Thursday, May 17, 2007

മമ്മൂട്ടിയുടെ പൗരസ്വാതന്ത്ര്യം

ഇന്നലെ ടി.വി. യില്‍ മമ്മൂട്ടിയുടെ പത്രസമ്മേളനവാര്‍ത്തയും അതിനോടനുബദ്ധിച്ച്‌ യുവമോര്‍ച്ചാ നേതാവു സുരേന്ദ്രന്റെ ജല്‍പനങ്ങളും കേട്ടതുമുതല്‍ മനസ്സില്‍ കുമിഞ്ഞു കൂടിയ ചില വിചാരങ്ങള്‍ അല്‍പം തീവ്രമായിത്തന്നെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചു.

ഈയടുത്ത കാലത്ത്‌ DYFY യുടെ സമ്മേളനം ഉല്‍ഘാടനം ചെയ്തു എന്നതിന്റെ പേരില്‍ മമ്മൂട്ടിയെ ചില യൂത്ത്‌ കോണ്‍ മാരും യുവമറിച്ചചേട്ടന്മാരും ടാര്‍ജറ്റ്‌ ചെയ്ത്‌ വിമര്‍ശിക്കുകയുണ്ടായി.

യൂത്തന്മാര്‍ മൂന്നാറിലെ ഭൂമിയെയും മമ്മൂട്ടിയെയും കൂട്ടിത്തൊട്ട്‌ ഒരു അഴകൊഴമ്പന്‍ ആരോപണവുമായാണ്‌ മുന്നോട്ടുവന്നതെങ്കില്‍ യുവമറിച്ചക്കാന്‍ അല്‍പം കൂടി മുന്നോട്ട്‌ കടന്ന് ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെക്കൂടി വിവാദതലത്തിലേക്ക്‌ കുത്തിക്കയറ്റുകയാണുണ്ടായത്‌.

ഇന്നലെ മമ്മൂട്ടി വളരെ കൃത്യവും യാതൊരു സംശയങ്ങള്‍ക്ക്‌ ഇടനല്‍കാത്തതുമായ തരത്തില്‍ പത്രസമ്മേളനം നടത്തി വ്യക്തമാക്കിയതാണ്‌ വാര്‍ത്ത.

താന്‍ മറ്റുള്ളവരില്‍ നിന്നും മറ്റുമായി വാങ്ങിയിട്ടുള്ള ഭൂമിയില്‍ ഒരു തുണ്ടെങ്കിലും അനധികൃതമായിട്ടുണ്ടെങ്കില്‍ അത്‌ അളന്ന് തിട്ടപ്പെടുത്തി നിയമാനുസൃതമായി പൊതുമുതലിലേക്ക്‌ മുതല്‍ക്കൂട്ടാന്‍ യാതൊരു വൈമുഖ്യവുമില്ലെന്ന് പ്രഖ്യാപിച്ചു.

ഗുജറാത്ത്‌ സംഭവത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ സമകാലീകസംഭവങ്ങളെക്കുറിച്ച്‌ ഒരു സാധാരണക്കാരന്റെ വ്യാകുലത മാത്രമാണെന്നും ഒരു പാര്‍ട്ടിയെയും വ്യക്തികളെയും പേരെടുത്ത്‌ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ്‌.

'ഈ വാര്‍ത്തയെ അടിസ്ഥാനമാക്കി ഇനി എന്താണ്‌ പ്രതികരിക്കാനുള്ളതെ' ന്ന് ചോദിച്ചതിന്‌ സുരേന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങളാണ്‌ അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ ദുഷ്ടലാക്കിന്റെ സൂചന എന്നിലുണ്ടാക്കിയത്‌.

'ഗുജറാത്ത്‌ കലാപം പോലെ മറ്റ്‌ പലതും നടന്നപ്പോള്‍ എന്തുകൊണ്ട്‌ മമ്മൂട്ടി പ്രതികരിച്ചില്ല' എന്നാണ്‌ ഈ വിവരദോഷി ചോദിച്ചത്‌...

അതിന്‌ എനിക്ക്‌ തോന്നിയ ഉത്തരം 'സൗകര്യമുണ്ടായില്ല.... അത്‌ ചോദിക്കാന്‍ നീയാരാടാ??' എന്നതായിരുന്നു.

പിന്നീട്‌ ഈ വിദ്വാന്‍ പറഞ്ഞത്‌ 'മമ്മൂട്ടിയുടെ ഫാന്‍സ്‌ അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ എന്തോ ഒരു 'ഇത്‌' ഉണ്ടെന്ന്. എന്നിട്ട്‌ ഒരു ഉദാഹരണവും... ബീമാപള്ളിയുടെ ഭാഗത്ത്‌ ഇപ്പോഴും സുരേഷ്ഗോപിയുടേയും മോഹന്‍ലാലിന്റേയും പടങ്ങളുടെ വ്യാജ സി.ഡി. കള്‍ ഇറങ്ങുന്നുണ്ടെങ്കിലും മമ്മൂട്ടിയുടെ ചിത്രങ്ങളുടെ ഇറങ്ങുന്നില്ല' എന്ന്...

