ഒരു പതിനഞ്ചുകൊല്ലം മുന്‍പുള്ള സ്കൂള്‍, കോളെജ് സാഹചര്യങ്ങളും ഇപ്പോഴത്തെ സാഹചര്യവും പരിശോധിച്ചാല്‍ ഒരു വലിയ അന്തരം ഉണ്ടാകുക സ്വാഭാവികമാണെങ്കിലും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നതില്‍ ടെക്നോളജിയ്ക്ക് വലിയ പങ്കാണുള്ളത്.
'ടെക്നോളജി' എന്ന് പ്രധാനമായും ഞാനുദ്ദേശിച്ചത് ദൃശ്യവാര്‍ത്താവിനിമയ സൗകര്യങ്ങളുടെ വളര്‍ച്ചയും, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ സംവിധാനങ്ങളുടെ അതിപ്രസരവുമാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂള്‍ പ്രണയങ്ങള്‍ വളരെ കുറവായിരുന്നു. പക്ഷെ, ഇന്ന് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ തന്നെ (അതും വളരെ ചെറിയ പ്രായത്തില്‍) പ്രേമവും അത്തരം സൗഹൃദങ്ങളും ഇല്ലെങ്കില്‍ ഒരു കുറച്ചിലായി കാണുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയിരിയ്ക്കുന്നു. അത്തരം ചില കേസുകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതില്‍ അല്‍ഭുതം തോന്നിയിട്ട് കാര്യമില്ലെന്ന് കൂടുതല്‍ നിരീക്ഷണങ്ങളില്‍ നിന്ന് ബോദ്ധ്യപ്പെട്ടു.
കോളെജ് തലങ്ങളിലെ പ്രണയങ്ങള്‍ക്ക് പഴയ കാലത്തിന്റെ മാധുര്യവും ദൃഢതയും കുറഞ്ഞു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പ്രണയങ്ങളുടെ എണ്ണവും കുത്തനെ ഉയര്‍ന്നുകഴിഞ്ഞിരിയ്ക്കുന്നു. ക്യാമ്പസ്സുകളിലെ പ്രണയങ്ങള്‍ പലതും നേരമ്പോക്കിനായി മാത്രം തീരുമാനിച്ച് ക്യാമ്പസ്സില്‍ തന്നെ അവസാനിക്കുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷെ, വളരെ പ്രാക്റ്റിക്കലായും സീരിയസ്സായുമുള്ള പ്രണയങ്ങള്‍ വിവാഹത്തില്‍ കലാശിക്കുന്ന ഉദാഹരണങ്ങളും ധാരാളം. അതും, സാമ്പത്തികവും സാമൂഹ്യവും മതപരവുമായ അന്തരങ്ങളെല്ലാം മറന്നുകൊണ്ട് രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളുടെ എണ്ണങ്ങളും വളരെ ഉയര്‍ന്നുകഴിഞ്ഞത് വസ്തുതയാണ്.
പുതിയ തലമുറയില്‍ മേല്‍പ്പറഞ്ഞതരത്തിലുള്ള ടെക്നോളജി സൗകര്യങ്ങളുടെ സ്വാധീനം ഗുണവും അതിനോടപ്പം ദോഷവും പ്രദാനം ചെയ്യുന്നു എന്നതാണ് സത്യം. അമേരിക്കന്‍, യൂറോപ്പ് സംസ്കാരങ്ങളുടെ സ്വാധീനം പുതിയ തലമുറയെ നല്ലപോലെ ബാധിച്ചിരിയ്ക്കുന്നു എന്നത് യാഥാര്‍ത്ഥ്യബോധത്തോടെ നാം നോക്കിക്കാണേണ്ടതാണ് എന്ന് തോന്നുന്നു.
ദോഷങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുള്ള രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും ബോധപൂര്‍വ്വവും നിരന്തരവുമായ ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറ പല കുടുംബങ്ങളിലും ദുരന്തത്തിന്റെ പ്രതീകങ്ങളോ സൂചനകളോ ആയി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.
പണ്ട് ദൂരദര്‍ശനില്‍ ആഴ്ചയിലൊരിക്കല്‍ കാണുന്ന ഹിന്ദി പാട്ടുകളുടെ 'ചിത്രഹാര്‍' എന്ന പരിപാടിയില്‍ നീളം കുറഞ്ഞ വസ്ത്രമണിഞ്ഞ് നായികമാര്‍ ആടിക്കുഴയുന്ന സീനുകള്‍ വീട്ടുകാരോടൊന്നിച്ചിരുന്ന് കാണേണ്ടിവരുന്ന സാഹചര്യങ്ങളിലുണ്ടാകുന്ന ഒരു വല്ലാത്ത ടെന്‍ഷനും ജാള്യതയും ഇപ്പോഴും നല്ലവണ്ണം ഓര്‍ക്കുന്നു.
