Wednesday, October 17, 2007

രഹസ്യമായ പരസ്യം

തോമ്മാച്ചന്‍ പാര്‍ട്ടി ലോക്കല്‍ സമ്മേളനോം കഴിഞ്ഞ്‌ വീട്ടില്‍ വന്ന് കയറിയതേയുള്ളൂ..

"നിങ്ങളറിഞ്ഞോ.... വിശ്വാസികളായ എല്ലാ പാര്‍ട്ടിക്കാരും പാര്‍ട്ടി വിട്ട്‌ തിരിച്ച്‌ വരണമെന്ന്.. ഇനി പാര്‍ട്ടിക്കാരായോരേ പള്ളിയ്ക്ക്‌ വേണ്ടാന്ന്... ഇന്ന് പള്ളീലെ യോഗത്തില്‌ വച്ച്‌ അച്ചന്‍ പറഞ്ഞതാ..." ശൊശാമ്മ വേവലാതിയോടെ പറഞ്ഞു.

"തിരിച്ചുവരണമെന്നോ??? അതിന്‌ സൗകര്യമുള്ളപ്പോ തിരിച്ച്‌ വിളിയ്ക്കാനും പറഞ്ഞ്‌ വിടാനും പള്ളിക്കാരല്ലല്ലോ എന്നെ പാര്‍ട്ടിയിലേയ്ക്കയച്ചത്‌...." തോമ്മാച്ചന്റെ കൂസലില്ലാത്ത മറുപടി.

"നിങ്ങളങ്ങനൊക്കെ പറഞ്ഞിട്ടെന്താക്കാനാ മനുഷ്യാ... ദേ നിങ്ങള്‌ കാരണം ഞങ്ങളെ പള്ളീന്ന് ഒറ്റപ്പെടുത്താന്‍ ഇടയാക്കണ്ടാട്ടോ.... പിള്ളേരുടെ കാര്യങ്ങളും നമ്മുടെ മരണാനന്തരകര്‍മ്മങ്ങളൊക്കെ നടത്താനുള്ളതാ പറഞ്ഞേക്കാം..."

"എടീ ശോശാമ്മേ... ദൈവപരമായ കാര്യങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന് ഉപദേശിക്കാനും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാനുമാ ഈ മതമേലദ്ധ്യക്ഷന്മാര്‍... അല്ലാതെ ഭീഷണിപ്പെടുത്തി അങ്ങോട്ട്‌ നടക്കരുത്‌, നോക്കരുത്‌, മിണ്ടരുത്‌ എന്നൊക്കെ പറയാനല്ലാ... നീ ഒന്ന് ചുമ്മായിരിയ്ക്ക്‌... അച്ചന്മാര്‍ ഈ നുണയും പറഞ്ഞ്‌ ആള്‍ക്കാരെ പറ്റിച്ച്‌ എത്രകാലം പോകും എന്ന് നോക്കട്ടെ..."

"ഈ മനുഷ്യന്‍ ഞങ്ങളെ കണ്ണീരു കുടിപ്പിക്കുമെന്നാ തോന്നുന്നേ...." ശോശാമ്മച്ചേടത്തി അടുക്കളയിലേയ്ക്ക്‌ പോയി.

************************
രംഗം ബിഷാപ്പിന്റെ അരമന...... അവിടെ പള്ളീലച്ചന്മാരുടെ ഒരു തിരക്ക്‌... അവിടേയ്ക്ക്‌ ആ നാട്ടുകാരനും പത്രപ്രവര്‍ത്തകനായ ജോണിക്കുട്ടി കടന്ന് വരുന്നു...

ജോണിക്കുട്ടിയെകണ്ട്‌ കപ്പ്യാര്‍ കം വാച്ചറായ പൗലോസേട്ടന്‍ അടുത്തേയ്ക്ക്‌ വന്നു..

"എന്താ ജോണിക്കുട്ട്യേ ഈ വഴിയ്ക്കൊക്കെ???"

"പൗലോസേട്ടാ.. ബിഷപ്പിനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം... ഒന്ന് പോയി ചോദിച്ചിട്ട്‌ വരൂ.."

"തിരുമേനി അരമനയില്‍ വിശ്രമത്തിലാണ്‌.. സമ്മതിയ്ക്ക്യോ ആവോ?..."