ഇത്‌ കേട്ടപ്പോഴാണ്‌ ഇങ്ങേരുടെ വാദത്തിന്റെ പോക്ക്‌ അങ്ങ്‌ അയോദ്ധ്യയിലേക്കാണെന്ന് എനിക്ക്‌ തോന്നിയത്‌.

എനിക്ക്‌ തോന്നിയപോലെ തന്നെ ന്യൂസ്‌ റീഡര്‍ നികേഷിനും തോന്നിയതുകൊണ്ടാകണം ഇതേപ്പറ്റി പിന്നെ ഇങ്ങേരോട്‌ ഒന്നും ചോദിക്കാതെ മുഴുമിപ്പിക്കാന്‍ സമ്മതിപ്പിക്കാതെ ഗതിമാറ്റിയത്‌.

'മമ്മൂട്ടി മറുപടി പറയണം എന്നായിരുന്നല്ലോ യൂത്തന്മാരുടേയും യുവമറിച്ചക്കാരുടേയും നിര്‍ബദ്ധം. ഇതാ അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു. ഇനി കാര്യങ്ങള്‍ അവസാനിപ്പിച്ചുകൂടേ?..' എന്ന ചോദ്യത്തിന്‌ 'മൂന്നാറിനോടനുബദ്ധിച്ച കാര്യങ്ങള്‍ ഇനി അതിന്റെ വഴിയ്ക്ക്‌ നടന്നോട്ടെ. പക്ഷെ, ഗുജറാത്ത്‌ സംഭവത്തെക്കുറിച്ച്‌ ഇനിയും ചര്‍ച്ചകള്‍ തുടരും, അത്‌ ജനാധിപത്യത്തിന്റെ ഭാഗമാണ്‌' എന്നാണ്‌.

അതായത്‌... ഇവന്മാര്‍ ഇതില്‍ മാന്തി മാന്തി സുഖിക്കാന്‍ തന്നെ തീരുമാനിച്ചു എന്ന്. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.

'ഇങ്ങനെ ഒരു കാര്യത്തിന്‌ എന്തിന്‌ ചില ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്നതില്‍ വിലക്ക്‌ പോലും ഏര്‍പ്പെടുത്തുന്നത്‌?' എന്ന് നികേഷ്‌ വീണ്ടും ചോദിച്ചു.

'വിലക്കൊന്നും ഏര്‍പ്പെടുത്തുന്നില്ല. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കാണാന്‍ തീരുമാനിക്കുന്നപോലെ കാണരുതെന്ന് തീരുമാനിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്‌' എന്ന് ഉത്തരം.

DYFI വളരെ വ്യക്തമായി അവരുടെ നിലപാട്‌ പറഞ്ഞു. 'എല്ലാ സമ്മേളനങ്ങളും ഉല്‍ഘാടനം ചെയ്യാന്‍ സാമൂഹിക കലാ രംഗങ്ങളിലെ പ്രതിഭകളെയാണ്‌ അവര്‍ കണ്ടെത്താറ്‌. അവരുടെ രാഷ്ട്രീയ നിലപാടുകളോ വീക്ഷണങ്ങളോ അതിനൊരു തടസ്സമാകാറില്ല. അവരുടെ നിരീക്ഷണങ്ങളെ ക്രിയാത്മകമായാണ്‌ കാണാറ്‌. ഇത്തവണ മമ്മൂട്ടി ഉല്‍ഘാടനം ചെയ്തു. അദ്ദേഹത്തിന്‌ DYFI യുമായോ പാര്‍ട്ടിയുമായോ രാഷ്ട്രീയ കൂട്ടുകെട്ടൊന്നുമില്ല. ഇതിന്റെ പേരില്‍ വിവാദങ്ങളും മറ്റും ഉണ്ടാക്കുന്നത്‌ അസഹിഷ്ണുതയാണ്‌' എന്ന്.

എനിക്കും തോന്നിയത്‌ ഇതു തന്നെ.... 'അസഹിഷ്ണുത'.

ഇനി യൂത്തന്മാര്‍ക്ക്‌ വായ അടച്ച്‌ ഇരിയ്ക്കാമല്ലോ? വേണമെങ്കില്‍ ഒരു മാപ്പും പറയാം.

