Thursday, August 16, 2007

സ്ത്രീ രത്നം.. നിറഭേദങ്ങള്‍

സ്ത്രീമനസ്സിനോളം സങ്കീര്‍ണ്ണതയുള്ള വേറെ എന്തെങ്കിലും ഈ ലോകത്തുണ്ടോ എന്ന് സംശയം തന്നെ. ദൈവം പോലും തന്റെ സൃഷ്ടിയില്‍ ഉപയോഗിച്ച ആ ലോജിക്ക്‌ ഡോക്കുമന്റ്‌ ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ ഇപ്പോഴും പിടികിട്ടാതെ വിഷമിക്കുന്നുണ്ടാകും...

ഇത്രയും പറഞ്ഞതില്‍ നിന്ന് സ്ത്രീ വിദ്വേഷിയെന്ന് വിളിച്ചെന്നെ ഓടിച്ചിട്ടിടിച്ച്‌ കൈ കെട്ടിയിട്ട്‌ ചെവിയില്‍ തെറിവിളിക്കരുത്‌.... പറഞ്ഞ്‌ വരുന്നേയുള്ളൂ...

സ്ത്രീ അത്ഭുതകരമായ , മഹത്തായ ഒരു സൃഷ്ടിയാണ്‌...

അത്ഭുതകരമാകുന്നത്‌ സങ്കീര്‍ണ്ണതകൊണ്ടും മഹത്തരമാകുന്നത്‌ കര്‍മ്മം കൊണ്ടും...

ജനിച്ച്‌ വീഴുന്ന പെണ്‍ കുഞ്ഞ്‌, ദേശവും സംസ്കാരവും അനുസരിച്ച്‌ സ്നേഹിക്കപ്പെടാം അല്ലെങ്കില്‍ തിരസ്കരിക്കപ്പെടാം...നമ്മുടെ കേരളത്തില്‍ പെണ്‍ കുഞ്ഞിന്‌ തുല്ല്യപ്രാധാന്യമുള്ളതായാണ്‌ മനസ്സിലാക്കുന്നത്‌. പല സ്ത്രീകളും പെണ്‍ കുഞ്ഞുങ്ങളെ കൂടുതല്‍ താല്‍പര്യപ്പെടുന്നു. കാരണം, പെണ്‍ കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കാനും, വളരുമ്പോള്‍ കൂടെ കൊണ്ടുനടക്കാനും, നിയന്ത്രിക്കാനും കൂടുതല്‍ കഴിയും എന്നതാണ്‌ ഒരു പരിധിവരെ ഈ താല്‍പര്യത്തിന്‌ കാരണം.

സ്കൂള്‍ പഠനകാലത്തും പെണ്‍കുട്ടികളെ മേയ്ക്കാന്‍ കുറച്ച്‌ എളുപ്പമാണെന്നത്‌ സത്യം തന്നെ. ആണ്‍ പിള്ളേര്‍ തലതെറിച്ചവന്മാര്‍ തെണ്ടി നടന്ന് കളിക്കുമ്പോള്‍ മരം കേറി മറിയക്കൊച്ചുങ്ങള്‍ ചുരുക്കമാണ്‌... പുസ്തകപ്പുഴുവിഭാഗത്തിലും സ്ത്രീ പ്രാധിനിധ്യം കൂടുതല്‍ തന്നെയെന്ന് ജനസംസാരം...

ഈ പെണ്‍ കുട്ടിയുടെ സ്കൂള്‍ ജീവിതം കഴിഞ്ഞ്‌ കോളേജിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്ക്‌ ചെറിയൊരു ടെന്‍ഷന്‍ സ്വാഭാവികം... കാരണം, വായ്‌ നോക്കി ചെക്കന്മാര്‍ നോട്ടത്തിലൂടെ ചോര ഊറ്റിക്കുടിക്കും എന്നവര്‍ക്കറിയാം... അതെന്തുമാവട്ടെ, പ്രേമപ്പനി ബാധിക്കുമോ എന്ന പേടിയാണിതില്‍ പ്രധാനം... ഒരു മാതിരി പെണ്‍കൊച്ചുങ്ങളൊക്കെ ഇപ്പോള്‍ പ്രക്റ്റിക്കലായതിനാല്‍ നാല്‌ കാശിന്‌ വകയില്ലാത്ത കോന്തുണ്ണ്യാരെയൊന്നും പ്രേമിച്ചോണ്ട്‌ വരില്ലെന്ന് ഒരു ആശ്വാസമുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്ക്‌ പ്രേമത്തിന്റെ ആ പ്രസിദ്ധമായ ഡിഫക്റ്റ്‌ ('പ്രേമത്തിന്‌ കണ്ണില്ല' എന്ന ഡിഫക്റ്റ്‌) അഫ്ഫക്റ്റ്‌ ചെയ്യാറുമുണ്ട്‌.

അങ്ങനെ ഒരു കണക്കിന്‌ കാക്കയും പരുന്തും കൊണ്ട്‌ പോകാതെ കോളേജ്‌ ജീവിതം കഴിയുമ്പോഴെയ്ക്ക്‌ വീട്ടുകാര്‍ക്ക്‌ കെട്ടിച്ച്‌ വിടാന്‍ തിരക്കാകുകയോ, പെണ്‍ കുട്ടിയ്ക്ക്‌ ഹയ്യര്‍ സ്റ്റഡീസിന്‌ പോകാന്‍ താല്‍പര്യം ജനിക്കുകയോ ചെയ്യും.

തുടര്‍ പഠനത്തില്‍ വല്ല്യ സ്കോപ്പില്ലെന്ന് മനസ്സിലാക്കുന്ന പലരും കല്ല്യാണഡിഗ്രിയായിരിയ്ക്കും സമ്പാദിച്ചിട്ടുണ്ടാകുക (അതായത്‌ കല്ല്യാണം കഴിയ്ക്കുന്നത്‌ വരെ പഠിക്കുക, അല്ലെങ്കില്‍ കല്ല്യാണത്തിന്‌ തയ്യാറായി എന്ന് ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഏതെങ്കിലും ഡിഗ്രി). അങ്ങനെ കല്ല്യാണഡിഗ്രി കഴിഞ്ഞവര്‍ കല്ല്യാണത്തിന്‌ റെഡിയായി മനക്കോട്ടയില്‍ മുഴുകിക്കഴിയും... തന്റെ കഴിവോ കപ്പാസിറ്റിയോ ഈ പ്രതിശ്രുതവരനെ സ്വപ്നം കാണുന്നതില്‍ ഒരു തരത്തിലും ബാധിക്കുന്നില്ല്ല എന്നതാണ്‌ സത്യം... എന്ന് വച്ചാല്‍, തന്റെ കഴിവോ കപ്പാസിറ്റിയോ നിലവാരമോ എന്ത്‌ തന്നെയാവട്ടെ, തന്നെ കെട്ടുന്നവന്‍ വല്ല്യ ഉയര്‍ന്ന ഉദ്യോഗമുള്ളവനോ, കേമനോ ആവണമെന്നേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ... ചിലര്‍ക്ക്‌ ഈ ആഗ്രഹം ലോട്ടറി അടിക്കുന്നപോലെ നടന്നെന്നും വരാം... ഈ ആഗ്രഹം കൊണ്ട്‌ കുറേ കാത്തിരിന്നു കഴിയുമ്പോള്‍ വല്ല്യ ഗതിപിടിക്കുന്നില്ലെന്ന് മനസ്സിലാകുമ്പോള്‍ ഇവര്‍ ഡിമാന്റുകള്‍ അല്‍പം കുറച്ച്‌ 'അത്ര കേമനല്ലേലും വേണ്ടില്ല' എന്ന അഭിപ്രായത്തിലെത്തിച്ചേരുകയും ഒടുവില്‍ പൂര്‍ണ്ണതൃപ്തിയില്ലെങ്കിലും കല്ല്യാണാഗ്രഹം മൂലം (വീട്ടുകാരുടേയും സ്വന്തം ആഗ്രഹവും മൂലം) ഒരു വരനെ കണ്ടെത്തുകയും ചെയ്യുന്നു.

ഇനി, ഹയ്യര്‍ സ്റ്റഡീസിന്‌ പോകുന്നതും പ്രൊഫഷണല്‍ കോഴ്സിന്‌ പോകുന്നതുമായ പെണ്‍കുട്ടികളില്‍ ഒരു വിഭാഗം കോഴ്സ്‌ കഴിയുമ്പോഴെയ്ക്ക്‌ വീട്ടുകാര്‍ക്ക്‌ വിവാഹ അന്വേഷണബാദ്ധ്യത ഒഴിവാക്കാന്‍ കഷ്ടപ്പെട്ട്‌ ഏതെങ്കിലും ഒരുത്തനെ (മിക്കവാറും പുളികൊമ്പ്‌ തന്നെ) തീരുമാനമാക്കിക്കൊണ്ട്‌ വരുന്നതായിരിയ്ക്കും.

പഠനകാലത്ത്‌, പ്രത്യേകിച്ച്‌ നാട്ടില്‍ നിന്ന് ദൂരെയുള്ള കോളേജില്‍ പഠിക്കുകയാണെങ്കില്‍ അല്‍പസ്വല്‍പം പ്രണയസുഖം അനുഭവിക്കാന്‍ താല്‍പര്യപ്പെടുന്നവരുമുണ്ട്‌. പല പ്രണയങ്ങളും ഇടയ്ക്ക്‌ വച്ച്‌ തെറ്റിപ്പിരിഞ്ഞാലും മറ്റൊരാളുമായി വീണ്ടും പ്രണയത്തിലാകുന്നതിലും ഒട്ടും മടികാണിക്കാത്തവരും വിരളമല്ല.

പല പ്രണയങ്ങളും കോളേജ്‌ ജീവിതത്തോടെ അവസാനിപ്പിക്കുന്നവരും ധാരാളം. നാട്ടില്‍ വന്നാല്‍ കോളേജ്‌ ജീവിതത്തില്‍ ഏതൊക്കെ രീതിയിലുള്ള പ്രണയചാപല്ല്യപ്രവര്‍ത്തികള്‍ നടന്നിട്ടുണ്ടെങ്കിലും വീട്ടുകാരുടെ അനുസരണയുള്ള പുത്രിയായി അവര്‍ കണ്ടെത്തുന്ന കേമനായ ഒരുത്തനെ വിവാഹം കഴിക്കുമ്പോള്‍ പഴയകാലം ഓര്‍മ്മപോലും ഇല്ലാത്തരീതിയില്‍ മുന്നോട്ട്‌ പോകാന്‍ കഴിയുന്നവരും നിരവധിയാണ്‌.

