Monday, December 29, 2008

സിസ്റ്റര്‍ എഫ്ഫക്റ്റ്‌

സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ നടപടിക്രമങ്ങളും വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും മാധ്യമങ്ങളിലൂടെ നിരന്തരം വന്നുകൊണ്ടിരുന്നപ്പോഴും നല്ലൊരു ശതമാനം ആളുകളും 'എന്തതിശയമേ...' എന്ന് മൂക്കത്ത്‌ വിരല്‍ വച്ച്‌ അന്തം മിഴിക്കാതെ 'ങാ.. അങ്ങനെ വരട്ടെ....' എന്ന ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. കാരണം, സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട അന്ന് മുതല്‍ ഒരുമാതിരിപ്പെട്ട ജനവിഭാഗത്തിനൊക്കെയും (പ്രത്യേകിച്ച്‌ ആ പരിസരവാസികള്‍ക്ക്‌) ഇതൊരു കൊലപാതകമാണെന്നും അതിന്റെ പിന്നില്‍ ഇവരൊക്കെ തന്നെയാണെന്നും ഒരുവിധം ഉറപ്പായിരുന്നു. അതോടൊപ്പം തന്നെ, ഇതൊന്നും തെളിയിക്കപ്പെടാന്‍ പോകുന്നില്ലെന്ന ഒരു ഉറപ്പ്‌ കൂടി പതുക്കെ പതുക്കെ സാമാന്യജനത്തിന്‌ വന്ന് ചേര്‍ന്നു.

ഇനിയിപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്‌ വന്ന് കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ മൗനമായി കൂട്ടം കൂടി പ്രാര്‍ത്ഥന നടത്താനും ഇടയലേഖനമിറക്കാനും പുറപ്പെട്ട്‌ സഭയും അധികാരികളും കൂടുതല്‍ കൂടുതല്‍ കോമാളികളായിക്കൊണ്ടിരിക്കുന്നതിന്റെ മാത്രം ലോജിക്ക്‌ മനസ്സിലായില്ല.

കുറേശ്ശെ ഒരു സംശയം തോന്നുന്നതെന്തെന്നാല്‍ സഭയ്ക്കും അധികാരികള്‍ക്കും ഇപ്പോഴും നല്ല ദൈവവിശ്വാസമുണ്ട്‌, ആ വിശ്വാസം ഉപയോഗിച്ച്‌ അതിന്റെ സ്വാധീനം ഉപയോഗിച്ച്‌ ഇനിയും ഈ കേസ്‌ തേച്ച്‌ മാച്ച്‌ കളയാന്‍ കഴിയും എന്ന ആത്മധൈര്യമുണ്ട്‌ എന്ന് തന്നെയാണ്‌.

ഉന്നതരായ ഇന്ത്യന്‍ ഭരണാധികാരികളെയും നിയമപാലകരെയും മറ്റ്‌ ഉദ്യോഗസ്ഥരെയുമൊക്കെ വളരെ സിമ്പിള്‍ ആയി സ്വാധീനിക്കാനുള്ള ഇവരുടെ കഴിവ്‌ വച്ച്‌ നോക്കിയാല്‍ ഇനിയും ഇവര്‍ക്ക്‌ പലതും ചെയ്യാന്‍ സാധിക്കും.

സഭയെയും വിശ്വാസികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന് ആക്ഷേപിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും വിമര്‍ശിക്കുകയും ബഹിഷ്കരിക്കുകയും ചെയ്യാന്‍ ഉത്തരവിട്ടാല്‍ അത്‌ പാലിക്കാന്‍ എത്ര പേരെ കിട്ടുമെന്ന് ഇവര്‍ക്ക്‌ നിശ്ചയമുണ്ടോ ആവോ? ഇനി, ഉത്തരവ്‌ കേട്ടത്‌ അപ്പാടെ വിഴുങ്ങി പാലിക്കുന്ന അച്ഛന്‍ വിശ്വാസികളോ പള്ളിവിശ്വാസികളോ (ദൈവവിശ്വാസികളെ അല്ല ഉദ്ദേശിച്ചത്‌) കാണുമായിരിക്കും, എന്നാലും അതത്ര ബഹുഭൂരിപക്ഷം വരുമെന്ന് തോന്നുന്നില്ല, അഥവാ ഉണ്ടെങ്കില്‍ അത്‌ സമൂഹത്തിന്റെ ജീര്‍ണ്ണതയായേ കാണാന്‍ കഴിയൂ.

ഇത്തരം സാഹചര്യത്തില്‍ സഭയും അധികാരികളും ഒരു രഹസ്യ അന്വേഷണം നടത്തി നോക്കിയാല്‍ സഭയോടും സഭാ അധികാരികളോടും അച്ചന്മാരോടും കന്യാസ്ത്രീകളോടുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ സമീപനം മനസ്സിലാക്കാന്‍ സാധിക്കും. അത്‌ മനസ്സിലായാല്‍ അതിന്‌ മാറ്റം വരുത്തുന്നതിന്‍ എന്ത്‌ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കാന്‍ സാധിക്കും.

പൊതുജനങ്ങളിലുണ്ടായ അത്തരം ചില സമീപനവ്യതിയാനങ്ങളാണ്‌ താഴെ പ്രതിപാദിക്കുന്നത്‌..

1. അച്ചനാവാന്‍ പഠിക്കാന്‍ ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക്‌ വലിയ താല്‍പര്യമാണത്രേ. സഭാ ചിലവില്‍ പഠിക്കുകയും, വരുമാനമാര്‍ഗ്ഗമാകുകയും പിന്നെ അത്യാവശ്യം കന്യകമാരെയും കന്യകാപദവി വച്ചൊഴിഞ്ഞവരെയും ദര്‍ശിക്കുകയും കിനിഞ്ഞ്‌ ... സോറി, കുനിഞ്ഞ്‌... ച്ഛേ.... കനിഞ്ഞ്‌ അനുഗ്രഹിക്കുകയും ചെയ്യാമല്ലോ എന്ന ആഗ്രഹവുമാണ്‌ ഇതിന്റെ പിന്നിലെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.

2. ബസ്‌ സ്റ്റോപ്പുകളിലും മറ്റ്‌ പൊതുസ്ഥലങ്ങളിലും കന്യാസ്ത്രീകളെ കാണുമ്പോള്‍ ആളുകള്‍ക്ക്‌ (പ്രത്യേകിച്ച്‌ കോളേജ്‌ വഷളന്മാര്‍ക്ക്‌?) ഒരുതരം പ്രത്യേക വികാരമാണത്രേ. ഈ വികാരത്തിരയിളക്കത്തിന്റെ ഭാഗമായി പല കമന്റുകള്‍ പറയുകയും അതില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്നുണ്ടത്രേ ഇക്കൂട്ടര്‍. പലയിടങ്ങളിലും കൂക്കിവിളികളും മറ്റും നടത്തുന്നുണ്ടെന്നതാണ്‌ മറ്റൊരു റിപ്പോര്‍ട്ട്‌.

3. ബസ്സിനുള്ളില്‍ സ്ത്രീകളോട്‌ ആക്രാന്തം (അതിക്രമം) കാട്ടുന്ന ഒരു വിഭാഗം എന്നും നിലവിലുണ്ടല്ലോ. കോളേജ്‌ പിള്ളേരാണ്‌ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നത്‌ പൊതുവിജ്ഞാനത്തിന്റെ ഭാഗവുമാണ്‌. ഇത്തരക്കാര്‍ പണ്ടൊക്കെ വെറുതേ വിട്ടിരുന്ന വിഭാഗമായിരുന്നു കന്യാസ്ത്രീകള്‍. അടുത്ത കാലത്തായി ഇത്തരക്കാരുടെ മെയിന്‍ ഫോക്കസ്‌ പണ്ട്‌ തഴയപ്പെട്ട വിഭാഗത്തോടായിട്ടുണ്ടെന്നതാണ്‌ മറ്റൊരു റിപ്പോര്‍ട്ട്‌. ഇത്രകാലമത്രയും തഴയപ്പെട്ടതിനാല്‍ പ്രത്യേകസംവരണക്കാര്യവും പരിഗണനയിലുണ്ടത്രേ...

4. പള്ളിയിലെ അച്ചന്മാരെ കാണുമ്പോള്‍ ആളുകള്‍ അസൂയയോടെ നോക്കുന്നുപോലും. 'ഭാഗ്യവാന്മാര്‍..' എന്ന് മനോഗതമായി ചിലരും, 'ജനിക്കുകയാണെങ്കില്‍ അങ്ങനെ ജനിക്കണമെടാ..' എന്ന് സംഘം ചേര്‍ന്നും കമന്റ്‌ പാസ്സാക്കുന്ന ഒരു രീതി നടപ്പിലായിട്ടുണ്ടത്രേ.


ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നല്ലൊരുശതമാനം നിരപരാധികളാണെന്നത്‌ സത്യമായി അവശേഷിക്കുമ്പോഴും, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവാന്‍ എന്താണ്‌ കാരണമെന്നും അതിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കി ജനങ്ങളില്‍ വീണ്ടും എങ്ങനെ വിശ്വാസം വളര്‍ത്താനും അതിനുള്ള ശരിയായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുമാണ്‌ വേണ്ടത്‌.

അല്ലാതെ, ദിവസം തോറും മൗനപ്രാര്‍ത്ഥനയും, ഇടയലേഖനവും പത്രപ്രസ്താവനയും ഇറക്കി തെറ്റിനെ ശരിയാക്കാന്‍ ശ്രമിച്ച്‌ കൂടുതല്‍ കൂടുതല്‍ ജീര്‍ണ്ണതയിലേയ്ക്കും നാണക്കേടിലേയ്ക്കും പോകുകയല്ല വേണ്ടത്‌.

(ഹോ.. ഒന്ന് ഉപദേശിച്ചപ്പോള്‍ എന്തൊരു മനസ്സമാധാനം...)

Wednesday, September 3, 2008

ഒറീസ്സയിലെ പാഠപുസ്തകം

ഒറീസ്സയില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ നേരെ നടക്കുന്ന അക്രമങ്ങള്‍ എല്ലാവര്‍ക്കും മനസ്സില്‍ വിഷമമുണ്ടാക്കുന്നത്‌ തന്നെ. ഈ കാര്യം ചര്‍ച്ച ചെയ്യുന്നതിന്നിടയില്‍ അല്‍പം പ്രായം ചെന്ന എന്റെ അച്ഛന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു "എന്നാലും ഒറീസ്സയിലെ പാഠപുസ്തകത്തിന്‌ കുഴപ്പമൊന്നുമില്ലല്ലോ?" എന്ന്.

ഈ ഡയലോഗിലെ ആക്ഷേപഹാസ്യം അതേ രീതിയില്‍ ഉള്‍ക്കൊണ്ട്‌ കുറച്ച്‌ സമയത്തിനകം വിസ്മരിക്കുകയും ചെയ്തു.

പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ്‌ അത്‌ വിസ്മരിക്കാനുള്ള ഡയലോഗ്‌ അല്ല എന്ന് മനസ്സിലായത്‌.