യുവമറിച്ചക്കാര്‍ക്ക്‌ വീണ്ടും വിഡ്ഢിവേഷം കെട്ടി വര്‍ഗ്ഗീയ കച്ച മുറുക്കി ഉടുത്ത്‌ തെരുവിലിറങ്ങി പോസ്റ്റര്‍ വലിച്ച്‌ കീറുകയോ ബഹളം വയ്ക്കുകയോ ആവാം.... സ്വയം തരം താണ്‌ നാണം കെടാനാണ്‌ വിധിയെങ്കില്‍ ആര്‍ക്ക്‌ തടയാനാകും...

ഒരു ഉല്‍ഘാടനം ചെയ്തതിന്‌ അമിതപ്രാധാന്യം നല്‍കി അദ്ദേഹത്തെ DYFI യുടെ ബ്രാന്‍ഡ്‌ അമ്പാസഡറാക്കാന്‍ ശ്രമിച്ചത്‌ ഈ വിമര്‍ശകന്മാര്‍ മാത്രമാണ്‌. ഒരു കലാകാരന്‍, പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്തിന്‌ ചോദ്യം ചെയ്യണം? ഇത്ര അസഹിഷ്ണുത കാണിക്കേണ്ട എന്ത്‌ കാര്യമാണ്‌ അദ്ദേഹം ചെയ്തതും പറഞ്ഞതും?

ഇനിയും ഇതിന്റെ പേരില്‍ പ്രചാരവേലകളുമായി ഇറങ്ങുന്നവരെ ജനം ചൂലുകൊണ്ട്‌ അടിയ്ക്കും... (രാഷ്ട്രീയത്തിലെ കരടുകളെയും കീടങ്ങളേയും തൂത്തുകളയുന്ന ചൂല്‌ ജനങ്ങളുടെ കയ്യില്‍ തന്നെയണ്‌.. അത്‌ ശരിയ്ക്ക്‌ ഉപയോഗിക്കണമെന്ന് മാത്രം)

12 comments:

സൂര്യോദയം said...

ഇന്നലെ ടി.വി. യില്‍ മമ്മൂട്ടിയുടെ പത്രസമ്മേളനവാര്‍ത്തയും അതിനോടനുബദ്ധിച്ച്‌ യുവമോര്‍ച്ചാ നേതാവു സുരേന്ദ്രന്റെ ജല്‍പനങ്ങളും കേട്ടതുമുതല്‍ മനസ്സില്‍ കുമിഞ്ഞു കൂടിയ ചില വിചാരങ്ങള്‍ അല്‍പം തീവ്രമായിത്തന്നെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചു.

kalippumachan \ കലിപ്പുമച്ചാന്‍ said...

മമ്മൂട്ടി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്‍റെ പണിയല്ല സഘാവേ... അത് സര്‍ക്കാര് ചെയ്യണം. അല്ലെങ്കില്‍ ആത്മാര്‍ഥതയുടെയും സത്യസന്ധതയുടെയും പ്രതിരൂപമായ മമ്മൂട്ടിസഘാവുതന്നെ സ്ഥലം അളന്നു തിട്ടപ്പെടുത്തി സര്‍ക്കാരിന്‍റേതാണെന്നു ബോധ്യമുള്ള ഭാഗം വിട്ടുകൊടുക്കട്ടെ. അതുകഴിഞ്ഞു സമയമുണ്ടെങ്കില്‍ അദ്ദേഹംതന്നെ അഭിനയിച്ച (നാട്ടുകാര്‍ അനുഭവിച്ച) സിനിമകളുടെ (ദ കിങ് പോലുള്ളവ) തിരക്കഥകള്‍ എടുത്ത് വായിച്ചു പഠിക്കാന്‍ പറ. കുറച്ചൊക്കെ ജീവിതത്തില്‍ പകര്‍ത്താന്‍ പറ. ഒന്നു മല്ലെങ്കിലും ഡിവൈഎഫ്ഐ സമ്മേളനങ്ങളുടെ തിരക്കു കഴിഞ്ഞ് രാജ്യസഭയിലോട്ടു പോകുമ്പം അവിടെ നന്നായി പ്രസംഗിക്കുകയെങ്കിലും ചെയ്യാമല്ലൊ

സൂര്യോദയം said...

കലിപ്പുമച്ചാന്‍... സുഹൃത്തേ... താങ്കളിലും ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച അതേ അസഹിഷ്ണുത തന്നെയാണ്‌ കാണുന്നത്‌.

സര്‍ക്കാര്‍ ചെയ്യേണ്ടത്‌ അവിടെ ചെയ്യുന്നുണ്ട്‌ മച്ചാനേ... കലിപ്പോടെയാണെങ്കിലും താങ്കളും അറിയുന്നില്ലേ???


