Wednesday, October 17, 2007

രഹസ്യമായ പരസ്യം

തോമ്മാച്ചന്‍ പാര്‍ട്ടി ലോക്കല്‍ സമ്മേളനോം കഴിഞ്ഞ്‌ വീട്ടില്‍ വന്ന് കയറിയതേയുള്ളൂ..

"നിങ്ങളറിഞ്ഞോ.... വിശ്വാസികളായ എല്ലാ പാര്‍ട്ടിക്കാരും പാര്‍ട്ടി വിട്ട്‌ തിരിച്ച്‌ വരണമെന്ന്.. ഇനി പാര്‍ട്ടിക്കാരായോരേ പള്ളിയ്ക്ക്‌ വേണ്ടാന്ന്... ഇന്ന് പള്ളീലെ യോഗത്തില്‌ വച്ച്‌ അച്ചന്‍ പറഞ്ഞതാ..." ശൊശാമ്മ വേവലാതിയോടെ പറഞ്ഞു.

"തിരിച്ചുവരണമെന്നോ??? അതിന്‌ സൗകര്യമുള്ളപ്പോ തിരിച്ച്‌ വിളിയ്ക്കാനും പറഞ്ഞ്‌ വിടാനും പള്ളിക്കാരല്ലല്ലോ എന്നെ പാര്‍ട്ടിയിലേയ്ക്കയച്ചത്‌...." തോമ്മാച്ചന്റെ കൂസലില്ലാത്ത മറുപടി.

"നിങ്ങളങ്ങനൊക്കെ പറഞ്ഞിട്ടെന്താക്കാനാ മനുഷ്യാ... ദേ നിങ്ങള്‌ കാരണം ഞങ്ങളെ പള്ളീന്ന് ഒറ്റപ്പെടുത്താന്‍ ഇടയാക്കണ്ടാട്ടോ.... പിള്ളേരുടെ കാര്യങ്ങളും നമ്മുടെ മരണാനന്തരകര്‍മ്മങ്ങളൊക്കെ നടത്താനുള്ളതാ പറഞ്ഞേക്കാം..."

"എടീ ശോശാമ്മേ... ദൈവപരമായ കാര്യങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന് ഉപദേശിക്കാനും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാനുമാ ഈ മതമേലദ്ധ്യക്ഷന്മാര്‍... അല്ലാതെ ഭീഷണിപ്പെടുത്തി അങ്ങോട്ട്‌ നടക്കരുത്‌, നോക്കരുത്‌, മിണ്ടരുത്‌ എന്നൊക്കെ പറയാനല്ലാ... നീ ഒന്ന് ചുമ്മായിരിയ്ക്ക്‌... അച്ചന്മാര്‍ ഈ നുണയും പറഞ്ഞ്‌ ആള്‍ക്കാരെ പറ്റിച്ച്‌ എത്രകാലം പോകും എന്ന് നോക്കട്ടെ..."

"ഈ മനുഷ്യന്‍ ഞങ്ങളെ കണ്ണീരു കുടിപ്പിക്കുമെന്നാ തോന്നുന്നേ...." ശോശാമ്മച്ചേടത്തി അടുക്കളയിലേയ്ക്ക്‌ പോയി.

************************
രംഗം ബിഷാപ്പിന്റെ അരമന...... അവിടെ പള്ളീലച്ചന്മാരുടെ ഒരു തിരക്ക്‌... അവിടേയ്ക്ക്‌ ആ നാട്ടുകാരനും പത്രപ്രവര്‍ത്തകനായ ജോണിക്കുട്ടി കടന്ന് വരുന്നു...

ജോണിക്കുട്ടിയെകണ്ട്‌ കപ്പ്യാര്‍ കം വാച്ചറായ പൗലോസേട്ടന്‍ അടുത്തേയ്ക്ക്‌ വന്നു..

"എന്താ ജോണിക്കുട്ട്യേ ഈ വഴിയ്ക്കൊക്കെ???"

"പൗലോസേട്ടാ.. ബിഷപ്പിനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം... ഒന്ന് പോയി ചോദിച്ചിട്ട്‌ വരൂ.."