പിതാവ്‌ പവ്വത്തിലിന്റെ പ്രസ്താവന വായിച്ച്‌ ചെറുതായൊന്ന് ഞെട്ടുകയും ഒരല്‍പ്പം ചോര തിളയ്ക്കുകയും ചെയ്തു. 'പള്ളി തകര്‍ത്താലും ആളെ കൊന്നാലും വീണ്ടും ഉണ്ടാക്കിയെടുക്കാം' അത്രേ... പക്ഷേ, അതിനേക്കാള്‍ എത്രയോ ഭീകരമാണ്‌ പാഠപുസ്തകത്തിലൂടെ നിരീശ്വരചിന്ത പ്രചരിപ്പിക്കുന്നത്‌ എന്ന്.

ശരിയാണല്ലോ എന്ന് എനിയ്ക്കും തോന്നി. സ്വാശ്രയ കോളേജുകളും ആശുപത്രികളും മറ്റ്‌ നിരവധി ധന്‍സമ്പാദനമാര്‍ഗ്ഗങ്ങളുമുള്ള ക്രിസ്തീയസഭയ്ക്ക്‌ വീണ്ടും പള്ളികളും മറ്റും പടുത്തുയര്‍ത്താന്‍ എന്ത്‌ ബുദ്ധിമുട്ട്‌?

ഇനി മനുഷ്യജീവന്റെ കാര്യം.. അതും സിമ്പിള്‍.. ഈയടുത്താണ്‌ ഉന്നതാധികാരകേന്ദ്രങ്ങളില്‍ നിന്നും ഒരു വലിയ ഓഫര്‍ വന്നത്‌. കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്ന ഫാമിലിയ്ക്ക്‌ മെഗാ ഓഫറുകള്‍, പ്രൊഡക്‌ ഷന്‍ കൂട്ടുന്നതിനനുസരിച്ച്‌ ഉയര്‍ന്ന ആനുകൂല്യങ്ങള്‍. അപ്പോള്‍ പിന്നെ, ഒറീസ്സയില്‍ വി.എച്ച്‌.പി.ക്കാരോ മറ്റുള്ളവരോ ക്രിസ്ത്യാനികളെ കൊന്നാലും ഒന്നും സംഭവിക്കില്ല. മറ്റേ ഭാഗത്ത്‌ ഉല്‍പ്പാദനം കൂട്ടിയാല്‍ മതിയല്ലോ, നല്ല പ്ലാനിംഗ്‌.

ഇനി, ഒറീസ്സയില്‍ കൊല്ലപ്പെടുന്നതൊക്കെ രണ്ടാം കിട ക്രൈസ്തവരാണല്ലോ എന്നുള്ള ചിന്തയും പവ്വത്തില്‍ പിതാവിന്‌ ഉണ്ടാകാം. മത പരിവര്‍ത്തനം ചെയ്തെടുത്തവര്‍, അവരെ കൊന്നുതള്ളിയാലും അതില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാമോ എന്ന് നോക്കാം.. ന്യൂനപക്ഷപീഡനവും ആക്രമണങ്ങളും ഉയര്‍ത്തിക്കാട്ടി കുറേ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാമല്ലോ.

ഇടതുപക്ഷസ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ അക്രമണങ്ങള്‍ കുറവാണെന്ന സത്യം അറിയാമെങ്കിലും അത്‌ സമ്മതിക്കാന്‍ പറ്റില്ല. കാരണം, ഇവിടെ പാഠപുസ്തകവും സ്വാശ്രയവുമെല്ലാമായി വല്ല്യ പ്രശ്നമുണ്ടാക്കുകയല്ലേ?

കാര്യം നിരീശ്വരചിന്ത പ്രചരിപ്പിക്കുമെന്ന ആരോപണവിധേയരെങ്കിലും, കമ്മ്യൂണിസ്റ്റുകാര്‍ ചിലപ്പോള്‍ ജീവന്‍ കൊടുത്തും മതവിഭാഗങ്ങള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങളെ ചെറുക്കുന്നു എന്നതും പവ്വത്തില്‍ പിതാവോ സഭയോ പുറത്ത്‌ പറയില്ല. അതിലും ഭേദമാണത്രേ ഒറീസ്സയിലെപ്പോലെ തല്ല് കൊണ്ട്‌ ചാവുന്നത്‌.

ഇതൊക്കെ അവിടെ നിക്കട്ടെ, നമ്മുടെ പാഠപുസ്തകത്തിന്റെ കേസ്‌ ഇതിന്നിടയില്‍ തള്ളിപ്പോവാതിരിക്കാന്‍ പവ്വത്തില്‍ പിതാവിനും പള്ളിക്കാര്‍ക്കും പ്രത്യേക ശ്രദ്ധയുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട്‌ മറ്റൊരു വാര്‍ത്ത അതേ ദിവസം തന്നെ കണ്ടു. പാഠപുസ്തകസമരം ശക്തമാക്കും അത്രേ. വേണമല്ലോ, നമ്മള്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കണമല്ലോ, ഇനി പള്ളിക്കാര്‍ അച്ചടിച്ചുതരുന്ന പുസ്തകമേ പഠിപ്പിക്കൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നവരെ നടക്കട്ടെ സമരം.

അപ്പോള്‍ ഒറീസ്സയിലെ അക്രമണങ്ങള്‍ക്കെതിരെ സഭ സമരം ചെയ്യുന്നില്ലേ എന്ന് ന്യായമായും തോന്നാം. പിന്നില്ലാതെ, സമാധാന റാലിയും പ്രാര്‍ത്ഥനായോഗങ്ങളും ധാരാളമായി നടത്തും. വേണമെങ്കില്‍ വി.എച്ച്‌.പി.ക്കാരുടെ മനസ്സ്‌ നന്നാവാന്‍ ഒരു യാഗവും നടത്താം. മൂന്ന് നേരവും വി.എച്ച്‌.പി.ക്കാര്‍ക്ക്‌ നല്ലബുദ്ധിയുണ്ടാകാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയും കഴിഞ്ഞ്‌ പാഠപുസ്തകത്തിന്നെതിരെ ഇടയലേഖനവും വായിച്ച്‌ സമരരംഗത്തേയ്ക്ക്‌ ഇറങ്ങാം, ആനക്കാര്യത്തിന്നിടയിലാ ചേനക്കാര്യം.. പാഠപുസ്തകം ഇവിടെ ചൂടുപിടിച്ച്‌ നില്‍ക്കുമ്പോളുണ്ട്‌ അവിടെ കൊല്ലുന്നേ എന്ന് പറഞ്ഞ്‌ വരുന്നത്‌, പോയി പണിനോക്കട്ടെ അവര്‌.


ഇങ്ങനെ സമരം നടത്തി ഭയപ്പെടുത്താന്‍ മാത്രമല്ല സഭയ്ക്ക്‌ കഴിവ്‌. സഭയെ ദോഷകരമായി ബാധിക്കുന്ന ഏത്‌ പ്രശ്നത്തിലും ഇടപെട്ട്‌ പുഷ്പം പോലെ ഊരിപ്പോരാന്‍ സഭയ്ക്കുള്ള കഴിവില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? അഭയകേസിനെക്കുറിച്ച്‌ സാമാന്യജനത്തിന്‌ ഒരുവിധം കാര്യങ്ങളൊക്കെ വ്യക്തമയി, പക്ഷേ, ഒരിയ്ക്കലും അത്‌ സഭയെ ദോഷകരമായി ബാധിക്കാതെ, ഒരു വിധിയുണ്ടാകാതെ അവര്‍ നോക്കിക്കൊള്ളും.

ഡിവൈന്‍ ധ്യാനകേന്ദ്രത്തോടനുബദ്ധിച്ച്‌ എന്തായിരുന്നു പുകില്‌? എന്നിട്ടെന്തായി? ഏത്‌ ഡിവൈന്‍? എന്ത്‌ പ്രശ്നം? എന്നായില്ലേ ഇപ്പോ സ്ഥിതി.

കന്യാസ്ത്രീ ആത്മഹത്യ ചെയ്തു, പീഡനം സഹിക്കവയ്യാതെയാണെന്ന് ആരോപണങ്ങള്‍ വന്നു. എന്നിട്ടോ? കുറച്ച്‌ ദിവസത്തിന്നകം കാര്യങ്ങള്‍ വളഞ്ഞൊടിഞ്ഞ്‌ മറ്റൊരു രൂപത്തിലാകും, അതായത്‌, ആത്മഹത്യ ചെയ്ത കന്യാസ്ത്രീയ്ക്ക്‌ സ്വഭാവദൂഷ്യമുണ്ട്‌, അത്‌ കണ്ട്‌ പിടിച്ചപ്പോള്‍ ആത്മഹത്യ ചെയ്തെന്നോ, കുറഞ്ഞത്‌ മാനസികരോഗിയായിരുന്നെന്നോ മറ്റോ ഉള്ള കാരണങ്ങള്‍ കണ്ടെത്തി സ്ഥാപിച്ചെടുത്ത്‌ ആരോപണവിധേയമായവര്‍ കൈ കഴുകി നല്ല അസ്സല്‍ ചിക്കന്‍ ബിരിയാണി കഴിയ്ക്കും.

എന്തായാലും, സഭയ്ക്ക്‌ ഇപ്പോ നല്ല ഇമേജാണ്‌. ആ ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ പൗഡര്‍ ഇടീക്കുകയും മുടി ചീകിക്കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പവ്വത്തിലിനെപ്പോലുള്ള ചില പിതാക്കന്മാരും.

Wednesday, July 30, 2008

വസ്ത്രാലങ്കാരം - സ്ത്രീവിഷയം

മാറുമറയ്ക്കാതിരുന്ന കാലഘട്ടത്തില്‍ നിന്നൊക്കെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച്‌ സ്ത്രീകള്‍ വസ്ത്രാലങ്കാരത്തില്‍ പലതരം ഭേദങ്ങള്‍ പരീക്ഷിച്ച്‌ വീണ്ടും ആ പഴയ കാലഘട്ടത്തിലേയ്ക്ക്‌ എത്തിച്ചേരുന്നോ എന്ന് സംശയം തോന്നിയതിനാലാണ്‌ ഇങ്ങനെ ഒരു വിഷയം എഴുതാന്‍ എനിയ്ക്ക്‌ പ്രേരണയായത്‌.

പാശ്ചാത്യ സംസ്കാരങ്ങളോടുള്ള ആഭിമുഖ്യം പുലര്‍ത്തുന്നതടക്കമുള്ള പലതരം ഫാഷനുകളും കാലങ്ങളായി പരീക്ഷിക്കപ്പെട്ടു പോന്നിരുന്നു. 'മിഡി' എന്ന പേരില്‍ മുട്ടിനു താഴേയ്ക്ക്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു ഇടപാട്‌ ഇടക്കാലത്ത്‌ വന്നതിന്‌ ചെറുപ്പക്കാരായ (ചെറുപ്പക്കാര്‍ മാത്രമാവാന്‍ വഴിയില്ല) ആണ്‍പ്രജകള്‍ രോമാഞ്ചത്തോടെ സ്വാഗതം ചെയ്തു. പല പെണ്‍കുട്ടികള്‍ക്കും അതില്‍ ചില ശാരീരികസാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്ന കാരണത്താല്‍ അത്‌ എല്ലാവരാലും സ്വീകാര്യമായ വസ്ത്രക്രമമല്ലാതെ നിലനിന്നു.