"അല്ല... കമ്പ്ലീറ്റ്‌ രാജകീയപദങ്ങളാണല്ലോ പൗലോസേട്ടാ.. തിരുമേനി, അരമന... ങും ങും..." ജോണിക്കുട്ടി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

"പിന്നല്ലാതേ... ഞാന്‍ ചെന്ന് ചോദിച്ചിട്ട്‌ വരാം..." പൗലോസേട്ടന്‍ അകത്തേയ്ക്ക്‌ പോയി.

പൗലോസേട്ടന്റെ കൂടെ ഒരു അച്ചന്‍ പുറത്തേയ്ക്ക്‌ വന്നു...

"അതേയ്‌... പത്രക്കാരോട്‌ ഒന്നും പറയാനില്ലാ.. ഇപ്പോ തന്നെ പുലിവാല്‌ പിടിച്ചിരിയ്ക്ക്യാ മോനേ..." അച്ചന്‍ പറഞ്ഞു.

"അച്ചോ.. എനിയ്ക്ക്‌ മനസ്സില്‍ തോന്നിയ കുറച്ച്‌ സംശയങ്ങള്‍ ഒന്ന് ചോദിച്ച്‌ മനസ്സിലാക്കാനാ... പത്രത്തില്‍ പ്രസിദ്ധീകരിക്കാനൊന്നുമല്ല... ഒരു വിശ്വാസിയുടെ സംശയങ്ങള്‍ ദൂരീകരിച്ച്‌ തരണമെന്ന അപേക്ഷയേ ഉള്ളൂ.." ജോണിക്കുട്ടി പറഞ്ഞു.

"അച്ചോ.. ഇത്‌ നമ്മുടെ ജോണിക്കുട്ട്യാ.. ഇവിടെ അടുത്താ വീട്‌... നല്ല വിശ്വാസിയാ..." പൗലോസേട്ടന്റെ വക ഒരു സപ്പോര്‍ട്ട്‌.

"വിശ്വാസിയല്ലെങ്കിലും ആക്കിയെടുക്കാന്‍ ഞങ്ങള്‍ക്കറിയാം.." അച്ചന്‍ അല്‍പം കടുത്ത ഭാഷയില്‍.

ഒന്ന് പകച്ച ജോണിക്കുട്ടിയെ നോക്കി സമനിലവീണ്ടെടുത്ത്‌ അച്ചന്‍ പറഞ്ഞു. "ഓ.. ആ പ്രകടനോം പൊതുയോഗേം കഴിഞ്ഞതിന്റെ ഹാങ്ങ്‌ ഓവറില്‍ പറഞ്ഞ്‌ പോയതാ... താന്‍ വാ... പേപ്പറില്‍ കൊടുക്കാനല്ലെങ്കില്‍ നമുക്ക്‌ സംസാരിയ്ക്കാം..."

അച്ചന്റെ കൂടെ ജോണിക്കുട്ടി അകത്തേയ്ക്ക്‌ നടന്നു.

"ങാ.. ചോദിച്ചോളൂ... എന്തൊക്കെയാ സംശയങ്ങള്‍??"

"അച്ചോ.. ഈ മത്തായി ചാക്കോയെക്കുറിച്ച്‌ ചിലതൊക്കെ അറിയാനാ... സത്യത്തില്‍ പുള്ളിക്കാരന്‍ വിശ്വാസിയായിരുന്നോ??"

"പിന്നല്ലാതെ..." അച്ചന്റെ മറുപടി.

"അപ്പോ.. ശരിയ്ക്കും അന്ത്യകൂദാശ കൊടുത്തിരുന്നോ?"

"അത്‌ പിന്നെ.. ഈ രോഗീലേപനം, അപ്പം, അന്ത്യകൂദാശ എന്നിവയൊക്കെ പലതരം പദങ്ങള്‍ സാഹചര്യങ്ങള്‍ അനുസരിച്ച്‌ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ചട്ടങ്ങളുടേയും മാറ്റങ്ങളുടേയും ഫലമായി അതിനെ എങ്ങനെ വേണമെങ്കിലും നമുക്ക്‌ വ്യഖ്യാനിയ്ക്കാം.."

"എന്ത്‌??? " ജോണിക്കുട്ടി അന്തം വിട്ട്‌ ഇരുന്നുകൊണ്ട്‌ ചോദിച്ചു.

"മോനേ.. അതൊക്കെ ടെക്നിക്കല്‍ ടേര്‍മുകളാണ്‌.. അതൊക്കെ മനസ്സിലാക്കാന്‍ നല്ല വിജ്നാനം വേണം.."

"അച്ചോ.. അത്‌ പോട്ടെ... ഈ പുള്ളിക്കാരന്‍ അബോധാവസ്ഥയിലായിരുന്നൂന്നാണല്ലോ കേട്ടത്‌..."