"തിരുമേനി അരമനയില്‍ വിശ്രമത്തിലാണ്‌.. സമ്മതിയ്ക്ക്യോ ആവോ?..."

"അല്ല... കമ്പ്ലീറ്റ്‌ രാജകീയപദങ്ങളാണല്ലോ പൗലോസേട്ടാ.. തിരുമേനി, അരമന... ങും ങും..." ജോണിക്കുട്ടി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

"പിന്നല്ലാതേ... ഞാന്‍ ചെന്ന് ചോദിച്ചിട്ട്‌ വരാം..." പൗലോസേട്ടന്‍ അകത്തേയ്ക്ക്‌ പോയി.

പൗലോസേട്ടന്റെ കൂടെ ഒരു അച്ചന്‍ പുറത്തേയ്ക്ക്‌ വന്നു...

"അതേയ്‌... പത്രക്കാരോട്‌ ഒന്നും പറയാനില്ലാ.. ഇപ്പോ തന്നെ പുലിവാല്‌ പിടിച്ചിരിയ്ക്ക്യാ മോനേ..." അച്ചന്‍ പറഞ്ഞു.

"അച്ചോ.. എനിയ്ക്ക്‌ മനസ്സില്‍ തോന്നിയ കുറച്ച്‌ സംശയങ്ങള്‍ ഒന്ന് ചോദിച്ച്‌ മനസ്സിലാക്കാനാ... പത്രത്തില്‍ പ്രസിദ്ധീകരിക്കാനൊന്നുമല്ല... ഒരു വിശ്വാസിയുടെ സംശയങ്ങള്‍ ദൂരീകരിച്ച്‌ തരണമെന്ന അപേക്ഷയേ ഉള്ളൂ.." ജോണിക്കുട്ടി പറഞ്ഞു.

"അച്ചോ.. ഇത്‌ നമ്മുടെ ജോണിക്കുട്ട്യാ.. ഇവിടെ അടുത്താ വീട്‌... നല്ല വിശ്വാസിയാ..." പൗലോസേട്ടന്റെ വക ഒരു സപ്പോര്‍ട്ട്‌.

"വിശ്വാസിയല്ലെങ്കിലും ആക്കിയെടുക്കാന്‍ ഞങ്ങള്‍ക്കറിയാം.." അച്ചന്‍ അല്‍പം കടുത്ത ഭാഷയില്‍.

ഒന്ന് പകച്ച ജോണിക്കുട്ടിയെ നോക്കി സമനിലവീണ്ടെടുത്ത്‌ അച്ചന്‍ പറഞ്ഞു. "ഓ.. ആ പ്രകടനോം പൊതുയോഗേം കഴിഞ്ഞതിന്റെ ഹാങ്ങ്‌ ഓവറില്‍ പറഞ്ഞ്‌ പോയതാ... താന്‍ വാ... പേപ്പറില്‍ കൊടുക്കാനല്ലെങ്കില്‍ നമുക്ക്‌ സംസാരിയ്ക്കാം..."

അച്ചന്റെ കൂടെ ജോണിക്കുട്ടി അകത്തേയ്ക്ക്‌ നടന്നു.

"ങാ.. ചോദിച്ചോളൂ... എന്തൊക്കെയാ സംശയങ്ങള്‍??"

"അച്ചോ.. ഈ മത്തായി ചാക്കോയെക്കുറിച്ച്‌ ചിലതൊക്കെ അറിയാനാ... സത്യത്തില്‍ പുള്ളിക്കാരന്‍ വിശ്വാസിയായിരുന്നോ??"

"പിന്നല്ലാതെ..." അച്ചന്റെ മറുപടി.

"അപ്പോ.. ശരിയ്ക്കും അന്ത്യകൂദാശ കൊടുത്തിരുന്നോ?"