കല്ല്യാണം കഴിഞ്ഞ്‌ ആദ്യ കുറേ നാളത്തെ 'ഫെവിക്കോള്‍' ബന്ധത്തിനുശേഷം പതുക്കെ പതുക്കെ അവരവരുടെ അടിസ്ഥാനസ്വഭാവം പ്രകടമാക്കിത്തുടങ്ങുകയും അതിന്റെ പേരില്‍ അല്‍പസ്വല്‍പം മുരള്‍ച്ചയും കടിപിടിയും ആരംഭിക്കുന്നു. മുന്‍പ്‌ ആഘോഷങ്ങളും ചടങ്ങുകളും സ്വന്തം വീട്ടുകാരോട്‌ കൂടെ മാത്രം പങ്കെടുത്തിരുന്നവര്‍ക്ക്‌ ഇപ്പോള്‍ രണ്ട്‌ പക്ഷത്തും ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതായിവരികയും അവയുടെ ടൈം ടേബിളിന്റെ പേരില്‍ തര്‍ക്കങ്ങളും പരിഹാരങ്ങളും നടത്തേണ്ടിവരുന്നു.

വിവാഹശേഷം, സ്വന്തം പങ്കാളിയെ വളരെ സ്നേഹിക്കുമ്പോള്‍ തന്നെ (അങ്ങനെ അവകാശപ്പെടുമ്പോള്‍ തന്നെ), മറ്റൊരാളുമായി ബന്ധപ്പെടുന്നതില്‍ കാര്യമായ മനസ്താപം തോന്നാത്തവരും ഉണ്ടെന്നതിനും തെളിവുകള്‍ ധാരാളം.

ഒരു കുട്ടി ജനിക്കുന്നതോടെ, സ്ത്രീകളില്‍ മാനസികമായ വലിയ മാറ്റം തന്നെ സംഭവിക്കുന്നു. കുട്ടിയോടുള്ള സ്നേഹവും വാല്‍സല്യവും ഭര്‍ത്താവിനോടുള്ളതില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കുന്നു.
പലപ്പോഴും അമ്മ സ്വന്തം ജീവിതക്രമങ്ങളും ദൈനംദിനകാര്യങ്ങളുമെല്ലാം മാറ്റിവച്ച്‌ കുഞ്ഞിനെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമയം ഉപയോഗിക്കുന്നു.
പതുക്കെ പതുക്കെ, ജീവിതത്തില്‍ തിരക്കേറുന്നു, ബാദ്ധ്യതകളേറുന്നു, ഉത്തരവാദിത്വങ്ങളേറുന്നു... അതിനിടയില്‍ സമയം എപ്പോഴും ഒരു പ്രശ്നക്കാരനാകുന്നു. രണ്ടുപേരുടേയും പ്രയോരിറ്റി അനുസരിച്ച്‌ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച്‌ കൊണ്ടുപോകുന്നതില്‍ കഷ്ടപ്പാടുകള്‍ ഏറുകയും അതിന്റെ പേരില്‍ വീണ്ടും മാനസികസംഘര്‍ഷങ്ങള്‍ മുറുകുന്നു.

അത്രകാലം തന്റെ മാത്രമായിരുന്ന, തന്നെ മാത്രം സ്നേഹിച്ചിരുന്ന (എന്ന് വിശ്വസിച്ചിരുന്ന) ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ സ്നേഹത്തില്‍ കുറവ്‌ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും അതിന്റെ പേരിലും പരിഭവങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു. മുന്‍പ്‌ ഒരുമിച്ച്‌ ചെലവഴിച്ചിരുന്ന സമയദൈര്‍ഘ്യങ്ങളും സന്ദര്‍ഭങ്ങളും ഒരു കുട്ടിയായതിനുശേഷം കുറയുന്നതുകൊണ്ട്‌ തന്നെ, പരസ്പര സ്നേഹത്തില്‍ കുറവ്‌ വന്നിട്ടുണ്ടോ എന്ന സംശയം ഇരുകൂട്ടരിലും ജനിക്കുകയും ചെയ്യുന്നു.

വിവാഹജീവിതം ഏഴ്‌ കൊല്ലത്തോളമാകുമ്പോഴെയ്ക്കും ചില ദമ്പതിമാരില്‍ അവരുടെ 'അഡ്ജസ്റ്റ്‌ മെന്റ്‌ കപ്പാസിറ്റി' അഥവാ 'സഹനശക്തി' അതിന്റെ മാക്സിമം ലിമിറ്റ്‌ കഴിഞ്ഞതായി ബോദ്ധ്യപ്പെടുകയും ഈ ദാമ്പത്യം തുടരണോ എന്ന് പുനരാലോചിക്കുകയും ചെയ്യുന്ന സ്ഥിതി വരുന്നു. പലരും തങ്ങളുടെ കുട്ടികളുടെ ഭാവിയും വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലുള്ള ഇമേജും കാത്ത്‌ സൂക്ഷിക്കാന്‍ വീണ്ടും ചില പാച്ച്‌ വര്‍ക്കുകള്‍ക്ക്‌ ശേഷം ഒരുമിച്ചുള്ള ജീവിതം തുടരാന്‍ തീരുമാനിക്കുന്നു. ചുരുക്കം ചിലര്‍ ഇനി ഒരുമിച്ച്‌ മുന്നോട്ട്‌ പോകുക എന്നത്‌ വലിയ ബുദ്ധിമുട്ടായി മനസ്സിലാക്കുകയും പിരിയാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

കുട്ടി വളര്‍ന്ന് വിവാഹം കഴിച്ച്‌ കൊടുക്കുമ്പോഴെയ്ക്ക്‌ അമ്മമാര്‍ക്ക്‌ മാനസികമായി മറ്റൊരു മാറ്റം സംഭവിക്കുന്നു.

മകന്റെ കല്ല്യാണമാണ്‌ കഴിഞ്ഞതെങ്കില്‍ അവന്റെ ഭാര്യയോട്‌ ആദ്യത്തെ കുറച്ച്‌ നാള്‍ കാണിച്ച മനോഭാവം പതുക്കെ പതുക്കെ മാറിത്തുടങ്ങുന്നു. തന്റെ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചിരുന്ന, തന്റെ തീരുമാനങ്ങള്‍ കൂടുതല്‍ മാനിച്ചിരുന്ന തന്റെ മകന്‍ ഇപ്പോള്‍ ഭാര്യയോട്‌ കൂടുതല്‍ പ്രതിബദ്ധത കാണിക്കുന്നതായി മനസ്സിലാക്കുകയും അതിന്റെ ഫലമായി മകന്റെ ഭാര്യയെ തന്റെ 'സമ്പാദ്യം തട്ടിയെടുത്ത' അല്ലെങ്കില്‍ 'തട്ടിയെടുക്കാന്‍ വന്നിരിക്കുന്ന' ഒരാളായി മനസ്സിന്റെ ഉള്ളില്‍ അറിയാതെ സങ്കല്‍പ്പിക്കപ്പെടുകയും അവരോടുള്ള ആ വിയോജിപ്പ്‌ പല പ്രവര്‍ത്തികളിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മകന്റെ ഭാര്യയായി വരുന്ന സ്ത്രീ, ഇതിനെ 'അമ്മായിയമ്മപ്പോര്‌' എന്ന് വിളിക്കുകയും ഇതേക്കുറിച്ച്‌ ഭര്‍ത്താവിന്റെ ധരിപ്പിക്കാന്‍ കിണഞ്ഞ്‌ ശ്രമിക്കുകയും ചെയ്യുന്നു.

'തന്റെ ഭര്‍ത്താവിന്റെയും തന്റെയും കാര്യങ്ങള്‍ അമ്മായിയമ്മ ഇനി അധികം അന്വേഷിക്കേണ്ട' എന്ന മുന്‍ ധാരണയോടെ അവരെ സമീപിക്കുന്നതിന്റെ ഫലമായി അവര്‍ എന്ത്‌ പറഞ്ഞാലും അത്‌ തനിക്കെതിരായി സ്വയം വ്യാഖ്യാനിച്ചെടുക്കുകയും അതിന്റെ പേരില്‍ ഭര്‍ത്താവിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുവാനുള്ള അവസരങ്ങളായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.

'അവര്‍ വയസ്സായതല്ലേ... അവരെ വിഷമിപ്പിക്കാതെ നോക്കാം..' എന്ന മനസ്ഥിതിയ്ക്ക്‌ പകരം 'വയസ്സായതല്ലേ... ഇനിയെങ്കിലും ഭരണം നിര്‍ത്തിക്കൂടേ..' എന്ന മനസ്ഥിതിയാണ്‌ മരുമകള്‍ക്ക്‌ പൊതുവേ കാണപ്പെടുന്നത്‌.

'ഇനി മകന്റെ കാര്യങ്ങള്‍ കൂടുതലും അവന്റെ ഭാര്യ നോക്കട്ടെ.. അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാതെ നോക്കാം..' എന്ന മനസ്ഥിതിയ്ക്ക്‌ പകരം 'കല്ല്യാണം കഴിച്ചു എന്ന പേരില്‍ അവള്‍ എന്റെ മകന്റെ കാര്യങ്ങള്‍ മുഴുവന്‍ അങ്ങനെ നിയന്ത്രിക്കേണ്ട..' എന്ന ചിന്താഗതിയാണ്‌ അമ്മായിയമ്മ എന്ന റോള്‍ വഹിക്കുന്ന സ്ത്രീയ്ക്ക്‌ ഉണ്ടാകുന്നത്‌.

രണ്ട്‌ സ്ത്രീ രത്നങ്ങളുടേയും ഇടയില്‍ മനസ്സമാധാനം നഷ്ടപ്പെട്ട്‌ ഒരു പുരുഷന്‍ ഉഴലുന്നത്‌ ഒരു പ്രപഞ്ചസത്യമാണ്‌. സ്വന്തം അമ്മയെ പലപ്പോഴും ന്യായീകരിക്കാന്‍ ശ്രമിച്ച്‌ ഭാര്യയുടെ മുന്നില്‍ വിരോധപാത്രമായിത്തീരുകയോ, ഭാര്യയെ ന്യായീകരിച്ച്‌ അമ്മയുടെ മുന്നില്‍ പെണ്‍കോന്തനെന്ന അലങ്കാരം ലഭിക്കുകയോ ചെയ്യാതെ രക്ഷപ്പെടുന്ന പുരുഷന്മാര്‍ ചുരുക്കം...

