Wednesday, July 2, 2008

നാനാത്വത്തില്‍ ഏകത്വം

പാഠപുസ്തകവിവാദത്തിന്റെ പേരില്‍ എല്ലാ മതനേതാക്കളും ചില രാഷ്ട്രീയ കക്ഷികളും ചര്‍ച്ചകള്‍ നടത്തി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നു.

പിന്നാമ്പുറം...

രംഗം: ബി.ജെ.പി. ഓഫീസ്‌...

കുറച്ച്‌ പ്രവര്‍ത്തകര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുന്നു.

പ്രവര്‍ത്തകന്‍: "നമ്മള്‍ പള്ളിക്കാരുമായി ചര്‍ച്ചചെയ്ത്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്നൊക്കെ വച്ചാല്‍? എന്താ നമ്മുടെ ഉദ്ദേശം?? നമ്മളും പള്ളീം ചേര്‍ന്ന് പോകുമോ?"

നേതാവ്‌: "അതൊക്കെ ഒരു ട്രിക്കാണ്‌. ആ പാഠപുസ്തകത്തില്‍ വലിയ പ്രശ്നങ്ങളുണ്ട്‌. കുട്ടിയ്ക്ക്‌ ഇഷ്ടമുള്ള മതം തെരെഞ്ഞെടുക്കാം എന്നൊക്കെയാ പറഞ്ഞിരിക്കുന്നേ.. അപ്പോ പിന്നെ, ഈ പള്ളിക്കാര്‍ മതപരിവര്‍ത്തനോം ആയി വന്നാല്‍ പിള്ളേര്‍ക്ക്‌ അങ്ങോട്ട്‌ ഒരു ചായ്‌ വ്‌ തോന്നിയാല്‍ മതം മാറിയാലോ? അത്‌ വേണ്ട.. ആവശ്യമില്ലാത്ത അവകാശങ്ങളും സത്യങ്ങളുമൊന്നും പിള്ളേര്‍ പഠിച്ചില്ലേലും കുഴപ്പമില്ല.. ആ പള്ളിക്കാര്‍ മണ്ടന്മാര്‍ക്ക്‌ അത്‌ മനസ്സിലായിട്ടില്ല. ഇതില്‍ നിരീശ്വരവാദം യുക്തിവാദം എന്നൊക്കെപ്പറഞ്ഞ്‌ അവരുടെ കൂടെ നിന്ന് സമരം ചെയ്യാം നമുക്ക്‌"

പ്രവര്‍ത്തകന്‍: "അത്‌ പിന്നേ... ഈ സമരമൊക്കെ അങ്ങ്‌ തീരും.. അത്‌ കഴിഞ്ഞാല്‍?? ഇന്ത്യയുടെ പലഭാഗത്തും നമ്മുടെ ആള്‍ക്കാര്‍ പള്ളിക്കാര്‍ക്കിട്ട്‌ നല്ല കീറ്‌ കൊടുക്കുന്നുണ്ടല്ലോ.. അതോ?"

നേതാവ്‌: "കീറ്‌ കിട്ടേണ്ടവര്‍ക്ക്‌ കിട്ടേണ്ട സമയത്ത്‌ കിട്ടും.. അതങ്ങനെ തുടരട്ടെ.. ഇതിപ്പോ നമ്മുടെ കാര്യം കാണാന്‍ ആ കഴുതക്കാലുകള്‍ കൂടെ നില്‍ക്കട്ടെ, അത്ര തന്നെ.."


രംഗം: പള്ളിക്കമ്മിറ്റി

പ്രവര്‍ത്തകന്‍: "അച്ചോ... ഈ പുസ്തകം തിരിച്ചും മറിച്ചും വായിച്ചിട്ടും ഇതില്‍ ഒരു പ്രശ്നോം ഇല്ലെന്നാണല്ലോ പലരും പറയുന്നേ.. മാത്രമല്ല, പിള്ളേര്‍ക്കും കുഴപ്പം തോന്നിയില്ലത്രേ..."