"അത്‌ പിന്നെ.. ഈ രോഗീലേപനം, അപ്പം, അന്ത്യകൂദാശ എന്നിവയൊക്കെ പലതരം പദങ്ങള്‍ സാഹചര്യങ്ങള്‍ അനുസരിച്ച്‌ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ചട്ടങ്ങളുടേയും മാറ്റങ്ങളുടേയും ഫലമായി അതിനെ എങ്ങനെ വേണമെങ്കിലും നമുക്ക്‌ വ്യഖ്യാനിയ്ക്കാം.."

"എന്ത്‌??? " ജോണിക്കുട്ടി അന്തം വിട്ട്‌ ഇരുന്നുകൊണ്ട്‌ ചോദിച്ചു.

"മോനേ.. അതൊക്കെ ടെക്നിക്കല്‍ ടേര്‍മുകളാണ്‌.. അതൊക്കെ മനസ്സിലാക്കാന്‍ നല്ല വിജ്നാനം വേണം.."

"അച്ചോ.. അത്‌ പോട്ടെ... ഈ പുള്ളിക്കാരന്‍ അബോധാവസ്ഥയിലായിരുന്നൂന്നാണല്ലോ കേട്ടത്‌..."

"അബോധാവസ്ഥയിലാവുന്നതിനുമുന്‍പ്‌ നമ്മള്‍ അവിടെ ചെന്നിരുന്നു... അന്ന് മാല കൊടുത്തപ്പോള്‍ വാങ്ങിയില്ലേ??" അച്ചന്റെ വിശദീകരണം.

"അത്‌ പിന്നെ, ആ നിലയില്‍ കിടക്കുന്ന ഒരളുടെ അടുത്ത്‌ ചെന്ന് അതുമിതും പറഞ്ഞ്‌ മാല കൊടുത്താല്‍ 'എടുത്തോണ്ട്‌ പോടാ നിന്റെ ഒരു മാല' എന്ന് ആരേലും പറയോ അച്ചാ..."

"മോനേ.. ജോണിക്കുട്ടീ.. നീ സ്മാര്‍ട്ട്‌ ആവാണോ??"

"അല്ലച്ചോ... സംശയം ചോദിച്ചൂന്ന് മാത്രം... അത്‌ പോട്ടെ... ഈ അബോധാവസ്ഥയിലായിരുന്നപ്പോ എന്ത്‌ കൊടുത്തൂന്നാ പറഞ്ഞത്‌.. ബോധത്തോടെ സ്വീകരിച്ചൂന്നും പറഞ്ഞല്ലോ..." ജോണിക്കുട്ടിയുടെ ചോദ്യം വീണ്ടും.

"നമ്മള്‍ രോഗീലേപനം കൊടുത്തു.... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വം ആ കുഞ്ഞാട്‌ അത്‌ സ്വീകരിച്ചു..."

"എന്ത്‌???... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വമോ??"

"ങാ.. അത്‌ തന്നെ.. എന്തേ അങ്ങനെ പാടില്ലേ??" അച്ചന്‌ ദേഷ്യം വന്നു..

"അല്ലച്ചോ... അപ്പോ പിന്നെ അതിനെ കുറച്ചുകൂടി ടെക്നിക്കലായി പറഞ്ഞാല്‍ മതിയായിരുന്നു... അതായത്‌, വൈദ്യശാസ്ത്രപരമായി അബോധാവസ്ഥയിലായിരുന്നെങ്കിലും ദൈവശാസ്ത്രപരമായി ബോധാവസ്ഥയുണ്ടായിരുന്നു എന്നോ മറ്റോ..."

"ഓ.. ഇനി അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല... അതൊക്കെ അന്നേ കാസറ്റിലും മറ്റും പകര്‍ത്തീന്നാ കേട്ടത്‌... അത്‌ പോട്ടേ.. വേറെ എന്തേലുമുണ്ടേല്‍ ചോദിയ്ക്ക്‌.."

"പിന്നെ അച്ചോ... ഇന്നലെ പ്രകടനത്തില്‍ രാഷ്ട്രീയക്കാരെ വെല്ലുന്ന പ്രസംഗമായിരുന്നെന്ന് കേട്ടു... എന്തൊരു കാച്ചാ കാച്ചിയത്‌.."