"അബോധാവസ്ഥയിലാവുന്നതിനുമുന്‍പ്‌ നമ്മള്‍ അവിടെ ചെന്നിരുന്നു... അന്ന് മാല കൊടുത്തപ്പോള്‍ വാങ്ങിയില്ലേ??" അച്ചന്റെ വിശദീകരണം.

"അത്‌ പിന്നെ, ആ നിലയില്‍ കിടക്കുന്ന ഒരളുടെ അടുത്ത്‌ ചെന്ന് അതുമിതും പറഞ്ഞ്‌ മാല കൊടുത്താല്‍ 'എടുത്തോണ്ട്‌ പോടാ നിന്റെ ഒരു മാല' എന്ന് ആരേലും പറയോ അച്ചാ..."

"മോനേ.. ജോണിക്കുട്ടീ.. നീ സ്മാര്‍ട്ട്‌ ആവാണോ??"

"അല്ലച്ചോ... സംശയം ചോദിച്ചൂന്ന് മാത്രം... അത്‌ പോട്ടെ... ഈ അബോധാവസ്ഥയിലായിരുന്നപ്പോ എന്ത്‌ കൊടുത്തൂന്നാ പറഞ്ഞത്‌.. ബോധത്തോടെ സ്വീകരിച്ചൂന്നും പറഞ്ഞല്ലോ..." ജോണിക്കുട്ടിയുടെ ചോദ്യം വീണ്ടും.

"നമ്മള്‍ രോഗീലേപനം കൊടുത്തു.... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വം ആ കുഞ്ഞാട്‌ അത്‌ സ്വീകരിച്ചു..."

"എന്ത്‌???... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വമോ??"

"ങാ.. അത്‌ തന്നെ.. എന്തേ അങ്ങനെ പാടില്ലേ??" അച്ചന്‌ ദേഷ്യം വന്നു..

"അല്ലച്ചോ... അപ്പോ പിന്നെ അതിനെ കുറച്ചുകൂടി ടെക്നിക്കലായി പറഞ്ഞാല്‍ മതിയായിരുന്നു... അതായത്‌, വൈദ്യശാസ്ത്രപരമായി അബോധാവസ്ഥയിലായിരുന്നെങ്കിലും ദൈവശാസ്ത്രപരമായി ബോധാവസ്ഥയുണ്ടായിരുന്നു എന്നോ മറ്റോ..."

"ഓ.. ഇനി അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല... അതൊക്കെ അന്നേ കാസറ്റിലും മറ്റും പകര്‍ത്തീന്നാ കേട്ടത്‌... അത്‌ പോട്ടേ.. വേറെ എന്തേലുമുണ്ടേല്‍ ചോദിയ്ക്ക്‌.."

"പിന്നെ അച്ചോ... ഇന്നലെ പ്രകടനത്തില്‍ രാഷ്ട്രീയക്കാരെ വെല്ലുന്ന പ്രസംഗമായിരുന്നെന്ന് കേട്ടു... എന്തൊരു കാച്ചാ കാച്ചിയത്‌.."

"പിന്നല്ലാതെ... നമ്മളോടാ കളി.... പള്ളീന്ന് വിളിച്ച്‌ പറഞ്ഞാ വരാത്ത ക്രിസ്ത്യാനികളുണ്ടോ... വന്നില്ലേല്‍ ഒക്കേത്തിനും പിന്നീട്‌ പണികൊടുക്കും അത്ര തന്നേ... പിന്നെ പ്രസംഗിച്ചത്‌... നമ്മളും തറയാണേല്‍ തറ... കളി നമ്മളോട്‌ വേണ്ടാ.." അച്ചന്‍ വീണ്ടും രോഷം കൊണ്ടു.

"അച്ചോ.. ഈ ക്രിസ്തുവിന്റെ രീതിയനുസരിച്ച്‌ സൗമ്യമായി കാര്യങ്ങളെ സമീപിക്കലല്ലേ അതിന്റെ ഒരു രീതി.. ഒരു കരണത്തടിച്ചാല്‍ മറ്റേ കരണവും കാണിച്ചുകൊടുക്കുക എന്നൊക്കെ.." വീണ്ടും ജോണിക്കുട്ടിയുടെ സംശയം.

