Thursday, May 17, 2007

മമ്മൂട്ടിയുടെ പൗരസ്വാതന്ത്ര്യം

ഇന്നലെ ടി.വി. യില്‍ മമ്മൂട്ടിയുടെ പത്രസമ്മേളനവാര്‍ത്തയും അതിനോടനുബദ്ധിച്ച്‌ യുവമോര്‍ച്ചാ നേതാവു സുരേന്ദ്രന്റെ ജല്‍പനങ്ങളും കേട്ടതുമുതല്‍ മനസ്സില്‍ കുമിഞ്ഞു കൂടിയ ചില വിചാരങ്ങള്‍ അല്‍പം തീവ്രമായിത്തന്നെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചു.

ഈയടുത്ത കാലത്ത്‌ DYFY യുടെ സമ്മേളനം ഉല്‍ഘാടനം ചെയ്തു എന്നതിന്റെ പേരില്‍ മമ്മൂട്ടിയെ ചില യൂത്ത്‌ കോണ്‍ മാരും യുവമറിച്ചചേട്ടന്മാരും ടാര്‍ജറ്റ്‌ ചെയ്ത്‌ വിമര്‍ശിക്കുകയുണ്ടായി.

യൂത്തന്മാര്‍ മൂന്നാറിലെ ഭൂമിയെയും മമ്മൂട്ടിയെയും കൂട്ടിത്തൊട്ട്‌ ഒരു അഴകൊഴമ്പന്‍ ആരോപണവുമായാണ്‌ മുന്നോട്ടുവന്നതെങ്കില്‍ യുവമറിച്ചക്കാന്‍ അല്‍പം കൂടി മുന്നോട്ട്‌ കടന്ന് ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെക്കൂടി വിവാദതലത്തിലേക്ക്‌ കുത്തിക്കയറ്റുകയാണുണ്ടായത്‌.

ഇന്നലെ മമ്മൂട്ടി വളരെ കൃത്യവും യാതൊരു സംശയങ്ങള്‍ക്ക്‌ ഇടനല്‍കാത്തതുമായ തരത്തില്‍ പത്രസമ്മേളനം നടത്തി വ്യക്തമാക്കിയതാണ്‌ വാര്‍ത്ത.

താന്‍ മറ്റുള്ളവരില്‍ നിന്നും മറ്റുമായി വാങ്ങിയിട്ടുള്ള ഭൂമിയില്‍ ഒരു തുണ്ടെങ്കിലും അനധികൃതമായിട്ടുണ്ടെങ്കില്‍ അത്‌ അളന്ന് തിട്ടപ്പെടുത്തി നിയമാനുസൃതമായി പൊതുമുതലിലേക്ക്‌ മുതല്‍ക്കൂട്ടാന്‍ യാതൊരു വൈമുഖ്യവുമില്ലെന്ന് പ്രഖ്യാപിച്ചു.

ഗുജറാത്ത്‌ സംഭവത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ സമകാലീകസംഭവങ്ങളെക്കുറിച്ച്‌ ഒരു സാധാരണക്കാരന്റെ വ്യാകുലത മാത്രമാണെന്നും ഒരു പാര്‍ട്ടിയെയും വ്യക്തികളെയും പേരെടുത്ത്‌ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ്‌.

'ഈ വാര്‍ത്തയെ അടിസ്ഥാനമാക്കി ഇനി എന്താണ്‌ പ്രതികരിക്കാനുള്ളതെ' ന്ന് ചോദിച്ചതിന്‌ സുരേന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങളാണ്‌ അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ ദുഷ്ടലാക്കിന്റെ സൂചന എന്നിലുണ്ടാക്കിയത്‌.

'ഗുജറാത്ത്‌ കലാപം പോലെ മറ്റ്‌ പലതും നടന്നപ്പോള്‍ എന്തുകൊണ്ട്‌ മമ്മൂട്ടി പ്രതികരിച്ചില്ല' എന്നാണ്‌ ഈ വിവരദോഷി ചോദിച്ചത്‌...

അതിന്‌ എനിക്ക്‌ തോന്നിയ ഉത്തരം 'സൗകര്യമുണ്ടായില്ല.... അത്‌ ചോദിക്കാന്‍ നീയാരാടാ??' എന്നതായിരുന്നു.

പിന്നീട്‌ ഈ വിദ്വാന്‍ പറഞ്ഞത്‌ 'മമ്മൂട്ടിയുടെ ഫാന്‍സ്‌ അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ എന്തോ ഒരു 'ഇത്‌' ഉണ്ടെന്ന്. എന്നിട്ട്‌ ഒരു ഉദാഹരണവും... ബീമാപള്ളിയുടെ ഭാഗത്ത്‌ ഇപ്പോഴും സുരേഷ്ഗോപിയുടേയും മോഹന്‍ലാലിന്റേയും പടങ്ങളുടെ വ്യാജ സി.ഡി. കള്‍ ഇറങ്ങുന്നുണ്ടെങ്കിലും മമ്മൂട്ടിയുടെ ചിത്രങ്ങളുടെ ഇറങ്ങുന്നില്ല' എന്ന്...

ഇത്‌ കേട്ടപ്പോഴാണ്‌ ഇങ്ങേരുടെ വാദത്തിന്റെ പോക്ക്‌ അങ്ങ്‌ അയോദ്ധ്യയിലേക്കാണെന്ന് എനിക്ക്‌ തോന്നിയത്‌.