നല്ല ഉപദേശം... അതായത്‌, 'ഓരോരുത്തരും അവരവരുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാരിന്‌ കൊടുക്കുക'.... (അങ്ങേര്‍ അളക്കാന്‍ പുറപ്പെട്ടിട്ടുണ്ട്‌)

പിന്നെ, അദ്ദേഹത്തിന്റെ അഭിനയത്തേയും സിനിമകളുടെ തിരക്കഥകളേയും ഇവിടെ പരാമര്‍ശിച്ചത്‌ അല്‍പം തരം താണുപോയില്ലേ എന്ന് താങ്കള്‍ തന്നെ പരിശോധിയ്ക്കൂ... അതാണോ ഇവിടുത്തെ വിഷയം?... കഷ്ടം.... താങ്കളോട്‌ സഹതാപം മാത്രം...

വെറെതേ അങ്ങേരെ രാഷ്ട്രീയക്കാരന്റെ കുപ്പായത്തില്‍ കയറ്റി ചീത്തയാക്കണ്ട... വിട്ടുകള മച്ചാനേ.....

കിരണ്‍ തോമസ് തോമ്പില്‍ said...

വിവാദം ഗുണം ചെയ്തത്‌ DYFI ക്കാണ്‌ എന്നതണ്‌ രസകരം. കാരണം മമ്മൂട്ടി സമ്മേളനത്തില്‍ DYFI ക്കരെക്കുറിച്ചും ചിലതൊക്കെപ്പറഞ്ഞു. DYFI യുടെ പല സമരങ്ങളും അനാവശ്യമായിരുന്നു എന്ന്. ഇതില്‍ കടിച്ച്‌ തൂങ്ങിയായിരുന്നു മനോരമ ന്യൂസ്‌ ആദ്യം ചൂണ്ടയിട്ടത്‌. എന്നാല്‍ DYFi നേതക്കന്മാര്‍ ഈ വിഷയത്തില്‍ തെന്നിത്തുടങ്ങിയപ്പോഴേക്കും യുവമോര്‍ച്ചയും യൂത്തന്മാരും രംഗത്തെത്തി. DYFI യുടെ സ്റ്റേജില്‍ നിന്ന് അവരെ അടക്കം വിമര്‍ശ്ശിച്ച മമ്മൂട്ടിയെ നമ്മുടെ ബ്ലൊഗേഷില്‍ ചിലര്‍ ചെഗുവേരയോടുപമമിച്ച്‌ ചില പോസ്റ്റുകളും എഴുതിയിരുന്നു. മാധ്യമ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ പറഞ്ഞത്‌ ഇനി CPM PB യോഗം ഉത്ഘാടനം ചെയ്യാന്‍ മാമുക്കോയേയും SFI സമ്മേളനം ഉത്ഘാടനത്തിന്‌ മീരജാസ്മിനേയും ക്ഷണിക്കണം എന്നാണ്‌. ഇതൊക്കെ വ്യകതമാകുന്നത്‌ 2 കാര്യങ്ങളാണ്‌. മമ്മൂട്ടി ഇടതുപക്ഷത്തോട്‌ രാഷ്ട്രീയ ആഭിമുഖ്യം കാണിക്കുന്നതിനെ സഹിഷ്ണുതയോടെ കാണാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതും ഇത്‌ വ്യകതമാക്കുന്നു. DYFI യുടെ സമ്മേളനം യേശുദാസ്‌ ഉല്‍ഘാടനം ചെയ്താല്‍പ്പോലും ഇത്രയും വിവാദം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ സിനിമാ താരങ്ങള്‍ അവര്‍ എത്ര വലിയ അവാര്‍ഡ്‌ ജേതാക്കളായലും കലാകരന്മാരായാലും അവര്‍ക്ക്‌ അവരുടെ താര ഭാരം സ്വന്തം അഭിപ്രായ പ്രകടനത്തിന്‌ പോലും തടസം നില്‍ക്കുന്നു എന്ന വസ്തുത രസാവഹമാണ്‌.

ഇനി ഭൂമി കൈയേറ്റത്തിന്റെ കാര്യം. മമ്മൂട്ടി എവിടെയെങ്കിലും ഭൂമി കൈയേറിയതായി ഒരു തെളിവും ഇതു വരെ ആരും നല്‍കിയിട്ടില്ല. ഇനി മമ്മൂട്ടി വാങ്ങിയ ഏതെങ്കിലും ഭൂമി കൈയേറ്റ ഭൂമി ആണെങ്കില്‍ അത്‌ വിട്ട്‌ കൊടുക്കാന്‍ അദ്ദേഹം തയ്യാറാണ്‌ എന്ന് അറിയിച്ചിട്ടുമുണ്ട്‌. കലിപ്പ്‌ മച്ചാന്റെ അഭിപ്രായം എനിക്ക്‌ വ്യക്തമാകുന്നില്ല. എതായലൌം സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ തുടങ്ങിക്കഴിഞ്ഞു. മമ്മൂട്ടിയേക്കാള്‍ വലയവന്റെ ഒക്കെ റിസോര്‍ട്ടുകള്‍ തവിടു പൊടിയായി. മമ്മൂട്ടി വാങ്ങിയ കൈയേറ്റ ഭൂമി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇവര്‍ പൊളിക്കുക തന്നേ ചെയ്യും. അതിന്റെ തെളിവുണ്ടെങ്കില്‍ യൂത്ത്‌ കോണ്‍ഗ്രസിന്‌ നല്‍കുന്നതിന്‌ ഒരു തടസവും ഇല്ലല്ലോ

chithrakaran ചിത്രകാരന്‍ said...