"പിന്നേ.. മറ്റേ കരണോം കാണിച്ച്‌ കൊടുക്കല്‌.. പണ്ട്‌ ക്രിസ്തു അതൊക്കെ പറഞ്ഞിട്ടുണ്ടാവും.. അന്ന് ഈ രാഷ്ട്രീയോം പള്ളിവക കച്ചോടങ്ങളും ഒന്നും ഇല്ല... ഇതിപ്പോ എല്ലാം മര്യാദയ്ക്ക്‌ നടക്കണമെങ്കില്‍ അല്‍പം ഈ സൈസ്‌ കാര്യങ്ങളും വേണം.."

"പിന്നെ, അച്ചന്‍ പ്രസംഗിച്ചൂന്ന് കേട്ടു റഷ്യയില്‍ രോഗീലേപനം കൊടുത്തൂന്നോ മറ്റോ?? അപ്പോ നമ്മള്‌ രോഗീലേപനം കൊടുത്തതുകൊണ്ടാണല്ലേ അവിടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പൊളിഞ്ഞത്‌, റഷ്യ തവിടുപൊടിയായത്‌... "

"പിന്നല്ലാതെ?"

"എന്നാലും അവിടുത്തെ കാര്യങ്ങള്‍ ഇപ്പോ കഷ്ടാന്നാ കേട്ടത്‌... ഒരു ദരിദ്ര രാജ്യം പോലായി അത്രേ... ഇന്ത്യയുടെ ഒരു സ്റ്റ്രോണ്ട്‌ കക്ഷിയായിരുന്നു... ങാ.. ഇനി പറഞ്ഞിട്ടെന്താ കാര്യം.. രോഗീലേപനം കൊടുത്തുപോയില്ലേ... അത്‌ പോട്ടെ, ഇനി ചൈനയ്ക്ക്‌ രോഗീലേപനം കൊടുക്കന്‍ പ്ലാനുണ്ടോ അച്ചാ...???"

"മോനേ.. ജോണിക്കുട്ടീ... നീ ഊതല്ലേ... അതീന്ന് പിടിവിട്‌ മോനേ.. വേറെ വല്ലോം പറ"

"അല്ലാ.. ഇനി ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക്‌ രോഗീലേപനം കൊടുക്കാന്‍ പോകാന്ന് കേട്ടു.. ശരിയാണോ അച്ചോ..???"

"മിക്കവാറും വേണ്ടിവരും... നമ്മളെ ജീവിയ്ക്കാന്‍ സമ്മതിക്കില്ലാന്ന് വച്ചാല്‍ എന്ത്‌ ചെയ്യും... ഡിവൈന്‍ പ്രശ്നം, അഭയ കൊലക്കേസ്‌ തുടങ്ങിയയൊക്കെ പൊക്കിക്കൊണ്ട്‌ വരണുണ്ട്‌.. എന്റെ ഈശോയേ.. എവിടെക്കൊണ്ട്‌ ആക്കുമോ ആവോ.... അതും കൂടാണ്ട്‌ കുറച്ച്‌ കോളേജ്‌ കച്ചോടം നടത്തി നാല്‌ കാശുണ്ടാക്കാന്‍ നോക്കുമ്പോ ദേ വരുന്നു കുറേ നിയമോം മറ്റുമായിട്ട്‌... ഇവരെക്കൊണ്ട്‌ തോറ്റു..."

"ഓ.. അപ്പോ അതാണല്ലേ കാര്യം...??"

"ദേ.. നീയിത്‌ പത്രത്തിലൊന്നും ഇടത്തില്ലല്ലോ അല്ലേ... വെറുതേ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കല്ലേ..."

"ഇല്ലച്ചോ.. ഒന്ന് ക്ലിയറാക്കാന്‍ ചോദിച്ചെന്നേയുള്ളൂ... പിന്നെ, ആ മത്തായി ചാക്കോയെ പള്ളിക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് കേട്ടു... നമ്മള്‍ പിടിച്ചെടുത്തോ...??"

"പിന്നില്ലാതെ... അബോധാവസ്ഥയിലാവുന്നതുവരെ അങ്ങേര്‌ വല്ല്യ പാര്‍ട്ടിക്കാരനായിരുന്നിരിയ്ക്കും.. പക്ഷെ, അബോധാവസ്ഥയിലായപ്പോള്‍ നമ്മള്‍ കയറി രോഗീലപനോം മറ്റും കൊടുത്ത്‌ ഏറ്റെടുത്തില്ലേ... അപ്പോ പിന്നെ നമ്മുടെ ആളല്ലേ???"