എനിക്ക്‌ തോന്നിയപോലെ തന്നെ ന്യൂസ്‌ റീഡര്‍ നികേഷിനും തോന്നിയതുകൊണ്ടാകണം ഇതേപ്പറ്റി പിന്നെ ഇങ്ങേരോട്‌ ഒന്നും ചോദിക്കാതെ മുഴുമിപ്പിക്കാന്‍ സമ്മതിപ്പിക്കാതെ ഗതിമാറ്റിയത്‌.

'മമ്മൂട്ടി മറുപടി പറയണം എന്നായിരുന്നല്ലോ യൂത്തന്മാരുടേയും യുവമറിച്ചക്കാരുടേയും നിര്‍ബദ്ധം. ഇതാ അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു. ഇനി കാര്യങ്ങള്‍ അവസാനിപ്പിച്ചുകൂടേ?..' എന്ന ചോദ്യത്തിന്‌ 'മൂന്നാറിനോടനുബദ്ധിച്ച കാര്യങ്ങള്‍ ഇനി അതിന്റെ വഴിയ്ക്ക്‌ നടന്നോട്ടെ. പക്ഷെ, ഗുജറാത്ത്‌ സംഭവത്തെക്കുറിച്ച്‌ ഇനിയും ചര്‍ച്ചകള്‍ തുടരും, അത്‌ ജനാധിപത്യത്തിന്റെ ഭാഗമാണ്‌' എന്നാണ്‌.

അതായത്‌... ഇവന്മാര്‍ ഇതില്‍ മാന്തി മാന്തി സുഖിക്കാന്‍ തന്നെ തീരുമാനിച്ചു എന്ന്. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.

'ഇങ്ങനെ ഒരു കാര്യത്തിന്‌ എന്തിന്‌ ചില ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്നതില്‍ വിലക്ക്‌ പോലും ഏര്‍പ്പെടുത്തുന്നത്‌?' എന്ന് നികേഷ്‌ വീണ്ടും ചോദിച്ചു.

'വിലക്കൊന്നും ഏര്‍പ്പെടുത്തുന്നില്ല. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കാണാന്‍ തീരുമാനിക്കുന്നപോലെ കാണരുതെന്ന് തീരുമാനിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്‌' എന്ന് ഉത്തരം.

DYFI വളരെ വ്യക്തമായി അവരുടെ നിലപാട്‌ പറഞ്ഞു. 'എല്ലാ സമ്മേളനങ്ങളും ഉല്‍ഘാടനം ചെയ്യാന്‍ സാമൂഹിക കലാ രംഗങ്ങളിലെ പ്രതിഭകളെയാണ്‌ അവര്‍ കണ്ടെത്താറ്‌. അവരുടെ രാഷ്ട്രീയ നിലപാടുകളോ വീക്ഷണങ്ങളോ അതിനൊരു തടസ്സമാകാറില്ല. അവരുടെ നിരീക്ഷണങ്ങളെ ക്രിയാത്മകമായാണ്‌ കാണാറ്‌. ഇത്തവണ മമ്മൂട്ടി ഉല്‍ഘാടനം ചെയ്തു. അദ്ദേഹത്തിന്‌ DYFI യുമായോ പാര്‍ട്ടിയുമായോ രാഷ്ട്രീയ കൂട്ടുകെട്ടൊന്നുമില്ല. ഇതിന്റെ പേരില്‍ വിവാദങ്ങളും മറ്റും ഉണ്ടാക്കുന്നത്‌ അസഹിഷ്ണുതയാണ്‌' എന്ന്.

എനിക്കും തോന്നിയത്‌ ഇതു തന്നെ.... 'അസഹിഷ്ണുത'.

ഇനി യൂത്തന്മാര്‍ക്ക്‌ വായ അടച്ച്‌ ഇരിയ്ക്കാമല്ലോ? വേണമെങ്കില്‍ ഒരു മാപ്പും പറയാം.

യുവമറിച്ചക്കാര്‍ക്ക്‌ വീണ്ടും വിഡ്ഢിവേഷം കെട്ടി വര്‍ഗ്ഗീയ കച്ച മുറുക്കി ഉടുത്ത്‌ തെരുവിലിറങ്ങി പോസ്റ്റര്‍ വലിച്ച്‌ കീറുകയോ ബഹളം വയ്ക്കുകയോ ആവാം.... സ്വയം തരം താണ്‌ നാണം കെടാനാണ്‌ വിധിയെങ്കില്‍ ആര്‍ക്ക്‌ തടയാനാകും...

ഒരു ഉല്‍ഘാടനം ചെയ്തതിന്‌ അമിതപ്രാധാന്യം നല്‍കി അദ്ദേഹത്തെ DYFI യുടെ ബ്രാന്‍ഡ്‌ അമ്പാസഡറാക്കാന്‍ ശ്രമിച്ചത്‌ ഈ വിമര്‍ശകന്മാര്‍ മാത്രമാണ്‌. ഒരു കലാകാരന്‍, പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്തിന്‌ ചോദ്യം ചെയ്യണം? ഇത്ര അസഹിഷ്ണുത കാണിക്കേണ്ട എന്ത്‌ കാര്യമാണ്‌ അദ്ദേഹം ചെയ്തതും പറഞ്ഞതും?

ഇനിയും ഇതിന്റെ പേരില്‍ പ്രചാരവേലകളുമായി ഇറങ്ങുന്നവരെ ജനം ചൂലുകൊണ്ട്‌ അടിയ്ക്കും... (രാഷ്ട്രീയത്തിലെ കരടുകളെയും കീടങ്ങളേയും തൂത്തുകളയുന്ന ചൂല്‌ ജനങ്ങളുടെ കയ്യില്‍ തന്നെയണ്‌.. അത്‌ ശരിയ്ക്ക്‌ ഉപയോഗിക്കണമെന്ന് മാത്രം)