ഒരു അമ്മയ്ക്ക്‌ മകന്റെ ഭാര്യയോടുള്ള പെരുമാറ്റവും മകളുടെ ഭര്‍ത്താവിനോടുള്ള പെരുമാറ്റവും തമ്മില്‍ വലിയ അന്തരമുണ്ട്‌. മകന്റെ ഭാര്യയെ അല്‍പം ശത്രുതാമനോഭാവത്തോടെ നോക്കുന്ന പലരും, മകളുടെ ഭര്‍ത്താവിനെ സ്വന്തം കുടുംബത്തിലെ ഒരാളെന്നപോലെയോ മകനെന്നപോലെയോ കാണുന്നു.

ഒരു സ്ത്രീയ്ക്ക്‌, പേരക്കുട്ടികളോടുള്ള സമീപനത്തില്‍ പോലും വൈരുദ്ധ്യങ്ങളുണ്ടാവാറുണ്ട്‌. മകളുടെ കുട്ടിയോട്‌ വലിയ തോതില്‍ അറ്റാച്ച്‌ മെന്റ്‌ തോന്നുന്ന ചിലര്‍ക്ക്‌ മകന്റെ കുട്ടിയോട്‌ ഇതേ അടുപ്പം പലപ്പോഴും നിലനിര്‍ത്താന്‍ കഴിയാതെ വരുന്നു. ഇത്‌ തിരിച്ചും സംഭവിക്കുന്നതാണ്‌. ഇടപഴകാനും ഒരുമിച്ച്‌ കഴിയാനുമുള്ള അവസരങ്ങളുടെ വ്യത്യാസങ്ങളാകാം ഇത്തരം വൈരുദ്ധ്യങ്ങള്‍ക്ക്‌ കാരണം.

അങ്ങനെ, ഒരു സ്ത്രീയുടെ ജീവിതചക്രത്തില്‍ ഓരോ ഘട്ടങ്ങളിലേയും അവരുടെ വികാരങ്ങളും വിചാരങ്ങളും പലതരം നിറങ്ങളും ഭാവങ്ങളും കൈവരിക്കുന്നു എന്നത്‌ ഒരു സത്യമായി അവശേഷിക്കുന്നു.

പല സന്ദര്‍ഭങ്ങളിലും ഏത്‌ തരത്തില്‍ പ്രതികരിക്കും എന്ന് ആര്‍ക്കും നിര്‍വ്വചിക്കാനാവാത്തവിധം സങ്കീര്‍ണ്ണത സ്ത്രീ മനസ്സുകള്‍ക്കുണ്ട്‌.

ദൈവം പോലും തന്റെ സൃഷ്ടിയില്‍ സംഭവിച്ച ഈ കോമ്പിനേഷന്‍ തിരിച്ചറിയാനാകാതെ കുഴങ്ങുന്നു എന്ന് വേണം കരുതാന്‍..

Monday, July 30, 2007

അനിര്‍വ്വചനീയ സത്യങ്ങള്‍ - 2

*രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ അച്ചാച്ചന്‍ അത്യാസന്ന നിലയില്‍ കിടക്കുകയാണ്‌.

അച്ഛനും അമ്മയും നാലാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിയും, അച്ചാച്ചനും അച്ചമ്മയും അടങ്ങിയ കുടുംബം.

അവള്‍ക്ക്‌ അച്ചാച്ചനോടായിരുന്നു കൂടുതല്‍ അടുപ്പം... ചേച്ചിക്ക്‌ അച്ചമ്മയോടും...

അച്ചാച്ചന്‍ നന്നായി പുകവലിയ്കുമായിരുന്നു. അദ്ധ്യാപകനായ ഏകമകന്‍ (അവളുടെ അച്ഛന്‍) താല്‍പര്യപ്പെട്ടിട്ടും അച്ചാച്ചന്‍ പുകവലി ഉപേക്ഷിച്ചില്ല. ഒടുവില്‍ തൊണ്ടയില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി ചികിത്സ തുടങ്ങി. പലതവണ ആശുപത്രിയില്‍ പോയി ചികില്‍സിച്ചു. ഒടുവില്‍ തൊണ്ടയില്‍ ഒരു ദ്വാരം ഉണ്ടാവുകയും അത്‌ സ്ഥിരമായി ഡ്രസ്സ്‌ ചെയ്യുകയും വേണ്ടിവന്നു. മകന്‍ തന്നെ അത്‌ ഡ്രസ്സ്‌ ചെയ്യും. പക്ഷെ, അത്‌ കഴിഞ്ഞാല്‍ തലകറക്കം മൂലം കസേരയില്‍ തളര്‍ന്നിരിക്കുമെന്ന് മാത്രം.

സംസാരശേഷി നഷ്ടപ്പെട്ട അച്ചാച്ചന്‍ കട്ടിലില്‍ തട്ടിയാണ്‌ വിളിക്കുക. തൊട്ടടുത്ത്‌ തന്നെ അച്ചമ്മ ഉണ്ടാകും. സീരിയസ്സായപ്പോള്‍ അവളെയും ചേച്ചിയെയും ആ മുറിയില്‍ നിന്ന് മാറ്റി. അല്ലെങ്കില്‍ അവള്‍ എപ്പോഴും അച്ചാച്ചനോട്‌ കൂടെ തന്നെയായിരുന്നു.

ഒടുവില്‍, അച്ചാച്ചന്റെ മരണം ആസന്നമായതായി എല്ലാവര്‍ക്കും മനസ്സിലായി. വേണ്ടപ്പെട്ടവരെല്ലാം വന്ന് കാണുകയും വെള്ളം കൊടുക്കുകയും വരെ ചെയ്തു. രാത്രി അച്ചന്റെ കൂട്ടുകാരും ചില നാട്ടുകാരും ഉറക്കമൊഴിച്ച്‌ വീട്ടില്‍ തന്നെയുണ്ടാകും. ഒന്ന് രണ്ട്‌ ദിവസം ഇങ്ങനെ കഴിഞ്ഞിട്ടും അവസ്ഥയില്‍ യാതൊരു മാറ്റവുമില്ല. ആരോ എന്തോ കൊടുക്കാന്‍ പ്രതീക്ഷിച്ച്‌ കാത്ത്‌ കിടക്കുന്ന ഒരു പ്രതീതി തോന്നി പലരും വെള്ളം കൊടുത്തു. ഒടുവില്‍ ആണ്‌ വീട്ടുകാര്‍ക്ക്‌ തോന്നിയത്‌ അച്ചാച്ചന്റെ പ്രിയപ്പെട്ട കൊച്ചുമക്കള്‍ മാത്രം വെള്ളം കൊടുത്തിട്ടില്ല എന്ന്.

രാത്രി തന്നെ അവളെയും ചേച്ചിയെയും വിളിച്ചുണര്‍ത്തി. അച്ചാച്ചന്‌ വായില്‍ വെള്ളം ഒഴിച്ച്‌ കൊടുക്കുവാന്‍ അവരെ കൊണ്ട്‌ ചെന്നു.

അവള്‍ വെള്ളം ഒഴിച്ച്‌ കൊടുത്ത്‌ ആ വെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ അച്ചാച്ചന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ചാലുകള്‍ ഒഴുകുന്നത്‌ കണ്ട്‌ അവിടെ നിന്നവരെല്ലാം വിങ്ങിപ്പൊട്ടി.

അവളും ചേച്ചിയും വെള്ളം കൊടുത്ത്‌ അല്‍പ സമയത്തിനകം അവരുടെ പ്രിയപ്പെട്ട അച്ചാച്ചന്‍ ഈ ലോകത്ത്‌ നിന്ന് യാത്രപറഞ്ഞു.

രണ്ട്‌ ദിവസം പ്രാണന്‍ ആ ശരീരത്തില്‍ നിലനിന്നത്‌ തന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമക്കളുടെ കയ്യില്‍ നിന്ന് വെള്ളം കുടിക്കാനായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവര്‍ വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

അന്നത്തെ *ആ രണ്ടാം ക്ലാസ്സുകാരിയാണ്‌ ഇന്ന് എന്റെ ഭാര്യ.

Tuesday, July 24, 2007

അനിര്‍വ്വചനീയസത്യങ്ങള്‍ - 1

സംഭവം നടക്കുന്നത്‌ മലേഷ്യയില്‍.... എന്റെ ഒരു സുഹൃത്തിന്റെ അനുഭവം അവരുടെ സമ്മതത്തോടെ ഇവിടെ അവതരിപ്പിക്കുന്നു. നിത്യയുടേത്‌ ഒരു സന്തുഷ്ടകുടുംബം...

നിത്യയും ഭര്‍ത്താവും സ്വന്തം ബിസിനസ്സ്‌ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു... നിത്യയുടെ അമ്മ മലയാളിയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അമ്മ മലേഷ്യയില്‍ വന്ന് സെറ്റില്‍ ആയതാണ്‌. അമ്മ കല്ല്യാണം കഴിച്ചത്‌ ഒരു ശ്രീലങ്കക്കാരനെയും...

അവര്‍ക്കൊരു മകനുണ്ട്‌.. കുട്ടിയ്ക്ക്‌ 2 വയസ്സായതുമുതല്‍ കുട്ടിയില്‍ അവര്‍ ഒരു പ്രത്യേക അവസ്ഥാവിശേഷം കണ്ടെത്തി. ദിവസവും വെളുപ്പിന്‌ 2 മണിയായാല്‍ കുട്ടി എഴുന്നേറ്റിരുന്ന് കരയും... അതും എന്തോ കാണുന്നതായി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ നിര്‍ത്താതെയുള്ള കരച്ചില്‍... എങ്ങനെയൊക്കെ സാന്ത്വനിപ്പിച്ചാലും നിര്‍ത്താത്ത ഭയപ്പാടോടെയുള്ള കരച്ചില്‍...നേരം വെളുത്ത്‌ 6 മണിയായാല്‍ കുട്ടി വീണ്ടും സുഖമായി ഉറങ്ങും..

കുറച്ചു നാള്‍ ഇത്‌ തുടര്‍ന്നപ്പോള്‍ അവര്‍ ഡോക്ടറെ സമീപിച്ചു. പരിശോധനകളില്‍ നിന്ന് കുട്ടിയ്ക്ക്‌ യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചു. പക്ഷെ, കുട്ടിയുടെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിരുന്ന് നിര്‍ത്താതെയുള്ള കരച്ചിലിനുമാത്രം ശമനമില്ല.

