Wednesday, April 25, 2007

സ്മാര്‍ട്ട്‌ ഡേ (വഞ്ചനാദിനം)

ഉമ്മന്‍സാര്‍ കാലത്തെഴുന്നേറ്റ്‌ തങ്ങളുടെ ആസ്ഥാനപത്രമായ മ.രമ തുറന്നു. (ഈ പത്രം ശോധനയുണ്ടാകാന്‍ ഉത്തമമത്രെ).

"എന്ത്‌???... ഉറപ്പിച്ചെന്നോ???.... ന്റെ പുതുപ്പള്ളിമാതാവേ... ചതിയായിപ്പോയല്ലോ?"

ഇത്‌ കേട്ട്‌ ചേട്ടത്തി ഓടിവന്നു. "എന്തുപറ്റി അച്ചായാ...??"

"എന്തുപറയാനാടീ പെമ്പറന്നോരേ.. ദേ ആ അച്ചുമ്മാന്‍ കേറി സ്മാര്‍ട്ട്‌ ആയി..."

"ഓ അതാണോ... അതിനെന്താ മനുഷ്യേനേ... നാടിന്‌ നല്ലത്‌ ആര്‌ ചെയ്താലും നല്ലതുതന്നെ..."

"നീ ഒന്ന് പോടീ... ഇത്‌ വന്‍ ചതിയായിപ്പോയി... ഇത്‌ നഷ്ടക്കച്ചോടമാ..."

"നഷ്ടക്കച്ചോടമോ??? നിങ്ങളെന്താ മനുഷ്യാ പറേന്നേ... പത്രക്കാരും ടി.വി. ക്കാരും എല്ലാം പറയുന്നൂ വല്ല്യ ലാഭമായിപ്പോയീന്ന്.."

"അതെങ്ങനാടീ.... ഇത്രേം കാലം ഞാനും ആ ചെന്നിത്തലയനും കൂടി വികസനവിരുദ്ധന്‍, മുരടന്‍, ദുര്‍മ്മുഖന്‍, എതിരന്‍... എന്നൊക്കെ വിളിച്ച്‌ കൂവിയിട്ട്‌ ദേ ഇപ്പോ ഇങ്ങേരോളം വല്ല്യ വികസനപ്രേമി വേറെ ഇല്ലാത്തമാതിരിയല്ലേ പ്രകടനം.."

"അല്ല, അതവിടെ നിക്കട്ടെ... നിങ്ങള്‌ നഷ്ടമായിപ്പോയി എന്ന് പറഞ്ഞത്‌ എന്തുവാ....അതു പറ..."

"നീ നോക്ക്‌.... നമ്മള്‍ 248 ഏക്കര്‍ ഭൂമീടെ വില 28 കോടി എന്ന് പറഞ്ഞിടത്ത്‌ അങ്ങേര്‍ക്ക്‌ കൊടുക്കുന്നത്‌ 104 കോടി. അതും നമ്മള്‍ ഭൂമി അവര്‍ക്ക്‌ സ്വന്തമായി കൊടുക്കാമെന്നാ പറഞ്ഞേ... ഇപ്പോ ദേ പാട്ടത്തിന്‌ കൊടുത്തിട്ടാ ഇങ്ങനെ.... പാര്‍ക്ക്‌ ഫ്രീയായി കൊടുക്കാന്ന് നമ്മള്‍ പറഞ്ഞതാ... ഓഹരി 9 ശതമാനം തന്നാ മതീന്നും പറഞ്ഞു.. ദേ ഇപ്പോ പറേണൂ പാര്‍ക്ക്‌ അവര്‍ക്ക്‌ കിട്ടീല്ലേലും കുഴപ്പില്ലാന്ന്... മാത്രല്ലാ... 26 ശതമാനം ഓഹരി തരാംന്ന്... അവര്‌ വികസിച്ച്‌ വന്നോട്ടെ എന്ന് വിചാരിച്ച്‌ വേറെ ആരും ഇമ്മാതിരി പരിപാടിയുമായി അയലത്തൊ ചുറ്റുവട്ടത്തോ പാടില്ല എന്ന ഉറപ്പും നമ്മള്‍ കൊടുത്തു. ഇപ്പോ ദേണ്ടേ... വേറെ ഐ.ടി. കച്ചോടക്കാര്‍ ഇരുന്നോട്ടെ കുഴപ്പല്ല്യാത്രേ...പിന്നെ, 33000 പേര്‍ക്ക്‌ തൊഴില്‍ കൊടുക്കാം എന്ന് നമ്മള്‍ പറഞ്ഞപ്പോള്‍, അതിപ്പോ തൊണ്ണൂറായിരം പേര്‍ക്കായി.... ഇതൊന്നും കൂടാണ്ട്‌ വേറേം എന്തരൊക്കെയോ ഡിമാന്റുകളും ലവന്മാര്‍ സമ്മതിച്ചെന്ന്....എനിക്ക്‌ തോന്നണത്‌ ഈ അച്ചുമ്മാന്‌ എന്തോ കൂടോത്രബിസിനസ്സ്‌ ഉണ്ടെന്നാ... അല്ലാണ്ടീമ്മാതിരി മാറ്റം വല്ലോം നടക്ക്വോ...?"