"പിന്നല്ലാതെ... നമ്മളോടാ കളി.... പള്ളീന്ന് വിളിച്ച്‌ പറഞ്ഞാ വരാത്ത ക്രിസ്ത്യാനികളുണ്ടോ... വന്നില്ലേല്‍ ഒക്കേത്തിനും പിന്നീട്‌ പണികൊടുക്കും അത്ര തന്നേ... പിന്നെ പ്രസംഗിച്ചത്‌... നമ്മളും തറയാണേല്‍ തറ... കളി നമ്മളോട്‌ വേണ്ടാ.." അച്ചന്‍ വീണ്ടും രോഷം കൊണ്ടു.

"അച്ചോ.. ഈ ക്രിസ്തുവിന്റെ രീതിയനുസരിച്ച്‌ സൗമ്യമായി കാര്യങ്ങളെ സമീപിക്കലല്ലേ അതിന്റെ ഒരു രീതി.. ഒരു കരണത്തടിച്ചാല്‍ മറ്റേ കരണവും കാണിച്ചുകൊടുക്കുക എന്നൊക്കെ.." വീണ്ടും ജോണിക്കുട്ടിയുടെ സംശയം.

"പിന്നേ.. മറ്റേ കരണോം കാണിച്ച്‌ കൊടുക്കല്‌.. പണ്ട്‌ ക്രിസ്തു അതൊക്കെ പറഞ്ഞിട്ടുണ്ടാവും.. അന്ന് ഈ രാഷ്ട്രീയോം പള്ളിവക കച്ചോടങ്ങളും ഒന്നും ഇല്ല... ഇതിപ്പോ എല്ലാം മര്യാദയ്ക്ക്‌ നടക്കണമെങ്കില്‍ അല്‍പം ഈ സൈസ്‌ കാര്യങ്ങളും വേണം.."

"പിന്നെ, അച്ചന്‍ പ്രസംഗിച്ചൂന്ന് കേട്ടു റഷ്യയില്‍ രോഗീലേപനം കൊടുത്തൂന്നോ മറ്റോ?? അപ്പോ നമ്മള്‌ രോഗീലേപനം കൊടുത്തതുകൊണ്ടാണല്ലേ അവിടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പൊളിഞ്ഞത്‌, റഷ്യ തവിടുപൊടിയായത്‌... "

"പിന്നല്ലാതെ?"

"എന്നാലും അവിടുത്തെ കാര്യങ്ങള്‍ ഇപ്പോ കഷ്ടാന്നാ കേട്ടത്‌... ഒരു ദരിദ്ര രാജ്യം പോലായി അത്രേ... ഇന്ത്യയുടെ ഒരു സ്റ്റ്രോണ്ട്‌ കക്ഷിയായിരുന്നു... ങാ.. ഇനി പറഞ്ഞിട്ടെന്താ കാര്യം.. രോഗീലേപനം കൊടുത്തുപോയില്ലേ... അത്‌ പോട്ടെ, ഇനി ചൈനയ്ക്ക്‌ രോഗീലേപനം കൊടുക്കന്‍ പ്ലാനുണ്ടോ അച്ചാ...???"

"മോനേ.. ജോണിക്കുട്ടീ... നീ ഊതല്ലേ... അതീന്ന് പിടിവിട്‌ മോനേ.. വേറെ വല്ലോം പറ"

"അല്ലാ.. ഇനി ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക്‌ രോഗീലേപനം കൊടുക്കാന്‍ പോകാന്ന് കേട്ടു.. ശരിയാണോ അച്ചോ..???"

"മിക്കവാറും വേണ്ടിവരും... നമ്മളെ ജീവിയ്ക്കാന്‍ സമ്മതിക്കില്ലാന്ന് വച്ചാല്‍ എന്ത്‌ ചെയ്യും... ഡിവൈന്‍ പ്രശ്നം, അഭയ കൊലക്കേസ്‌ തുടങ്ങിയയൊക്കെ പൊക്കിക്കൊണ്ട്‌ വരണുണ്ട്‌.. എന്റെ ഈശോയേ.. എവിടെക്കൊണ്ട്‌ ആക്കുമോ ആവോ.... അതും കൂടാണ്ട്‌ കുറച്ച്‌ കോളേജ്‌ കച്ചോടം നടത്തി നാല്‌ കാശുണ്ടാക്കാന്‍ നോക്കുമ്പോ ദേ വരുന്നു കുറേ നിയമോം മറ്റുമായിട്ട്‌... ഇവരെക്കൊണ്ട്‌ തോറ്റു..."