ചില ബന്ധുക്കള്‍ കണ്ടെത്തിയ കാരണമെന്തെന്നാല്‍ കുട്ടി ഏതോ അദൃശ്യരൂപം കാണുന്നുവെന്നാണ്‌. ഏതെങ്കിലും ആത്മാവോ മറ്റോ ആണെന്ന സംശയം.

ഒരു ഹനുമാന്റെ അമ്പലമുണ്ടെന്നും അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ സൗഖ്യമാകുമെന്നും ചിലര്‍ ഉപദേശിച്ചു. എല്ലാ മാര്‍ഗ്ഗവും പരീക്ഷിക്കാന്‍ തയ്യാറായ അവര്‍ ആ അമ്പലത്തില്‍ പോകാന്‍ തീരുമാനിച്ചു.

ഒട്ടും ആര്‍ഭാടമില്ലാത്ത കൃത്യമായ ബോര്‍ഡ്‌ പോലും ഇല്ലാത്ത ഒരു പഴയ അമ്പലം... അവര്‍ അവിടെ ചെന്ന് പ്രാര്‍ത്ഥിക്കുകയും പൂജനടത്താന്‍ താല്‍പര്യപ്പെടുകയും ചെയ്തു.

അവിടെ ഉണ്ടായിരുന്നത്‌ വയസ്സായ ഒരു സന്യാസിയായിരുന്നു. ഇദ്ദേഹം മലയാളിയാണ്‌. ആ സന്യാസി ഇവരോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ കേട്ട്‌ ധ്യാനിച്ച്‌ അയാള്‍ പറഞ്ഞത്‌ കുട്ടി കാണുന്നത്‌ ദുഷ്ടശക്തികളെ അല്ല എന്നാണത്രേ... തുടര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും കുറച്ച്‌ ഭസ്മം അവര്‍ക്ക്‌ നല്‍കുകയും ചെയ്തു. ഉറങ്ങുന്നതിനുമുന്‍പ്‌ ഈ ഭസ്മം കുട്ടിയുടെ കിടയ്ക്കയില്‍ വിതറുവാന്‍ ആവശ്യപ്പെട്ടു.

അവര്‍ തിരികെ വീട്ടിലെത്തി. ആ സന്യാസി നിര്‍ദ്ദേശിച്ച പ്രകാരം കുട്ടി ഉറങ്ങുന്നതിനുമുന്‍പ്‌ അവര്‍ ഭസ്മം കിടയ്ക്കയില്‍ വിതറി.

അവരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ അന്ന് രാത്രി കുട്ടി കാര്യമായ തടസ്സങ്ങളില്ലാതെ ഉറങ്ങി. ഉറക്കത്തില്‍ അല്‍പം അസ്വസ്ഥതയും ചില ജല്‍പനങ്ങളും മാത്രമേ അന്ന് സംഭവിച്ചുള്ളു. പതുക്കെ പതുക്കെ ആ കുട്ടി പൂര്‍ണ്ണമായി സുഖം പ്രാപിച്ചു.

അല്‍ഭുതകരമായ ഈ സത്യം കണ്ട്‌ അവര്‍ ഈ അമ്പലത്തിലേക്ക്‌ സ്ഥിരമായി സംഭാവന ചെയ്യാമെന്ന് മനസ്സില്‍ ഉറപ്പിച്ചു. മാസം തോറും ഇത്‌ നടത്തിവരികയും ചെയ്തു.

പതുക്കെ പതുക്കെ അവരുടെ ബിസിനസ്സ്‌ വ്യാപിക്കുകയും രണ്ടുപേരും കൂടുതല്‍ തിരക്കാകുകയും ചെയ്തു. സമയക്കുറവുമൂലം ഈ അമ്പലത്തെക്കുറിച്ചും സ്ഥിരമായി കൊടുത്തിരുന്ന സംഭാവനയെക്കുറിച്ചും അവര്‍ മറന്നു.

ഒരു മാസം മുന്‍പ്‌.....

കുട്ടിയ്ക്ക്‌ വല്ലാത്ത ഛര്‍ദ്ദിയും പനിയും... ഡോക്ടറെ കണ്ട്‌ മരുന്ന് കഴിച്ചിട്ടും യാതൊരു കുറവും ഇല്ല. കുട്ടി ഭക്ഷണം കഴിക്കുന്നേയില്ല... അവര്‍ക്ക്‌ വല്ലാത്ത ആവലാതിയായി. നാട്ടില്‍ കുട്ടികളെ ബാധിക്കുന്ന ഇത്തരം ഒരു വൈറസ്‌ ഇറങ്ങിയിട്ടുണ്ടെന്ന വിവരം ചില സുഹൃത്തുക്കളില്‍ നിന്ന് കിട്ടുകയും ചെയ്തത്‌ അവരെ കൂടുതല്‍ വ്യാകുലരാക്കി.

ഒരു രാത്രി ഉറക്കത്തില്‍ നിത്യ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഹനുമാന്റെ ഒരു പ്രതിമയും അതില്‍ നിന്ന് അവര്‍ മറന്നുപോയതിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു അശരീരിയും...

അവള്‍ ഈ വിവരം ഭര്‍ത്താവിനോട്‌ പറയുകയും പിറ്റേന്ന് തന്നെ ആ അമ്പലത്തിലെത്തി സംഭാവന ചെയ്യുകയും ചെയ്തു.

തിരികെ വീട്ടിലെത്തിയപ്പോഴെയ്ക്കും കുട്ടിയില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. ഛര്‍ദ്ദി നിലയ്ക്കുകയും പനിയില്‍ കുറവുണ്ടാകുകയും ചെയ്തു. കുട്ടി ഭക്ഷണം കഴിക്കാനും തുടങ്ങി. പിറ്റേന്ന് നേരം വെളുത്തപ്പോഴെയ്ക്കും കുട്ടി പൂര്‍ണ്ണസുഖം പ്രാപിക്കുകയും ചെയ്തു.

ഇത്തരം അസ്വാഭാവികതകളിലോ പൂജകളിലോ ഒന്നും വിശ്വാസമില്ലാതിരുന്ന അവര്‍ ഇന്ന് പലതിലും വിശ്വസിക്കുന്നു. ഇതിന്റെ സങ്കീര്‍ണ്ണതകളോ നിര്‍വ്വചനങ്ങളോ നല്‍കാന്‍ കഴിയില്ലെങ്കിലും അനുഭവിച്ചറിഞ്ഞതിനാല്‍ സത്യമെന്ന് വിശ്വസിക്കാതെ വയ്യല്ലോ...

അന്ധവിശ്വാസമെന്നോ യാദൃശ്ചികമെന്നോ തോന്നാവുന്ന പല വ്യാഖ്യാനങ്ങളും കൊടുക്കാവുന്ന ചില കാര്യങ്ങള്‍... വിശ്വാസമില്ലാത്ത പലതിലും നമുക്ക്‌ നിര്‍വ്വചിക്കാന്‍ കഴിയാത്ത പലതും ഉണ്ടെന്നത്‌ ഒരു സത്യം... ഇതില്‍ ഈശ്വരവിശ്വാസമോ നിരീശ്വരവാദമോ അല്ല വിഷയം... അനിര്‍വ്വചനീയത തന്നെ....

Sunday, July 22, 2007

ഇടയന്മാര്‍ ലേഖനമെഴുതുമ്പോള്‍

രംഗം 1
മെത്രാന്മാരുടെ ഇടയലേഖനത്തെപ്പറ്റി വിളംബരം ചെയ്തുകൊണ്ട്‌ ഒരു വാഹനം കടന്നു പോകുന്നു...

"മാര്‍ ഗെയിംസ്‌ പഴയാറ്റില്‍, മാര്‍ വന്‍ കുഴി, മാര്‍ താഴത്ത്‌ തുടങ്ങിയവര്‍ പുറപ്പെടുവിച്ച ഇടയലേഖനങ്ങള്‍ പള്ളികളില്‍ വായിച്ചത്‌ നിങ്ങള്‍ കേട്ടുകാണുമല്ലോ.... നമ്മുടെ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ... സോറി... സോറി.... കുടുംബയോഗങ്ങളില്‍ ഇതിനെക്കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്യുന്നതായിരിയ്ക്കും..."

അനൗണ്‍സ്‌ മെന്റ്‌ കേട്ട്‌ കവലയില്‍ നിന്നിരുന്ന ദാമുവേട്ടന്‍ മത്തായിച്ചനോട്‌ ഒരു ചോദ്യം..

"ടാ മത്തായി... ഇതെന്തുവാടാ ഈ ഇടയലേഖനം... ഇത്‌ എഴുതുന്നവരൊക്കെ ഒരു ഓള്‍ഡ്‌ മോഡല്‍ ആണെന്ന് തോന്നുന്നു... ഒരു പിന്തിരിപ്പന്‍... പേരുകള്‍ കണ്ടോ.... പഴയാറ്റ്‌, കുഴി, താഴ്ച എന്നൊക്കെ..."

"ഡേ.. ഡേ... ദാമൂ.... മെത്രാന്മാരെ തോട്ട്‌ കളിക്കല്ലേ... പേരില്‍ തൊട്ട്‌ കളിക്കല്ലേ... പേര്‌ നോക്കിയാണോ ആള്‍ക്കാരെ മനസ്സിലാക്കുന്നേ... ഉദാഹരണത്തിന്‌ 'വിജയന്‍' ... ഈയിടെയായി ഇങ്ങേരുടെ സ്ഥിതിയെന്താ... പിന്നെ അച്ചുതാനന്ദന്‍ എന്ന് പറഞ്ഞാല്‍ എന്താ... ആനന്ദമുള്ള അച്ചു എന്നല്ലേ... എന്നിട്ട്‌ എവിടെ ആനന്ദം... അതാ പറഞ്ഞത്‌... പേരില്‍ വല്ല്യ കാര്യമൊന്നുമില്ലെന്ന്.."

ദാമു: "ഓ... വിട്ടുകള മാത്താ... ഞാന്‍ വെറുതേ പറഞ്ഞതാ.. നിങ്ങളുടെ ബ്രാഞ്ച്‌ കമ്മിറ്റികളില്‍ ഇനി ഇടയലേഖനത്തിന്റെ ചര്‍ച്ച നടക്കും അല്ലേ...??"