പണ്ട്‌ മുതലേ 'സാരി' തന്നെയാണ്‌ സ്ത്രീകളുടെ ഐശ്വര്യ വസ്ത്രമായി അംഗീകരിക്കപ്പെട്ടിരുന്നത്‌. സംഗതി ഉടുക്കാനും ഉടുത്തുകഴിഞ്ഞാല്‍ ഡാമേജ്‌ കൂടാതെ കൊണ്ട്‌ നടക്കാനുമുള്ള ബുദ്ധിമുട്ട്‌ എന്നും സ്ത്രീകളെ അലട്ടിയിരുന്നു. സാരികളില്‍ വളരെയധികം മോഡലുകളും ഫാഷനുകളും അരങ്ങേറി. 'ചൈനീസ്‌ സില്‍ക്ക്‌' എന്നൊക്കെ കേട്ട ഓര്‍മ്മയുള്ളതല്ലാതെ അതിനെക്കുറിച്ച്‌ ആധികാരികമായി പ്രതിപാദിക്കലല്ല ഇവിടെ ഉദ്ദേശം.

സാരിയുടെ പ്രധാന പ്രശ്നം ഉടുക്കല്‍ മാത്രമല്ല എന്ന് സൂചിപ്പിച്ചല്ലോ. അത്‌ അഴിഞ്ഞുപോകാതെ കൊണ്ടുനടന്ന് തിരികെ വീട്ടിലെത്തിക്കുന്നത്‌ തന്നെ വലിയ ടെന്‍ഷനാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. മാത്രമല്ല, സാരി 'ലൂപ്‌ ഹോള്‍സ്‌ ' ഇല്ലാതെ ഉപയോഗിക്കുക എന്നതും ബുദ്ധിമുട്ട്‌ തന്നെ. ഈ ലൂപ്‌ ഹോള്‍സ്‌ ഉള്ളതുകൊണ്ട്‌ തന്നെ പലര്‍ക്കും ഈ വസ്ത്രധാരണത്തോട്‌ ഒരു താല്‍പര്യവും ഉണ്ടായിരുന്നു.

പാവാടയും ജാക്കറ്റും ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ വളരെ ചേരുന്ന ഒരു വേഷമാണെന്ന് തോന്നുന്നു. അതിനും ഒരു ഐശ്വര്യപ്രതീതി അനുഭവപ്പെട്ടിരുന്നു.

ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചതും പ്രീതി സമ്പാദിച്ചതുമായ വേഷം ചുരിദാര്‍ ആണെന്ന് തോന്നുന്നു. യാതൊരു ലൂപ്പ്‌ ഹോള്‍സും ഇല്ലാത്ത വസ്ത്രം എന്നതുകൊണ്ട്‌ സ്ത്രീകള്‍ക്കും ഇത്‌ വളരെ ഇഷ്ടപ്പെട്ട വസ്ത്രമായി മാറി.

ഫാഷനുകള്‍ മാറി മാറി പരീക്ഷിച്ച്‌ ഇപ്പോള്‍ സ്ത്രീ വസ്ത്രാലങ്കാരം വീണ്ടും പഴയ കാലഘട്ടത്തിലെ വസ്ത്ര രീതികളിലേയ്ക്ക്‌ മാറിക്കൊണ്ടിരിക്കുന്നുണ്ടോ എന്നൊരു സംശയം.

പാവാടയും ജാകറ്റും എന്നത്‌ പണ്ട്‌ ഒരു 20 വയസ്സിനുമുന്‍പ്‌ ധരിക്കുന്ന വസ്ത്രമായാണ്‌ കണ്ടിരുന്നത്‌. ഇതിപ്പോള്‍ അത്യാവശ്യം പ്രായമുള്ള സ്ത്രീകളും ധരിച്ച്‌ തുടങ്ങിയിരിക്കുന്നതായി കാണുന്നു. കാര്യമായ ശാരീരികവലുപ്പമില്ലാത്ത 35 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ ഈ വസ്ത്രം ധരിച്ചാലും വലിയ വിരോധാഭാസം തോന്നാറില്ലെങ്കിലും ഈ സ്ത്രീകള്‍ അവരുടെ ഒന്ന് രണ്ട്‌ കുട്ടികളേയും കൂട്ടി ഈ വേഷവിധാനത്തില്‍ പോകുന്നത്‌ കാണുമ്പോള്‍ എവിടെയോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ തോന്നുന്നത്‌ ചിലപ്പോള്‍ കാണുന്നവന്റെ കുഴപ്പമാകാനും മതി.

ചുരിദാര്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ഉപയോഗിച്ച്‌ തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. 50 വയസ്സിനു മുകളിലുള്ള അമ്മച്ചിമാരും അമ്മൂമ്മമാരും വരെ ഈ വസ്ത്രം ധരിക്കുന്നത്‌ കാണുമ്പോള്‍ ചുരിദാറിനോടുള്ള ആ ബഹുമാനം ഒരു തരം വെറുപ്പായി മാറുന്നതും കാണുന്നവന്റെ മാനസികപ്രശ്നമാകാം. ചുരിദാര്‍ വേഷത്തില്‍ പ്രായം തോന്നുകയേ ഇല്ല എന്നതിനാല്‍ തന്നെ ആ ഭാഗത്തേയ്ക്ക്‌ അല്‍പം ശ്രദ്ധ പതിപ്പിക്കുന്ന പുരുഷന്മാര്‍ 'അമ്മൂമ്മേ..' എന്ന് പേരക്കുട്ടികള്‍ വിളിച്ച്‌ ഓടി വന്ന് കെട്ടിപ്പിടിക്കുന്നത്‌ കാണുമ്പോഴായിരിയ്ക്കും പറ്റിയ അബദ്ധം ബോദ്ധ്യമാകുന്നത്‌.

വളരെ വൃത്തിയുള്ള വസ്ത്രം എന്നതില്‍ നിന്ന് വ്യതിചലിച്ച്‌ ഇപ്പോള്‍ ചുരിദാറും ആണ്‍പിള്ളേര്‍ക്ക്‌ പ്രത്യേക താല്‍പര്യം ജനിപ്പിക്കുന്ന രീതിയിലേയ്ക്ക്‌ രൂപാന്തരപ്പെട്ടിരിക്കുന്നു. ചുരിദാറിന്റെ ഷാള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌ ടോപ്പിന്റെ കൂടെ മുന്‍ വശം (അതായത്‌ മാറിടം) മറയ്ക്കാനായിരുന്നു. പക്ഷേ, പതുക്കെ പതുക്കെ അതിന്റെ ഉപയോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. ആദ്യമൊക്കെ ഷാളിന്റെ രണ്ട്‌ അറ്റവും രണ്ട്‌ കൈകളിലും ചുറ്റി ഒരു മയിലാട്ട രീതി നിലവില്‍ വന്നു. കുറച്ച്‌ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഷാള്‍ ഒരു സൈഡില്‍ മാത്രം ഇട്ട്‌ (സൈഡ്‌ ഷാല്‍ എന്ന് പറയും അത്രേ) പാതി പ്രദര്‍ശനം ഒരുക്കി. ഇപ്പോള്‍ കാണുന്ന രീതി ഷാള്‍ കഴുത്തില്‍ ചുറ്റാനുള്ള ഒരു സാധനമാണെന്നതാണ്‌. കഴുത്തില്‍ എന്തിനാണാവോ ഷാള്‍ ചുറ്റുന്നത്‌ എന്നതിനു വ്യക്തമായ ഒരുത്തരമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ഷാളിന്റെ സ്ഥാനം കഴുത്തിലായപ്പോള്‍ മാറിടം ഒരു പ്രദര്‍ശന വസ്തുവായി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. അത്‌ പ്രദര്‍ശിപ്പിക്കുക എന്നത്‌ തന്നെയാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം എന്ന് ആരോപിക്കുന്നതിലും തെറ്റില്ല. പക്ഷേ, ആ പ്രദര്‍ശനം പലരും ഇഷ്ടപ്പെടുമ്പോള്‍ തന്നെ പലപ്പോഴും വളരെ ഭീകരമായ പ്രദര്‍ശനമായും തോന്നാറുണ്ട്‌.

അങ്ങനെ കഴുത്തില്‍ ചുറ്റുന്നതില്‍ വല്ല്യ കാര്യമില്ലെന്ന് കണ്ടതിനാലാവാം ഇപ്പോള്‍ ഷാള്‍ ഇല്ലാത്ത ചുരിദാര്‍ വസ്ത്രധാരണവും പ്രാബല്ല്യത്തില്‍ വന്ന് തുടങ്ങിയിരിക്കുന്നു. വെറുതേ എന്തിന്‌ ഒരു ഷാള്‍ പാഴാക്കണം?

കൈയ്യില്ലാത്ത ടോപ്പ്‌ ഉപയോഗിക്കുന്നവരും ചുരുക്കമല്ല. കയ്യും കക്ഷവും പ്രദര്‍ശിപ്പിക്കാനല്ലെങ്കില്‍ പിന്നെ അങ്ങനെ ഒരു ടോപ്പ്‌ ഇടേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട്‌ തന്നെ, ആ പ്രദര്‍ശനം ആസ്വാദനകരമാണെങ്കില്‍ വേണ്ടവര്‍ ആസ്വദിച്ചുകൊള്ളട്ടെ.

ചുരിദാറിന്റെ ടോപ്പിന്റെ നീളം ഇപ്പോള്‍ കുറഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. അരക്കെട്ടിന്റെ രണ്ട്‌ വശവും പ്രകടമാക്കുന്നരീതിയില്‍ ടോപ്പിനെ വെട്ടി റെഡിയാക്കിയുള്ള ലേറ്റസ്റ്റ്‌ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്‌.

