Wednesday, September 3, 2008

ഒറീസ്സയിലെ പാഠപുസ്തകം

ഒറീസ്സയില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ നേരെ നടക്കുന്ന അക്രമങ്ങള്‍ എല്ലാവര്‍ക്കും മനസ്സില്‍ വിഷമമുണ്ടാക്കുന്നത്‌ തന്നെ. ഈ കാര്യം ചര്‍ച്ച ചെയ്യുന്നതിന്നിടയില്‍ അല്‍പം പ്രായം ചെന്ന എന്റെ അച്ഛന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു "എന്നാലും ഒറീസ്സയിലെ പാഠപുസ്തകത്തിന്‌ കുഴപ്പമൊന്നുമില്ലല്ലോ?" എന്ന്.

ഈ ഡയലോഗിലെ ആക്ഷേപഹാസ്യം അതേ രീതിയില്‍ ഉള്‍ക്കൊണ്ട്‌ കുറച്ച്‌ സമയത്തിനകം വിസ്മരിക്കുകയും ചെയ്തു.

പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ്‌ അത്‌ വിസ്മരിക്കാനുള്ള ഡയലോഗ്‌ അല്ല എന്ന് മനസ്സിലായത്‌.

പിതാവ്‌ പവ്വത്തിലിന്റെ പ്രസ്താവന വായിച്ച്‌ ചെറുതായൊന്ന് ഞെട്ടുകയും ഒരല്‍പ്പം ചോര തിളയ്ക്കുകയും ചെയ്തു. 'പള്ളി തകര്‍ത്താലും ആളെ കൊന്നാലും വീണ്ടും ഉണ്ടാക്കിയെടുക്കാം' അത്രേ... പക്ഷേ, അതിനേക്കാള്‍ എത്രയോ ഭീകരമാണ്‌ പാഠപുസ്തകത്തിലൂടെ നിരീശ്വരചിന്ത പ്രചരിപ്പിക്കുന്നത്‌ എന്ന്.

ശരിയാണല്ലോ എന്ന് എനിയ്ക്കും തോന്നി. സ്വാശ്രയ കോളേജുകളും ആശുപത്രികളും മറ്റ്‌ നിരവധി ധന്‍സമ്പാദനമാര്‍ഗ്ഗങ്ങളുമുള്ള ക്രിസ്തീയസഭയ്ക്ക്‌ വീണ്ടും പള്ളികളും മറ്റും പടുത്തുയര്‍ത്താന്‍ എന്ത്‌ ബുദ്ധിമുട്ട്‌?

ഇനി മനുഷ്യജീവന്റെ കാര്യം.. അതും സിമ്പിള്‍.. ഈയടുത്താണ്‌ ഉന്നതാധികാരകേന്ദ്രങ്ങളില്‍ നിന്നും ഒരു വലിയ ഓഫര്‍ വന്നത്‌. കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്ന ഫാമിലിയ്ക്ക്‌ മെഗാ ഓഫറുകള്‍, പ്രൊഡക്‌ ഷന്‍ കൂട്ടുന്നതിനനുസരിച്ച്‌ ഉയര്‍ന്ന ആനുകൂല്യങ്ങള്‍. അപ്പോള്‍ പിന്നെ, ഒറീസ്സയില്‍ വി.എച്ച്‌.പി.ക്കാരോ മറ്റുള്ളവരോ ക്രിസ്ത്യാനികളെ കൊന്നാലും ഒന്നും സംഭവിക്കില്ല. മറ്റേ ഭാഗത്ത്‌ ഉല്‍പ്പാദനം കൂട്ടിയാല്‍ മതിയല്ലോ, നല്ല പ്ലാനിംഗ്‌.

ഇനി, ഒറീസ്സയില്‍ കൊല്ലപ്പെടുന്നതൊക്കെ രണ്ടാം കിട ക്രൈസ്തവരാണല്ലോ എന്നുള്ള ചിന്തയും പവ്വത്തില്‍ പിതാവിന്‌ ഉണ്ടാകാം. മത പരിവര്‍ത്തനം ചെയ്തെടുത്തവര്‍, അവരെ കൊന്നുതള്ളിയാലും അതില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാമോ എന്ന് നോക്കാം.. ന്യൂനപക്ഷപീഡനവും ആക്രമണങ്ങളും ഉയര്‍ത്തിക്കാട്ടി കുറേ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാമല്ലോ.

ഇടതുപക്ഷസ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ അക്രമണങ്ങള്‍ കുറവാണെന്ന സത്യം അറിയാമെങ്കിലും അത്‌ സമ്മതിക്കാന്‍ പറ്റില്ല. കാരണം, ഇവിടെ പാഠപുസ്തകവും സ്വാശ്രയവുമെല്ലാമായി വല്ല്യ പ്രശ്നമുണ്ടാക്കുകയല്ലേ?

കാര്യം നിരീശ്വരചിന്ത പ്രചരിപ്പിക്കുമെന്ന ആരോപണവിധേയരെങ്കിലും, കമ്മ്യൂണിസ്റ്റുകാര്‍ ചിലപ്പോള്‍ ജീവന്‍ കൊടുത്തും മതവിഭാഗങ്ങള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങളെ ചെറുക്കുന്നു എന്നതും പവ്വത്തില്‍ പിതാവോ സഭയോ പുറത്ത്‌ പറയില്ല. അതിലും ഭേദമാണത്രേ ഒറീസ്സയിലെപ്പോലെ തല്ല് കൊണ്ട്‌ ചാവുന്നത്‌.