മാത്തച്ചന്‍: "ബ്രാഞ്ചല്ലേടേയ്‌... കുടുംബയോഗങ്ങള്‍... ങാ... നോക്കട്ടെ... തല്ലും തെറിവിളിയും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു എന്റെ പൊന്നുതമ്പുരാനേ..."

രംഗം 2
കുടുംബയോഗത്തില്‍ ഇടയലേഖനത്തിന്റെ ചര്‍ച്ച .....

വികാരിയച്ചന്‍: "ഇടയലേഖനത്തില്‍ പറഞ്ഞപോലെ ന്യൂനപക്ഷങ്ങളായ നമുക്ക്‌ അനുവദിച്ചുതന്നിരിയ്ക്കുന്ന മതസ്വാതന്ത്ര്യത്തെ, അവകാശങ്ങളെ ചിലര്‍ നിഷേധിക്കുന്നു. അവരുടെ പ്രത്യയശാസ്ത്രങ്ങളും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കുന്നു... ഇതിനെതിരെ നാം ജാഗ്രതാസമിതികളും അവകാശസംരക്ഷണസമിതികളും ഉണ്ടാക്കണം... നിങ്ങളുടെ അഭിപ്രായങ്ങളും സാന്നിധ്യവും ഇതിനെല്ലാം വേണം.."

ഇത്‌ കേട്ട്‌ വര്‍ക്കിച്ചന്‍ എഴുന്നേറ്റു..

വര്‍ക്കിച്ചന്‍: "അച്ചോ... കാര്യങ്ങള്‍ അത്ര ക്ലിയറല്ല... ഏത്‌ അവകാശമാണച്ചോ നിഷേധിച്ചത്‌? ഈ മതസ്വാതന്ത്ര്യം എന്ന് വച്ചാല്‍ കൂറ്‌ മാറ്റി നമ്മുടെ കക്ഷിയില്‍ ചേര്‍ക്കുന്ന ഇടപാട്‌ ആണോ ഉദ്ദേശിച്ചത്‌?"

അച്ചന്‍ ചെറുതായൊന്നു ഞെട്ടി.. എന്നിട്ട്‌ അടുത്തിരിക്കുന്ന പള്ളിക്കമ്മിറ്റി മെംബര്‍ ചാക്കോച്ചനോട്‌ ചെവിയില്‍ ഒരു ചോദ്യം.."ലവന്‍ കമ്മ്യൂണിസ്റ്റാണോ??"

ചാക്കോച്ചന്‍: "അച്ചോ... അങ്ങേരുടെ പിള്ളേര്‍ കുറച്ച്‌ അക്ഷരാഭ്യാസമുള്ളോരാ... അവര്‌ പഠിപ്പിച്ച്‌ വിട്ടതായിരിയ്ക്കും... അച്ചന്‍ പേടിക്കണ്ടാ... മറുപടി കൊടുക്കാം.."

അച്ചന്‍: "കുഞ്ഞാടേ വര്‍ക്കീ... നിന്റെ ചോദ്യം നല്ലത്‌ തന്നെ... ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചാലേ നമുക്ക്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറ്റൂ...." (ഇതും പറഞ്ഞ്‌ അച്ചന്‍ ഒരു കയ്പുള്ള ഒരു പുഞ്ചിരി പൊഴിച്ചു.. എന്നിട്ട്‌ തുടര്‍ന്നു)
"നമുക്ക്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവകാശമുണ്ട്‌... അതുപോലെ തന്നെ അതിന്റെ ഫീസും നമ്മുടെ ഇഷ്ടത്തിന്‌ വാങ്ങാന്‍ നമുക്ക്‌ തന്നെയല്ലേ അവകാശം???.. ഉദഹരണത്തിന്‌.. ഒരു കച്ചോടം തുടങ്ങുന്നൂന്ന് വക്കുക... അങ്ങനെയുള്ള അവസരത്തില്‌ .. വേളയില്‌... സന്ദര്‍ഭത്തില്‌..."

വര്‍ക്കിച്ചന്‍: "ങാ... ബാക്കി പറ അച്ചോ... സന്ദര്‍ഭമൊക്കെ മനസ്സിലായി.."
അച്ചന്‍: "കുഞ്ഞാടേ... തിരക്ക്‌ കൂട്ടരുത്‌... ബൈബിള്‍ കാണാപാഠം പഠിച്ചപോലെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തേ പഠിച്ച്‌ വച്ച്‌ ഉത്തരം പറയാന്‍ പറ്റുമോ... ഞാന്‍ പറയാം... അങ്ങനെ കച്ചോടം നടത്തുമ്പോള്‍ സാധനങ്ങള്‍ എന്ത്‌ വിലയ്ക്ക്‌ വിക്കണമെന്ന് നമുക്ക്‌ തീരുമാനിച്ചുകൂടേ??"

ഇത്‌ കേട്ട്‌ ലോനക്കുട്ടിയ്ക്ക്‌ സംശയം..

ലോനക്കുട്ടി : "അച്ചോ.. ഈ വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത്‌ തന്നെയല്ലേ ഈ ഉദാഹരണത്തില്‍ ഉദ്ദേശിച്ചത്‌???"

അച്ചന്‍ വീണ്ടും സൈഡിലിരിക്കുന്ന ചാക്കോച്ചനോട്‌ വീണ്ടും..
"ഇവനും കമ്മ്യൂണിസ്റ്റാണോ??"

ചാക്കോച്ചന്‍ : "അച്ചോ... കമ്മ്യൂണിസ്റ്റല്ലെങ്കിലും ആളുകള്‍ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിച്ച്‌ തുടങ്ങി.. അതാ സംഭവം..."

അച്ചന്‍ : "കുഞ്ഞാടേ.,... വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത്‌ തെറ്റാണ്‌.. അങ്ങനെ പറയുന്നത്‌ പോലും പാപമാണ്‌.. നമുക്ക്‌ കെട്ടിടം പണിയാനും പഠിപ്പിക്കാനും മറ്റും കാശ്‌ ചെലവില്ലേ... അത്‌ ഫീസായി കിട്ടാതെ നടത്താന്‍ ഇതെന്താ സര്‍ക്കാര്‍ കോളേജാ??"

ലോനക്കുട്ടി : "നമ്മള്‍ വിദ്യാഭ്യാസം സേവനമായി ചെയ്യുന്നു എന്നല്ലേ പറയുന്നേ... അപ്പോ പിന്നെ...."
അച്ചന്‍ : "അതേല്ലോ... സേവനമാണല്ലോ..."

വര്‍ക്കിച്ചന്‍: "അതല്ല അച്ചോ.. എന്റെ മോള്‍ക്ക്‌ വല്ല്യ ഫീസ്‌ കൊടുത്ത്‌ പഠിക്കാന്‍ വകുപ്പില്ല... മെഡിസിന്‌ പഠിക്കാന്‍ മാര്‍ക്കുമുണ്ട്‌ താല്‍പര്യോം ഉണ്ട്‌... അതിനിപ്പോ എന്താ ചെയ്യാ..."
അച്ചന്‍ : "ഫീസ്‌ കൊടുക്കാന്‍ ഇല്ലെങ്കില്‍ നഴ്സിംഗ്‌ പഠിക്കട്ടേ... നമ്മുടെ കോളേജുകളില്‍ മെഡിസിനേക്കാള്‍ നേഴ്സിങ്ങിന്‌ ഫീസ്‌ വളരെ കുറവാ.. പിന്നെ, വല്ല്യ സേവനമാര്‍ഗ്ഗമല്ലേ.. വിദേശത്തൊക്കെ പോകുകേം ചെയ്യാം.."

വര്‍ക്കിച്ചന്‍ : "അത്‌ ശരി... അപ്പോ ഈ ന്യൂനപക്ഷം എന്ന് പറഞ്ഞാല്‍ നമ്മുടെ മതത്തിലെ കാശുള്ളവര്‍... അവരെ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ സമിതിയുണ്ടാക്കി സംരക്ഷിക്കണം അല്ല്യോ...??"

അച്ചന്‍ : "അങ്ങനെയല്ല മകനേ... നമ്മുടെ സ്ഥാപനങ്ങളേ സംരക്ഷിക്കണം എന്നാ പറഞ്ഞത്‌... ഇടതന്മാരോ പോലീസോ മറ്റോ വന്നാല്‍ തടയണം.. ബാക്കി വേണ്ടിവന്നാല്‍ പറയാം.."

ചാക്കോച്ചന്‍ : "അച്ചോ...പണ്ടേതാണ്ട്‌ സമരം നടത്തി ഗവര്‍ണ്മെന്റിനെ പൂട്ടിച്ചെന്നും പറഞ്ഞ്‌ ഇപ്പോ ചെന്നാ നല്ല അസ്സല്‌ അടി കിട്ടും ട്ടോ... കേന്ദ്രത്തിലോട്ടൊന്നും ചെന്നിട്ട്‌ ഒരു കാര്യോം ഇല്ല... ഈ മെത്രാന്മാര്‍ തന്നെ മുന്നില്‍ നിക്കേണ്ടിവരും... പള്ളിമേടയിലിരുന്ന് മണിയടിച്ച്‌ ആളെക്കൂട്ടി തല്ല് വാങ്ങി കൊടുക്കാനാണോ പരിപാടി??"

അച്ചന്‍ : "എന്ത്‌ അസംബന്ധം.... അങ്ങനെയൊന്നുമല്ല മകനേ... "
വര്‍ക്കിച്ചന്‍ : "അല്ല അച്ചോ.. ഈ നമ്മള്‍ ഉണ്ടാക്കുന്നപോലെ മറ്റ്‌ മതക്കാരും ഇതുപോലെ സമിതികളും സേനയുമൊക്കെ ഉണ്ടാക്കിയാല്‍ എങ്ങനെയിരിയ്ക്കും കാര്യങ്ങള്‍??? തല്ലിച്ചാവാനാണോ നമ്മുടെ പരിപാടി??"

അച്ചന്‍ : "കുഞ്ഞാടേ... വെറുതേ അതും ഇതും പറഞ്ഞ്‌ അവന്മാര്‍ക്ക്‌ ഐഡിയ കൊടുക്കണ്ടാ... നമുക്ക്‌ ഇത്രേ ഉള്ളൂ... നമ്മളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു ഗവര്‍ണ്മെന്റും വേണ്ടാ.. ഒക്കെ നമുക്ക്‌ നടത്താനറിയാം..."