"അതല്ല അച്ചോ.. മരണശേഷം പുള്ളിക്കാരനെ മതപരമായ ചടങ്ങുകളില്ലാതെ അടക്കം ചെയ്യണം എന്ന് പുള്ളി വ്യക്തമായി പറഞ്ഞ്‌ വച്ചിരുന്നു എന്നാണല്ലോ കേട്ടത്‌.."

"അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല.. മരണത്തിനുമുന്‍പ്‌ നമ്മുടേ ആളാക്കിയില്ലേ.. അത്‌ മതി.. അപ്പോ പിന്നെ നമുക്ക്‌ വിട്ട്‌ തരേണ്ടതായിരുന്നു.."

"പിന്നെ, അച്ചോ... പല സ്ഥലത്തും നമ്മുടെ പാതിരിമാരെയും മതപ്രചാരകരേയും പല ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ചതും അവര്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതും കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നാ കേട്ടത്‌... അപ്പോ ഇനി മതസ്വാതന്ത്ര്യം എന്ന് പറഞ്ഞ്‌ പാവങ്ങളെ പിന്നാലെ നടന്ന് പലതും കൊടുത്ത്‌ മതത്തില്‍ ചേര്‍ക്കാന്‍ നടന്നാല്‍ വല്ല ഹിന്ദുവര്‍ഗ്ഗീയന്മാരുടേന്നും നല്ല വീക്ക്‌ വാങ്ങിയാല്‍ കൊള്ളേണ്ടിവരും... ഒരാളും തിരിഞ്ഞു നോക്കീന്ന് വരില്ല... മാത്രമല്ല, രണ്ടെണ്ണം കൊണ്ടോട്ടെ എന്ന് മനസ്സില്‍ പറയുകയും ചെയ്യും..."

"ജോണിക്കുട്ടീ.. നീ ആരെയാ പേടിപ്പിക്കുന്നേ... നമുക്കും സേനയും ട്രെയിനിങ്ങും ഒക്കെ വരാന്‍ പോവാ... അതറിയോ??"

"ഓഹോ.. അപ്പോ നല്ല ചേലായിരിയ്ക്കും... ഹിന്ദു ക്രിസ്ത്യന്‍ മതമൈത്രി കണ്ട്‌ രോമാഞ്ചം കൊള്ളാന്‍ കാത്തിരിയ്ക്കാം അല്ലേ... നമ്മുടേ ആയുധം എന്തായിരിയ്ക്കും.. ശൂലോം വാളും അവന്മാരുടെ കുത്തകയല്ലേ??"

"കുഞ്ഞാടേ..നീ ഈ മുനവച്ചുള്ള ഡയലോഗ്‌ കുറേ നേരമായീട്ടോ.. മതി നിര്‍ത്തിക്കോ..."

"അച്ചോ.. ഒരു ലാസ്റ്റ്‌ ചോദ്യം കൂടി... നമുക്ക്‌ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങിയാല്‍ എന്താ?? വിശ്വാസികളെക്കൊണ്ട്‌ നിര്‍ബദ്ധിപ്പിച്ച്‌ വോട്ട്‌ ചെയ്യിപ്പിക്കാലോ... ഭരണം കിട്ടിയാല്‍ നമ്മുടെ ഇഷ്ടത്തിന്‌ കോളേജ്‌ കച്ചോടം നടത്താം, മതപ്രചാരം നടത്താം... മൊത്തത്തില്‍ അടിച്ച്‌ പൊളിയ്ക്കാം... എന്താ??"

"ഓ.. അതിന്‌ നിന്റെ ഉപദേശം ഒന്നും വേണ്ടാട്ടോ... അതൊക്കെ ഞങ്ങളുടെ പ്ലാനിലുണ്ട്‌... മതി മതി... ഇത്രേം മതി.... നിന്റെ കുറേ സംശയങ്ങള്‌... പിന്നേയ്‌... ഇതൊന്നും പത്രത്തില്‍ കൊടുത്തേക്കല്ലേട്ടോ... കുഞ്ഞാട്‌ മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞൂന്നേയുള്ളൂ..."

"ശരി അച്ചോ.. പത്രത്തില്‍ കൊടുക്കൂല്ലാ.."