"അല്ല... ഇതിലൊക്കെ എന്താ ഇത്ര നഷ്ടം എന്നു പറേന്നേ???... "

"എടീ.. നമുക്കല്ലാണ്ട്‌ പിന്നെ ആര്‍ക്കാടീ നഷ്ടം??? നമുക്ക്‌ വഞ്ചനാ ദിനം ആചരിച്ചേ പറ്റൂ.... ആ പഹയന്മര്‌ നമ്മളെ പറ്റിച്ചില്ലേ..... അത്‌ തന്നെ കാരണം..."

"ങാ... നിങ്ങള്‌ ഈ റബറച്ചായന്റെ സുഖിയന്‍ പത്രോം പിടിച്ചോണ്ടിരുന്നോ... നാട്ടുകാര്‍ക്കറിയാം ആരാ വഞ്ചിക്കാന്‍ ശ്രമിച്ചേന്ന്... വെറുതേ പിന്നേം നാണം കെടാന്‍ നോക്കാണ്ടിരിയ്ക്ക്‌ മനുഷ്യാ... എനിക്കേ അടുക്കളേല്‍ വേറെ പണീണ്ട്‌ ... ഞാന്‍ പോണൂ..."

"ങാ... ഞാനാ കുഞ്ഞുസായിബിനേം ചെന്നിയേം ഒന്ന് വിളിക്കട്ടെ... വല്ല മുട്ടാപ്പോക്കും കണ്ടെത്തി നട്ടുകാരോട്‌ പറയണ്ടേ...." ഉമ്മന്‍ സാര്‍ ഫോണിനടുത്തേക്ക്‌ നടന്നു.

http://www.mathrubhumi.com/

14 comments:

സൂര്യോദയം said...

ന്യൂസ്‌ അപ്ഡേറ്റ്‌

കിരണ്‍ തോമസ് തോമ്പില്‍ said...

പഴയ കരാറാണ്‌ നല്ലതെന്ന് ചെന്നിത്തല മുന്‍പേ പറഞ്ഞതാണ്‌. പിന്നെ കുഞ്ഞാലി സാഹിബിന്റെ പ്രസ്താവന ഇന്നുണ്ട്‌ LDF ന്‌ സ്മാര്‍ട്ട്‌ സിറ്റിയുടെ പിതൃത്വം അവകാശപ്പെടാന്‍ ആകില്ല എന്ന്. ഇനിയും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഷാനവാസിനോട്‌ ചോദിച്ചാല്‍ മതി അല്ലെങ്കില്‍ V.D. സതീശനായലും മതി. പഴയ കരാറാണ്‌ നല്ലതെന്ന് ഇവര്‍ ചാനലുകളില്‍ വാദിക്കുന്ന UDF വക്കീലുമാരാണ്‌. എന്നാലും ഒന്ന് പറയാതിരിക്കാന്‍ വയ്യ. ഉമ്മച്ചന്‍ ഇപ്പോഴും പറഞ്ഞിട്ടില്ല പഴയ കരാര്‍ മെച്ചമെന്ന്. പുതിയ കരാര്‍ മുഴുവന്‍ കാണട്ടേയെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അല്ലാതെ ചുമ്മാ കാടടച്ച്‌ വെടിവയ്കാനൊന്നും പുള്ളിയേക്കിട്ടില്ല. നിങ്ങളൊന്ന് ക്ഷമിക്കെന്നേ

സൂര്യോദയം said...

ഇങ്ങനെ ഒരു പദ്ധതിയ്ക്ക്‌ ഇനീഷ്യേറ്റീവ്‌ എടുത്തു എന്നത്‌ UDF ആണെന്നത്‌ ആരും വിസ്മരിയ്ക്കുന്നില്ല. പക്ഷെ, ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കി വിവേകപരമായി അഭിപ്രായം പറയാതെ തട്ടിമുട്ട്‌ പറയുന്ന നാണം കെട്ട പരിപാടി രാഷ്ട്രീയക്കാരെയും രാഷ്ട്രീയത്തെയും കൂടുതല്‍ മോശമായി കാണാനേ ഉപകരിയ്ക്കൂ..

