കണ്ണൂസ്‌.... വളരെ രസകരമായ സംഭവങ്ങള്‍ കമന്റിലൂടെ അറിയിച്ചത്‌ ശ്ശി പിടിച്ചിരിക്ക്‌ ണൂ... :-)

ശാലിനി said...

ലേഖനം നന്നായി, കമന്റുകളും