അച്ചന്‍: "മതമില്ലാതെയും ജീവിക്കാം എന്നൊക്കെയാ ആ പുസ്തകത്തില്‍ പറയുന്നത്‌. അങ്ങനെ വന്നാല്‍ പള്ളിയില്‍ വരാനും ഇവിടെ നിന്ന് വായിക്കുന്ന ഇടയലേഖനങ്ങള്‍ കേള്‍ക്കാനും ആളില്ലാതാവും... മാത്രമല്ല, നമ്മുടെ സ്കൂളുകളും കോളേജുകളും പഴയപോലെ വരുമാനം കിട്ടുമെന്ന് തോന്നുന്നില്ല. ഈ സര്‍ക്കാറിന്റെ നടപടികള്‍ ഒന്നും നമ്മള്‍ക്ക്‌ ഗുണമാകുന്നില്ല. അതുകൊണ്ട്‌, കിട്ടിയ അവസരത്തില്‍ ഈ പുസ്തകവും പൊക്കിപ്പിടിച്ച്‌ പ്രശ്നമാക്കുകയാണ്‌ നല്ലത്‌ കുഞ്ഞാടുകളേ.."

രംഗം: മുസ്ലീം സംഘടനായോഗം

പ്രവര്‍ത്തകന്‍: "ഇമ്മടെ പിള്ളേര്‌ പുസ്തകൊക്കെ കത്തിച്ച്‌ കളഞ്ഞില്ലേന്ന്.. ഇനീപ്പോ ന്താ പ്രശ്നം.. കിട്ടുന്ന പുസ്തകം കിട്ടുന്ന മുറയ്ക്ക്‌ അങ്ങ്‌ ട്‌ കത്തിക്ക്യന്നേ.. ഹല്ലാ പിന്നെ.."

നേതാവ്‌: "കത്തിച്ച്‌ കളഞ്ഞോണ്ട്‌ എന്ത്‌ കാര്യാന്റെ ഹാജ്യാരേ... അത്‌ കത്തിക്കാണ്ടിരുന്നാലും മ്മ് ടെ പിള്ളേര്‌ എത്രേണ്ണം അതൊക്കെ വായിക്കും.... അതല്ലാ പ്പൊ പ്രശ്നം... ഇമ്മ് ടെ ജാതിക്കാരേം വേറെ ജാതിക്കാരേം ചേത്ത്‌ കല്ല്യാണം കഴിപ്പിച്ചു ഓന്റെ പാഠപുസ്തകത്തില്‌.. എന്ത്‌ ഹറാം പെറപ്പും ആവാന്ന് പിള്ളേരെ പഠിപ്പിച്ചാല്‌ സമ്മതിക്കാന്‍ പറ്റുമോ.?? "

രംഗം: സവര്‍ണ്ണക്കമ്മറ്റി

പ്രവര്‍ത്തകന്‍: "ഈ പുസ്തകക്കാര്യത്തില്‌ നമുക്കിപ്പോ എന്താ ഒരു പ്രശ്നം? സമരം ചെയ്യാനും തല്ല് കൊള്ളാനും ശ്ശി ബുദ്ധിമുട്ടുണ്ടേ.. അതാ..."

നേതാവ്‌: "സമരോന്നും ചെയ്യേണ്ടെന്റെ തിരുമേന്യേ.... നമ്മുടെ അന്തര്‍ജനങ്ങളെയൊക്കെ ശ്ശി കളിയാക്കിരിക്ക്‌ ണൂ ആ പുസ്തകത്തില്‌ ത്രേ... നമ്മളെ കളിയാക്ക്യാലും അങ്ങ്‌ ട്‌ ക്ഷമിക്കും.. പക്ഷേങ്കില്‍ അന്തര്‍ജനത്തിനേ.. അത്‌ മാത്രല്ല... പണ്ടത്തെ ജന്മിവ്യവസ്ഥയെക്കുറിച്ചും പറഞ്ഞിരിക്ക്‌ ണൂ ന്ന്... ഇപ്പോ സ്ഥിതി അത്‌ വല്ലതും ആണോ? അതോണ്ട്‌ പഴേ കാര്യങ്ങളൊക്കെ കുട്ട്യോള്‍ അറിഞ്ഞിരിക്കണത്‌ എന്തിനാന്നാ ചോദിക്കണതേ... അതോണ്ട്‌ ഈ പുസ്തകം വേണ്ടാന്ന് നമ്മളും അങ്ങ്‌ ട്‌ പറയന്ന്യേ..."