സൂര്യോദയം ഇതൊക്കെ പത്രമാദ്യമങ്ങളുടെ ചില മസാല വില്‍പ്പന ശ്രമങ്ങളായി കണ്ടാല്‍ മതി. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിളിച്ചു പറയുന്നവരെയെല്ലാം വിളിച്ചു വരുത്തി വിഷം ചദ്ദിപ്പിച്ച്‌ നാട്ടുകാരുടെ വായിലൊഴിച്ചുകൊടുത്ത്‌ ഉപജീവിക്കുന്ന .........

കുട്ടന്‍സ്‌ | S.i.j.i.t.h said...

എന്തു പറയാന്‍..ഇങ്ങിനേം ചില കീടങ്ങള്‍ നാട്ടിലുണ്ട്..മമ്മൂട്ടിയുടെ പ്രസ്ഥാവന്നയെ രാഷ്ട്രീയകോണിലും വര്‍ഗ്ഗീയകോണിലും കാണാന്‍ ശ്രമിച്ച യുവ/യൂത്ത് ടീമുകള്‍ തങ്ങളും ഇവിടുണ്ട് എന്നു വിളിച്ച് പറയാന്‍ ശ്രമിച്ചു..അത്രയെ ഉള്ളൂ..

സംഘടനയിലും, മാധ്യമലോകത്തും താന്തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്കിതൊക്കെ കൂടിയെ തീരു..

ഉപ്പുതിന്നവര്‍ ആരായാലും വെള്ളം കുടിക്കും, കുടിക്കണം..അത് ലോകനിയമമ്മാണു..അത് മമ്മൂട്ടിയായാലും,റിസോര്‍ട്ടുടമയായാലും, വ്യാജ പട്ടയം കൊടുത്ത ഉദ്യോഗസ്ഥ ദല്ലാലന്മാരായായാലും..

Radheyan said...

ഇനി മമ്മൂട്ടി രാഷ്ട്രീയത്തിലൈറങ്ങിയാലും ആര്‍ക്കും (ചങ്ക്) കഴയ്ക്കണ്ട കാര്യമില്ല.അങേര്‍ക്കും കൂടി ഉള്‍പ്പടെയാണ് ഗാന്ധിയപ്പൂപ്പന്‍ 47ല്‍ സ്വാതന്ത്ര്യം വാങ്ങി തന്നത്.അതോ ബീജെപിക്കാരന്‍ വിനോദ് ഖന്നക്കും നിതീഷ് ഭര്‍ദ്വാജിനും ധരംജീക്കും അതു പോലെ കോണ്‍ഗ്രസ്സുകാരന്‍ കോവിന്ദാക്കും രാജേഷ ഖന്നക്കും മാത്രമേ ഈ പണി പാടുള്ളൂ ഉണ്ടോ.

ഗുജറാത്തിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ യുവമോര്‍ച്ചക്കാര്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടായിട്ട് കാര്യമില്ല.തിമൂറിനെ പോലെ ചെങ്കിസ്ഖാനെ പോലെ പാപത്തിന്റെ അക്കൌണ്ട് ബുക്കില്‍ മോദിയുടെ നാമം നിത്യമായി എഴുതപ്പെട്ടിരിക്കുന്നു.ശിലാ‍ലിഖിതം കൈക്കിലതുണി കൊണ്ട് തൂത്താല്‍ പോവില്ല.

ദേവന്‍ said...

പണ്ട് എസ് എഫ് ഐ പ്രവര്‍ത്തകനും കൈരളി ടി വിയുടെ ആദ്യത്തെ ചെയര്‍മാനും ഒക്കെ ആയിരുന്നു മമ്മൂട്ടി എന്ന് ഏതെങ്കിലും പത്രം പറഞ്ഞിരുന്നോ ഈ ഡി വൈ എഫ് ഐ വിവാദം സൃഷ്ടിച്ച കൂട്ടത്തില്‍? അതോ മറന്നോ?