ജീന്‍സും ടോപ്പും സാമാന്യം മാന്യമായ ഒരു വസ്ത്രധാരണമായാണ്‌ ആദ്യം തോന്നിയിരുന്നത്‌. ടോപ്പിന്റെയും ജീന്‍സിന്റെയും ഘടനയും ഉപയോഗിക്കുന്ന ആളുടെ ശരീരസ്ഥിതിയുമാണ്‌ പ്രധാനമായും ഈ മാന്യതയുടേയും വൃത്തിയുടേയും ഘടകങ്ങള്‍. ഈയടുത്ത കാലത്ത്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയരികില്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന ഒരു സ്ത്രീയുടെ വേഷം കണ്ട്‌ എന്റെ ശ്രദ്ധ ഒന്ന് വ്യതിചലിക്കുകയും ഞാനൊന്ന് ഞെട്ടുകയും ചെയ്തത്‌ എന്റെ മാത്രം കുറ്റമാകുന്നു. സാമാന്യം ഭേദപ്പെട്ട വലുപ്പമുള്ള ശരീരസ്ഥിതിയുള്ള ആ സ്ത്രീ ധരിച്ചിരുന്നത്‌ നല്ല ടൈറ്റ്‌ ആയ ജീന്‍സും നല്ല പ്ലെയിന്‍ ടീ ഷര്‍ട്ടും. ബോഡി ബില്‍ഡിങ്ങിള്‍ ഒന്നാം സ്ഥാനം കിട്ടിയവര്‍ ടൈറ്റ്‌ ടീ ഷര്‍ട്ടിട്ടാല്‍ എങ്ങനെയിരിക്കും എന്നൂഹിച്ചാല്‍ കാര്യങ്ങള്‍ ഏകദേശം പിടികിട്ടും (ഹോളിവുഡ്‌ ആക്റ്റര്‍ അര്‍ണോള്‍ഡ്‌ ശിവശങ്കരനെ ഓര്‍ത്താലും മതി). ഈ സ്ത്രീ ഈ വേഷവിധാനവുമായി യാത്രചെയ്യുന്നത്‌ കണ്ടപ്പോഴാണ്‌ അവരുടെ തൊലിക്കട്ടിയെ ഒന്ന് നമിക്കണമെന്ന ആഗ്രഹം തോന്നിയത്‌. എങ്കിലും നമിക്കാന്‍ നില്‍ക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി.

കുട്ടികള്‍ ഉപയോഗിക്കുന്ന ത്രീ ഫോര്‍ത്ത്‌ എന്ന സംഗതി (മുക്കാല്‍ പാന്റ്‌ എന്നും പറയും) ഇപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ച്‌ തുടങ്ങിയിരിക്കുന്നു. ഇനി അത്‌ ശോഷിച്ച്‌ ശോഷിച്ച്‌ മുട്ടിനുമുകളില്‍ നില്‍ക്കുന്ന ട്രൗസര്‍ ആകുമോ എന്ന ആകുലതയിലും പ്രതീക്ഷയിലുമാണ്‌ ആളുകള്‍.

അപ്പോള്‍ പറഞ്ഞ്‌ വന്നത്‌ എന്തെന്നാല്‍, പണ്ട്‌ കാലത്തെ മാറിടം മറയ്ക്കാത്ത സമ്പ്രദായം അതേ രീതിയിലല്ലെങ്കിലും ഒരല്‍പ്പം വ്യത്യസ്തതയോടെ വീണ്ടും അവതരിപ്പിച്ച്‌ തുടങ്ങിയിരിക്കുന്നു. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും മാറിടത്തിന്റെ ഘടന വ്യക്തമായും പ്രകടമാക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം താഴെ ധരിക്കുന്ന പാവാടയോ, ജീന്‍സോ, ചുരിദാര്‍ ബോട്ടമോ എന്തും ആയിക്കൊള്ളട്ടെ, അതും കൂടി ശോഷിച്ച്‌ ഒരു വിധമായാല്‍ കാര്യങ്ങള്‍ പഴയകാലത്തെ വെല്ല്ലുന്ന രീതിയില്‍ എത്താവുന്നതേയുള്ളൂ.

(പ്രത്യേക പരാമര്‍ശം: കൊച്ചിന്‍ യൂണിവേര്‍സിറ്റി കാമ്പസ്സിലൂടെ ദിവസവും രണ്ട്‌ നേരം ഡ്രൈവ്‌ ചെയ്യേണ്ടി വരുന്നതിനാല്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണം ഞാന്‍ ശ്രദ്ധിക്കാന്‍ നിര്‍ബദ്ധിതനായി. ഇവിടെ 90 ശതമാനത്തിലും കൂടുതല്‍ പെണ്‍കുട്ടികള്‍ വളരെ മാന്യമായ വസ്ത്രധാരണമാണ്‌ എന്ന് അല്‍ഭുതത്തോടെ മനസ്സിലാക്കി. ചുരിദാര്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ 99 ശതമാനവും ഷാളിന്റെ ഉപയോഗം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നു എന്നതും വളരെ വ്യക്തം)

Wednesday, July 2, 2008

നാനാത്വത്തില്‍ ഏകത്വം

പാഠപുസ്തകവിവാദത്തിന്റെ പേരില്‍ എല്ലാ മതനേതാക്കളും ചില രാഷ്ട്രീയ കക്ഷികളും ചര്‍ച്ചകള്‍ നടത്തി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നു.

പിന്നാമ്പുറം...

രംഗം: ബി.ജെ.പി. ഓഫീസ്‌...

കുറച്ച്‌ പ്രവര്‍ത്തകര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുന്നു.

പ്രവര്‍ത്തകന്‍: "നമ്മള്‍ പള്ളിക്കാരുമായി ചര്‍ച്ചചെയ്ത്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്നൊക്കെ വച്ചാല്‍? എന്താ നമ്മുടെ ഉദ്ദേശം?? നമ്മളും പള്ളീം ചേര്‍ന്ന് പോകുമോ?"

നേതാവ്‌: "അതൊക്കെ ഒരു ട്രിക്കാണ്‌. ആ പാഠപുസ്തകത്തില്‍ വലിയ പ്രശ്നങ്ങളുണ്ട്‌. കുട്ടിയ്ക്ക്‌ ഇഷ്ടമുള്ള മതം തെരെഞ്ഞെടുക്കാം എന്നൊക്കെയാ പറഞ്ഞിരിക്കുന്നേ.. അപ്പോ പിന്നെ, ഈ പള്ളിക്കാര്‍ മതപരിവര്‍ത്തനോം ആയി വന്നാല്‍ പിള്ളേര്‍ക്ക്‌ അങ്ങോട്ട്‌ ഒരു ചായ്‌ വ്‌ തോന്നിയാല്‍ മതം മാറിയാലോ? അത്‌ വേണ്ട.. ആവശ്യമില്ലാത്ത അവകാശങ്ങളും സത്യങ്ങളുമൊന്നും പിള്ളേര്‍ പഠിച്ചില്ലേലും കുഴപ്പമില്ല.. ആ പള്ളിക്കാര്‍ മണ്ടന്മാര്‍ക്ക്‌ അത്‌ മനസ്സിലായിട്ടില്ല. ഇതില്‍ നിരീശ്വരവാദം യുക്തിവാദം എന്നൊക്കെപ്പറഞ്ഞ്‌ അവരുടെ കൂടെ നിന്ന് സമരം ചെയ്യാം നമുക്ക്‌"

പ്രവര്‍ത്തകന്‍: "അത്‌ പിന്നേ... ഈ സമരമൊക്കെ അങ്ങ്‌ തീരും.. അത്‌ കഴിഞ്ഞാല്‍?? ഇന്ത്യയുടെ പലഭാഗത്തും നമ്മുടെ ആള്‍ക്കാര്‍ പള്ളിക്കാര്‍ക്കിട്ട്‌ നല്ല കീറ്‌ കൊടുക്കുന്നുണ്ടല്ലോ.. അതോ?"

നേതാവ്‌: "കീറ്‌ കിട്ടേണ്ടവര്‍ക്ക്‌ കിട്ടേണ്ട സമയത്ത്‌ കിട്ടും.. അതങ്ങനെ തുടരട്ടെ.. ഇതിപ്പോ നമ്മുടെ കാര്യം കാണാന്‍ ആ കഴുതക്കാലുകള്‍ കൂടെ നില്‍ക്കട്ടെ, അത്ര തന്നെ.."


രംഗം: പള്ളിക്കമ്മിറ്റി

പ്രവര്‍ത്തകന്‍: "അച്ചോ... ഈ പുസ്തകം തിരിച്ചും മറിച്ചും വായിച്ചിട്ടും ഇതില്‍ ഒരു പ്രശ്നോം ഇല്ലെന്നാണല്ലോ പലരും പറയുന്നേ.. മാത്രമല്ല, പിള്ളേര്‍ക്കും കുഴപ്പം തോന്നിയില്ലത്രേ..."

അച്ചന്‍: "മതമില്ലാതെയും ജീവിക്കാം എന്നൊക്കെയാ ആ പുസ്തകത്തില്‍ പറയുന്നത്‌. അങ്ങനെ വന്നാല്‍ പള്ളിയില്‍ വരാനും ഇവിടെ നിന്ന് വായിക്കുന്ന ഇടയലേഖനങ്ങള്‍ കേള്‍ക്കാനും ആളില്ലാതാവും... മാത്രമല്ല, നമ്മുടെ സ്കൂളുകളും കോളേജുകളും പഴയപോലെ വരുമാനം കിട്ടുമെന്ന് തോന്നുന്നില്ല. ഈ സര്‍ക്കാറിന്റെ നടപടികള്‍ ഒന്നും നമ്മള്‍ക്ക്‌ ഗുണമാകുന്നില്ല. അതുകൊണ്ട്‌, കിട്ടിയ അവസരത്തില്‍ ഈ പുസ്തകവും പൊക്കിപ്പിടിച്ച്‌ പ്രശ്നമാക്കുകയാണ്‌ നല്ലത്‌ കുഞ്ഞാടുകളേ.."

രംഗം: മുസ്ലീം സംഘടനായോഗം

പ്രവര്‍ത്തകന്‍: "ഇമ്മടെ പിള്ളേര്‌ പുസ്തകൊക്കെ കത്തിച്ച്‌ കളഞ്ഞില്ലേന്ന്.. ഇനീപ്പോ ന്താ പ്രശ്നം.. കിട്ടുന്ന പുസ്തകം കിട്ടുന്ന മുറയ്ക്ക്‌ അങ്ങ്‌ ട്‌ കത്തിക്ക്യന്നേ.. ഹല്ലാ പിന്നെ.."

നേതാവ്‌: "കത്തിച്ച്‌ കളഞ്ഞോണ്ട്‌ എന്ത്‌ കാര്യാന്റെ ഹാജ്യാരേ... അത്‌ കത്തിക്കാണ്ടിരുന്നാലും മ്മ് ടെ പിള്ളേര്‌ എത്രേണ്ണം അതൊക്കെ വായിക്കും.... അതല്ലാ പ്പൊ പ്രശ്നം... ഇമ്മ് ടെ ജാതിക്കാരേം വേറെ ജാതിക്കാരേം ചേത്ത്‌ കല്ല്യാണം കഴിപ്പിച്ചു ഓന്റെ പാഠപുസ്തകത്തില്‌.. എന്ത്‌ ഹറാം പെറപ്പും ആവാന്ന് പിള്ളേരെ പഠിപ്പിച്ചാല്‌ സമ്മതിക്കാന്‍ പറ്റുമോ.?? "

രംഗം: സവര്‍ണ്ണക്കമ്മറ്റി

പ്രവര്‍ത്തകന്‍: "ഈ പുസ്തകക്കാര്യത്തില്‌ നമുക്കിപ്പോ എന്താ ഒരു പ്രശ്നം? സമരം ചെയ്യാനും തല്ല് കൊള്ളാനും ശ്ശി ബുദ്ധിമുട്ടുണ്ടേ.. അതാ..."