രംഗം: പ്രതിപക്ഷ പാര്‍ട്ടി ഓഫീസ്‌

പ്രവര്‍ത്തകന്‍: "നേതാവേ.. നമ്മുടെ പിള്ളേര്‌ കുറേ തല്ല് ചോദിച്ച്‌ വാങ്ങിയെങ്കിലും കാര്യങ്ങളങ്ങോട്ട്‌ കൊഴുത്തില്ലാ ട്ടോ... ഇപ്പോ സമരമൊക്കെ നിര്‍ത്തിയോ? അല്ലേലും തല്ല് കിട്ടുന്ന സമരത്തിന്റെ കാര്യത്തില്‍ അവന്മാരുടെ പിള്ളേരെ കണ്ട്‌ പഠിക്കണം. ശരിയ്ക്കും ഇപ്പോ നമ്മള്‍ എന്ത്‌ കാര്യത്തിനാ സമരം ചെയ്യുന്നേ... അല്ലാ.. ചെയ്യിപ്പിക്കുന്നേ...????"

നേതാവ്‌: "എടോ... ജാതീം മതോം ഒക്കെ അങ്ങനെ വ്യാപിച്ച്‌ കിടന്ന് അതിന്റെ പേരില്‍ അല്‍പസ്വല്‍പം പിടിവലിയും തെറിവിളിയും നടന്നില്ലേല്‍ നമ്മുടെ പാര്‍ട്ടിക്ക്‌ എന്താ ഇപ്പോ ഒരു നിലനില്‍പ്‌? അതുകൊണ്ട്‌ മത നേതാക്കള്‍ക്ക്‌ പ്രശ്നമുണ്ട്‌ ഈ പുസ്തകം എന്ന് അവര്‍ പറഞ്ഞാല്‍ നമുക്കും പ്രശ്നമുണ്ട്‌, അത്ര തന്നേ..."
***************************

പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ കഴിഞ്ഞ്‌ എല്ലാ രംഗങ്ങളും ഒരുമിച്ച്‌ ചേര്‍ന്ന് സമ്മേളിക്കുന്നത്‌ കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്ന സ്കൂള്‍ കുട്ടികളെ നോക്കി ഒരു കുട്ടി വിളിച്ചു പറഞ്ഞു..

"ദേ.. നോക്ക്‌... ഇതാണ്‌ നാനാത്വത്തില്‍ ഏകത്വം..."

4 comments:

സൂര്യോദയം said...

പുസ്തകങ്ങള്‍ മൂലം നാനാത്വത്തില്‍ ഏകത്വം...

കുഞ്ഞന്‍ said...

പിന്നാമ്പുറ കഥ അസ്സലായി എങ്കിലും..ഒരു ചായ്‌വ് ദൃശ്യമാണ്..!

Unknown said...

കൊള്ളാം സൂര്യാ

സൂര്യോദയം said...

കുഞ്ഞന്‍... ചായ്‌ വ്‌ പ്രകടമാകാതെ നിവര്‍ത്തിയില്ല. ഒരു തരത്തിലും ഇതിന്‌ മതമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയപാര്‍ട്ടികളും പറയുന്ന ഇടത്‌ രാഷ്ട്രീയമില്ല എന്ന് മറ്റുള്ളവരെപ്പോലെ ഞാനും ഉറച്ച്‌ വിശ്വസിക്കുന്നു.

അനൂപ്‌.. :-)