കൂട്ടത്തില്‍ ഒരു ഓഫും (ആ വക്കാരി കാരണം എനിക്കിപ്പോ ടീവി മാത്രമല്ല, പത്രവും മടുത്തു തുടങ്ങി). “പണ്ട് തന്റെ പിന്നണി പാടാന്‍ വന്ന യേശുദാസിനെ അമ്പലത്തിനുള്ളില്‍ കയറ്റില്ലെന്നു ശഠിച്ച ദേവസ്വത്തോട് പ്രതിഷേധിച്ച് ഗാനഗന്ധര്‍വ്വന്‍ ചെമ്പൈ ഗുരുവായൂര്‍ അമ്പലത്തിന്റെ പുറത്തിരുന്ന് കച്ചേരി നടത്തി ക്ഷുഭിതനായി മടങ്ങിയപ്പോള്‍ സാംസ്കാരിക കേരളത്തിനു സംഭവിച്ച മാനക്കേട് നമുക്കൊന്നു തിരുത്തി എഴുതിയാലോ?” എന്നാണ് ശ്രീ. ജി സുധാകരന്‍ ദേവസ്വം ബോര്‍ഡിനയച്ച കത്ത് തുടങ്ങുന്നതെന്ന് എത്ര പത്രങ്ങള്‍ പറഞ്ഞു?(പദാനുപദം അല്ല, ഓഒര്‍മ്മയില്‍ നിന്ന്, മിനിസ്റ്ററുടെ കത്തിന്റെ കോപ്പി ആരോ പ്രസിദ്ധീകരിച്ചിരുന്നു, തപ്പിയിട്ട് കിട്ടിയില്ല)

സൌകര്യപൂര്‍വ്വം വിട്ടുകളയുക അതത്രേ മാധ്യമ ധര്‍മ്മം. “ഹിമാലയത്തില്‍ തണുപ്പു മൂലം മരവിച്ച് 5 ആളുകള്‍‍ മരിച്ചു” എന്നത് “ഹിമാലയത്തില്‍ മൂലം മരവിച്ച് 5 ആളുകള്‍ മരിച്ചു” എന്നാക്കിയാല്‍ മതി കഥയാകെ മാറിയില്ലേ? അതാണു വിട്ടുകളി.

[ nardnahc hsemus ] said...

"കാലൊടിഞ്ഞ രാമന്‍ നായരുടെ പട്ടി" അപ്പോള്‍ കാലൊടിഞ്ഞതാരുടെ? അല്ലെ ദേവേട്ടാ... :)

absolute_void(); said...

പോസ്റ്റ് ഇഷ്ടപ്പെട്ടു. രാധേയന്റെ കമന്റും ഇഷ്ടമായി. കേരളത്തില് മുന്പ് കമ്മ്യൂണിസ്റ്റാവലായിരുന്നു കലാകാരന്മാരുടെ ഇന്ടഗ്രിറ്റി തീരുമാനിക്കാനുള്ള മാനകം. ഇന്നിപ്പോള് ഇടതുപക്ഷവുമായി വിദൂര ബന്ധമെങ്കിലും ഉണ്ടെന്നു തോന്നിയാല് സമൂഹത്തില് വലിയൊരു വിഭാഗം അസഹിഷ്ണുക്കളാകുകയായി. നാലുപേര് അറിയുന്ന കലാകാരനാണെങ്കില് പറയുകയും വേണ്ട. ഇതിന് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയും.

ദേവന് പറഞ്ഞതിനോട് ഒരു കൂട്ടിച്ചേര്പ്പ്, മമ്മൂട്ടി മുമ്പ് എസ്. എഫ്. അംഗമായിരുന്നു എന്നതോ കൈരളി ടീവിയുടെ ചെയര്മാനാണെന്നതോ നടന് എന്ന നിലയില് ഒരു അപരാധമാകുന്നതെങ്ങിനെ? മമ്മൂട്ടി ആരോ ആവട്ടെ, നടനെന്ന നിലയില് അയാള് കൊള്ളാമോ എന്നു നോക്കിയാല് പോരേ? രാഷ്ട്രീയവും മതവും ഒക്കെ ഓരോരുത്തരുടെയും സ്വകാര്യതയല്ലേ?

nalan::നളന്‍ said...

ഇന്നിപ്പോള് ഇടതുപക്ഷവുമായി വിദൂര ബന്ധമെങ്കിലും ഉണ്ടെന്നു തോന്നിയാല് സമൂഹത്തില് വലിയൊരു വിഭാഗം അസഹിഷ്ണുക്കളാകുകയായി.

സെബിനെ,
മൊത്തത്തിലൊരു കണ്‍സ്യൂമര്‍ സൊസൈറ്റിയായി മാറിയുട്ടുണ്ട്. അതാ അരാഷ്ട്രീയതയ്ക്ക് വലിയ സ്വീകാര്യതയും രാഷ്ട്രീയത്തോട് അസഹിഷ്ണുതയും.

താരങ്ങള്‍ മത്സരിച്ചു അരാഷ്ട്രീയത പ്രദര്‍ശിപ്പിക്കുന്നതിന്റെ പിന്നിലും ഈ കച്ചവടക്കണ്ണു തന്നെ. തന്റെ ഈശ്വരവിശ്വാസവും രാഷ്ട്രീയ നിഷ്പക്ഷതയുമൊക്കെ സ്വീകാര്യതയെ ലാക്കാക്കിയുള്ള തന്ത്രങ്ങള്‍ തന്നെ.