'പാവം അച്ചന്‍.. ബ്ലോഗിംഗ്‌ എന്ന പരിപാടിയുണ്ടെന്ന് പുള്ളിക്കറിയില്ലെന്ന് തോന്നുന്നു... ബ്ലോഗില്‍ കൊടുക്കരുതെന്ന് പറാഞ്ഞിട്ടില്ലല്ലോ...' ജോണിക്കുട്ടി മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഇന്റര്‍നെറ്റ്‌ കഫേ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

Monday, October 1, 2007

സര്‍ക്കാര്‍ ജോലി

പി.എസ്‌.സി. പരീക്ഷയെഴുതി ഒരു സര്‍ക്കാര്‍ ജോലി സംഘടിപ്പിക്കുക എന്നത്‌ അല്‍പം ബുദ്ധിമുട്ടി നന്നായി പ്രിപ്പയര്‍ ചെയ്താല്‍ നടക്കാവുന്ന കാര്യമേയുള്ളൂ എന്നത്‌ എന്റെ കുറേ സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.

പ്രീഡിഗ്രി കഴിഞ്ഞ കാലം മുതല്‍ അമ്മ എന്നെ പല ടെസ്റ്റുകളും എഴുതാന്‍ നിരന്തരം പ്രേരിപ്പിക്കുമായിരുന്നു. ഒന്നും പഠിക്കാതെ പോയി ഒരു ബാങ്ക്‌ ടെസ്റ്റോ, പി.എസ്‌.സി. പരീക്ഷയോ എഴുതിയാല്‍ ഒരു ജോലി കിട്ടുമെന്ന് അന്നും ഇന്നും എനിയ്ക്ക്‌ ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ, കുറേ ടെസ്റ്റ്‌ എഴുതിക്കഴിയുമ്പോള്‍ ഒരെണ്ണം കിട്ടും എന്ന അന്ധവിശ്വാസത്തിലായിരുന്നു എന്റെ അമ്മ. ഒടുവില്‍ സോഫ്റ്റ്‌ വെയര്‍ മേഖലയില്‍ കയറിപ്പറ്റി തരക്കേടില്ലാതെ ജോലി ചെയ്തു തുടങ്ങിയതില്‍ പിന്നെയാണ്‌ അമ്മയുടെ നിര്‍ബദ്ധം ഒന്ന് കുറഞ്ഞത്‌ (എന്ന് കരുതി ഇപ്പോഴും അമ്മയ്ക്ക്‌ താല്‍പര്യമില്ലാതില്ല).

എന്നെ സംബദ്ധിച്ചിടത്തോളം ഇന്നത്തെ മാനസികാവസ്ഥയില്‍ ഒരു ഗവര്‍ണ്‍മന്റ്‌ ജോലി എന്നത്‌ ചിന്തിക്കാന്‍ തന്നെ പേടിയാണ്‌. എന്നും ഒരേ ഷെഡ്യൂളില്‍ ജോലി ചെയ്യുകയും, ഒന്നും ചെയ്യാതിരിക്കുകയും അങ്ങനെ ഇരുന്ന് ഇരുന്ന് ചെറുപ്പത്തിലേ വയസ്സനായിപ്പോകുകയും ചെയ്യുമല്ല്ലോ എന്നതാണ്‌ എന്റെ നിഗമനം.

കുറച്ച്‌ കാലമായി ഞാന്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജോലിഭാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഈ കുറഞ്ഞ കാലയളവില്‍ കാര്യമായ അന്വേഷണങ്ങളില്ലാതെ എനിയ്ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞ പലതും നമ്മെ ഞെട്ടിക്കുന്ന വസ്തുതകളാണ്‌.

നല്ലപോലെ അവരവരുടെ ജോലികള്‍ ചെയ്യുന്ന സത്യസന്ധരായ ആളുകള്‍ ഇനി ഞാന്‍ താഴെ വിവരിക്കാന്‍ പോകുന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു.

'ജോലിയെടുക്കാതെ ശമ്പളം വാങ്ങുക' എന്ന നാണമില്ലാത്ത മാനസികാവസ്ഥയുള്ള നിരവധി പേര്‍ ഈ രംഗത്തുണ്ടെന്നുള്ളത്‌ ഒരു സത്യാവസ്ഥയാണ്‌.സമയത്തിന്റെ കാര്യത്തില്‍ യാതൊരു കൃത്യതയും ഈ മേഖലയില്‍ പല ഡിപ്പാര്‍ട്ട്‌ മെന്റുകളിലും ആവശ്യമില്ല. പല ഡിപ്പാര്‍ട്ട്‌ മെന്റുകളും യാതൊരു പണിയും ഇല്ലാതെ ഉദ്യോഗസ്ഥരെ വെറുതെ ജോലിക്കിരുത്തി മാസാമാസം ശമ്പളം കൊടുക്കുന്നവയാണ്‌. ആണ്ടിലോ ശങ്കരാന്തിക്കോ ഒരു പണി വന്നാല്‍ ആയി എന്ന അവസ്ഥ.