നേതാവ്‌: "സമരോന്നും ചെയ്യേണ്ടെന്റെ തിരുമേന്യേ.... നമ്മുടെ അന്തര്‍ജനങ്ങളെയൊക്കെ ശ്ശി കളിയാക്കിരിക്ക്‌ ണൂ ആ പുസ്തകത്തില്‌ ത്രേ... നമ്മളെ കളിയാക്ക്യാലും അങ്ങ്‌ ട്‌ ക്ഷമിക്കും.. പക്ഷേങ്കില്‍ അന്തര്‍ജനത്തിനേ.. അത്‌ മാത്രല്ല... പണ്ടത്തെ ജന്മിവ്യവസ്ഥയെക്കുറിച്ചും പറഞ്ഞിരിക്ക്‌ ണൂ ന്ന്... ഇപ്പോ സ്ഥിതി അത്‌ വല്ലതും ആണോ? അതോണ്ട്‌ പഴേ കാര്യങ്ങളൊക്കെ കുട്ട്യോള്‍ അറിഞ്ഞിരിക്കണത്‌ എന്തിനാന്നാ ചോദിക്കണതേ... അതോണ്ട്‌ ഈ പുസ്തകം വേണ്ടാന്ന് നമ്മളും അങ്ങ്‌ ട്‌ പറയന്ന്യേ..."

രംഗം: പ്രതിപക്ഷ പാര്‍ട്ടി ഓഫീസ്‌

പ്രവര്‍ത്തകന്‍: "നേതാവേ.. നമ്മുടെ പിള്ളേര്‌ കുറേ തല്ല് ചോദിച്ച്‌ വാങ്ങിയെങ്കിലും കാര്യങ്ങളങ്ങോട്ട്‌ കൊഴുത്തില്ലാ ട്ടോ... ഇപ്പോ സമരമൊക്കെ നിര്‍ത്തിയോ? അല്ലേലും തല്ല് കിട്ടുന്ന സമരത്തിന്റെ കാര്യത്തില്‍ അവന്മാരുടെ പിള്ളേരെ കണ്ട്‌ പഠിക്കണം. ശരിയ്ക്കും ഇപ്പോ നമ്മള്‍ എന്ത്‌ കാര്യത്തിനാ സമരം ചെയ്യുന്നേ... അല്ലാ.. ചെയ്യിപ്പിക്കുന്നേ...????"

നേതാവ്‌: "എടോ... ജാതീം മതോം ഒക്കെ അങ്ങനെ വ്യാപിച്ച്‌ കിടന്ന് അതിന്റെ പേരില്‍ അല്‍പസ്വല്‍പം പിടിവലിയും തെറിവിളിയും നടന്നില്ലേല്‍ നമ്മുടെ പാര്‍ട്ടിക്ക്‌ എന്താ ഇപ്പോ ഒരു നിലനില്‍പ്‌? അതുകൊണ്ട്‌ മത നേതാക്കള്‍ക്ക്‌ പ്രശ്നമുണ്ട്‌ ഈ പുസ്തകം എന്ന് അവര്‍ പറഞ്ഞാല്‍ നമുക്കും പ്രശ്നമുണ്ട്‌, അത്ര തന്നേ..."
***************************

പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ കഴിഞ്ഞ്‌ എല്ലാ രംഗങ്ങളും ഒരുമിച്ച്‌ ചേര്‍ന്ന് സമ്മേളിക്കുന്നത്‌ കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്ന സ്കൂള്‍ കുട്ടികളെ നോക്കി ഒരു കുട്ടി വിളിച്ചു പറഞ്ഞു..

"ദേ.. നോക്ക്‌... ഇതാണ്‌ നാനാത്വത്തില്‍ ഏകത്വം..."

Wednesday, June 18, 2008

പ്രോഡക്റ്റിവിറ്റി പാക്കേജ്‌


വര്‍ക്കിച്ചേട്ടന്‍ പതിവുപോലെ കാലത്ത്‌ പത്രം വായനയും ചായയും അല്‍പം നാട്ടുവര്‍ത്തമാനത്തിനുമായി കുഞ്ഞുണ്ണീടെ കടയിലെത്തി.

വര്‍ക്കിച്ചേട്ടനെ കണ്ടതും പത്രം വായിച്ചുകൊണ്ടിരുന്ന തോമാസ്‌ "വര്‍ക്കിച്ചാ... ഇത്‌ കണ്ടോ , മെത്രാന്മാരുടെ തീരുമാനം.."

വര്‍ക്കിച്ചന്‍: "എന്തുവടാ തോമാസേ.. സര്‍ക്കാരിനെതിരേ വേറെ എന്തേലും പരിപാടി സംഘടിപ്പിക്കാനാണോ?"

തോമാസ്‌: "ഹേയ്‌.. അങ്ങാനെ തോന്നുന്നില്ല... പക്ഷേ, അങ്ങനേയും തോന്നാം.."

വര്‍ക്കിച്ചന്‍: "നീ വളച്ച്‌ കെട്ടാതെ കാര്യം പറ..."

തോമാസ്‌: "കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നവരെ പ്രോല്‍സാഹിപ്പിക്കാനും മറ്റുമയി കര്‍മ്മപരിപാടികള്‍ രൂപീകരിച്ചു എന്ന്"

വര്‍ക്കിച്ചന്‍: "അത്‌ തരക്കേടില്ലല്ലോ... അതിനിപ്പോ ഏലിക്കുട്ടി പ്രസവം നിര്‍ത്തീം പോയല്ലോ.."

തോമാസ്‌: "അതല്ലേ രസം, അതൊക്കെ വീണ്ടും ആവാന്നേ.. പള്ളീന്ന് ശസ്ത്രക്രിയയ്ക്കും മറ്റുമായി വേണ്ട സഹായമൊക്കെ ചെയ്ത്‌ തരും.. ഇനീം ഒരു ബാല്യം വര്‍ക്കിച്ചേട്ടനെ കാത്ത്‌ കിടക്കുന്നൂന്നേയ്‌.."

വര്‍ക്കിച്ചന്‍: "നീ ആ കാര്യങ്ങളൊക്കെ ഒന്ന് വിശദീകരിച്ചേ തോമാസേ... ഇങ്ങനെ വേണം മെത്രാന്മാരായാല്‍..."

(കൂലം കഷമായ ചര്‍ച്ചകള്‍ക്ക്‌ ശേഷം വര്‍ക്കിച്ചന്‍ വീട്ടിലെത്തി. പോകുന്ന പോക്കില്‍ പത്രവും കയ്യിലെടുത്തു.)

വര്‍ക്കിച്ചന്‍: "എടീ ഏല്യേ... പിള്ളേരൊക്കെ സ്കൂളീല്‍ പോയോ..??"

ഏലിച്ചേടത്തി: "ഇതെന്തൊരു ചോദ്യാ... സമയം 9 മണിയായില്ലേ.. അവരൊക്കെ പോയി.. ഹോ, എല്ലാത്തിനേം ഒന്ന് റെഡിയാക്കി പറഞ്ഞുവിടാന്‍ ഞാന്‍ പെടുന്ന പാട്‌.. അതിന്‌ ഇതിയാന്‌ ഇതൊന്നും അറിയേണ്ടല്ലോ.. "

വര്‍ക്കിച്ചന്‍: "നീ അങ്ങനെ പറയാതെടീ... നീ അറിഞ്ഞോ...നമുക്കൊക്കെ പ്രശസ്തരാവാന്‍ ഒരു അവസരം വന്നിട്ടുണ്ട്‌.."

ഏലിച്ചേടത്തി: "പിന്നേയ്‌.. പ്രശസ്തി.. ഇങ്ങേരെന്തുവാ വല്ല കളവോ കൊലപാതകമോ നടത്താന്‍ പോണോ?"

വര്‍ക്കിച്ചന്‍: "അതല്ലെടീ... ഇന്ന് പത്രവാര്‍ത്തയുണ്ട്‌.. കൂടുതല്‍ പിള്ളേരെ ഉണ്ടാക്കണമെന്നാ മെത്രാന്മാര്‍ തീരുമാനിച്ചിരിക്കുന്നത്‌.."

ഏലിച്ചേടത്തി: "മെത്രാന്മാരും ഇത്‌ തുടങ്ങിയോ? കല്ല്യാണം കഴിക്കാതെ അവരെങ്ങനെ??"

വര്‍ക്കിച്ചന്‍: "ഹോ.. ഇവളെക്കൊണ്ട്‌ തോറ്റു.. മെത്രാന്മാരല്ല.. അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്ത്‌ കൊടുക്കും.. നമ്മളെപ്പോലുള്ള സഭാവിശ്വാസികള്‍ എത്രവേണേലും പിള്ളേരെ ആയിക്കോളാനാ പറഞ്ഞത്‌..."

ഏലിച്ചേടത്തി: "അവര്‍ക്കങ്ങനെയൊക്കെ പറയാം.. ഇവിടെ ബാക്കിയുള്ളോരുടെ കഷ്ടപ്പാട്‌ വെല്ലോര്‍ക്കും അറിയണോ?"

വര്‍ക്കിച്ചന്‍: "എടീ.. നീ കാര്യം അറിയാതെയാ പറയുന്നേ... കുട്ടികള്‍ കൂടുന്നതിനനുസരിച്ച്‌ വന്‍ സ്കീമുകളാ ഇപ്പോ ഇറക്കാന്‍ പോകുന്നത്‌.. മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസവും മറ്റും പകുതി ചിലവിലും, നാലാമത്തേതിന്‌ ഒരു ചെലവുമില്ലാതെയുമൊക്കെയാണ്‌ പരിപാടി."

ഏലിച്ചേടത്തി: "അപ്പോ, അതിലും കൂടിയാല്‍?"

വര്‍ക്കിച്ചന്‍: "എടീ.. കാശ്‌ ഇങ്ങോട്ട്‌ തരുന്ന സ്കീമും ഉടനെ വരും.. പിന്നെ മക്കളുടെ എണ്ണമനുസരിച്ച്‌ മാസം തോറും ഒരു തുക തരുന്നത്‌ തുടങ്ങിയ കാര്യങ്ങളൊക്കെ വരാന്‍ സാദ്ധ്യതയുണ്ടെന്നാ പറയുന്നേ.. വേറെ ജോലിക്കൊന്നും പോകണ്ടാ.. എന്തുവാ തൊഴില്‍ എന്ന് ആരേലും ചോദിച്ചാല്‍ പിള്ളേരെ ചൂണ്ടിക്കാട്ടി 'ഇതൊക്കെ തന്നെ' എന്ന് പറയാമല്ലോ"

ഏലിച്ചേടത്തി: "നിങ്ങള്‌ നടക്കുന്ന കാര്യം വല്ലോം പറ.. ഇത്‌ വെറുതേ.."