ലോനക്കുട്ടി : "പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞത്‌ മനസ്സിലായില്ല അച്ചോ.. ഒന്ന് വിശദമാക്കാമോ??"

അച്ചന്‍ : "അല്ലാ.. അത്‌ പിന്നെ... ഏത്‌,,,, പ്രത്യയശാസ്ത്രം... അത്‌ തന്നെ.. അത്‌ പറഞ്ഞ്‌ ഭിന്നിപ്പിച്ച്‌ പ്രശ്നമാക്കുന്നതാണ്‌ പറഞ്ഞത്‌... അതാണ്‌.. ആ.."

ലോനക്കുട്ടി : "ഓ.. അത്‌... ചൂഷണം തടയുക എന്ന പ്രത്യയശാസ്ത്രം ആണോ അച്ചന്‍ ഉദ്ദേശിച്ചത്‌??"
അച്ചന്‍ : "ങാ... അത്‌ തന്നെ... നമ്മെ ചൂഷണം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല.."
ലോനക്കുട്ടി : "അച്ചോ... നമ്മള്‍ ചൂഷണം ചെയ്യുന്നതും നമ്മളെ ചൂഷണം ചെയ്യുന്നതും ഒന്ന് തന്നെയല്ലേ???"
അച്ചന്‍ : "ഓ... ചൂഷണം ചൂഷണം... അത്‌ വിട്ട്‌ കള മകനേ... "

ഇത്രയുമായപ്പോഴെയ്ക്കും ലോനക്കുട്ടിക്ക്‌ വീണ്ടും സംശയം...

ലോനക്കുട്ടി : "അച്ചോ.. നിരീശ്വരവാദം അടിച്ചേല്‍പ്പിച്ചൂന്ന് പറഞ്ഞൂല്ലോ.. അതെന്താ കേസ്‌.. അതുകൂടി ഒന്ന് പറയോ.."

അച്ചന്‍ : "നിരീശ്വരവാദം എന്ന് വച്ചാല്‍ ദൈവപരമായ കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക... ഉദാഹരണത്തിന്‌.. നമ്മള്‍ ന്യൂനപക്ഷ കോളേജുകള്‍ തുടങ്ങുന്നത്‌ ദൈവസേവനത്തിനാണല്ലോ... അങ്ങനെയുള്ള കോളേജുകള്‍ക്ക്‌ അനുമതി നല്‍കാതിരിക്കുക എന്ന് വച്ചാല്‍ ദൈവനിന്ദയല്ലേ... അത്‌ തന്നെയാ ഈ നിരീശ്വരവാദം...."

ലോനക്കുട്ടി ആകെ സംശയത്തില്‍ തലപുകഞ്ഞ്‌ ഇരിക്കുമ്പോള്‍ അച്ചന്‍ പറഞ്ഞു...

"എനിക്ക്‌ അടുത്ത ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്‌... അതുകൊണ്ട്‌ നിങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു എന്ന് പറഞ്ഞ്‌ എഴുതി പള്ളിയില്‍ കൊണ്ടുവന്നാല്‍ മതി... വരട്ടെ കുഞ്ഞാടുകളേ.."

വര്‍ക്കിച്ചന്‍ : "ഒരു കാര്യം കൂടി ചോദിച്ചോട്ടെ അച്ചോ... ഒരു മിനിട്ട്‌... നമ്മുടെ മതത്തില്‍ അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാം എന്ന ഭേദഗതി എന്തായി?"

അച്ചന്‍ : "കുഞ്ഞാടേ... എനിക്കും യോജിപ്പാണ്‌... പക്ഷെ, ഈ തലമുതിര്‍ന്ന അച്ചന്മാര്‍ക്കൊക്കെ വല്ല്യ എതിര്‍പ്പാ... എന്താ കുഞ്ഞാടേ അതിവിടെ ചോദിക്കാന്‍ കാരണം???"

വര്‍ക്കിച്ചന്‍ : "അല്ലാ.. പിള്ളേര്‌ പറയുവായിരുന്നു ഈ അച്ചന്മാര്‍ക്ക്‌ കല്ല്യാണം കഴിക്കാം എന്ന് വന്ന് കഴിഞ്ഞാല്‍ എല്ലാവരും അച്ചനാവാന്‍ പഠിക്കാന്‍ പോകും എന്ന്... നല്ല ഭക്ഷണവും വൈനും അടിച്ച്‌ എല്ലാവരേയും ഉപദേശിച്ച്‌ ഭരിച്ച്‌ നല്ല സുഖജീവിതം... ഉടനേയെങ്ങാനും ഈ നിയമം വരുമോ എന്നറിയാന്‍ ചോദിച്ചതാ.."

കൂട്ടച്ചിരികള്‍ക്കിടയില്‍ അച്ചന്‍ വേഗം പുറത്തിറങ്ങി തന്റെ മാരുതികാര്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

Thursday, May 17, 2007

മമ്മൂട്ടിയുടെ പൗരസ്വാതന്ത്ര്യം

ഇന്നലെ ടി.വി. യില്‍ മമ്മൂട്ടിയുടെ പത്രസമ്മേളനവാര്‍ത്തയും അതിനോടനുബദ്ധിച്ച്‌ യുവമോര്‍ച്ചാ നേതാവു സുരേന്ദ്രന്റെ ജല്‍പനങ്ങളും കേട്ടതുമുതല്‍ മനസ്സില്‍ കുമിഞ്ഞു കൂടിയ ചില വിചാരങ്ങള്‍ അല്‍പം തീവ്രമായിത്തന്നെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചു.

ഈയടുത്ത കാലത്ത്‌ DYFY യുടെ സമ്മേളനം ഉല്‍ഘാടനം ചെയ്തു എന്നതിന്റെ പേരില്‍ മമ്മൂട്ടിയെ ചില യൂത്ത്‌ കോണ്‍ മാരും യുവമറിച്ചചേട്ടന്മാരും ടാര്‍ജറ്റ്‌ ചെയ്ത്‌ വിമര്‍ശിക്കുകയുണ്ടായി.

യൂത്തന്മാര്‍ മൂന്നാറിലെ ഭൂമിയെയും മമ്മൂട്ടിയെയും കൂട്ടിത്തൊട്ട്‌ ഒരു അഴകൊഴമ്പന്‍ ആരോപണവുമായാണ്‌ മുന്നോട്ടുവന്നതെങ്കില്‍ യുവമറിച്ചക്കാന്‍ അല്‍പം കൂടി മുന്നോട്ട്‌ കടന്ന് ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെക്കൂടി വിവാദതലത്തിലേക്ക്‌ കുത്തിക്കയറ്റുകയാണുണ്ടായത്‌.

ഇന്നലെ മമ്മൂട്ടി വളരെ കൃത്യവും യാതൊരു സംശയങ്ങള്‍ക്ക്‌ ഇടനല്‍കാത്തതുമായ തരത്തില്‍ പത്രസമ്മേളനം നടത്തി വ്യക്തമാക്കിയതാണ്‌ വാര്‍ത്ത.

താന്‍ മറ്റുള്ളവരില്‍ നിന്നും മറ്റുമായി വാങ്ങിയിട്ടുള്ള ഭൂമിയില്‍ ഒരു തുണ്ടെങ്കിലും അനധികൃതമായിട്ടുണ്ടെങ്കില്‍ അത്‌ അളന്ന് തിട്ടപ്പെടുത്തി നിയമാനുസൃതമായി പൊതുമുതലിലേക്ക്‌ മുതല്‍ക്കൂട്ടാന്‍ യാതൊരു വൈമുഖ്യവുമില്ലെന്ന് പ്രഖ്യാപിച്ചു.

ഗുജറാത്ത്‌ സംഭവത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ സമകാലീകസംഭവങ്ങളെക്കുറിച്ച്‌ ഒരു സാധാരണക്കാരന്റെ വ്യാകുലത മാത്രമാണെന്നും ഒരു പാര്‍ട്ടിയെയും വ്യക്തികളെയും പേരെടുത്ത്‌ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ്‌.

'ഈ വാര്‍ത്തയെ അടിസ്ഥാനമാക്കി ഇനി എന്താണ്‌ പ്രതികരിക്കാനുള്ളതെ' ന്ന് ചോദിച്ചതിന്‌ സുരേന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങളാണ്‌ അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ ദുഷ്ടലാക്കിന്റെ സൂചന എന്നിലുണ്ടാക്കിയത്‌.

'ഗുജറാത്ത്‌ കലാപം പോലെ മറ്റ്‌ പലതും നടന്നപ്പോള്‍ എന്തുകൊണ്ട്‌ മമ്മൂട്ടി പ്രതികരിച്ചില്ല' എന്നാണ്‌ ഈ വിവരദോഷി ചോദിച്ചത്‌...

അതിന്‌ എനിക്ക്‌ തോന്നിയ ഉത്തരം 'സൗകര്യമുണ്ടായില്ല.... അത്‌ ചോദിക്കാന്‍ നീയാരാടാ??' എന്നതായിരുന്നു.

പിന്നീട്‌ ഈ വിദ്വാന്‍ പറഞ്ഞത്‌ 'മമ്മൂട്ടിയുടെ ഫാന്‍സ്‌ അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ എന്തോ ഒരു 'ഇത്‌' ഉണ്ടെന്ന്. എന്നിട്ട്‌ ഒരു ഉദാഹരണവും... ബീമാപള്ളിയുടെ ഭാഗത്ത്‌ ഇപ്പോഴും സുരേഷ്ഗോപിയുടേയും മോഹന്‍ലാലിന്റേയും പടങ്ങളുടെ വ്യാജ സി.ഡി. കള്‍ ഇറങ്ങുന്നുണ്ടെങ്കിലും മമ്മൂട്ടിയുടെ ചിത്രങ്ങളുടെ ഇറങ്ങുന്നില്ല' എന്ന്...

ഇത്‌ കേട്ടപ്പോഴാണ്‌ ഇങ്ങേരുടെ വാദത്തിന്റെ പോക്ക്‌ അങ്ങ്‌ അയോദ്ധ്യയിലേക്കാണെന്ന് എനിക്ക്‌ തോന്നിയത്‌.

എനിക്ക്‌ തോന്നിയപോലെ തന്നെ ന്യൂസ്‌ റീഡര്‍ നികേഷിനും തോന്നിയതുകൊണ്ടാകണം ഇതേപ്പറ്റി പിന്നെ ഇങ്ങേരോട്‌ ഒന്നും ചോദിക്കാതെ മുഴുമിപ്പിക്കാന്‍ സമ്മതിപ്പിക്കാതെ ഗതിമാറ്റിയത്‌.