ഇതൊക്കെ അവിടെ നിക്കട്ടെ, നമ്മുടെ പാഠപുസ്തകത്തിന്റെ കേസ്‌ ഇതിന്നിടയില്‍ തള്ളിപ്പോവാതിരിക്കാന്‍ പവ്വത്തില്‍ പിതാവിനും പള്ളിക്കാര്‍ക്കും പ്രത്യേക ശ്രദ്ധയുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട്‌ മറ്റൊരു വാര്‍ത്ത അതേ ദിവസം തന്നെ കണ്ടു. പാഠപുസ്തകസമരം ശക്തമാക്കും അത്രേ. വേണമല്ലോ, നമ്മള്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കണമല്ലോ, ഇനി പള്ളിക്കാര്‍ അച്ചടിച്ചുതരുന്ന പുസ്തകമേ പഠിപ്പിക്കൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നവരെ നടക്കട്ടെ സമരം.

അപ്പോള്‍ ഒറീസ്സയിലെ അക്രമണങ്ങള്‍ക്കെതിരെ സഭ സമരം ചെയ്യുന്നില്ലേ എന്ന് ന്യായമായും തോന്നാം. പിന്നില്ലാതെ, സമാധാന റാലിയും പ്രാര്‍ത്ഥനായോഗങ്ങളും ധാരാളമായി നടത്തും. വേണമെങ്കില്‍ വി.എച്ച്‌.പി.ക്കാരുടെ മനസ്സ്‌ നന്നാവാന്‍ ഒരു യാഗവും നടത്താം. മൂന്ന് നേരവും വി.എച്ച്‌.പി.ക്കാര്‍ക്ക്‌ നല്ലബുദ്ധിയുണ്ടാകാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയും കഴിഞ്ഞ്‌ പാഠപുസ്തകത്തിന്നെതിരെ ഇടയലേഖനവും വായിച്ച്‌ സമരരംഗത്തേയ്ക്ക്‌ ഇറങ്ങാം, ആനക്കാര്യത്തിന്നിടയിലാ ചേനക്കാര്യം.. പാഠപുസ്തകം ഇവിടെ ചൂടുപിടിച്ച്‌ നില്‍ക്കുമ്പോളുണ്ട്‌ അവിടെ കൊല്ലുന്നേ എന്ന് പറഞ്ഞ്‌ വരുന്നത്‌, പോയി പണിനോക്കട്ടെ അവര്‌.


ഇങ്ങനെ സമരം നടത്തി ഭയപ്പെടുത്താന്‍ മാത്രമല്ല സഭയ്ക്ക്‌ കഴിവ്‌. സഭയെ ദോഷകരമായി ബാധിക്കുന്ന ഏത്‌ പ്രശ്നത്തിലും ഇടപെട്ട്‌ പുഷ്പം പോലെ ഊരിപ്പോരാന്‍ സഭയ്ക്കുള്ള കഴിവില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? അഭയകേസിനെക്കുറിച്ച്‌ സാമാന്യജനത്തിന്‌ ഒരുവിധം കാര്യങ്ങളൊക്കെ വ്യക്തമയി, പക്ഷേ, ഒരിയ്ക്കലും അത്‌ സഭയെ ദോഷകരമായി ബാധിക്കാതെ, ഒരു വിധിയുണ്ടാകാതെ അവര്‍ നോക്കിക്കൊള്ളും.

ഡിവൈന്‍ ധ്യാനകേന്ദ്രത്തോടനുബദ്ധിച്ച്‌ എന്തായിരുന്നു പുകില്‌? എന്നിട്ടെന്തായി? ഏത്‌ ഡിവൈന്‍? എന്ത്‌ പ്രശ്നം? എന്നായില്ലേ ഇപ്പോ സ്ഥിതി.

കന്യാസ്ത്രീ ആത്മഹത്യ ചെയ്തു, പീഡനം സഹിക്കവയ്യാതെയാണെന്ന് ആരോപണങ്ങള്‍ വന്നു. എന്നിട്ടോ? കുറച്ച്‌ ദിവസത്തിന്നകം കാര്യങ്ങള്‍ വളഞ്ഞൊടിഞ്ഞ്‌ മറ്റൊരു രൂപത്തിലാകും, അതായത്‌, ആത്മഹത്യ ചെയ്ത കന്യാസ്ത്രീയ്ക്ക്‌ സ്വഭാവദൂഷ്യമുണ്ട്‌, അത്‌ കണ്ട്‌ പിടിച്ചപ്പോള്‍ ആത്മഹത്യ ചെയ്തെന്നോ, കുറഞ്ഞത്‌ മാനസികരോഗിയായിരുന്നെന്നോ മറ്റോ ഉള്ള കാരണങ്ങള്‍ കണ്ടെത്തി സ്ഥാപിച്ചെടുത്ത്‌ ആരോപണവിധേയമായവര്‍ കൈ കഴുകി നല്ല അസ്സല്‍ ചിക്കന്‍ ബിരിയാണി കഴിയ്ക്കും.

എന്തായാലും, സഭയ്ക്ക്‌ ഇപ്പോ നല്ല ഇമേജാണ്‌. ആ ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ പൗഡര്‍ ഇടീക്കുകയും മുടി ചീകിക്കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പവ്വത്തിലിനെപ്പോലുള്ള ചില പിതാക്കന്മാരും.