ആഴ്ചയിലൊരിക്കല്‍ മാത്രം ഓഫീസില്‍ ചെന്ന് ഒപ്പിട്ട്‌ തിരിച്ച്‌ വരുന്ന ഒരു ഗവര്‍ണ്‍മന്റ്‌ ജീവനക്കാരിയെ എനിയ്ക്‌ നേരിട്ടരിയാം. അവരുടെ തലപ്പത്തിരിക്കുന്ന പുള്ളിക്കാരനാണെങ്കിലോ മാസത്തിലൊരിക്കലോ മറ്റോ വന്നാലായി എന്നതാണത്രേ സ്ഥിതി.

മറ്റൊരു സ്ഥാപനത്തില്‍ ഓണ്‍ ഡ്യൂട്ടിയില്‍ ലീവ്‌ എടുക്കാം. എന്തൊരു നല്ല ഫസിലിറ്റി. അതായത്‌, ലീവ്‌ എഴുതിവച്ച്‌ സ്ഥലം വിടാം (ആരെങ്കിലും ഇന്‍സ്പെക്ഷന്‌ വന്നാല്‍ ലീവ്‌ അപ്ലിക്കേഷന്‍ ഉണ്ടല്ലോ). എന്നിട്ട്‌ ലീവ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വന്നിട്ട്‌ ആ ലീവ്‌ കാന്‍സല്‍ ചെയ്യാം (അതായത്‌ കീറിക്കളയാം എന്ന്).

എന്റെ അനിയന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വാര്‍ഡന്‍ ചാര്‍ജുള്ള ആള്‍ക്ക്‌ വേണമെങ്കില്‍ ഈ പരിപാടി വച്ച്‌ നല്ല കാശ്‌ വാരാം അത്രേ. അവന്‌ മുന്‍പ്‌ അവിടെ ഉണ്ടായിരുന്ന കക്ഷി ഇങ്ങനെ കുറേ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ കണക്ക്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ ഹാന്‍ഡ്‌ ഓവര്‍ ചെയ്യാന്‍ അല്‍പസമയമെടുത്തെന്നും ഉള്ളത്‌ ഞാന്‍ എന്റെ അനിയനില്‍ നിന്ന് അറിഞ്ഞ കാര്യം. അതായത്‌, ഹോസ്റ്റലിലേയ്ക്ക്‌ വാങ്ങുന്നതില്‍ അളവിലും വിലയിലും നല്ല വ്യത്യാസം കാണിക്കാനുള്ള സാഹചര്യം നിലവിലുണ്ട്‌ എന്നതാണ്‌ ഇവിടുത്തെ പ്രത്യേകത.

മറ്റൊരു വിവരം എനിയ്ക്ക്‌ ഒരു സുഹൃത്തില്‍ നിന്ന് മനസ്സിലായത്‌ ഇതിനേക്കാല്‍ അതിശയിപ്പിക്കുന്നതാണ്‌. ഒരു വനിതാ ഉദ്യോഗസ്ഥ തിരുവനന്തപുരത്ത്‌ നിന്ന് എറണാകുളത്തേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആയി വന്നു. അവര്‍ ഒരു കൊല്ലക്കാലം മാസം ശമ്പളം വാങ്ങാന്‍ വേണ്ടിമാത്രം ഒരുദിവസം എറണാകുളത്ത്‌ എത്തുമത്രേ. ഇത്‌ ഒരു അതിശയോക്തിയല്ല, സത്യം മാത്രം.

ഇങ്ങനെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരുന്ന് പണിയെടുക്കുന്നു എന്ന വ്യാജേന അവനവന്റെ കാര്യങ്ങള്‍ നടത്തുന്ന നല്ലൊരു പങ്ക്‌ ജീവനക്കാരുണ്ട്‌. അവര്‍ക്ക്‌ സര്‍ക്കാരിനോടോ ജനങ്ങളോടോ യാതൊരു ബാദ്ധ്യതയില്ല, ഉത്തരവാദിത്വങ്ങളില്ല. പ്രൈവറ്റ്‌ സ്ഥാപനങ്ങളില്‍ നല്ല പോലെ അദ്ധ്വനിച്ച്‌ ജോലി ചെയ്ത്‌ കിട്ടുന്ന കാശില്‍ നിന്ന് ഗവര്‍ണ്മെന്റിന്‌ ടാക്സ്‌ കൊടുക്കുന്ന നിരവധിപേരുണ്ട്‌. ആ കാശില്‍ നിന്ന് കൂടിയാണ്‌ ഇത്തരം ആണും പെണ്ണും കെട്ടവര്‍ക്ക്‌ ശമ്പളം കൊടുക്കുന്നതിന്റെ ഒരു പങ്ക്‌ കിട്ടുന്നത്‌ എന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്ന്.