മൂര്‍ത്തി said...

രാഷ്ട്രീയ ഇച്ഛാശക്തി എന്നു പറയുന്നത് ഇതിനെയായിരിക്കും. എന്തായാലും മുഴുവന്‍ കരാര്‍ വിവരങ്ങളും പുറത്തുവരട്ടെ...ചര്‍ച്ച അപ്പോള്‍ സജീവമാക്കാം....

Mr. K# said...

പൊതുവില്‍ എനിക്ക് രാഷ്ട്രീയക്കാരെ(ഇടതന്മാരെ പ്രത്യേകിച്ചും) ഇഷ്ടമല്ലെങ്കിലും ഈയൊരു കാര്യത്തില്‍ ഞാന്‍ അച്ചുമ്മാനെ സമ്മതിച്ചിരിക്കുന്നു. ബിസിനസുകാരെക്കാളും നന്നായിട്ടല്ലേ വിലപേശിയത്. ശരിക്കും പഴയ കരാറും പുതിയകരാറും ഒരു നോട്ടീസടിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യണം. എനിക്കു മറ്റവന്മാരെക്കുറിച്ച് ശരിക്കും സംശയമുണ്ട്. സൂര്യോദയത്തിന് രണ്ടു കരാറും ബ്ലോഗ്ഗില്‍ പോസ്റ്റാന്‍ പറ്റുമോ? ഒന്നു കമ്പയര്‍ ചെയ്തു നോക്കാനാ.

മ.മ മറ്റേ പത്രത്തേക്കാളും(ദേ.മ) വളരെ വളരെ ഭേദമാണു കേട്ടൊ. ഞാന്‍ രണ്ടും വായിക്കാറുണ്ട് കാലങ്ങളായി.

kalippumachan \ കലിപ്പുമച്ചാന്‍ said...

ചേട്ടാ... ദുഭായിന്നെങ്കാണ്ടോ കൊറേ അറബികള് കൊച്ചീല് വന്ന് കംപ്യൂട്ടറ് കച്ചോടം തൊടങ്ങാന്‍ പോണെന്നു കേട്ടല്ലോ. ഒള്ളതാണോ?... എന്നായാലും നമ്മടെ പിണങ്ങാറായിയെ ഈ കച്ചോടത്തില്‍ പെടുത്താതിരുന്നത് നന്നായി അല്ലേ ചേട്ടാ? തോടീച്ചാല്‍ അങ്ങേര് കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കും അറബികളുടെ അരാഞ്ഞാണവും വരെ അടിച്ചുമാറ്റിയേനേം...

salim | സാലിം said...

സര്‍ക്കാറിന് 26ശതമാനം ഓഹരിയും തൊണ്ണൂറായിരം പേര്‍ക്ക് ജോലിയും കിട്ടുന്ന കാര്യമല്ലേ? ഒരുപക്ഷെ ഉമ്മച്ചനും കൂട്ടര്‍ക്കും കൊടുക്കാന്ന് പറഞ്ഞ കമ്മീഷന്‍ കട്ട് ചെയ്തിരിക്കും അല്ലെങ്കിലിതെല്ലാം എങ്ങിനെ സാധിക്കാനാണ്?

സാജന്‍| SAJAN said...

കിരണ്‍ തോമസ് പറഞ്ഞതു പോലെ, രണ്ടു കരാറും കണ്ടതിനു ശേഷമേ അഭിപ്രായം പറയാനുള്ളൂ എന്ന ഉമ്മന്‍ ചാണ്ടിയുടെ തീരുമാനത്തോട് ഞാന്‍ യോജിക്കുന്നു..

പഴയ കരാറിന്റെ രീതി വച്ചു നോക്കുമ്പോള്‍ അഴിമതി നടന്നിരിക്കാമെന്ന സാധ്യത വളരെ ഉണ്ടെങ്കിലും.. അതു തെളിയിക്ക പെടാത്തിടത്തോളം കാലം അത് വിശ്വസിക്കാന്‍ എനിക്ക്
ഇഷ്ടം തോന്നുന്നില്ല..

അങ്ങനെ സംഭവിക്കാനുള്ള മറ്റു സാധ്യതകളിലേക്ക് നോക്കിയാല്‍..
സ്മാര്‍ട്ട് സിറ്റി കൊണ്ടു വരേണ്ടത് ഉമ്മന്‍ ചാണ്ടിയുടെയും യു ഡി എഫിന്റേയും ബാധ്യതയായി മാറി.. തിടുക്കത്തിലുള്ള ഒരു തീരുമാനവും(തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്)ആയിരുന്നതിനാല്‍.. നെഗോഷിയേഷനുള്ള റൂം തീരെ കുറവായിരുന്നു..