"ഓ.. അപ്പോ അതാണല്ലേ കാര്യം...??"

"ദേ.. നീയിത്‌ പത്രത്തിലൊന്നും ഇടത്തില്ലല്ലോ അല്ലേ... വെറുതേ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കല്ലേ..."

"ഇല്ലച്ചോ.. ഒന്ന് ക്ലിയറാക്കാന്‍ ചോദിച്ചെന്നേയുള്ളൂ... പിന്നെ, ആ മത്തായി ചാക്കോയെ പള്ളിക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് കേട്ടു... നമ്മള്‍ പിടിച്ചെടുത്തോ...??"

"പിന്നില്ലാതെ... അബോധാവസ്ഥയിലാവുന്നതുവരെ അങ്ങേര്‌ വല്ല്യ പാര്‍ട്ടിക്കാരനായിരുന്നിരിയ്ക്കും.. പക്ഷെ, അബോധാവസ്ഥയിലായപ്പോള്‍ നമ്മള്‍ കയറി രോഗീലപനോം മറ്റും കൊടുത്ത്‌ ഏറ്റെടുത്തില്ലേ... അപ്പോ പിന്നെ നമ്മുടെ ആളല്ലേ???"

"അതല്ല അച്ചോ.. മരണശേഷം പുള്ളിക്കാരനെ മതപരമായ ചടങ്ങുകളില്ലാതെ അടക്കം ചെയ്യണം എന്ന് പുള്ളി വ്യക്തമായി പറഞ്ഞ്‌ വച്ചിരുന്നു എന്നാണല്ലോ കേട്ടത്‌.."

"അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല.. മരണത്തിനുമുന്‍പ്‌ നമ്മുടേ ആളാക്കിയില്ലേ.. അത്‌ മതി.. അപ്പോ പിന്നെ നമുക്ക്‌ വിട്ട്‌ തരേണ്ടതായിരുന്നു.."

"പിന്നെ, അച്ചോ... പല സ്ഥലത്തും നമ്മുടെ പാതിരിമാരെയും മതപ്രചാരകരേയും പല ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ചതും അവര്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതും കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നാ കേട്ടത്‌... അപ്പോ ഇനി മതസ്വാതന്ത്ര്യം എന്ന് പറഞ്ഞ്‌ പാവങ്ങളെ പിന്നാലെ നടന്ന് പലതും കൊടുത്ത്‌ മതത്തില്‍ ചേര്‍ക്കാന്‍ നടന്നാല്‍ വല്ല ഹിന്ദുവര്‍ഗ്ഗീയന്മാരുടേന്നും നല്ല വീക്ക്‌ വാങ്ങിയാല്‍ കൊള്ളേണ്ടിവരും... ഒരാളും തിരിഞ്ഞു നോക്കീന്ന് വരില്ല... മാത്രമല്ല, രണ്ടെണ്ണം കൊണ്ടോട്ടെ എന്ന് മനസ്സില്‍ പറയുകയും ചെയ്യും..."

"ജോണിക്കുട്ടീ.. നീ ആരെയാ പേടിപ്പിക്കുന്നേ... നമുക്കും സേനയും ട്രെയിനിങ്ങും ഒക്കെ വരാന്‍ പോവാ... അതറിയോ??"

"ഓഹോ.. അപ്പോ നല്ല ചേലായിരിയ്ക്കും... ഹിന്ദു ക്രിസ്ത്യന്‍ മതമൈത്രി കണ്ട്‌ രോമാഞ്ചം കൊള്ളാന്‍ കാത്തിരിയ്ക്കാം അല്ലേ... നമ്മുടേ ആയുധം എന്തായിരിയ്ക്കും.. ശൂലോം വാളും അവന്മാരുടെ കുത്തകയല്ലേ??"