ഗവര്‍ണ്‍മന്റ്‌ ഓഫീസുകളില്‍ പഞ്ചിംഗ്‌ സിസ്റ്റം കൊണ്ടുവന്നപ്പോള്‍ എന്തായിരുന്നു പുകില്‌? അവനവന്റെ ജോലി സമയം രേഖപ്പെടുത്തുന്നതില്‍ ഭയമുള്ളത്‌ തന്നെ അവര്‍ ചെയ്യുന്നത്‌ കള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ്‌.

ഇവിടെ സത്യസന്ധരായ പത്രപ്രവര്‍ത്തകരും കുറഞ്ഞ്‌ വരുന്നു. ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള പത്രങ്ങളോ പത്രപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കിയശേഷം അവിടങ്ങളില്‍ ഒരു സര്‍വ്വേ നടത്തട്ടെ. കൃത്യമായി അവിടങ്ങളിലെ ജീവനക്കാരുടെ ജോലിയെക്കുറിച്ചും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ചും ജനങ്ങളെ അറിയിക്കട്ടെ. യാതൊരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങുന്നവരുടെ മുഖം മൂടി വലിച്ചെറിയട്ടെ. എന്തിനാണ്‌ നമുക്ക്‌ അങ്ങനെയുള്ള സ്ഥാപനങ്ങള്‍? വല്ലപ്പോഴും മാത്രമേ ജോലിയുള്ളൂ എന്ന തരം സ്ഥാപനങ്ങളില്‍ അവരെ മറ്റ്‌ മേഖലകളില്‍ കൂടി ട്രെയിന്‍ ചെയ്ത്‌ കൂടുതല്‍ പ്രൊഡക്റ്റീവ്‌ ആക്കുകയല്ലേ വേണ്ടത്‌?

നമുക്ക്‌ ഇവിടെ കൃത്യമായ ട്രാക്കിംഗ്‌ മെക്കാനിസം ആണ്‌ വേണ്ടത്‌. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ ആക്റ്റിവിറ്റീസ്‌ ട്രാക്ക്‌ ചെയ്യാന്‍ ഒരു സംവിധാനം വേണം. സെന്റ്രലൈസ്ഡ്‌ ആയി ഇവയെ മോണിറ്റര്‍ ചെയ്യാനും സാധിക്കണം. ഓരോ സ്ഥാപനങ്ങളിലും ജോലിയുടെ പ്രത്യേകതകളനുസരിച്ച്‌ ടാസ്ക്‌ കൃത്യമായി വിഭജിച്ച്‌ കൊടുക്കാനും അതിന്റെ സ്റ്റാറ്റസ്‌ അവരെക്കൊണ്ട്‌ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യിക്കാനും സാധിക്കണം. അതുപയോഗിച്ച്‌ ഓരോരുത്തരുടേയും പ്രൊഡക്റ്റിവിറ്റി അളക്കാനുള്ള സംവിധാനങ്ങള്‍ വേണം.

ഇതൊക്കെ എന്റെ സ്വപ്നങ്ങള്‍ മാത്രം..

പക്ഷെ, ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്‌. ഇന്നത്തെ തൊഴില്‍ രീതികളും ജീവനക്കാരുടെ അവകാശങ്ങളും സംഘടനകളും അത്തരം നടപടികളോട്‌ എന്നും വിരോധം പുലര്‍ത്തുന്നവരാണെന്നതാണ്‌ കഷ്ടം.

ശക്തമായതും ദിശാബോധമുള്ളതുമായ സര്‍ക്കാരും, ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥരും ജനങ്ങളുടെ സപ്പ്പോര്‍ട്ടോടെ ഇത്തരം നടപടികളുമായി മുന്നോട്ട്‌ വരികയും പതുക്കെ പതുക്കെ ഓരോ മേഖലകളായി കമ്പ്യൂട്ടര്‍ വത്ക്കരിക്കുകയും ചെയ്ത്‌ ആ ലക്ഷ്യത്തിലേയ്ക്ക്‌ അടുക്കാന്‍ കഴിയുമെന്ന് ഞാന്‍ ആശിക്കുന്നു.