ബേസിക്കലി.. ബിസിനസ്സിലും.. നെഗോഷിയേഷനിലും പ്രൊഫഷണല്‍ ആയിരിക്കുന്ന റ്റീകോമിലെ ഉദ്യോഗസ്ഥര്‍ അതിനാല്‍ തന്നെ അതു വേണ്ട രീതിയില്‍ ചൂഷണം ചെയ്തിരിക്കും.

.
എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും.. ചിത്രം ആകെ മാറീ..അവിടെ തീര്‍ച്ചയായും മേല്‍ക്കൊയ്മ അച്യുതാനന്ദനും ഇപ്പോഴത്തെ ഗവണ്മെന്റിനും വന്നു..
ഈ സ്മാര്‍ട്ട് സിറ്റി കേരളത്തില്‍ വന്നില്ലെങ്കിലും.. അച്യുതാനന്ദനു വ്യക്തി പരമായി അതൊരു വലിയ നഷ്ടം ആയിരുന്നില്ല.. കാരണം അദ്ദെഹത്തെ കുറിച്ചുള്ള മുന്ധാരണയില്‍ കേരളത്തിലെ ഭൂരി ഭാഗം ജനങ്ങളും മനസ്സുകൊണ്ട് അതിനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു.

അപ്പൊ അതു വന്നാല്‍ ഒരു ബോണസ് പൊയാല്‍ ഒന്നും നഷ്ടപ്പെടാനില്ല എന്ന അവസ്ഥയില്‍ കൂടുതല്‍ വിലപേശലിനുള്ള അവസരം ഇപ്പോഴത്തെ ഗവണ്മെന്റ്നു ലഭിച്ചു...

അതിന്റെ തെളിവാണ്, ഇപ്പൊഴത്തെ ഗവണ്മെന്റ് വച്ച എല്ലാ നിബന്ധനകളും അവര്‍ അംഗീകരിച്ചത് (തീരുമാനത്തിനു അവര്‍
കൂടുതല്‍ സമയമെടുത്തു എന്നുള്ളത് എന്റെ നിലപാടിനെ കൂടുതല്‍ ന്യായീകരിക്കുന്നു) ..

കച്ചവടത്തില്‍ ഡിമാന്റ് കൂടുമ്പോള്‍ സാധനങ്ങള്‍ക്കൊ സേവനത്തിനോ വില കൂടും അല്ലെങ്കില്‍ വില കുറയും എന്ന ഒരു സാമാന്യതത്വമേ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.. എന്തായാലും.. നേരെ ചൊവ്വെ കാര്യങ്ങള്‍ നടന്നാല്‍ മതിയാരുന്നു...

santhosh balakrishnan said...

thats wright..
sajan.. well said..!

സൂര്യോദയം said...

അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി..

സാജനോട്‌ ഒരല്‍പം വിശദീകരിക്കാം എന്നുതോന്നുന്നു.
വിലപേശലിനുള്ള അവസരം ലഭിച്ചതും മുന്‍ തൂക്കം ലഭിച്ചതും സാജന്‍ പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു.

പക്ഷെ, വ്യക്തമായ ഒരു നിലപാട്‌ നേരത്തേ തന്നെ പ്രഖ്യാപിക്കുകയും അതില്‍ ഉറച്ച്‌ നിന്നുകൊണ്ട്‌ അവസാനം വരെ നിലകൊള്ളുകയും ചെയ്തു എന്നതും ശ്രദ്ധിക്കേണ്ടതാണ്‌. കൂടാതെ, സമാനമായ പല പദ്ധതികള്‍ക്കും മറ്റ്‌ പ്രൊപ്പോസലുകള്‍ക്കും അവസരം ഉണ്ടാകത്തക്ക രീതിയില്‍ ചര്‍ച്ചകളോ സൂചനകളോ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതും വിലപേശലിന്‌ കൂടുതല്‍ ഗുണം നല്‍കി.

മുസ്തഫ|musthapha said...

സാജന്‍ പറഞ്ഞത്, ഇതേപ്പറ്റി കേട്ടതില്‍ വെച്ചെനിക്ക് വളരെ നന്നായി തോന്നിയ ഒരഭിപ്രായം!

ഒരേ നിലപാടില്‍ ഉറച്ച് നിന്നുകൊണ്ടുള്ള നീക്കങ്ങളും ഫലം ചെയ്യും എന്ന് കാണിക്കാന്‍ ഈ സര്‍ക്കാരിന് അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതും നല്ലൊരു കാര്യം തന്നെ.