'മമ്മൂട്ടി മറുപടി പറയണം എന്നായിരുന്നല്ലോ യൂത്തന്മാരുടേയും യുവമറിച്ചക്കാരുടേയും നിര്‍ബദ്ധം. ഇതാ അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു. ഇനി കാര്യങ്ങള്‍ അവസാനിപ്പിച്ചുകൂടേ?..' എന്ന ചോദ്യത്തിന്‌ 'മൂന്നാറിനോടനുബദ്ധിച്ച കാര്യങ്ങള്‍ ഇനി അതിന്റെ വഴിയ്ക്ക്‌ നടന്നോട്ടെ. പക്ഷെ, ഗുജറാത്ത്‌ സംഭവത്തെക്കുറിച്ച്‌ ഇനിയും ചര്‍ച്ചകള്‍ തുടരും, അത്‌ ജനാധിപത്യത്തിന്റെ ഭാഗമാണ്‌' എന്നാണ്‌.

അതായത്‌... ഇവന്മാര്‍ ഇതില്‍ മാന്തി മാന്തി സുഖിക്കാന്‍ തന്നെ തീരുമാനിച്ചു എന്ന്. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.

'ഇങ്ങനെ ഒരു കാര്യത്തിന്‌ എന്തിന്‌ ചില ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്നതില്‍ വിലക്ക്‌ പോലും ഏര്‍പ്പെടുത്തുന്നത്‌?' എന്ന് നികേഷ്‌ വീണ്ടും ചോദിച്ചു.

'വിലക്കൊന്നും ഏര്‍പ്പെടുത്തുന്നില്ല. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കാണാന്‍ തീരുമാനിക്കുന്നപോലെ കാണരുതെന്ന് തീരുമാനിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്‌' എന്ന് ഉത്തരം.

DYFI വളരെ വ്യക്തമായി അവരുടെ നിലപാട്‌ പറഞ്ഞു. 'എല്ലാ സമ്മേളനങ്ങളും ഉല്‍ഘാടനം ചെയ്യാന്‍ സാമൂഹിക കലാ രംഗങ്ങളിലെ പ്രതിഭകളെയാണ്‌ അവര്‍ കണ്ടെത്താറ്‌. അവരുടെ രാഷ്ട്രീയ നിലപാടുകളോ വീക്ഷണങ്ങളോ അതിനൊരു തടസ്സമാകാറില്ല. അവരുടെ നിരീക്ഷണങ്ങളെ ക്രിയാത്മകമായാണ്‌ കാണാറ്‌. ഇത്തവണ മമ്മൂട്ടി ഉല്‍ഘാടനം ചെയ്തു. അദ്ദേഹത്തിന്‌ DYFI യുമായോ പാര്‍ട്ടിയുമായോ രാഷ്ട്രീയ കൂട്ടുകെട്ടൊന്നുമില്ല. ഇതിന്റെ പേരില്‍ വിവാദങ്ങളും മറ്റും ഉണ്ടാക്കുന്നത്‌ അസഹിഷ്ണുതയാണ്‌' എന്ന്.

എനിക്കും തോന്നിയത്‌ ഇതു തന്നെ.... 'അസഹിഷ്ണുത'.

ഇനി യൂത്തന്മാര്‍ക്ക്‌ വായ അടച്ച്‌ ഇരിയ്ക്കാമല്ലോ? വേണമെങ്കില്‍ ഒരു മാപ്പും പറയാം.

യുവമറിച്ചക്കാര്‍ക്ക്‌ വീണ്ടും വിഡ്ഢിവേഷം കെട്ടി വര്‍ഗ്ഗീയ കച്ച മുറുക്കി ഉടുത്ത്‌ തെരുവിലിറങ്ങി പോസ്റ്റര്‍ വലിച്ച്‌ കീറുകയോ ബഹളം വയ്ക്കുകയോ ആവാം.... സ്വയം തരം താണ്‌ നാണം കെടാനാണ്‌ വിധിയെങ്കില്‍ ആര്‍ക്ക്‌ തടയാനാകും...

ഒരു ഉല്‍ഘാടനം ചെയ്തതിന്‌ അമിതപ്രാധാന്യം നല്‍കി അദ്ദേഹത്തെ DYFI യുടെ ബ്രാന്‍ഡ്‌ അമ്പാസഡറാക്കാന്‍ ശ്രമിച്ചത്‌ ഈ വിമര്‍ശകന്മാര്‍ മാത്രമാണ്‌. ഒരു കലാകാരന്‍, പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്തിന്‌ ചോദ്യം ചെയ്യണം? ഇത്ര അസഹിഷ്ണുത കാണിക്കേണ്ട എന്ത്‌ കാര്യമാണ്‌ അദ്ദേഹം ചെയ്തതും പറഞ്ഞതും?

ഇനിയും ഇതിന്റെ പേരില്‍ പ്രചാരവേലകളുമായി ഇറങ്ങുന്നവരെ ജനം ചൂലുകൊണ്ട്‌ അടിയ്ക്കും... (രാഷ്ട്രീയത്തിലെ കരടുകളെയും കീടങ്ങളേയും തൂത്തുകളയുന്ന ചൂല്‌ ജനങ്ങളുടെ കയ്യില്‍ തന്നെയണ്‌.. അത്‌ ശരിയ്ക്ക്‌ ഉപയോഗിക്കണമെന്ന് മാത്രം)

Wednesday, April 25, 2007

സ്മാര്‍ട്ട്‌ ഡേ (വഞ്ചനാദിനം)

ഉമ്മന്‍സാര്‍ കാലത്തെഴുന്നേറ്റ്‌ തങ്ങളുടെ ആസ്ഥാനപത്രമായ മ.രമ തുറന്നു. (ഈ പത്രം ശോധനയുണ്ടാകാന്‍ ഉത്തമമത്രെ).

"എന്ത്‌???... ഉറപ്പിച്ചെന്നോ???.... ന്റെ പുതുപ്പള്ളിമാതാവേ... ചതിയായിപ്പോയല്ലോ?"

ഇത്‌ കേട്ട്‌ ചേട്ടത്തി ഓടിവന്നു. "എന്തുപറ്റി അച്ചായാ...??"

"എന്തുപറയാനാടീ പെമ്പറന്നോരേ.. ദേ ആ അച്ചുമ്മാന്‍ കേറി സ്മാര്‍ട്ട്‌ ആയി..."

"ഓ അതാണോ... അതിനെന്താ മനുഷ്യേനേ... നാടിന്‌ നല്ലത്‌ ആര്‌ ചെയ്താലും നല്ലതുതന്നെ..."

"നീ ഒന്ന് പോടീ... ഇത്‌ വന്‍ ചതിയായിപ്പോയി... ഇത്‌ നഷ്ടക്കച്ചോടമാ..."

"നഷ്ടക്കച്ചോടമോ??? നിങ്ങളെന്താ മനുഷ്യാ പറേന്നേ... പത്രക്കാരും ടി.വി. ക്കാരും എല്ലാം പറയുന്നൂ വല്ല്യ ലാഭമായിപ്പോയീന്ന്.."

"അതെങ്ങനാടീ.... ഇത്രേം കാലം ഞാനും ആ ചെന്നിത്തലയനും കൂടി വികസനവിരുദ്ധന്‍, മുരടന്‍, ദുര്‍മ്മുഖന്‍, എതിരന്‍... എന്നൊക്കെ വിളിച്ച്‌ കൂവിയിട്ട്‌ ദേ ഇപ്പോ ഇങ്ങേരോളം വല്ല്യ വികസനപ്രേമി വേറെ ഇല്ലാത്തമാതിരിയല്ലേ പ്രകടനം.."

"അല്ല, അതവിടെ നിക്കട്ടെ... നിങ്ങള്‌ നഷ്ടമായിപ്പോയി എന്ന് പറഞ്ഞത്‌ എന്തുവാ....അതു പറ..."

"നീ നോക്ക്‌.... നമ്മള്‍ 248 ഏക്കര്‍ ഭൂമീടെ വില 28 കോടി എന്ന് പറഞ്ഞിടത്ത്‌ അങ്ങേര്‍ക്ക്‌ കൊടുക്കുന്നത്‌ 104 കോടി. അതും നമ്മള്‍ ഭൂമി അവര്‍ക്ക്‌ സ്വന്തമായി കൊടുക്കാമെന്നാ പറഞ്ഞേ... ഇപ്പോ ദേ പാട്ടത്തിന്‌ കൊടുത്തിട്ടാ ഇങ്ങനെ.... പാര്‍ക്ക്‌ ഫ്രീയായി കൊടുക്കാന്ന് നമ്മള്‍ പറഞ്ഞതാ... ഓഹരി 9 ശതമാനം തന്നാ മതീന്നും പറഞ്ഞു.. ദേ ഇപ്പോ പറേണൂ പാര്‍ക്ക്‌ അവര്‍ക്ക്‌ കിട്ടീല്ലേലും കുഴപ്പില്ലാന്ന്... മാത്രല്ലാ... 26 ശതമാനം ഓഹരി തരാംന്ന്... അവര്‌ വികസിച്ച്‌ വന്നോട്ടെ എന്ന് വിചാരിച്ച്‌ വേറെ ആരും ഇമ്മാതിരി പരിപാടിയുമായി അയലത്തൊ ചുറ്റുവട്ടത്തോ പാടില്ല എന്ന ഉറപ്പും നമ്മള്‍ കൊടുത്തു. ഇപ്പോ ദേണ്ടേ... വേറെ ഐ.ടി. കച്ചോടക്കാര്‍ ഇരുന്നോട്ടെ കുഴപ്പല്ല്യാത്രേ...പിന്നെ, 33000 പേര്‍ക്ക്‌ തൊഴില്‍ കൊടുക്കാം എന്ന് നമ്മള്‍ പറഞ്ഞപ്പോള്‍, അതിപ്പോ തൊണ്ണൂറായിരം പേര്‍ക്കായി.... ഇതൊന്നും കൂടാണ്ട്‌ വേറേം എന്തരൊക്കെയോ ഡിമാന്റുകളും ലവന്മാര്‍ സമ്മതിച്ചെന്ന്....എനിക്ക്‌ തോന്നണത്‌ ഈ അച്ചുമ്മാന്‌ എന്തോ കൂടോത്രബിസിനസ്സ്‌ ഉണ്ടെന്നാ... അല്ലാണ്ടീമ്മാതിരി മാറ്റം വല്ലോം നടക്ക്വോ...?"