പണ്ട് എന്റെ സദ്ദാം പോസ്റ്റില്‍ പെരിങ്ങോടനൊരു കമന്റിട്ടതിലിങ്ങനെ പറഞ്ഞിരുന്നു. വിഷ്ണുപ്രസാദിനുള്ള മറുപടിയായിട്ട്

"സീപ്പീയെം അനുഭാവി എന്ന് കേരളത്തിലെ കവലകളില്‍ നിന്ന് ഉറക്കപ്പറയാന്‍ രണ്ടുവട്ടം ആലോചിക്കണംട്ടോ ഇപ്പൊ "

ശെരിയാണു, രണ്ടു വട്ടമോ നൂറുവട്ടമോ ആലോച്ചാല്‍ പോരാ, അല്പം ചങ്കുറപ്പുകൂടി വേണം ഇന്ന്.

Unknown said...

ഇതിപ്പോഴാണു കണ്ടത്‌. പണ്ട്‌, എന്റെ "മറുമൊഴി" എന്ന ബ്ലോഗില്‍, “വിചാരം” എന്ന ബ്ലോഗര്‍ക്കു നല്‍കിയ മറുപടി ഇവിടെ പകര്‍ത്തിയിടുന്നു.

----------------------
ഇന്നലെ ചില യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ മമ്മൂട്ടിയുടെ കോലം കത്തിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. പ്രതിഷേധത്തിന് രണ്ടു കാരണങ്ങളാണ്‌ പറഞ്ഞുകേട്ടത്‌. ഒന്ന്‌ - മൂന്നാറിലെ കയ്യേറ്റത്തില്‍ മമ്മൂട്ടിക്കും പങ്കുണ്ടെന്ന്‌ ആരോപിക്കപ്പെട്ടത്‌. രണ്ട്‌ - ഗുജറാത്തില്‍ ഡി.വൈ. എഫ്‌. ഐ. ഉണ്ടായിരുന്നെങ്കില്‍ അവിടെ കലാപമൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന്‌ അവരുടെ സമ്മേളനത്തില്‍ വച്ച്‌ അഭിപ്രായപ്പെട്ടത്‌.

അപ്പോഴേക്കും മമ്മൂട്ടിയെ ഞങ്ങള്‍ "സംരക്ഷിക്കും" എന്നൊക്കെപ്പറഞ്ഞ്‌ ഇവിടുത്തെ ഡി.വൈ.എഫ്‌.ഐ.ക്കാര്‍ രംഗത്തു വന്നത്‌ വലിയ തമാശ സൃഷ്ടിച്ചിരുന്നു. ഈ ‘കോലം കത്തിക്കല്‍‘ മുതലായ പരിപാടികള്‍ സത്യത്തില്‍ ഇവിടെ അവതരിപ്പിച്ചതു തന്നെ അവരാണ്‌. ഈ പരിപാടി ധാരാളം കണ്ടിട്ടുള്ളതു കൊണ്ട്‌ എല്ലാവരും 'സാധാരണ ഒരു പ്രതിഷേധമുറ' എന്നേ കരുതിയുള്ളൂ. ഡി.വൈ.എഫ്‌.ഐ.ക്കാര്‍ അവസരം മുതലെടുക്കാനായിട്ടല്ല - മറിച്ച്‌ സീരിയസ്‌ ആയിട്ടു തന്നെയാണ്‌ സംരക്ഷിക്കും എന്നു പറഞ്ഞതെങ്കില്‍ അതിനര്‍ത്ഥം കോലം കത്തിക്കലില്‍ ഒരു ഭീഷണി കൂടി അടങ്ങിയിട്ടുണ്ടെന്നാണ്‌. ഇതൊക്കെ നടത്തുന്നവര്‍ക്കല്ലേ ഇതുകൊണ്ടൊക്കെ എന്താണുദ്ദേശിക്കുന്നതെന്ന്‌ അറിയൂ. ദൈവമേ അപ്പോള്‍ ഈ ഡിഫിക്കാര്‍ പണ്ട്‌ സ്ഥിരം ഓരോരുത്തരുടെ കത്തിച്ചുകൊണ്ടിരുന്നപ്പോള്‍ - തങ്ങള്‍ക്കെതിരായി വിധി പ്രഖ്യാപിച്ച ജഡ്ജിയുടെ അടക്കം കത്തിച്ചപ്പോള്‍ - മനസ്സില്‍ ഈ ഭീഷണിയുണ്ടായിരുന്നുവോ ആവോ? അങ്ങനെയാണെങ്കില്‍, ഡിഫിക്കാരില്‍ നിന്നും ന്യായാധിപന്മാരെയും രാഷ്ട്രീയ എതിരാളികളേയുമൊക്കെ സംരക്ഷിക്കാന്‍ ആരു മുന്നോട്ടു വരുമോ ആവോ?