വര്‍ക്കിച്ചന്‍: "എടീ.. നടക്കുമെന്നേ... ഗര്‍ഭ നിരോധന ശസ്ത്രക്രിയ നടത്തിയവര്‍ക്ക്‌ വീണ്ടും മക്കള്‍ ഉണ്ടാകാന്‍ സൗകര്യമൊരുക്കുമെന്നും പറഞ്ഞിട്ടുണ്ട്‌.."

ഏലിച്ചേടത്തി: "അതെന്തുവാ സൗകര്യമൊരുക്കും എന്നൊക്കെ പറഞ്ഞാല്‍? ഈശോയേ ഈ മെത്രാന്മാര്‍ എന്നാ കല്‍പ്പിച്ചാണാവോ.."

വര്‍ക്കിച്ചന്‍: "നീ തെറ്റിദ്ധരിക്കയൊന്നും വേണ്ട.. നല്ല ഉദ്ദേശം തന്നെയായിരിക്കും.. പിന്നേയ്‌ ഈയിടെ പത്രത്തില്‍ വായിച്ചില്ലേ ഗ്ലോബ്‌ ശില്‍പശാലാന്നോ ബ്ലോഗ്‌ ശില്‍പശാലാന്നോ മറ്റോ... അതുപോലെ ഇതിനൊക്കെ സെമിനാറും ശില്‍പശാലയും ട്രെയിനിങ്ങും ഒക്കെ തുടങ്ങും.."

ഏലിച്ചേടത്തി: "പിന്നേയ്‌.. മെത്രാന്മാര്‍ ഇതിനൊക്കെ എന്തോ ട്രെയിനിഗ്‌ തരാനാ??"

വര്‍ക്കിച്ചന്‍: "നീ അവരെ അങ്ങനങ്ങ്‌ കൊച്ചാക്കാതെ.. നമുക്കറിയാത്ത പല ഗുട്ടന്‍സും ടെക്നിക്കും അവര്‍ക്കറിയാമായിരിക്കും..നീ കണ്ടോ..."

ഏലിച്ചേടത്തി: "ഓ.. അത്‌ ചിലപ്പോ ശരിയായിരിക്കും.."

വര്‍ക്കിച്ചന്‍: "മാത്രമല്ല, കൂടുതല്‍ പിള്ളേരുള്ളവരെ പൊതുചടങ്ങില്‍ ആദരിച്ച്‌ പൊന്നാടയണിയിക്കുകേം ഒക്കെ ചെയ്യും... ദേ നോക്ക്യേ.. നീ ഈ പത്രം ഒന്ന് വായിച്ചേ..."

(വര്‍ക്കിച്ചന്‍ പത്രം ഏലിച്ചേടത്തിക്ക്‌ കൈമാറുന്നു)

ഏലിച്ചേടത്തി: "കഴിവുള്ള മാതാപിതാക്കള്‍ക്ക്‌ കൂടുതല്‍ മക്കളുണ്ടാകുന്നത്‌ കുടുംബത്തിനും സമൂഹത്തിനും ശ്രേയസ്കരമാണെന്ന്..... അതേയ്‌.. ഈ കഴിവ്‌ എന്ന് ഉദ്ദേശിച്ചത്‌.."

വര്‍ക്കിച്ചന്‍: "അതൊക്കെ നമുക്ക്‌ കാട്ടിക്കൊടുക്കാടി ഏല്യേ...."

വര്‍ക്കിച്ചന്‍ ഒരു പ്രത്യേകഭാവത്തില്‍ ഏലിച്ചേടത്തിയെ നോക്കി.. ഏലിച്ചേടത്തി നാണിച്ച്‌ മുഖം താഴ്തി... കയ്യിലിരുന്ന കയിലുകൊണ്ട്‌ മേശമേല്‍ കളം വരച്ചു.


News Link

Wednesday, June 11, 2008

പ്രൊഡക്റ്റിവിറ്റി



'കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്ന മാതാപിതാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി തീരുമാനിച്ചു.' എന്ന വാര്‍ത്ത വായിച്ചിട്ട്‌ എന്റെ വിചാരം പ്രകടിപ്പിക്കാതിരിക്കാന്‍ എന്റെ മനസ്സ്‌ അനുവദിച്ചില്ല.

വളരെ നല്ലൊരു പ്രോല്‍സാഹനം, ഇതിനൊരു മല്‍സരം തന്നെ നടത്തണം എന്നാണ്‌ എനിയ്ക്ക്‌ തോന്നുന്നത്‌. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പ്രൊഡക്റ്റിവിറ്റിക്ക്‌ കഴിവുള്ളവരെ കണ്ടെത്തുകയും അവര്‍ക്ക്‌ വലിയൊരു ഫ്ലാറ്റോ വില്ലായോ മറ്റോ സ്പോണ്‍സര്‍ ചെയ്യിച്ച്‌ നല്‍കുകയും വേണം.

പ്രോഡക്റ്റിവിറ്റിക്ക്‌ വേണ്ട എല്ലാ സഹായങ്ങളും മെത്രാന്മാര്‍ക്കും സഭയ്ക്കും ചെയ്തുകൊടുക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ എന്തിനും ഏതിനും ബിസിനസ്‌ ചിന്താഗതിയോടെ സമീപിക്കുന്നതിനാല്‍ ഈ കാര്യത്തിലും ആ രീതിയിലുള്ള സമീപനം തന്നെയാവും നല്ലത്‌. ഈ സഹായങ്ങള്‍ എന്ന് ഞാനുദ്ദേശിച്ചത്‌, അങ്ങനെ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനാവശ്യമായ സാഹചര്യങ്ങളും അതിന്റെ ചിലവുകളും എല്ലാം...

അങ്ങനെ നമ്മുടെ സമുദായത്തിലെ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ ഈ ഭൂലോകം നമുക്ക്‌ പിടിച്ചെടുക്കണം.

അപ്പോ, മറ്റുള്ളവര്‍ വെറുതേ ഇരിക്കുമോ... മുസ്ലീം സമുദായത്തില്‍ പണ്ടേ തന്നേ ഈ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധന വേണമെന്ന് നയം രൂപീകരിച്ചിട്ടുള്ളതാണെന്നാണ്‌ എന്റെ അറിവ്‌. പക്ഷേ, വിദ്യാഭ്യാസവും വിവരവുമുള്ള മനുഷ്യര്‍ കൂടുന്നതിനനുസരിച്ച്‌ ഒരു മാറ്റം വന്നിട്ടുണ്ട്‌. ഇനി, കോമ്പറ്റീഷന്‍ സ്പിരിറ്റ്‌ അവരിലും ജനിപ്പിക്കാവുന്നതേയുള്ളൂ..

'അങ്ങനെ അവരങ്ങനെ പ്രൊഡക്‌ ഷന്‍ വര്‍ദ്ധിപ്പിച്ച്‌ നമ്മെ ഓവര്‍ടേക്ക്‌ ചെയ്യണ്ടാ' എന്ന് അവര്‍ക്കും തോന്നണം... അവര്‍ക്കും പള്ളിയും മറ്റ്‌ സമുദായസംഘടനകളും വഴി ഇതിനുള്ള ആഹ്വാനം നടത്താവുന്നതേയുള്ളൂ.

പിന്നെ, ഹിന്ദുമതത്തിലാണെങ്കില്‍ അവരെ ആഹ്വാനം ചെയ്യാന്‍ പറ്റിയ ഒരു മത നേതൃത്വമോ സംവിധനമോ ഇല്ലല്ലോ, അഥവാ അങ്ങനെ ആരേലും ചെയ്താല്‍ വകവെക്കുന്ന ആളുകളുടെ എണ്ണവും കുറവ്‌ തന്നെ...

'ഇനി സംഘടിക്കാതെ നിവര്‍ത്തിയില്ല, അല്ലെങ്കില്‍ മറ്റ്‌ മതസ്തര്‍ പെരുകി പെരുകി ഹിന്ദുമതം ഇല്ലാണ്ടാവില്ലേ?' എന്ന് നല്ല വര്‍ഗ്ഗീയവിഷം മനസ്സിലുള്ള ഹിന്ദുമതത്തിലെ ഏതെങ്കിലും സംഘടനകള്‍ക്ക്‌ തോന്നി അവര്‍ക്ക്‌ മുന്നിട്ടിറങ്ങാവുന്നതേയുള്ളൂ.

അപ്പോള്‍ പിന്നെ, മല്‍സരം കുറച്ച്‌ കൂടി വിശാലമായ ഒരു പ്ലാറ്റ്‌ ഫോമിലായി.

അതാത്‌ മതസ്തരിലെ ഉയര്‍ന്ന പ്രൊഡക്റ്റിവിറ്റിയുള്ളവര്‍ തമ്മില്‍ മറ്റൊരു മല്‍സരവും വേണമെങ്കില്‍ നടത്താവുന്നതേയുള്ളൂ..

പിന്നെ ഒരു കാര്യം... ഇവിടെ ജനസംഖ്യപെരുപ്പവും സാമൂഹിക അന്തരവും മറ്റും ഒരു വിഷയമേ അല്ല എന്ന് നമുക്ക്‌ എല്ലാവരേയും പറഞ്ഞ്‌ മനസ്സിലാക്കണം. ഇവിടെ പട്ടിണിയില്ല, ജീവിക്കാന്‍ സൗകര്യങ്ങളുടെ കുറവുകളില്ലാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികളില്ലാ, ജോലി കിട്ടാത്ത സാഹചര്യങ്ങളില്ലാ...

അതുകൊണ്ട്‌ നമുക്ക്‌ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാം.

News

Wednesday, May 28, 2008

നവവധുവിന്റെ ഒളിച്ചോട്ടം

ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതാനുള്ള കാരണം തന്നെ ഇത്തരം വാര്‍ത്തകള്‍ പലവട്ടം പത്രങ്ങളില്‍ വായിക്കാന്‍ ഇടവന്നിട്ടുണ്ട്‌ എന്നത്‌ തന്നെയാണ്‌.

ഈ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വല്ലാത്ത ഒരു വെറുപ്പും ദേഷ്യവും തോന്നാറുണ്ട്‌. ഇത്തരം ഒരു സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്ന് ആലോചിച്ച്‌ അത്ഭുതപ്പെടാറുണ്ട്‌.

ഇന്നത്തെ കാലഘട്ടത്തില്‍, ഒരു പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ഒരു വിവാഹം കേരളത്തില്‍ അത്ര പ്രായോഗികമാണോ എന്ന സംശയമാണ്‌ പ്രധാനമായും എനിയ്ക്കുണ്ടായിരുന്നത്‌.

പല വിവാഹാലോചനകളും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി പെണ്‍കുട്ടികള്‍ സമ്മതിക്കാറുണ്ടെന്നത്‌ സത്യം തന്നെ. ഈ മാതാപിതാക്കളുടെ നിര്‍ബന്ധം എന്നുപറയുന്ന വിഭാഗത്തില്‍ പല വകഭേദങ്ങള്‍ ഉണ്ട്‌.