"അല്ല... ഇതിലൊക്കെ എന്താ ഇത്ര നഷ്ടം എന്നു പറേന്നേ???... "

"എടീ.. നമുക്കല്ലാണ്ട്‌ പിന്നെ ആര്‍ക്കാടീ നഷ്ടം??? നമുക്ക്‌ വഞ്ചനാ ദിനം ആചരിച്ചേ പറ്റൂ.... ആ പഹയന്മര്‌ നമ്മളെ പറ്റിച്ചില്ലേ..... അത്‌ തന്നെ കാരണം..."

"ങാ... നിങ്ങള്‌ ഈ റബറച്ചായന്റെ സുഖിയന്‍ പത്രോം പിടിച്ചോണ്ടിരുന്നോ... നാട്ടുകാര്‍ക്കറിയാം ആരാ വഞ്ചിക്കാന്‍ ശ്രമിച്ചേന്ന്... വെറുതേ പിന്നേം നാണം കെടാന്‍ നോക്കാണ്ടിരിയ്ക്ക്‌ മനുഷ്യാ... എനിക്കേ അടുക്കളേല്‍ വേറെ പണീണ്ട്‌ ... ഞാന്‍ പോണൂ..."

"ങാ... ഞാനാ കുഞ്ഞുസായിബിനേം ചെന്നിയേം ഒന്ന് വിളിക്കട്ടെ... വല്ല മുട്ടാപ്പോക്കും കണ്ടെത്തി നട്ടുകാരോട്‌ പറയണ്ടേ...." ഉമ്മന്‍ സാര്‍ ഫോണിനടുത്തേക്ക്‌ നടന്നു.

http://www.mathrubhumi.com/

Monday, April 23, 2007

സംവരണം എങ്ങനെ മുന്നോട്ട്‌?

കാലങ്ങള്‍ക്ക്‌ മുന്‍പ്‌ സവര്‍ണ്ണരുടെ അടിച്ചമര്‍ത്തലുകളിലും അവഗണനയിലും പെട്ട്‌ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം പോയ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്ന് സമൂഹത്തില്‍ ഏറെക്കുറെ തുല്ല്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സംവരണം ഭരണഘടനയിലൂടെ നടപ്പിലാക്കിക്കൊണ്ട്‌ വന്നത്‌.

വര്‍ഷങ്ങള്‍ കടന്നുപോയി....

സംവരണം മൂലം ഇത്തരം വിഭാഗങ്ങള്‍ വളരെയധികം സാമൂഹിക സാമ്പത്തിക രംഗത്ത്‌ മുന്നേറി. ജീവിതത്തിന്റെ എല്ലാ മേഖലയിലും ആനുകൂല്ല്ല്യങ്ങളും സംവരണവും മൂലം പിന്നോക്കാവസ്ഥയില്‍ ഒരു പാട്‌ മാറ്റങ്ങള്‍ വന്നു.ഇന്നിപ്പോള്‍ സംവരണമോ ആനുകൂല്ല്ല്യങ്ങളോ ഇല്ലാതെ തന്നെ ജീവിക്കാവുന്ന ചുറ്റുപാടുകളുള്ള ഒരു പാട്‌ കുടുംബങ്ങളുണ്ട്‌ എന്നത്‌ വളരെ വ്യക്തമായ കാര്യമാണ്‌.

ഈ സംവരണം, ഇതേ രീതിയില്‍ ഇനിയും തുടരണോ, അങ്ങനെ തുടരുകയാണെങ്കില്‍ എത്രകാലം തുടരണം എന്നതാണ്‌ ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ട പ്രധാന വിഷയം എന്ന് തോന്നുന്നു.

സംവരണം മൂലം അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന പോലെ തന്നെ അതിന്റെ ദോഷഫലങ്ങളും നാം അനുഭവിച്ചിട്ടുണ്ടാകും.

വിദ്യാഭ്യാസമേഖലയില്‍ സീറ്റ്‌ സംവരണവും സാമ്പത്തിക സഹായങ്ങളും നല്‍കി പിന്നോക്കവിഭാഗങ്ങളുടെ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ, സാമ്പത്തികമായും സാമൂഹികമായും ശരാശരിയിലോ അതിലും മുകളിലോ നില്‍ക്കുന്ന പലര്‍ക്കും ഈ ആനുകൂല്ല്ല്യങ്ങള്‍ ഇപ്പോഴും ലഭിക്കുന്നു എന്നുള്ളതാണ്‌ ഇവിടുത്തെ മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഞാന്‍ കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്‌, സമ്പന്നരായ പല വിദ്യാര്‍ത്ഥികളും പല ആനുകൂല്ല്ല്യങ്ങളും വാങ്ങുന്നത്‌ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്‌. അതും അവര്‍ ജനിച്ച മതത്തിന്റെ പേരില്‍. പക്ഷെ, ദരിദ്രരായ പല ഉന്നത മതസ്ഥരായ വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുന്നതും നേരിട്ട്‌ മനസ്സിലാക്കിയ എനിക്ക്‌ ഈ സംവരണഘടനയില്‍ എന്തോ ഒരു 'കരട്‌' അനുഭവപ്പെട്ടു.

'ഉയര്‍ന്ന ജീവിത നിലവാരവും സാമ്പത്തികചുറ്റുപാടുകളുമുള്ള പിന്നോക്ക മതവിഭാങ്ങളിലുള്ളവര്‍ക്ക്‌ ആനുകൂല്ല്ല്യങ്ങള്‍ ഇനിയും തുടരുന്നത്‌ ശരിയാണോ?'

ജനിച്ചുപോയത്‌ ഉന്നതമതത്തിലാണെന്ന കാരണത്താല്‍ ദാരിദ്ര്യം മുന്‍ തലമുറയുടെ പ്രവൃത്തിദോഷം കൊണ്ടാണെന്ന് കരുതി സമാധാനിക്കാനാണോ നാം ഉന്നത മതസ്ഥരായ കുട്ടികളെ സമാധാനിപ്പിക്കേണ്ടത്‌?

ജോലി സംവരണത്തിന്റെ കാര്യത്തിലാണെങ്കിലും ഇപ്പോള്‍ വൈരുദ്ധ്യങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു.

കഷ്ടപ്പെട്ട്‌ പഠിച്ചാലും ഒരു ജോലി സമ്പാദിക്കുക എന്നത്‌ ഉയര്‍ന്ന മതത്തിലെ ചെറുപ്പക്കാര്‍ക്ക്‌ ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിയ്ക്കുന്നു.

എന്തുകൊണ്ട്‌ ജോലി സംവരണത്തിലും ജനിച്ചുപോയ കുലം നോക്കാതെ സാമ്പത്തികപിന്നോക്കാവസ്ഥയ്ക്ക്‌ മുന്‍ ഗണന നല്‍കിക്കൂടാ???

അതുപോലെ തന്നെ ജോലിക്കയറ്റങ്ങളുടെ കാര്യത്തില്‍ സംവരണം വന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കും.

കഴിവുള്ളവര്‍ക്ക്‌ ജോലിക്കയറ്റങ്ങള്‍ നല്‍കട്ടെ. അല്ലാതെ, വെറും സംവരണാടിസ്ഥാനത്തിലുള്ള ഇത്തരം ജോലിക്കയറ്റങ്ങള്‍ അതാത്‌ സ്ഥാപനങ്ങളുടെ പിന്നോക്കാവസ്ഥ സൃഷ്ടിക്കുമെന്നാണ്‌ മനസ്സിലാവുന്നത്‌.

സംവരണത്തിന്റെ പേരില്‍ ജോലിയും ജോലിക്കയറ്റങ്ങളും കിട്ടിയ ശരാശരി കഴിവില്ലാത്ത പലരുമായും ഇടപെടേണ്ടിവന്നവരുടെ അനുഭവങ്ങള്‍ തന്നെ ഉദാഹരണം. പലപ്പോഴും ജോലിയിലുള്ള അവരുടെ പ്രാവീണ്യക്കുറവ്‌ എനിക്ക്‌ നേരിട്ട്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. അതുപോലെ, അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഇത്തരക്കാരുടെ ധാര്‍ഷ്ട്യങ്ങളും പലവട്ടം അനുഭവിച്ചിട്ടുമുണ്ട്‌. സംവരണാനുകൂല്ല്ല്യങ്ങളും വാങ്ങി ജോലിയും അധികാരവും ലഭിച്ചുകഴിഞ്ഞാല്‍ ജോലിയോടും സമൂഹത്തോടും യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത ഇത്തരക്കാര്‍ അവരുടെ പിന്നോക്ക ചിന്താഗതിയെ ഒന്നുകൂടി പ്രകടമാക്കുകയണ്‌ എന്ന സത്യം അവര്‍ വിസ്മരിയ്ക്കുന്നു.

പക്ഷെ, വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവുകളും പെരുമാറ്റവും കൈമുതലായ പലരും ഈ വിഭാഗങ്ങളിലുണ്ട്‌ എന്നകാര്യം ഞാനിവിടെ വിസ്മരിയ്ക്കുന്നില്ല.

ജനിച്ച മതത്തിന്റെ അവകാശമാണ്‌ എന്ന് പറഞ്ഞ്‌ സംവരണക്കാര്യത്തില്‍ അവകാശം പറയുന്ന മതനേതാക്കളുടെ ഔചിത്യം മനസ്സിലാകുന്നില്ല. എന്തിന്‌ ഒരു സാമ്പത്തികാടിസ്ഥാനം അത്തരം മതങ്ങളില്‍ നിന്നുള്ള സംവരണത്തിലും കൊണ്ടുവരുന്നതില്‍ ഇവര്‍ ഭയപ്പെടണം?

അര്‍ഹതയുള്ളവര്‍ക്ക്‌ ലഭിക്കട്ടെ ആനുകൂല്ല്ലുങ്ങളും സംവരണങ്ങളും... അത്‌ സമൂഹം ഒറ്റക്കെട്ടായ നല്ല മനസ്സോടെ നടപ്പിലാക്കട്ടെ, അംഗീകരിക്കട്ടെ...ഇതിന്റെ പേരില്‍ മതപരമായ ധ്രുവീകരണങ്ങളും തീവ്രവാദങ്ങളും വളരാതിരിയ്ക്കട്ടെ...

'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍
മാറ്റും അത്‌ നിങ്ങളെത്താന്‍'