Thursday, January 1, 2009

വിശുദ്ധന്മാരും വിശുദ്ധകളും

അഭയ കേസുമായി ബന്ധപ്പെട്ട്‌ ഒരു വനിതാ ജഡ്ജിയുടെ ചില പരാമര്‍ശങ്ങളും മറ്റും നേരത്തേ തന്നെ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞപ്പോള്‍ എവിടെയോ ഒരു 'സ്വാധീനം' മണക്കുന്നുണ്ടോ എന്ന് പലരും പരസ്പരം ചോദിച്ചിരുന്നു.

'ഓള്‌ പെശകാണ്‌ ട്ടോ... ഇത്‌ അവരെ ഊരിയെടുക്കാനുള്ള പോക്കാണ്‌' എന്ന് ആരോ കമന്റുകയും ചെയ്തു.. (എന്റെ പിതാശ്രീതന്നെയാണെന്ന് തോന്നുന്നു പറഞ്ഞത്‌... കോടതി അലക്ഷ്യമാകുമോ ആവോ?).

'അലക്ഷ്യമായ കോടതി' എന്നാണോ 'കോടതി അലക്ഷ്യം' എന്നൊരു സംശയം നിലവിലുണ്ട്‌.. അതവിടെ നിക്കട്ടെ... അല്ലേല്‍ അവിടെ ഇരിക്കട്ടെ...

ഭരണാധികാരികളിലും പോലീസിലും എല്ലാം വിശ്വാസം നഷ്ടപ്പെട്ടാലും പലപ്പോഴും കോടതി എന്നതില്‍ ജനങ്ങള്‍ക്ക്‌ കുറച്ചെങ്കിലും ഒരു വിശ്വാസമുണ്ടായിരുന്നു. 'അതങ്ങ്‌ പള്ളീ പോയി പറഞ്ഞാല്‍ മതി.. അതൊക്കെ പണ്ട്‌...' എന്ന് പലരും പറയുന്നുണ്ടാകും ഇപ്പോള്‍.

എന്തായാലും സഭയ്ക്ക്‌ വിശുദ്ധന്മാരും വിശുദ്ധകളും ഉണ്ടാവുന്നത്‌ വളരെ നല്ലത്‌ തന്നെ. അതിന്റെ പേരില്‍ കുറേ വിശ്വാസികളില്‍ നിന്ന് പിരിവെടുത്ത്‌ പള്ളി പണിഞ്ഞ്‌ പെരുന്നാള്‍ കൂടാമല്ലോ. എങ്ങനെ വിശുദ്ധി ഉണ്ടാകുന്നു എന്ന കാര്യത്തില്‍ പലതും പരിഗണിക്കാം.

സഭയ്ക്ക്‌ വേണ്ടി ത്യാഗം സഹിച്ച്‌ കോടതിയിലും ജയിലിലും പോയി കഷ്ടതയനുഭവിക്കുന്നവര്‍ എന്തേ വിശുദ്ധരല്ലേ?

ഇനി വിശുദ്ധരുടെ പട്ടികയില്‍ അന്യ മതസ്തരും പെടുമോ?

'അതിനെന്താ...? കോടതിയില്‍ നിന്ന് ഒരാളുടെ നോമിനേഷന്‍ കൂടി പരിഗണനയിലുണ്ട്‌' എന്ന് തോന്നുന്നു. കാരണം, 'പീഡനമനുഭവിച്ചവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ അക്ഷീണം പരിശ്രമിക്കുന്നവരും വിശുദ്ധരില്‍ പെടില്ലേ?' ന്യായമായ ചോദ്യം.

വാര്‍ത്താ ചാനലില്‍ പ്രതിഭാഗം വക്കീലുമായുള്ള ഒരു സംഭാഷണം ഇന്നലെ കണ്ടു. അത്‌ കണ്ടാല്‍ എല്ലാവര്‍ക്കും വളരെ ക്ലിയറാകുന്ന തരത്തില്‍ അദ്ദേഹം കുറച്ച്‌ കാര്യങ്ങള്‍ പറഞ്ഞു. ആ പറഞ്ഞതിന്റെ ആന്തരികവും ബാഹ്യവുമായ അര്‍ത്ഥങ്ങള്‍ എന്തെന്നാല്‍..

1. സത്യം എന്താണെന്നതിനെക്കാള്‍ പലകാര്യങ്ങള്‍ക്കും തെളിവില്ല. തെളിവില്ലാതെ കോടതിക്ക്‌ എന്ത്‌ ചെയ്യാന്‍ സാധിക്കും?' (അതായത്‌, അതൊക്കെ ഞങ്ങള്‍ വളരെ വിദഗ്ദമായി ഇത്രകാലം കൊണ്ട്‌ ക്ലിയര്‍ ആക്കിയിട്ടുണ്ട്‌.. പിന്നെന്താ?)

2. ഇനി തെളിവ്‌ നശിപ്പിച്ചതിന്‌ രേഖകളില്ല (പിന്നേയ്‌.. രേഖകളൊക്കെ വച്ചാണല്ലോ തെളിവ്‌ നശിപ്പിക്കുന്നത്‌.. )

3. ഇപ്പോ എല്ലാവര്‍ക്കും മനസ്സിലായില്ലേ ഇതൊക്കെ വെറുതേ മാധ്യമങ്ങളും ജനങ്ങളും സി.ബി.ഐ. യും കെട്ടിച്ചമച്ചതാണെന്ന്? (പിന്നേയ്‌.. ഇത്‌ തന്നെയാണ്‌ അന്തിമവിധി.. അല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ്‌ അന്തിമവിധി എന്ന് അഹങ്കാരം...)

ഇതൊക്കെയാണെങ്കിലും ജഡ്ജിയ്ക്ക്‌ കാര്യങ്ങള്‍ അറിയാം. സി.ബി.ഐ. അത്ര പോരാ അത്രേ... അതിന്റെ മുകളില്‍ കഴിവുള്ള ആരേലും മേല്‍നോട്ടത്തിന്‌ വേണം പോലും. ('അത്‌ വേണേല്‍ ഞാന്‍ തന്നെ ആവാം..' എന്ന് പറഞ്ഞില്ല.. ഭാഗ്യം..)

'ഈ വിശുദ്ധര്‍ക്ക്‌ സ്വീകരണവും അതിനോടനുബദ്ധിച്ച ആഘോഷവും ഉടനെ ഉണ്ടാകുമോ?' എന്ന ഒരു സഭാപ്രതിനിധിയായി സംസാരിച്ച അച്ചനോടുള്ള ചോദ്യത്തിന്‌ പെട്ടെന്നൊരു ഉത്തരമുണ്ടായില്ല.

'പരിഗണനയിലാണ്‌.. ഇപ്പോ തന്നെ വേണോ.. അതോ ഇത്‌ മുഴുവനായും ഇല്ലായ്മ ചെയ്ത്‌ അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന വേളയില്‌ .. സന്ദര്‍ഭത്തില്‌.. അവസരത്തില്‌.. സാഹചര്യത്തില്‌.. സ്ഥിതിയില്‌.... മതിയോ എന്നും ആലോചിക്കുന്നുണ്ട്‌' എന്നതാവണം ഉത്തരം.