Monday, July 30, 2007

അനിര്‍വ്വചനീയ സത്യങ്ങള്‍ - 2

*രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ അച്ചാച്ചന്‍ അത്യാസന്ന നിലയില്‍ കിടക്കുകയാണ്‌.

അച്ഛനും അമ്മയും നാലാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിയും, അച്ചാച്ചനും അച്ചമ്മയും അടങ്ങിയ കുടുംബം.

അവള്‍ക്ക്‌ അച്ചാച്ചനോടായിരുന്നു കൂടുതല്‍ അടുപ്പം... ചേച്ചിക്ക്‌ അച്ചമ്മയോടും...

അച്ചാച്ചന്‍ നന്നായി പുകവലിയ്കുമായിരുന്നു. അദ്ധ്യാപകനായ ഏകമകന്‍ (അവളുടെ അച്ഛന്‍) താല്‍പര്യപ്പെട്ടിട്ടും അച്ചാച്ചന്‍ പുകവലി ഉപേക്ഷിച്ചില്ല. ഒടുവില്‍ തൊണ്ടയില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി ചികിത്സ തുടങ്ങി. പലതവണ ആശുപത്രിയില്‍ പോയി ചികില്‍സിച്ചു. ഒടുവില്‍ തൊണ്ടയില്‍ ഒരു ദ്വാരം ഉണ്ടാവുകയും അത്‌ സ്ഥിരമായി ഡ്രസ്സ്‌ ചെയ്യുകയും വേണ്ടിവന്നു. മകന്‍ തന്നെ അത്‌ ഡ്രസ്സ്‌ ചെയ്യും. പക്ഷെ, അത്‌ കഴിഞ്ഞാല്‍ തലകറക്കം മൂലം കസേരയില്‍ തളര്‍ന്നിരിക്കുമെന്ന് മാത്രം.

സംസാരശേഷി നഷ്ടപ്പെട്ട അച്ചാച്ചന്‍ കട്ടിലില്‍ തട്ടിയാണ്‌ വിളിക്കുക. തൊട്ടടുത്ത്‌ തന്നെ അച്ചമ്മ ഉണ്ടാകും. സീരിയസ്സായപ്പോള്‍ അവളെയും ചേച്ചിയെയും ആ മുറിയില്‍ നിന്ന് മാറ്റി. അല്ലെങ്കില്‍ അവള്‍ എപ്പോഴും അച്ചാച്ചനോട്‌ കൂടെ തന്നെയായിരുന്നു.

ഒടുവില്‍, അച്ചാച്ചന്റെ മരണം ആസന്നമായതായി എല്ലാവര്‍ക്കും മനസ്സിലായി. വേണ്ടപ്പെട്ടവരെല്ലാം വന്ന് കാണുകയും വെള്ളം കൊടുക്കുകയും വരെ ചെയ്തു. രാത്രി അച്ചന്റെ കൂട്ടുകാരും ചില നാട്ടുകാരും ഉറക്കമൊഴിച്ച്‌ വീട്ടില്‍ തന്നെയുണ്ടാകും. ഒന്ന് രണ്ട്‌ ദിവസം ഇങ്ങനെ കഴിഞ്ഞിട്ടും അവസ്ഥയില്‍ യാതൊരു മാറ്റവുമില്ല. ആരോ എന്തോ കൊടുക്കാന്‍ പ്രതീക്ഷിച്ച്‌ കാത്ത്‌ കിടക്കുന്ന ഒരു പ്രതീതി തോന്നി പലരും വെള്ളം കൊടുത്തു. ഒടുവില്‍ ആണ്‌ വീട്ടുകാര്‍ക്ക്‌ തോന്നിയത്‌ അച്ചാച്ചന്റെ പ്രിയപ്പെട്ട കൊച്ചുമക്കള്‍ മാത്രം വെള്ളം കൊടുത്തിട്ടില്ല എന്ന്.

രാത്രി തന്നെ അവളെയും ചേച്ചിയെയും വിളിച്ചുണര്‍ത്തി. അച്ചാച്ചന്‌ വായില്‍ വെള്ളം ഒഴിച്ച്‌ കൊടുക്കുവാന്‍ അവരെ കൊണ്ട്‌ ചെന്നു.

അവള്‍ വെള്ളം ഒഴിച്ച്‌ കൊടുത്ത്‌ ആ വെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ അച്ചാച്ചന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ചാലുകള്‍ ഒഴുകുന്നത്‌ കണ്ട്‌ അവിടെ നിന്നവരെല്ലാം വിങ്ങിപ്പൊട്ടി.

അവളും ചേച്ചിയും വെള്ളം കൊടുത്ത്‌ അല്‍പ സമയത്തിനകം അവരുടെ പ്രിയപ്പെട്ട അച്ചാച്ചന്‍ ഈ ലോകത്ത്‌ നിന്ന് യാത്രപറഞ്ഞു.

രണ്ട്‌ ദിവസം പ്രാണന്‍ ആ ശരീരത്തില്‍ നിലനിന്നത്‌ തന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമക്കളുടെ കയ്യില്‍ നിന്ന് വെള്ളം കുടിക്കാനായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവര്‍ വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

അന്നത്തെ *ആ രണ്ടാം ക്ലാസ്സുകാരിയാണ്‌ ഇന്ന് എന്റെ ഭാര്യ.

3 comments:

സൂര്യോദയം said...

രണ്ട്‌ ദിവസം പ്രാണന്‍ ആ ശരീരത്തില്‍ നിലനിന്നത്‌ തന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമക്കളുടെ കയ്യില്‍ നിന്ന് വെള്ളം കുടിക്കാനായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവര്‍ വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെയും നിര്‍വ്വചിക്കാനാവാത്ത എന്തോ ഉണ്ടെന്നത്‌ സത്യം...

ഉറുമ്പ്‌ /ANT said...

i think ite only a coincedence

ശാലിനി said...

coincedence ആവാം, പക്ഷേ ഇതേ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്റ്റ്, എന്റെ വല്യപ്പച്ചന്റെ കാര്യത്തില്‍..