ഇപ്പോഴത്തെ ടി വി പ്രോഗ്രാമുകളില്‍ കാണുന്ന ത്രസിപ്പിക്കുന്ന അത്തരം പാട്ടുകളോ ഫാഷന്‍ ചാനല്‍ പോലുള്ള ചാനലുകളിലെ അല്‍പവസ്ത്രകോലങ്ങളുടെ വൈകൃതം തോന്നുന്ന ചലനങ്ങളോ രക്ഷകര്‍ത്താക്കളുടെ സാന്നിദ്ധ്യത്തില്‍ ഒരു കൂസലും കൂടാതെ ഇരുന്ന് കാണുന്ന പുതു തലമുറയെ കാണുമ്പോഴാണ് ആ വ്യത്യാസം നമുക്ക് മനസ്സിലാവുന്നത്.
സീരിയലുകളിലൂടെ കണ്ണുനീര്‍പ്പുഴകള്‍ ഒഴുകിത്തുടങ്ങിയതോടെ പല വീടുകളിലും ആന്തരിക യുദ്ധം ശമിപ്പിക്കാനായി രണ്ട് ടി വി എന്ന സംവിധാനം നിലവില്‍ വന്നു. (ഒന്ന് സ്ത്രീ സംവരണവും, മറ്റേത് യൂത്ത് റിസര്‍വ്വേഷന്‍ ക്വോട്ടയും)
പതുക്കെ പതുക്കെ ടി വി എന്ന മാദ്ധ്യമത്തിന്റെ വിജ്ഞാനമേഖലയെക്കാല്‍ വിനോദമേഖലയ്ക്കാണ് പുതിയ തലമുറയില്‍ സ്വാധീനം ഉറപ്പിക്കാനായത്. അതില്‍ രക്ഷിതാക്കളുടെ ഇടപെടലോ നിയന്ത്രണങ്ങളോ പ്രാബല്ല്യത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടായിരിയ്ക്കുന്നു.
ഇന്റര്‍നെറ്റിന്റെ പ്രചാരം വര്‍ദ്ധിച്ചത് വിജ്ഞാനം വളരെ വേഗത്തിലും കാര്യക്ഷമമായും എത്തിക്കുന്നതില്‍ അല്‍ഭുതകരമായ പങ്ക് വഹിക്കുന്നു. പക്ഷെ, ഇന്റര്‍നെറ്റിന്റെ ദുരുപയോഗ സാദ്ധ്യത പുതിയ തലമുറയെ വളരെ വേഗത്തില്‍ തന്നെ പ്രചോദിപ്പിയ്ക്കുന്നു.
വീടുകളില്‍ മക്കള്‍ക്ക് പഠനത്തിന് സഹായകമാകാനെന്ന പേരില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തുകൊടുക്കുന്ന മാതാപിതാക്കള്‍ അതിന്റെ ഉപയോഗനിയന്ത്രണം സ്വയം നിര്‍വ്വഹിച്ചില്ലെങ്കില്‍ സ്വന്തം മക്കളുടെ സ്വഭാവ സംസ്കാര രൂപീകരണത്തില്‍ ഇന്റര്‍നെറ്റിന്റെ ദുരുപയോഗം വ്യക്തമായ മുദ്ര പതിപ്പിയ്ക്കുന്നത് തിരിച്ചറിയുമ്പോഴെയ്ക്കും വളരെ വൈകിയിരിയ്ക്കും.
മക്കള്‍ക്ക് അവരുടെ ബെഡ് റൂമില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സെറ്റപ്പ് ചെയ്ത് കൊടുത്തിട്ട് ഒരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താത്ത വിവരദോഷികളായ മാതാപിതാക്കളെ എനിയ്ക്ക് നേരിട്ടറിയാം. രാത്രിമുഴുവന്‍ ഉറക്കമില്ലാതെ ഇരുന്ന് തന്റെ മക്കള്‍ പഠിയ്ക്കുന്നു എന്ന് ധരിയ്ക്കുന്ന ഇത്തരക്കാരോട് സഹതാപമല്ലാതെ മറ്റ് എന്താണ് തോന്നേണ്ടത്? അശ്ലീല വെബ് സൈറ്റുകളും ചാറ്റിംഗ് സോഫ്റ്റ് വെയറുകളും ധാരാളമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമായതിനാല്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് നോക്കാനുള്ള വ്യഗ്രതയും രാത്രി ഉറക്കമില്ലാതെ പഠിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചെന്നുവരാം.
കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ ഉപയോഗത്തെക്കാല്‍ ദുരുപയോഗ സാദ്ധ്യതകളും മനസ്സിലാക്കുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് ഗുണകരമാകും.