പിന്നെ - ഞാന്‍ ആ പ്രതിഷേധരീതിയെ പിന്തുണയ്ക്കുന്നോ എന്നത്‌ - ഇല്ല. മമ്മൂട്ടിയുടെ പരാമര്‍ശത്തെ പൂര്‍ണ്ണമായും അവഗണിക്കാമായിരുന്നുവെന്നു ഞാന്‍ കരുതുന്നു. ഓരോ സിനിമയിലും അതിനനുസരിച്ചുള്ള ഒരു ഡയലോഗ്‌ ഒരു നടന്‍ പറയും എന്നു കൂട്ടിയാല്‍ മതി. സംഘപരിവാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സാഹിത്യപുരസ്കാരം ('കൃഷ്ണാഷ്ടമി പുരസ്കാരം എന്നോ മറ്റോ ആണു പേര്‌) സമ്മാനിക്കാറുള്ളത്‌ മിക്കവാറും മമ്മൂട്ടി ഒക്കെ ആണ്‌. ഇക്കഴിഞ്ഞയിടെയും അദ്ദേഹം സംഘപരിവാര്‍ വേദിയില്‍ ചെന്നു പ്രസംഗിച്ചു മടങ്ങി. അപ്പപ്പോളത്തെ റോള്‍ ഭംഗിയാക്കുന്നുവോ എന്നേ നോക്കേണ്ടതുള്ളൂ. ഡി.വൈ.എഫ്‌.ഐ. സമ്മേളനം ഓക്കെ. ഇനി അടുത്ത സെറ്റിലേക്ക്‌.

ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ടതും ധാരാളം തൊഴിലവസരങ്ങളുള്ളതുമായ സംസ്ഥാനമായ ഗുജറാത്തില്‍ തൊഴിലാളി യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്‌.ഐ.ക്കു തീരെ സാന്നിദ്ധ്യമില്ല എന്ന്‌ നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു എന്നതാവണം ആ പരാമര്‍ശം ഉളവാക്കിയ ഒരു ചലനം. മാറാടു കലാപക്കേസിലെ പ്രതികളില്‍ പതിനെട്ടോളം പേര്‍ ഡി.വൈ.എഫ്‌.ഐ.ക്കാരാണല്ലോ എന്നതും വെറുതെ നാട്ടുകാര്‍ ഓര്‍മ്മിച്ചെടുത്തു. സത്യത്തില്‍, വെറുതെ ഇതൊക്കെ ഓര്‍മ്മിപ്പിച്ച്‌ തങ്ങളെ നാണം കെടുത്തിയതിന്‌ ഡിഫിക്കാരായിരുന്നു മമ്മൂട്ടിയുടെ കോലം കത്തിക്കേണ്ടത്‌.

മുസ്ലീങ്ങളില്‍ അരക്ഷിത ബോധം വളര്‍ത്താന്‍ കിട്ടുന്ന ഏതൊരവസരവും പരമാവധി ഉപയോഗിക്കുക. എന്നിട്ട്‌ തങ്ങളാണ്‌ അവരുടെ സംരക്ഷകര്‍ എന്നു വരുത്തുക - ഇതൊക്കെ എത്ര നാളായി നാം കാണുന്നു. രമേശ്‌ ചെന്നിത്തലയുടെ പത്രസമ്മേളനത്തിലാണ്‌ മമ്മൂട്ടി ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്‌. 'മമ്മൂട്ടിക്കെന്തറിയാം - ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ ഉണ്ടായിരുന്നതുകൊണ്ടാണ്‌ കലാപം ഗോധ്രയിലും വഡോദരയിലുമൊക്കെയായി ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിയത്‌' എന്നാണ്‌ പുള്ളി വാദിച്ചത്‌. ആ "സംസ്ഥാനം മൊത്തം കത്തി" എന്നും മറ്റുമുള്ള പ്രയോഗങ്ങളില്‍ നിന്ന്‌ ഒരാള്‍ ആദ്യമായി പിന്നാക്കം പോയിക്കണ്ടത്‌ ഇപ്പോഴാണ്‌.

ഞാനീ വാര്‍ത്തകളൊക്കെ അവഗണിക്കുകയാണു വിചാരം (ബ്ലോഗര്‍). കത്തിക്കലിനേക്കുറിച്ചല്ല, പണ്ടു കത്തിയടങ്ങിയതിന്റെ കനലെങ്കിലും എങ്ങനെ കെടുത്താമെന്നാണ്‌ എന്റെ വിചാരം (ചിന്ത).

qw_er_ty