"കുഞ്ഞാടേ..നീ ഈ മുനവച്ചുള്ള ഡയലോഗ്‌ കുറേ നേരമായീട്ടോ.. മതി നിര്‍ത്തിക്കോ..."

"അച്ചോ.. ഒരു ലാസ്റ്റ്‌ ചോദ്യം കൂടി... നമുക്ക്‌ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങിയാല്‍ എന്താ?? വിശ്വാസികളെക്കൊണ്ട്‌ നിര്‍ബദ്ധിപ്പിച്ച്‌ വോട്ട്‌ ചെയ്യിപ്പിക്കാലോ... ഭരണം കിട്ടിയാല്‍ നമ്മുടെ ഇഷ്ടത്തിന്‌ കോളേജ്‌ കച്ചോടം നടത്താം, മതപ്രചാരം നടത്താം... മൊത്തത്തില്‍ അടിച്ച്‌ പൊളിയ്ക്കാം... എന്താ??"

"ഓ.. അതിന്‌ നിന്റെ ഉപദേശം ഒന്നും വേണ്ടാട്ടോ... അതൊക്കെ ഞങ്ങളുടെ പ്ലാനിലുണ്ട്‌... മതി മതി... ഇത്രേം മതി.... നിന്റെ കുറേ സംശയങ്ങള്‌... പിന്നേയ്‌... ഇതൊന്നും പത്രത്തില്‍ കൊടുത്തേക്കല്ലേട്ടോ... കുഞ്ഞാട്‌ മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞൂന്നേയുള്ളൂ..."

"ശരി അച്ചോ.. പത്രത്തില്‍ കൊടുക്കൂല്ലാ.."

'പാവം അച്ചന്‍.. ബ്ലോഗിംഗ്‌ എന്ന പരിപാടിയുണ്ടെന്ന് പുള്ളിക്കറിയില്ലെന്ന് തോന്നുന്നു... ബ്ലോഗില്‍ കൊടുക്കരുതെന്ന് പറാഞ്ഞിട്ടില്ലല്ലോ...' ജോണിക്കുട്ടി മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഇന്റര്‍നെറ്റ്‌ കഫേ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

10 comments:

സൂര്യോദയം said...

'പാവം അച്ചന്‍.. ബ്ലോഗിംഗ്‌ എന്ന പരിപാടിയുണ്ടെന്ന് പുള്ളിക്കറിയില്ലെന്ന് തോന്നുന്നു... ബ്ലോഗില്‍ കൊടുക്കരുതെന്ന് പറാഞ്ഞിട്ടില്ലല്ലോ...' ജോണിക്കുട്ടി മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഇന്റര്‍നെറ്റ്‌ കഫേ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

സു | Su said...

:) അച്ചന് ബ്ലോഗിംഗ് എന്ന പരിപാടി ഉണ്ടോ ഇല്ലയോ എന്ന് ജോണിക്കുട്ടിയ്ക്ക് താമസിയാതെ മനസ്സിലാവും. ഇതൊക്കെ വിശദീകരിച്ച് ചോദിച്ചിട്ട്, എവിടേം കൊടുക്കില്ലെന്ന് വിശ്വസിക്കുന്ന വിശ്വാസിയായ അച്ചന്‍ ഇപ്പോ ഉണ്ടാവുമോ?

Manoja said...

Said some fact, but be careful. I read the blog of a person who criticized Gandhi and tortured brutally.

ദില്‍ബാസുരന്‍ said...

നല്ല അമര്‍ത്തിയുള്ള കൊട്ടാണല്ലോ. കിടിലന്‍ പോസ്റ്റ്. :-)

കുറുമാന്‍ said...