അതുപോലെതന്നെ മൊബൈല്‍ ഫോണിന്റെ പ്രചുരപ്രചാരം ഇന്ന് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. പല ബിസിനിസ്സുകളെയും അതിന്റെ നടത്തിപ്പുകാര്‍ക്കും ഇതിന്റെ ഉപയോഗം വരുത്തിയ ഗുണങ്ങള്‍ നിര്‍ണ്ണയാതീതമാണ്. വീട്ടിലിരുന്നും, യാത്രചെയ്യുമ്പോഴും ബിസിനസ്സും ജോലിയും നിയന്ത്രിയ്ക്കാനുള്ള സാദ്ധ്യത ഇതുമൂലം വളരെ ഉയര്‍ന്നു. പലര്‍ക്കും ഇത് ഒരു ശല്ല്യമായും ചില സന്ദര്‍ഭങ്ങളിലെങ്കിലും തോന്നാറുണ്ടെങ്കിലും അതിന്റെ ഉപയോഗങ്ങളെ താരതമ്മ്യം ചെയ്യുമ്പോള്‍ ആ തോന്നല്‍ താനെ അടങ്ങും.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള മാതാപിതാക്കളുടെ ഉത്സാഹമാണ് പുതിയ തലമുറയില്‍ കണ്ടുവരുന്ന മറ്റൊരു പ്രവണത. അതിനെ പ്രോല്‍സാഹിപ്പിയ്ക്കാന്‍ പല മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡേര്‍സും കുട്ടികള്‍ക്കും മറ്റും യോജിച്ച സ്കീമുകള്‍ പ്രഖ്യാപിയ്ക്കുന്നതില്‍ മല്‍സരിച്ചുകൊണ്ടിരിയ്ക്കുന്നു.
മൊബൈല്‍ ഫോണ്‍ വഴി പ്രേമവും സെറ്റപ്പുമെല്ലാം ഉണ്ടാക്കിയെടുക്കുന്നതില്‍ ബിസിനസ്സിന്റെ പേരില്‍ 'മാമാ' പണി ചെയ്യുകയാണ് പല സര്‍വ്വീസ് പ്രൊവൈഡേര്‍സും എന്നതാണ് വസ്തുത.
ചില നമ്പറുകളിലേയ്ക്ക് കുറഞ്ഞ റേറ്റിലും ഫ്രീയായും കോളുകള്‍ അനുവദിയ്ക്കുന്ന സ്കീമുകളെല്ലാം കഴിഞ്ഞ് ഇപ്പോള്‍ ഒരേ സര്‍വ്വീസ് പ്രൊവൈഡറുടെ ഏത് നമ്പറിലേക്ക് ഫ്രീ കോള്‍ എന്ന നിലയില്‍ വരെയെത്തിയിരിയ്ക്കുന്നു കാര്യങ്ങള്‍. (വിവാഹ നിശ്ചയത്തോടൊപ്പം രണ്ട് മൊബൈല്‍ കണക്ഷനും ഇപ്പോള്‍ നാട്ടുനടപ്പുള്ള ഒരു ചടങ്ങായിരിയ്ക്കുന്നു)
സ്വന്തം വരുമാനമാകാതെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ ഭൂരിപക്ഷം പേര്‍ക്കും ഗ്യാരണ്ടിയായ ഒരു ലാഭമുണ്ട്. മക്കള്‍ക്ക് വേണ്ടി കല്ല്യാണം ആലോചിച്ച് അന്വേഷിച്ച് നടന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. ഒന്നുകില്‍ അവര്‍ പറഞ്ഞതിനെ നടത്തിക്കൊടുക്കുക, അല്ലെങ്കില്‍ അവര്‍ സ്വീകരിച്ച വഴികളെ ഇഷ്ടമല്ലെങ്കിലും അംഗീകരിയ്ക്കുക.
ഇത്തരം മൊബൈല്‍ ഫോണ്‍ ദുരുപയോഗങ്ങളും അതുമൂലമുണ്ടായിട്ടുള്ള പല ജീവിത വഴിത്തിരിവുകളും എന്നെപ്പോലെത്തന്നെ ധാരാളം നേരില്‍ക്കണ്ട് ബോദ്ധ്യമുള്ളതായിരിയ്ക്കും പലരും.
മേല്‍പ്പറഞ്ഞ തരത്തില്‍ ദുരുപയോഗ സാദ്ധ്യതകള്‍ കൂടുതലാണെങ്കിലും ഇതിന്റെ പിടിയില്‍ പെടാത്തവരും രക്ഷകര്‍ത്താക്കളോട് ധാര്‍മ്മികത കാണിയ്ക്കുന്നവരും പുതിയ തലമുറയില്‍ ഉണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
"ടെക്നോളജിയുടെ ഉപയോഗം വിജ്നാനമേഖലയിലും സാമൂഹിക സാംസ്കാരിക മേഖലയിലും വളരെ ഗുണകരമായ ഉന്നമനം ഉറപ്പുവരുത്തുന്നു. പക്ഷെ, പ്രായത്തിനും അര്‍ഹതയ്ക്കും അനുസരിച്ച് അതിന്റെ 'ഡോസ്' തീരുമാനിക്കാതെയുള്ള അമിതോപയോഗം ഗുണത്തേക്കാളെറെ ദുരന്തം വിതയ്ക്കുമെന്ന് തോന്നുന്നു."
Showing posts with label Technology. Show all posts
Showing posts with label Technology. Show all posts
Tuesday, April 10, 2007
Subscribe to:
Posts (Atom)