ഒരു പ്രേമബന്ധം ഉള്ള പെണ്‍കുട്ടിയാണെങ്കില്‍ തന്നെ, വീട്ടുകാരുടേ സ്നേഹമയമായ നിര്‍ബന്ധത്തിന്‌ വഴങ്ങുന്നവരുണ്ട്‌. മെച്ചമായ ജീവിതവും മറ്റ്‌ പ്രലോഭനങ്ങളും ഉയര്‍ത്തിക്കാട്ടി ഒരു താരതമ്യത്തിലൂടെ തീരുമാനമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്‌. നാല്‌ കാശിന്‌ കൊള്ളാത്ത ഒരു പ്രണയബന്ധത്തെ ഉന്നതനിലവാരത്തിലുള്ള ഒരു വിവാഹാലോചനയില്‍ മറന്നുകളയുന്നവരെ കുറ്റം പറയാനും പറ്റില്ല.

മറ്റൊരു കൂട്ടര്‍, മാതാപിതാക്കളുടെ ഭീഷണിയുടെ മുന്നില്‍ വഴങ്ങുന്നവരാണ്‌. തന്റെ ഇഷ്ടം സാധിക്കുന്നതിനുവേണ്ടി സ്വന്തം അച്ചനേയോ അമ്മയേയോ നഷ്ടപ്പെടാന്‍ തയ്യാറില്ലാത്തവര്‍... അച്ഛനമ്മമാരുടെ ആത്മഹത്യാഭീഷണി വരെ എത്തിനില്‍ക്കുമ്പോള്‍ മറ്റ്‌ വഴികളില്ലാതെ ചില പെണ്‍കുട്ടികള്‍ സമ്മതം മൂളും.

വീട്ടുകാര്‍ കല്ല്യാണാലോചനകള്‍ നടത്തുമ്പോള്‍ അതിനെ സൂത്രങ്ങളിലൂടെ മുടക്കുന്നവരുണ്ട്‌. അങ്ങനെ മുടക്കാന്‍ സാധിക്കാത്ത കേസുകള്‍ പെണ്ണുകാണല്‍ സന്ദര്‍ഭത്തില്‍ കാണാന്‍ വരുന്ന പയ്യനോട്‌ വിവരം രഹസ്യമായി പറഞ്ഞ്‌ ഒതുക്കുന്ന പെണ്‍കുട്ടികളും ധാരാളം... എന്റെ പരിചയത്തില്‍ തന്നെ അത്തരം നിരവധി കേസുകളുണ്ട്‌.. അതായത്‌, പെണ്‍കുട്ടിയും പയ്യനും സംസാരിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ പെണ്‍കുട്ടി തനിക്ക്‌ മറ്റൊരു പ്രണമയുണ്ടെന്നും അതുകൊണ്ട്‌ തന്നെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം പറഞ്ഞ്‌ സഹായിക്കണമെന്നും ആവശ്യപ്പെടുന്നവര്‍... അങ്ങനെ തുറന്ന് പറയുന്ന പെണ്‍കുട്ടികളോട്‌ പെരുത്ത്‌ നന്ദി പറഞ്ഞേ തീരൂ.

അങ്ങനെ ഇഷ്ടമല്ലാത്ത വിവാഹാലോചന മുടക്കാന്‍ ഇങ്ങനെയൊക്കെയുള്ള നിരവധി വഴികള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും ചെയ്യാതെ വിവാഹവും കഴിഞ്ഞ്‌ അന്ന് രാത്രി വീട്ടില്‍ നിന്ന് സ്കൂട്ട്‌ ആയി കാമുകന്റെ കൂടെ എസ്കേപ്പ്‌ ആവുന്ന പെണ്‍കുട്ടികളെ എന്ത്‌ ശിക്ഷ കൊടുക്കണം എന്നതാണ്‌ മനസ്സില്‍ പലപ്പോഴും ഉയര്‍ന്നുവന്ന ചോദ്യം.

സ്വന്തം വീട്ടുകാരോടും പയ്യനോടും വരെ കാര്യം പറഞ്ഞിട്ടും അത്‌ മനസ്സിലാക്കാതെ നിര്‍ബദ്ധിച്ച്‌ വിവാഹം നടത്തിയശേഷം ഇത്തരം ഒളിച്ചോട്ടം നടത്തുന്നതില്‍ നമുക്ക്‌ കുറ്റപ്പെടുത്താനാവില്ല. അത്തരം സാഹചര്യങ്ങളില്‍ ശിക്ഷ അര്‍ഹിക്കുന്നത്‌ വീട്ടുകാരും പയ്യനും തന്നെയാണ്‌.

അതല്ല, മറിച്ച്‌... യാതൊരു സൂചനകളും കൊടുക്കാതെ, സ്വന്തം വീട്ടുകാരുടെ മുന്നില്‍ സത്യവതി ചമഞ്ഞ്‌ അവരുടെ ഇഷ്ടങ്ങള്‍ക്ക്‌ നിന്നുകൊടുത്ത്‌ ഒരു പാവം പയ്യന്‌ പ്രതീക്ഷകൊടുത്ത്‌ വിവാഹവും കഴിഞ്ഞ്‌, ഇവരെയെല്ലാം പറ്റിച്ച്‌ സ്ഥലം വിടുന്ന ഏര്‍പ്പാടാണ്‌ ഏറ്റവും ക്രൂരം... ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റ്‌.... അത്തരക്കാര്‍ക്ക്‌ എന്ത്‌ ശിക്ഷകൊടുക്കണം എന്ന് ഇപ്പോഴും ഒരു അഭിപ്രായം പറയാന്‍ പറ്റുന്നില്ല.. അത്തരക്കാരോട്‌ തോന്നുന്ന തീവ്രമായ ദേഷ്യവും വെറുപ്പും തന്നെ കാരണം...

Friday, April 11, 2008

വോട്ട്‌ സംവരണം

ഒരു നാട്ടിന്‍ പ്രദേശത്തെ രാമന്‍ നായരുടെ ചായക്കടക്കവലയിലെ പതിവ്‌ കുശലവര്‍ത്തമാനങ്ങള്‍....


ദേവസിച്ചേട്ടന്‍: "എടാ ദിനേശാ.... നിന്റെ മോന്‍ എഞ്ചിനീയറിങ്ങിന്‌ പഠിക്കുവാ അല്ലയോ???... "

ദിനേശന്‍: "അതേ ദേവസ്സിയേട്ടാ.... അവന്‍ ഹോസ്റ്റലില്‍ നിന്നാ പഠിക്കുന്നേ.... ദേവസ്സിയേട്ടന്റെ അനിയന്റെ മോനും അങ്ങനെ ഏതാണ്ടല്ലേ പഠിക്കുന്നേ?"

ദേവസിച്ചേട്ടന്‍: "പിന്നേ.. അവന്‍ ഏതോ വല്ല്യ എഞ്ചിനീര്‍ ആവാനാ പഠിക്കുന്നേ.. "

രാമന്‍ നായര്‍: "അതിന്‌ ദേവസ്സ്യേട്ടാ... ആ കൊച്ചന്‌ വല്ല്യ മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ലാന്നാണല്ലോ കേട്ടത്‌.... "

ദിനേശന്‍: "അത്‌ പിന്നെ രാമന്‍ നായരേ.. അവന്‍ പള്ളിക്കാര്‌ നടത്തുന്ന ഏതോ കോളേജില്‍ തന്നെ സീറ്റ്‌ തരപ്പെടുത്തി.. ഇവര്‍ക്കൊക്കെ വല്ല്യ പിടിപാടല്ലേ..."

ദേവസ്സിയേട്ടന്‍: "ദിനേശോ... അങ്ങനെ അങ്ങ്‌ കൊച്ചാക്കാതെ... നീ ഒ.ബി.സി. സംവരണം ഒപ്പിച്ചല്ലേ മോന്‌ സീറ്റ്‌ വാങ്ങിയത്‌?? ഇല്ലേല്‍ കാണായിരുന്നു.... ഞങ്ങളുടെ കാര്യം അങ്ങനെയല്ലാ... ഇനി ആ സംവരണം കിട്ടിയില്ലേലും ഒരു സീറ്റൊപ്പിക്കാന്‍ പറമ്പിലെ ഒരു മാസത്തെ തേങ്ങാ പറക്കി വിറ്റാല്‍ മതി...."

ദിനേശന്‍: "അയ്യോ ചേട്ടാ.. ഞാന്‍ അത്‌ ഉദ്ദേശിച്ച്‌ പറഞ്ഞതല്ലാട്ടോ.... നിങ്ങളുടെ വീട്ടുകാരുടെ സാമ്പത്തികസ്ഥിതി അറിയാത്തവര്‍ ആരേലും ഉണ്ടോ ചേട്ടാ ഈ നാട്ടില്‍?"

അവരുടെ ഇടയിലേയ്ക്ക്‌ ചായ ഗ്ലാസ്സുമായി രാമന്‍ നായര്‍ കടന്ന് വന്നു.

രാമന്‍ നായര്‍: "ദേവസ്സ്യേട്ടാ... ഈ സംവരണം കിട്ടാന്‍ എവിട്യാ അപേക്ഷ കൊടുക്കാ???.... കാര്യം നമ്മള്‌ നായരൊക്കെത്തന്നെ... പക്ഷേ... പിള്ളേര്‌ രണ്ടും പഠിക്കാന്‍ വല്ല്യ മോശമൊന്നുമായിരുന്നില്ലേലും എന്‍ഡ്രന്‍സ്‌ ഒന്നും കിട്ടിയില്ലന്നേ.... ഇനി താഴെ ഒരുത്തന്‍ ഉണ്ട്‌,,, അവന്‍ 12 ആം ക്ലാസ്സ്‌ കഴിയുമ്പോഴേയ്ക്ക്‌ ഒരു സംവരണം ഒപ്പിച്ചെടുക്കാന്‍ പറ്റുമോ എന്നറിയാനാ..."

അത്‌ കേട്ട്‌ ദിനേശനും ദേവസ്സിയേട്ടനും പൊട്ടിച്ചിരിച്ചു...

ദിനേശന്‍ : "എന്റെ രാമന്‍ നായരേ... നിങ്ങളൊക്കെ ഉയര്‍ന്ന മതക്കാരല്ലേ... നിങ്ങള്‍ക്കൊന്നും സംവരണം കിട്ടില്ലാ... പിന്നേയ്‌, എണ്ട്രന്‍സ്‌ കിട്ടണേല്‍ നല്ല തല വേണം... പ്ലസ്‌ ടൂ വിന്‌ മാര്‍ക്കുണ്ടായിട്ട്‌ മാത്രം കാര്യായില്ലാ... അറിയോ....??"

രാമന്‍ നായര്‍: "നായരായിപ്പോയത്‌ എന്റെ കുറ്റമല്ലല്ലോ... അതുകൊണ്ടെന്റെ പിള്ളേര്‍ എന്ത്‌ പിഴച്ചു.... പിള്ളേര്‍ വീട്ടില്‍ പറയുന്ന കേട്ടു... നിങ്ങളുടെ വീട്ടിലെ പിള്ളേര്‍ക്കൊക്കെ അവരേക്കാള്‍ എണ്ട്രന്‍സ്‌ പരീക്ഷയ്ക്ക്‌ റാങ്ക്‌ കുറവായിരുന്നൂന്ന്... എന്നിട്ട്‌ അവര്‍ക്ക്‌ അഡ്മിഷന്‍ കിട്ടി എന്ന് പറഞ്ഞ്‌ വിഷമിച്ച്‌ നടപ്പുണ്ടായിരുന്നു... ഞാനെന്ത്‌ കാട്ടാനാ..."