ഹാവൂ ബ്ലോഗീന്ന് ഈയിടേയായി കാര്യായിട്ടൊന്നും കിട്ടുന്നില്ലല്ലോന്ന് വേവലാതിപെട്ട്, കുരിശുമുത്തപ്പനൊരു മെഴുകുതിരിനേര്‍ന്ന് വലവീശീപ്പോ ഈ ജാതി സ്രാവിനെ കിട്ടുമെന്ന് കരുതിയില്ല. അമറന്‍ പോസ്റ്റ്.......ഇഷ്ടായി, പെരുത്തിഷ്ടായി :)

chuttikkarangunna achan said...

parama valippu post

കൊച്ചുത്രേസ്യ said...

നന്നായി കൊട്ടീട്ടുണ്ട്‌. പള്ളീന്നു പുറത്താവാതെ നോക്കിക്കോ :-)


നിങ്ങളങ്ങനൊക്കെ പറഞ്ഞിട്ടെന്താക്കാനാ മനുഷ്യാ... ദേ നിങ്ങള്‌ കാരണം ഞങ്ങളെ പള്ളീന്ന് ഒറ്റപ്പെടുത്താന്‍ ഇടയാക്കണ്ടാട്ടോ.... പിള്ളേരുടെ കാര്യങ്ങളും നമ്മുടെ മരണാനന്തരകര്‍മ്മങ്ങളൊക്കെ നടത്താനുള്ളതാ പറഞ്ഞേക്കാം...

ഈ ഡയലോഗ്‌ എന്റെ വീട്ടില്‌ ഇടയ്ക്കിടെ കേള്‍ക്കാറുള്ളതു കൊണ്ട്‌ നല്ല പരിചയം തോന്നുന്നു

വാത്മീകി said...

കൊട്ടുന്നെങ്കില്‍ കൊട്ട് ഇങ്ങനെ വേണം. പോസ്റ്റ് കൊള്ളാം.

വേണു venu said...

ജോണിക്ക് തെമ്മാടിക്കുഴി തന്നെ. ബ്ലോഗിലിട്ടേക്കുന്നു.:)

സൂര്യോദയം said...

സു ചേച്ചീ... അച്ചന്‌ ബ്ലോഗിംഗ്‌ അറിഞ്ഞാലും വായിയ്ക്കാന്‍ സമയം കിട്ടുമോ ആവോ? ;-)

manoja താങ്കളുടെ കണ്‍സേര്‍ണിന്‌ നന്ദി... അപ്രിയമാണെങ്കിലും ചില സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല.. സത്യം പറഞ്ഞാല്‍ ഈ പോസ്റ്റ്‌ എഴുതിക്കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു റിലാക്സേഷന്‍ ആയിരുന്നു.

ദില്‍ബാസുര്‍... നന്ദി...

കുറുമാന്‍ ജീ.. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിന്‌ നന്ദി.

chuttikkarangunna acchan... അഭിപ്രായം എന്തായാലും അറിയിക്കാന്‍ കാണിച്ച സൗമനസ്യത്തിന്‌ നന്ദി...

കൊച്ചുത്രേസ്യേ... ക്രിസ്തുവിനേയും അദ്ദേഹത്തിന്റെ വചനങ്ങളേയും ഒരുപാട്‌ സ്നേഹിക്കുന്നുണ്ടെങ്കിലും ജന്മം കൊണ്ട്‌ ഞാനൊരു ക്രിസ്ത്യാനിയല്ല.. അതിനാല്‍ തന്നെ പുറത്താക്കാന്‍ ബുദ്ധിമുട്ടാവും :-)

വാത്മീകീ... സത്യത്തില്‍ നല്ലവരായ ഒരുപാട്‌ പുരോഹിതന്മാരുണ്ടാകാം... പക്ഷെ, ഇപ്പോള്‍ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നു... അതിനാല്‍ ഇങ്ങനെ ഒന്ന് കൊട്ടാതെ നിവര്‍ത്തിയില്ലാതെ വന്നു..

വേണു ജീ... സത്യം പറയുന്നവര്‍ക്ക്‌ തെമ്മാടിക്കുഴിയെങ്കില്‍ ജോണി തെമ്മാടിക്കുഴിയില്‍ തന്നെ കിടക്കട്ടെ, അല്ലേ? :-)