Kaithamullu said...

25-നു പോസ്റ്റ് ചെയ്യാന്‍ വച്ചതിപ്പോള്‍ പൂശൂന്നൂ:
അനുഭവി:
(ഓണത്തിന്നിടെ പൂട്ടുകച്ചോടം എന്ന് പറയും ഞങ്ങടെ നാട്ടിലിതിനെ:)


ഉച്ചക്കൂണു കഴിക്കാന്‍ വീട്ടില്‍ പോയപ്പൊഴാണാ ന്യൂസ് ഏഷ്യാനെറ്റില്‍:

“സ്മാര്‍ട്ട് സിറ്റി കരാരിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഏപ്രില്‍ 30-ന്നകം ഒപ്പ് വയ്ക്കും“.

ഓ, ഇനി ആ ഒരു കാര്യമാലോചിച്ച് തീറ്റ കുറയ്ക്കേണ്ടല്ലോ എന്നു കരുതി ഒരു മീങ്കഷണം കൂടിയെടുത്ത് കടിക്കുമ്പോഴതാ വരുന്നു പഴയ ഒരു മന്ത്രിപുംഗവന്റെ, ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിക്കും പോലെയുള്ള കമെന്റ്: “ഏയ്, ആ പഴേ ഗര്‍ഭാണോ: എന്നാ അത് ഞമ്മടതാണേ”

ങ്‌ക്കറിയോ കഥ? നമ്മളാ‍ന്ന് ആദ്യം ഇങ്ങനെ ഒരു പെണ്ണ് പൊര നിറഞ്ഞ് നിക്കണ കാര്യറിഞ്ഞത്. കേട്ട പാതി കേക്കാത്ത പാതി നമ്മടെ ചെങ്ങായി ഉമ്മച്ചനേം കൂട്ടി ചെന്ന് പെണ്ണ് കണ്ടു. കണ്ടിട്ട് സഹിച്ചില്ല, നല്ല
മൊഞ്ചൊള്ള ഒരു ചുള്ളത്തി. ചോദിച്ചതൊക്കെ കൊടക്കാന്ന് നമ്മള് വാക്ക് കൊടുത്തു. പെണ്ണിന്റെ ഉമ്മേനേം വാപ്പാനേം അന്യേത്തികളേം ബന്ധുക്കളേം ഒക്കേം നമ്മള് ഏറ്റെടുക്കാന്നും ചുറ്റുവട്ടം ഒക്കെ എഴുതിക്കൊടുക്കാന്നും പറഞ്ഞു.

അപ്പ്‌ഴക്കല്ലേ ആ ഐസ്ക്രീമിന്റെ കപ്പ്‌മ്മെ ചവിട്ടി നമ്മള് വീണത്. നടുവൊടിഞ്ഞു കെട്പ്പായതി
നാല്‍ അനങ്ങാന്‍ വയ്യ, എന്നാപ്പിന്നെ അടുക്കളക്കാരന്‍ കുഞ്ഞൂഞ്ഞീനെക്കൊണ്ട് കെട്ടിച്ചാലോ
എന്നലോചിക്കുമ്പഴാ ദേ, ഈ വയസ്സന്‍ കാ‍ര്‍ന്നോര് ചെന്നത്, ചെന്ന ഉടനെ ആരേം അറീക്കാണ്ട് കെട്ടും നടത്തി.
-മാത്രോ ശ്രീദനോം ചട്ടീം കലോം നെലവിളക്കും എല്ലാം എരന്നു വാങ്ങി, ഭാഗാധരം സ്വന്തം പേരില്‍ രെയ്സ്രും ചെയ്തു.

അതോണ്ടാ കുഞ്ഞ് ജനിച്ചൂന്നറിഞ്ഞപ്പൊ നമ്മടെ കൂട്ടാളി പറഞ്ഞത്: ആദ്യം കുഞ്ഞിന്റെ മൊഖം കാണട്ടെ, പിന്നെ പറയാം തന്തയാരാന്ന്. എന്നാ എനിക്ക് ലേശം‌കൂടി സംശം ഇല്യാട്ടൊ. ആദ്യം പെണ്ണ് കണ്ടതും മോഹിച്ചതും ഞാനാണെങ്കി കൊച്ചിന്റെ തന്തേം ഞാന്തന്നെ!

ammu said...

sooryodayam ennathu serikkumulla name aano?

മലമൂടന്‍ മരമണ്ടന്‍ said...

അപ്പോ... ഇങ്ങനേം കരാറുണ്ടാക്കാം.... അല്ലേ..