ദേവസ്സിയേട്ടന്‍: "അങ്ങനെ എല്ലാവര്‍ക്കും സംവരണം കൊടുക്കാന്‍ പറ്റുമോ രാമന്‍ നായരേ... അതിനൊക്കെ ഒരു നിയമോം മറ്റും ഇല്ലേ??"

രാമന്‍ നായര്‍: "എനിയ്ക്ക്‌ നിയമോം ഒന്നും പിടിയില്ല ദേവസ്സ്യേട്ടാ... പക്ഷേ, എനിയ്ക്ക്‌ ആലോചിച്ചിട്ട്‌ ഒരു കാര്യം മനസ്സിലായി.... കാശുള്ള വീട്ടിലെ പിള്ളേരടക്കം പലരും റാങ്ക്‌ കുറഞ്ഞിട്ടും അഡ്മിഷന്‍ കിട്ടി പഠിക്കുന്നൂ... അവര്‍ക്ക്‌ ഇങ്ങനെ കിട്ടിയില്ലേലും കാശ്‌ കൊടുത്ത്‌ പഠിക്കാന്‍ കെല്‍പുണ്ട്‌... എന്റെ കാര്യം അങ്ങനെയല്ലല്ലോ... മാര്‍ക്കുണ്ടായിട്ടും മതത്തിന്റെ പേരില്‍ അവറ്റകള്‍ ദേ ഗതിയില്ലാതെ നടക്കുന്നു... പിള്ളേര്‍ പറയുന്ന കേട്ടു, വല്ല സംവരണ ജാതിയിലുള്ള പെണ്‍കൊച്ചുങ്ങളേയേ പ്രേമിച്ച്‌ കെട്ടുന്നുള്ളൂ എന്ന്... അവരുടേ പിള്ളേര്‍ക്കെങ്കിലും രക്ഷകിട്ടുമല്ലോ എന്ന്..."

രാമന്‍ നായരുടെ വിഷമം കേട്ടുകൊണ്ട്‌ സ്ഥലത്തെ പ്രധാന സഖാവ്‌ 'ബാബുവും' കൂടെ അരിക്കച്ചോടക്കാരന്‍ സലീമിക്കയും...

ബാബു: "രാമേട്ടാ... അങ്ങനെ വിഷമിക്കാതെ... സാമ്പത്തിക സംവരണം വന്നാല്‍ ഒക്കെ ശരിയാവും..."

രാമന്‍ നായര്‍: "അതെന്തുവാ ബാബൂ...??"

ബാബു: "മതം നോക്കാതെ എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി വരുമാനം കുറഞ്ഞവര്‍ക്ക്‌ സംവരണം കൊടുക്കുന്ന രീതി വരും..."

സലീം: "അത്‌ നല്ലതാ ബാബൂ... അത്‌ വേണം.... അപ്പോ പിന്നെ ജാതിയുടേയും മതത്തിന്റേയും പേരില്‍ സംവരണം ഒന്നും ഉണ്ടാവില്ലല്ലോ... പാവപ്പെട്ടവന്‌ സംവരണം കിട്ടുകേം ചെയ്യും...

ദേവസ്സിയേട്ടന്‍: "പിന്നേ... വരും വരും.... കാര്യമൊക്കെ ശരി തന്നെ, അതിന്‌ ആരേലും സമ്മതിക്കോ.... സലീമേ.. നിന്റെ പിള്ളേര്‍ക്കോ വീട്ടുകാര്‍ക്കോ സംവരണം വേണ്ടാന്ന് നിനക്ക്‌ നിശ്ചയിക്കാന്‍ പറ്റുമോ...."

സലീം: "അല്ലാ... അത്‌..."

ദേവസ്സിയേട്ടന്‍: "ങാ... അതാ പറഞ്ഞത്‌.. അവനവന്റെ കാര്യം വരുമ്പോള്‍ ന്യായം വേറെയാണേലും ഒരുത്തനും സമ്മതിക്കുകേലാ.... നടക്കാന്‍ പോകുന്ന കാര്യം വല്ലോം പറ സഖാവേ..."

ബാബു: "ഈ രാജ്യത്തെ ഓരോരുത്തരുടേയും വരുമാനം സര്‍ക്കാറിന്‌ കണ്ട്‌ പിടിക്കാന്‍ സംവിധാനമില്ലാത്തതാ പ്രശ്നം... ഇപ്പോത്തന്നെ പല ബിസിനസ്സ്‌ കാരും വല്ല്യ വല്ല്യ കൃഷിക്കാരും അവരുടെ വരുമാനം ശരിക്ക്‌ തിട്ടപ്പെടുത്തി കൊടുക്കോ.. അത്‌ കണ്ട്‌ പിടിക്കാന്‍ വല്ല മാര്‍ഗ്ഗോം ഉണ്ടാ... ഇതിനൊക്കെ ഒരു സംവിധാനമാകുന്ന കാലത്തേ ഈ സാമ്പത്തികസംവരണം നടപ്പിലാവൂ..."

രാമന്‍ നായര്‍: "ബാബൂ... അങ്ങനെയൊക്കെ സംവിധാനം ഉണ്ടാവോ....???"

ബാബു: "അതിനിവിടെ സോഷ്യലിസം വരണം.. ഞങ്ങള്‍ അധികാരത്തില്‍ വരണം..."

രാമന്‍ നായര്‍: "അപ്പോ... എന്റെ കുട്ട്യോള്‍ടെ കുട്ടികള്‍ക്കും ഇത്‌ തന്നെ ഗതി, അല്ലേ???"

ദിനേശന്‍: "രാമന്‍ നായരേ... നിങ്ങളുടെ മുന്‍ തലമുറക്കാര്‍ ഈ താഴ്‌ന്ന ജാതിക്കാരുടെ സ്വത്തും അവകാശങ്ങളുമൊക്കെ പിടിച്ച്‌ വച്ച്‌ ജീവിച്ചിരുന്നു.... അതോണ്ടാണ്‌ അങ്ങനെ ക്ഷീണം സംഭവിച്ചവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ സംവരണം കണ്ടുപിടിച്ചത്‌, അറിയോ?.."

രാമന്‍ നായര്‍: "എന്റെ ദിനേശാ... ആര്‌ പിടിച്ച്‌ വച്ചൂന്നാ.... അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടേല്‍ അതിനിപ്പോഴാണോ കണക്ക്‌ തീര്‍ക്കുന്നേ... വിരോധല്ല്യാന്നേ... പക്ഷേ, അതിന്‌ പാവം ഞങ്ങടെ പിള്ളേര്‌ എന്ത്‌ പിഴച്ചൂ... ദേ.. ആ ശാന്തിക്കാരന്‍ ഗോവിന്ദന്‍ പോറ്റിയുടെ മോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു... എന്നിട്ടിപ്പോ എന്തായി... അവിടെ വല്ല കെട്ടിയിരുപ്പും സ്വത്തും വല്ലോം ഉണ്ടോ... ആ കൊച്ചന്‍ ഇപ്പോ ഏതോ അമ്പലത്തില്‍ ശാന്തിപ്പണിയാ ചെയ്യണേ..."

ദിനേശന്‍: "അതിനെന്താ.. ഇപ്പോ അതൊക്കെ നല്ല വരുമാനമല്ലേ.... മാത്രമല്ലാ... മറ്റുള്ളോര്‍ക്ക്‌ ആ പണി ചെയ്യാന്‍ പറ്റുമോ..."

രാമന്‍ നായര്‍: "ദിനേശാ... അതൊക്കെ ശരി തന്നേ.. പക്ഷേ... ഗതിയില്ലാത്തവനല്ലേ സംവരണം കൊടുക്കേണ്ടേ... ഇല്ലാത്തവന്‍ ഏത്‌ ജാതീം മതോം ആയിക്കോട്ടെ... ഇതിപ്പോ.. "

രാമന്‍ നായര്‍ മുഴുമിപ്പിക്കാതെ കാലി ഗ്ലാസ്സുമായി ഉള്ളിലേയ്ക്ക്‌ പോയി.

ബാബു: "സത്യാ രാമേട്ടന്‍ പറഞ്ഞത്‌.... ഇപ്പോ സംവരണം കിട്ടാത്തവരാ കുറവ്‌... അവരെയാ ന്യൂനപക്ഷം എന്ന് പറയേണ്ടത്‌.. പ്രത്യേകിച്ച്‌ കേരളത്തില്‍... എല്ലാ രാഷ്ട്രീയക്കാര്‍ക്കും ന്യൂനപക്ഷം എന്ന പേരില്‍ വോട്ട്‌ വേണം... അതുകൊണ്ട്‌ കുറേ പേര്‍ക്ക്‌ നീതി നിഷേധിച്ച്‌ വേറെ കുറേ പേരുടെ വോട്ട്‌ നേടുക തന്നെ... പിന്നെ, കുറേ ഭരണഘടനാ വകുപ്പുകളും കോടതികളും.... അതൊന്നും മാറ്റി മറയ്ക്കാന്‍ ആര്‍ക്കും വയ്യ.... അത്ര തന്നേ..."

സലീം: "ബാബൂ... ഇങ്ങടെ പാര്‍ട്ടീം ഈ വോട്ടും ന്യൂനപക്ഷോം ഒക്കെ നോക്കിത്തന്ന്യാ കളിക്കണേ....അതില്ലേല്‍ അവര്‍ക്ക്‌ ഉള്ള സപ്പോര്‍ട്ടും പോക്കാ.... ഇങ്ങളും സാമ്പത്തികസംവരണത്തിന്റെ കാര്യത്തില്‍ പിന്തുണയ്ക്കോ? "

ബാബു: "പാര്‍ട്ടീടെ നിലപാടും മറ്റുമല്ലാ ഞാന്‍ പറഞ്ഞത്‌... എനിക്ക്‌ ശരിയെന്ന് തോന്നീതാ...അതിപ്പോ ഏത്‌ പാര്‍ട്ടിയായാലും സത്യം നീതി എന്നൊക്കെയുള്ളത്‌ മാറ്റാന്‍ പറ്റുമോ... ങാ.. എന്നെങ്കിലും മാറുമായിരിയ്ക്കും..."

ദേവസ്സിയേട്ടന്‍: "രാമന്‍ നായരേ.. അപ്പോ ശരീ... കുറച്ച്‌ പണീണ്ട്‌ വീട്ടില്‍ പോയിട്ട്‌...."

ദേവസ്സിയേട്ടനും ദിനേശനും പതുക്കെ എഴുന്നേറ്റു....

രാമന്‍ നായര്‍ ഗ്ലാസ്സുകള്‍ കഴുകുന്നതില്‍ വ്യാപൃതനായി.